ടി .ഡി. :വിചിത്രഭാവനകളുടെ സൂക്ഷിപ്പുകാരൻ
വാണ്ടറർ എന്നു പേരുള്ള ഒരു നീരാവിയന്ത്രത്തിന് മുന്നിൽ ഒരുക്കിയ സദസ്സ്. വേദിയിൽ ഡോക്ടർ ഖദീജാ മുംതാസും സുവീരനും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ കോഴിക്കോട്ടെ മുഖ്യപൗരർ. മനോഹരമായ പുൽത്തകിടിയിൽ സാഹിത്യപാരമ്പര്യമുള്ള ചരിത്രനഗരത്തിന്റെ സ്നേഹം അറിയിക്കാൻ എത്തിച്ചേർന്ന മനുഷ്യർ. സംഘാടകർ നൂറ്റാണ്ട് പ്രായമുള്ള കോഴിക്കോട് റെയിൽവേ ഇന്സ്റ്റി റ്റ്യൂട്ട്. മൊത്തത്തിൽ പുരാതനത്വവും ആധുനികതയും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. സ്വീകരണം ഏറ്റുവാങ്ങുന്നത് നുണയും മിത്തും ചരിത്രവും വർത്തമാനവും തമ്മിൽ തുന്നിച്ചേർത്തു അസാമാന്യരചന നടത്തുന്ന ടി. ഡി. രാമകൃഷ്ണൻ. അനുമോദന വേദിയിൽ ഒരു പ്രാസംഗികനായി ഇരിക്കുമ്പോൾ ഞാൻ ഓർത്തു ഇതിലും നല്ലൊരു വേദി ടി.ഡിക്ക് വേണ്ടി ഉണ്ടാക്കാനാവില്ല. കാരണം ചരിത്രത്തിന്റെ തുലാസ്സിൽ പരസ്പരം ചേരാത്ത കാലങ്ങളുടെ ഒരറ്റത്തെ ഓർമ്മി പ്പിച്ചുകൊണ്ട് പുരാതനനായ ആ ആവിയന്ത്രം നിൽക്കുന്നു.
ആ വേദിയിലിരുന്ന് ഞാൻ എഴുത്തുകാരനെ നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ തലച്ചോറിനുള്ളിൽ നടന്നിരിക്കാനിടയുള്ള അത്ഭുത രാസപ്രവർത്തനങ്ങളിൽ കൂടി വെറുതേ സഞ്ചരിക്കുകയും ചെയ്തു. ഹാ! ടി.ഡിയുടെ ശിരസ്സ് ഒരു അത്ഭുതദേശമാണ്. അവിടെ നൂറുകണക്കിന് മനുഷ്യർ ജനിക്കുകയും വളരുകയും മരിക്കുകയും യുദ്ധം ചെയ്യുകയും പ്രണയിക്കുകയും അക്രമരതിയിൽ ഏർപ്പെടുകയും ചെയ്യുന്നു. അതിനുള്ളിൽ കോരമാരുടെ അധോലോകം സ്ഥിതി ചെയ്യുന്നു. വിചിത്രദ്വീപിൽ മനുഷ്യവംശത്തിന്റെ പരിണാമം
പരീക്ഷിച്ചറിയാൻ പോയ ആല്ഫസയിലെ മനുഷ്യർ മൃഗതുല്ല്യരായി ജീവിക്കു ന്നു. അവിടെത്തെ ഹൈപ്പേഷ്യയും, സംഗീതവും നൃത്തവും അർഥശാസ്ത്രവും കാമശാസ്ത്രവും മാത്രമല്ല ,രാജ്യതന്ത്രവും വഴങ്ങുന്ന ആണ്ടാൾ ദേവനായകിയും ജീവിക്കുന്നു. കാന്തള്ളൂർശാലയും ദി സ്കൂളും നിലനില്ക്കുന്നു.
അതെ . ടി.ഡിക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന അത്ഭുതലോകം.
കാഴ്ച: ഒരു മനുഷ്യൻ അല്ലെങ്കിൽ എഴുത്തുകാരൻ എങ്ങനെയാണ് ഒരു വസ്തുവിനെ കാണുന്നത്? ചിലർ അതിന്റെ പാർശ്വഭാഗം കാണും ചിലർ മുൻഭാഗവും. ടി. ഡി എങ്ങനെയായിരിക്കും കാണുക? ഞാൻ ചിന്തിച്ചു. ടി. ഡിക്ക് ആകാശത്ത് വട്ടംചുറ്റുന്ന പരുന്തിന്റെ കണ്ണുകളാണ്. വിശാലമായ ഭൂപ്രദേശം അത്രയും അത് കാണു ന്നു. സമുദ്രങ്ങളി ൽ കപ്പലുകൾ ചലിക്കുന്നതും അതിർവരമ്പുകളില്ലാത്ത ഭൂഖണ്ഡങ്ങളും ടി.ഡി കാണുന്നു. ടി. ഡിയുടെ നോവലുകളുടെ പശ്ചാത്തലം ഒരാഗോളഗ്രാമമായതിന് കാരണം കാഴ്ചയുടെ ഈ ഔന്നത്യമാണ്. ഗൂഗിൾകാഴ്ച. എന്നിട്ടും ആ കാഴ്ചയിൽ വളരെ സൂക്ഷ്മവസ്തുക്കൾ പോലും നഷ്ടപ്പെടുന്നില്ല.
കഥാപാത്രങ്ങൾ : ടി. ഡിയുടെ കഥാപാത്രങ്ങൾ ആഗോളപൗരരാണ്. അവർ എക്കാലത്തെയും മനുഷ്യരാണ്. എവിടത്തെയും മനുഷ്യരാണ്. ആയിരം വർഷം മുമ്പ് “പട്ടവേശീ” എന്നു വിളിച്ച സേനാധിപന്റെ പിന്മുറക്കാരനാണ് ജെ. എ ൻ. യു വിലെ വിദ്യാർഥിനികൾക്ക് നേരെ അതേ വാക്ക് തൊടുത്തത്. സുഗന്ധിയിലെ മഹേന്ദ്ര രാജപക്സെ ശ്രീലങ്കയിലെ മാത്രം ഏകാധിപതിയല്ല. ഇന്ത്യയിലും ലോകത്തിന്റെ ഏതു കോണിലും അധികാരം മനുഷ്യനെ മത്തനാക്കുന്ന കാലത്തോളം രാജപക്സെമാർ ജനിച്ചു കൊണ്ടിരിക്കും, ടി.ഡിയുടെ കഥാപാത്രങ്ങളും..
എന്തുകൊണ്ട്?: സൂക്ഷ്മമായി വായിക്കുവർക്ക് മനസ്സിലാവും, ആല്ഫൽ, ഫ്രാന്സികസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ഡാൾ ദേവനായകി എന്നീ മൂന്നു നോവലുകളിലും ടി. ഡി അഡ്ഡ്രസ്സ് ചെയ്യുന്നത് മനുഷ്യസ്വഭാവത്തെയാണ്. ഭൗതീകമായും സാംസ്കാരികമായും പരിണാമത്തിന് വിധേയമായ ജീവിയാണ് മനുഷ്യൻ. എന്നാൽ അതിന്റെ സൈക്കോളജിക്കൽ എവല്യൂഷൻ പൂർത്തി യായിട്ടില്ല. നഗ്നനായ ശിലായുഗജീവിയുടെ അതേ മാനസിക ആവശ്യങ്ങൾ തന്നെയാണ് ആധുനിക മനുഷ്യനും വ്യത്യസ്തമായെങ്കിലും ആവശ്യപ്പെടുന്നത്. പുറംതോടിൽ കാണുന്ന സംസ്കാര മനുഷ്യന്റെയുള്ളിൽ വാസമുറപ്പിച്ചിട്ടുള്ള ഹീനമനുഷ്യനെയാണ് അഥവാ ആടയാഭരണങ്ങളില്ലാത്തെ മൃഗജീവിയെയാണ് ടി.ഡി പുറത്തിറക്കി അതിന്റെ ക്രൂരഭാവങ്ങളെല്ലാം ചേർത്തു പ്രദർശിപ്പിക്കുന്നത്. ബോധപരിണാമത്തിന്റെ അടുത്ത ഘട്ടത്തിലെങ്ങാനും ഈ ജീവി അതിന്റെ ഉള്ളിലെ ആസുരതയെ കുടഞ്ഞുകളഞ്ഞേക്കാം. അതുവരെ ടി.ഡിയുടെ ക്രൂരന്മാരെ പോലെ നമുക്ക് മനുഷ്യനന്മയെക്കാളും അതിന്റെ ഉള്ളറകളിലെ ഹിംസാത്മകതയാണ് സത്യം എന്നു വിശ്വസിക്കേണ്ടിവരും..
ക്രാഫ്റ്റ്: പ്രതിഭാധനരായ എഴുത്തുകാർ പ്രദർശിപ്പിക്കുന്നത് നോവലിന്റെ ഘടനയെ പരിഷ്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും പരാജയസാധ്യത കൂടുതലുള്ള പ്രവർത്തിയാണിത്. എന്നാലും ഒരു സ്വാഭാവികപ്രതിഭ അതിന്റെ റിസ്കെടുക്കുന്നതിൽ ആനന്ദം കണ്ടത്തുന്നു. മലയാളഭാഷ അതുവരെ ശീലിക്കാത്ത ഒരു ക്രാഫ്റ്റാണ് ടി.ഡി രണ്ടു നോവലുകളിലും പരീക്ഷിച്ച് വിജയിപ്പിച്ചത്. ക്രാഫ്റ്റിന്റെ പുതുമ കൊണ്ടുമാത്രം അത് സ്വയം നിലനില്ക്കും ..
ടി.ഡിയും ഞാനും: ഫ്രാന്സിസ് ഇട്ടിക്കോര ഒരു വിസ്മയാനുഭവം സമ്മാനിച്ചപ്പോഴാണ് അദ്ദേഹത്തെ നേരില് കാണണമെന്നു ഞാൻ ആഗ്രഹിച്ചത്. അങ്ങനെ പാലക്കാട് ചന്ദ്രനഗറിലുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ഒരു വൈകുന്നേരം പോയി. ഇത്രയും ധിഷണാശാലിയായ ഒരാളോട് എന്ത് സംസാരിക്കുമെുള്ളതായിരുന്നു എന്റെ ആശങ്ക. എന്നാൽ എന്നെ എത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ വായനകളെകുറിച്ചും സമകാലിക ലോക സാഹിത്യത്തെ കുറിച്ചും തമിഴ് ശ്രീലങ്കൻ സാഹിത്യത്തെ കുറിച്ചും ഏറെ നേരം സംസാരിച്ചു. അതെ, ജാടകളില്ലാതെ. പച്ച മനുഷ്യമാംസം തിന്നുന്ന കോരവംശത്തെ സൃഷ്ടിച്ച മനുഷ്യൻ സമ്പൂർണ്ണ സസ്യഭുക്കാണെന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. താമസിയാതെ സുഗന്ധിയും പുറത്തിറങ്ങി. സുഗന്ധി വായിക്കുന്നതിനോടൊപ്പം സമാന്തരമായ ഒരു ഗൂഗിൾ സാരവും ഞാൻ നടത്തുകയുണ്ടായി.(ഈ കാലത്തെ വായനക്കാർക്ക് ലഭിച്ച ഒരു സൗകര്യം). അതിൽ ശ്രീലങ്കയിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ധാരാളം വീഡിയോകളും ചിത്രങ്ങളും ലഭിക്കുന്നുണ്ടല്ലോ. സുഗന്ധിയുടെ വായനയും കാഴ്ചകളും ഏറെനാൾ എന്നെ അപാരമായ മാനസികഗർത്തത്തിൽ താഴ്ത്തി. അതിലെ സംഭവങ്ങൾ യാഥാർഥ്യങ്ങളും കൂടിയാണെന്ന അറിവ് ഏതൊരു മനുഷ്യനെയും അങ്ങനെയാക്കാനേ തരമുള്ളു. എന്നോടൊപ്പം വായിച്ച സുഹൃത്ത് ഷിനു എന്നേക്കാൾ കൊടിയ ഡിപ്രഷനിൽ പെട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി മയിലാടുംപാറയുടെ മുകളിൽ കയറിയിരുന്നു നോവലിനെകുറിച്ച് സംസാരിച്ചു. അന്നു തന്നെ അദ്ദേഹത്തെ വിളിച്ച് യുണൈറ്റഡ് ലൈബ്രറി മാസം തോറും നടത്തുന്ന വായനാക്കൂട്ടത്തിലേക്ക് ക്ഷണിച്ചു.
ടി. ഡി. എന്റെ നാട്ടിൽ വന്നു. യുണൈറ്റഡ് ലൈബ്രറിയിൽ ആവേശപൂർവ്വം പങ്കെടുത്ത നൂറിലേറെ വായനക്കാരോട് ലളിതമായി സംസാരിച്ചു, ഏറെ സാഹിത്യകാർ വന്നു പോയിട്ടുള്ള ലൈബ്രറിയുടെയും നാടിന്റെയും സ്വാഭാവികസ്നേഹം കരസ്ഥമാക്കി. വൃന്ദ വരച്ച ഹൈപ്പേഷ്യയുടെയും ആണ്ഡാളിന്റെ്യും ചിത്രം സമ്മാനിച്ചു. പരിപാടി കഴിഞ്ഞ് മടങ്ങിയപ്പോൾ അത്രവലിയ വായനക്കാരിയൊന്നുമല്ലാത്ത എന്റെ അമ്മ ചോദിച്ചു: ഈ മനുഷ്യനാണോ, മനുഷ്യമാംസം തിന്നതൊക്കെ എഴുതിയത്? വയലാർ അവാർഡ് അദ്ദേഹത്തിന് കിട്ടിയ വാർത്തയറിഞ്ഞപ്പോൾ പലരും പറഞ്ഞു; നമ്മുടെ ടിഡിക്കാണല്ലോ അവാർഡ് ..
ടി.ഡിയും റെയിൽവേയും: ടിക്കറ്റ് പരിശോധകനായിട്ടാണ് ടി. ഡി റെയിൽവേയിൽ എത്തുന്നത്. മൂന്നു സംസ്ഥാനങ്ങളിൽ തമിഴ് കേറിയിറങ്ങിക്കിടക്കുന്ന ഇടമാണ് ദക്ഷിണ റെയിൽവേ. സംഘകാല സംസ്കൃതിയിൽ ഒന്നിച്ച് കിടന്ന പ്രദേശത്തെ ഇക്കാലത്ത് റെയിൽവേ ഒന്നിച്ചു നിർത്തുമ്പോൾ തമിഴ് അതിന്റെ ഔദ്യോഗിക ഭാഷയായി മാറിയത് സ്വാഭാവികമാവാം. ടി.ഡിയിലെ എഴുത്തുകാരന് രൂപപ്പെടുന്നത് ഈ ഘട്ടത്തിലായിരിക്കണം. തമിഴിനോടുള്ള സമ്പർക്കം തുറന്ന് കൊടുത്ത അത്ഭുതലോകം. യാത്രകൾ. കാഴ്ചകൾ. മൂന്നു നോവലുകളിലും റെയിൽവേയോ, റെയിൽവേ ജീവിതമോ ,റെയിൽവേ എന്ന വാക്കോ കടന്നു വരുന്നില്ല, എന്നത് ഒറ്റവായനയിൽ തന്നെ ശ്രദ്ദേയമാണ്. എന്നാൽ മനുഷ്യസ്വഭാവത്തെ കുറിച്ച് ആഴത്തിലെഴുതാനുള്ള ഊർജ്ജ സംഭരണം നടത്തിയത് ടിക്കറ്റ് പരിശോധകനായി ജോലി ചെയ്ത കാലത്തിൽ നിന്നും ആയിരിക്കണം. ആ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ എന്റെ ബോധ്യം അതാണ്. ട്രെയിനിൽ ജോലി ചെയ്യുന്ന ടി.ടി.ഇ ഒരു ദിവസം കുറഞ്ഞത് മുന്നുറോളം ആളുകളുമായി സമ്പർക്കപ്പെടുന്നുണ്ട്. അങ്ങനെ ഒരു സർവീസ് കാലം കഴിയുമ്പോഴേക്കും മുപ്പത് നാല്പ്പ്ത് ലക്ഷം ആളുകളുമായി നേരിട്ട് ബന്ധപ്പെടുന്ന മറ്റൊരു ജോലി അപൂർവ്വമാണ്. സൂക്ഷ്മദൃക്കായ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു ഖനിയാണ് റെയിൽവേ. ഓരോ മനുഷ്യനും ഒരു ദീർഘനോവലാണ്..
ടിക്കറ്റ് പരിശോധകൻ എന്നും, ജനത്തോട് ചേർന്ന് നില്ക്കുന്ന, ഇടപഴകുന്ന ജോലിയിൽനിന്നും ടി.ഡി നേരേ പോയത് ഗുഡ്സ് ട്രെയിനുകളിൽ ഗാർഡ് ജോലിക്കാണ്. ഏകാന്തതയുടെ ഒറ്റത്തുരുത്താണ് ചരക്ക് വണ്ടിയുടെ ഏറ്റവും പിന്നാപുറത്തുള്ള ബ്രേക് വാൻ. അതിനുള്ളിൽ ഒരു മൂവർണ്ണ ടോർച്ചു മാത്രം ബലമാക്കി ഒറ്റക്കിരിക്കുമ്പോൾ തോന്നും ഏകാന്തതക്ക് സമാനതകളില്ല. ഈറോഡിനും ചോളസ്മരണകളുള്ള ജോലാർപ്പെട്ടക്കും ഇടയിലുള്ള വിചിത്രനാമങ്ങളുള്ള (ബുദ്ധിറെഡ്ഡിപ്പട്ടി, മകുടംചാവടി, ബൊമ്മിടി, സമാൽപ്പട്ടി അങ്ങനെ...) ഒറ്റമുറി മാത്രമുള്ള സ്റ്റേഷനുകളിൽ കാട്ടിൽ വാലാഴ്ത്തിയ ദിനോസറിനെ പോലെപതുങ്ങിക്കിടക്കുന്ന ചരക്കുവണ്ടിയുടെ പിൻഭാഗത്ത് ഒന്നും വായിക്കാനോ, എഴുതാനോ കഴിയാത്ത ഇരുളിൽ മറ്റെന്താണ് ചെയ്യാനാവുക? ചിന്തിക്കാനല്ലാതെ.
റെയിൽവേയിൽ ചീഫ് കൺട്രോളർ പദവിയിൽ നിന്നാണ് ടി. ഡി വിരമിക്കുന്നത്. ചെയ്തുവന്ന ജോലികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കൺട്രോളറുടെ ജോലി. ഒരു ഡിവിഷനിലെ ട്രാക്കുകളിൽ കൂടി ഓടുന്ന ഡസൻ കണക്കിന് തീവണ്ടികൾ ആ തലച്ചോറിൽ പല ട്രാക്കുകളിട്ട് സഞ്ചരിക്കുന്നു. മറ്റൊന്നും ചിന്തിക്കാനിട കൊടുക്കാത്തവിധം തലച്ചോറി ൽ സമ്മർദ്ദമാഴ്ത്തി അവ ഓടിക്കൊണ്ടിരിക്കുന്നു. ജോലി കഴിഞ്ഞാലും തലച്ചോറിലെ ട്രാക്കുകൾ സ്വതന്ത്രമാവാൻ പിന്നെയും സമയം വേണ്ടിവരും. സമ്മർദ്ദപ്പെട്ട ആ കാലത്തിനിടയിലാണ് ടി. ഡി തന്റെ നോവലുകൾ എഴുതി പൂർത്തീകരിച്ചത്..
ടി. ഡിയുടെ രാഷ്ട്രീയം: വളരെ വ്യക്തമാണ് ടി. ഡിയുടെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ മറുപുറത്ത് ഇന്ത്യൻ ഫാസിസം നില്ക്കു ന്നു “വെറുപ്പിന്റെ വ്യാപാരികൾ” എന്ന കഥയിൽ നുണകളിൽകൂടി കെട്ടിപ്പൊക്കിയ ഫാസിസത്തെയും അത് എഴുത്തുകാരിൽപ്രയോഗിക്കുന്ന പലവിധത്തിലുള്ള സമ്മർദ്ദങ്ങളെയും ചർച്ച ചെയ്യുന്നുണ്ട്. ഫാസിസമെന്ന കാർമേഘമലയുടെ നേർക്കെറിയാൻ കല്ലുമായി നിൽക്കുന്ന കുട്ടിയായി ടി. ഡിയെ ഞാൻ സങ്കൽപ്പിക്കുന്നു. അങ്ങനെ നിന്നവരുടെ പരമ്പരയുടെ ഒരറ്റത്ത് ഞാനദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നു..
മലയാളസാഹിത്യത്തിലെ പണ്ഡിതവർഗം ഒരുപാടുകാലം മാറ്റി നിർത്തിയെങ്കിലും വായനക്കാർ കൂട്ടത്തോടെ ടി. ഡിയെയും അദ്ദേഹത്തിന്റെ അസാമാന്യമായ ഭാവനകളെയും ഏറ്റെടുത്തു. സമാധാനമായി സഞ്ചരിച്ചു കൊണ്ടിരുന്ന മലയാളനദിയിൽ അവ ഓളമുണ്ടാക്കി. ഇതാ ഇപ്പോൾ വയലാർ അവാർഡും അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. മലയാള നോവൽ സാഹിത്യത്തിൽ മുന്നും പിന്നും നോക്കാനില്ലാതെ തെറിച്ചു നില്ക്കു ന്ന ആ കൃതികളെ നിങ്ങൾക്ക് ഒരുപക്ഷേ വിമർശിക്കാനാകും
എങ്കിൽ തള്ളിക്കളയാനാവില്ല..
വി. ഷിനിലാൽ
9947406117