Archives / February 2019

എ.ജെ.ആര്യ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം
പ്രതീക്ഷ

ഓർക്കേണ്ട പലതിനെയും ഓർമ്മിക്കാൻ മടിക്കുന്ന
മനുഷ്യകുലത്തിന്റെ മഹിമയെന്നോണം, ഒരു നിശ്വാസത്തിലുറപ്പിച്ച്
അടുത്തതിൽ ഘനിക്കുന്ന വാക്കുകൾക്ക് മറയെന്നോണം, പലരും കൊണ്ടു
നടക്കുന്ന ആർഭാട തെളിവായ പുഞ്ചിരിക്കു പോലും വിരോധത്തിൽ
തിരസ്കൃതമായ ഒരു നൊമ്പരമുണ്ടാകും. അവിടെ തുടങ്ങുന്നു
പലതിലേക്കുമുള്ള തിരിഞ്ഞുനോട്ടം. സ്വന്തം ആഗ്രഹങ്ങൾക്ക്
മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി ജീവിച്ച മഹാന്മാരുടെ
പിൻതലമുറക്കാരാണല്ലോ നമ്മൾ, മാനവർ. വിജയകിരീടം ചൂടുവാൻ
അധർമ്മത്തെ പോലും ധർമ്മവേഷം ധരിപ്പിച്ച ആ ചെയ്തികൾ,
കാലക്രമേണ പരിണാമം പ്രാപിച്ച് ഇന്നും നിലകൊള്ളുന്നു; അത്യധികം
പ്രസരിപ്പോടെ.
ജീവിതം വച്ചുനീട്ടുന്ന പ്രതിസന്ധികൾക്കു മുന്നിൽ
തളർച്ചയെന്തെന്നറിയാതെ പിടിച്ചു നിൽക്കുന്ന ഒരു പറ്റം മനുഷ്യർക്ക്,
അവർ സ്വയം കൈവരിച്ച ചില മാർഗങ്ങൾ തുണയാകുന്നു. എന്നാൽ ആ
ഗണത്തിൽ പെടാത്തവരോ... ആത്മബലിയെന്നോണം കീഴടങ്ങുന്നു. ഇവിടെ
തെളിയുന്നത് വൈചിത്ര്യം തന്നെയാണ്. വ്യത്യാസം എല്ലാത്തിനുമാധാരം
എന്ന് പറഞ്ഞുറപ്പിക്കുക സരളം. എന്നാൽ അതിനു പിന്നിലെ
ക്രൂരമുഖങ്ങളെ, അവയ്ക്കു പിന്നിലെ നിർജീവ കാരണങ്ങളെ കണ്ടെത്തുക
ശ്രമകരം തന്നെ. ചിരിക്കുന്ന കോമാളിക്കും കരയുന്ന കൈക്കുഞ്ഞിനും
വേണ്ടത് ഒന്നു മാത്രം... വിശപ്പടക്കാൻ ഒരു നേരത്തെ അന്നം. എന്നാൽ
എല്ലാം നേടി സമ്പന്നതയിൽ കഴിയുന്നവനോ? അവന്റെ കണ്ണുനീരിന്റെ
അടിസ്ഥാനമെന്ത്? നേടിയത് നഷ്ടപ്പെടുമോ എന്ന ഭയം. അതോ രാജ്യങ്ങൾ
എല്ലാം കൈക്കുള്ളിലാക്കിയിട്ടും യുദ്ധം ചെയ്ത് കൊതിതീരാത്ത
രാജാവിന്റെ അസംതൃപ്തിയോ..? ഏതായാലും അതു താങ്ങുവാൻ
വിശക്കുന്നവനോളം ബുദ്ധിമുട്ടേണ്ടി വരികയില്ലല്ലോ; വിചിത്രം തന്നെ
പലതും.
ചിലപ്പോഴൊക്കെ കൗതുകം തോന്നാറുണ്ട്, മനുഷ്യർ ഇത്ര
ക്രൂരനാകുന്നത് എന്തുകൊണ്ടാണ്? ചിന്താശേഷിയില്ലാത്ത മൃഗങ്ങൾ
പോലും വ്യക്തമായ കാരണങ്ങളാൽ പോരിടുമ്പോൾ, മനുഷ്യർ മാത്രം
കാരണം ചികഞ്ഞ് പോരിടുന്നത് എന്തിനാണ്. അർഥശൂന്യമായ
ചോദ്യമായി വ്യാഖ്യാനിക്കപ്പെട്ടാലും ഉണർന്ന ലജ്ജയെ ഒരു
പുഞ്ചിരിയിൽ ഒതുക്കുന്നതിൽ വിരോധമില്ല. ഉള്ളിലെ സ്ഥായിഭാവങ്ങൾക്ക്
ഉണരാൻ ഒരു കാരണമല്ലേ വേണ്ടൂ. അങ്ങനെയെങ്കിലും രസം
നിഷ്പന്നമാകട്ടെ..!
ക്രൂരതയ്ക്കും കുപ്രസിദ്ധിക്കും സ്വീകാര്യത ഏറി വരുന്ന ഈ
കാലഘട്ടത്തിൽ, വിചിന്തനം അനിവാര്യമെന്നത് വസ്തുത.
കൊലപാതകങ്ങൾ, പീഡനങ്ങൾ, ആത്മഹത്യകൾ, അപകടങ്ങൾ...

എന്തിനധികം ചില കൈയബദ്ധങ്ങൾ പോലും. ക്രൂരതയുടെ
വിശാലമുഖങ്ങൾ ഓരോന്നിലും തെളിഞ്ഞു കാണാം. അതിനു തന്നെയാണ്
ഇന്നത്തെ സമൂഹത്തിൽ പ്രാധാന്യവും. ഇവിടെ വേണ്ടത് മാറ്റമെന്നതിൽ
സംശയമില്ല. ആ മാറ്റം ഏറ്റെടുക്കാൻ നാം തയ്യാറാണോ എന്നതാണ്
ചെറുതെങ്കിലും ഉയരുന്ന ചോദ്യം. തയ്യാറാണെങ്കിൽ തന്നെ എത്ര പേർ?
സംഖ്യാ വാചിയായി സമാസം പറയുന്നതുപോലെ സരളമല്ലിത്.
മനുഷ്യവർഗ്ഗം താൻ തന്നെ കേമൻ എന്ന് ഘോഷിച്ചു ആർത്തുല്ലസിച്ച്
ജീവിക്കുന്ന ഈ ഭൂമിയിൽ, ഭൂമിയ്ക്ക് തന്നെ അവകാശം നഷ്ടപ്പെടുന്ന
ഈ സാഹചര്യത്തിൽ, മനുഷ്യന് പുനർവിചിന്തനം നടത്തുക എന്നത്
ഒരു സംശയം തന്നെ.
സംഹാരത്തിൽ നിന്നുദിച്ച് സൃഷ്ടിയിൽ ഒതുങ്ങേണ്ട പുതിയ
മാറ്റം, അതാണ് ഇനിയുള്ള ആശ. കാലചക്രം തിരിയുമ്പോൾ
അതിനോടൊത്ത് സഞ്ചരിക്കാൻ വിധിക്കപ്പെട്ട ഈ തുച്ഛ ജീവിതങ്ങൾക്ക്
അതിനപ്പുറം എന്തെങ്കിലും സാധ്യമാണോ? ഇല്ലെന്നാണ് വിശ്വാസം.
നേടിയതെല്ലാം ഉപേക്ഷിച്ച്, ഉറ്റവരില്ലാത്ത ഒരിടത്തേയ്ക്ക് യാത്ര
തിരിക്കുമ്പോൾ ഇവ സ്പഷ്ടമാകും. ആ വിചിത്ര സ്ഥലം ഒന്ന്
സന്ദർശിച്ച് വരാൻ കഴിഞ്ഞിരുന്നെങ്കിൽ പലതും മാറിമറിഞ്ഞേക്കാം
എന്നൊരു ചിന്ത ഇപ്പോൾ ഉദിക്കുന്നു. എന്നാൽ അതും ഒരു പ്രതീക്ഷ
മാത്രം... ഒരിക്കലും നടക്കാത്തതും ഒരിക്കലും മരിക്കാത്തതുമായ ഒരു
കേവല പ്രതീക്ഷ..!

Share :