Archives / February 2019

അസീം താന്നിമൂട്
`നമസ്കാരം, എല്ലാ മാന്യപ്രേക്ഷകര്‍ക്കും കണ്ണാടിയിലേക്കു സ്വാഗതം..'

            പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്‍റെ കുലഗുരുവുമായ ടി എന്‍ ഗോപകുമാര്‍ എന്ന ടി എന്‍ ജി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജനുവരി മുപ്പതിനു മൂന്നു വര്‍ഷം തികയുകയാണ്.ദൃശ്യ മാധ്യമ രംഗത്ത്  അന്നു വീണ വിള്ളലും അവിടെ പടര്‍ന്നേറിയ ശൂന്യതയും ഇനിയും തൂര്‍ന്നിട്ടില്ല.അത്രമേല്‍ ആഴത്തില്‍ വേരുപാകി,ശിഖരവിശാലതയാല്‍ പടര്‍ന്നേറി തണലും ഇടവുമൊരുക്കി പുലര്‍ന്നിരുന്ന ഒരു മഹാവൃക്ഷസാന്നിധ്യമായിരുന്നു ടി എന്‍ ജി.

         ആ  കണ്ഠത്തില്‍ നിന്നും  പുറപ്പെട്ടിരുന്ന പരുക്കന്‍ ശബ്ദത്തിലുള്ള  ബോധ്യങ്ങളുടെ വിളംബരങ്ങള്‍ക്ക് കാതും മനസ്സും കൂര്‍പ്പിച്ച് അനേകര്‍ ആ കര്‍മരമനിരതനെ  ശ്രദ്ധയോടെ കേട്ടിരുന്നു,ആ നാവ് എന്നെന്നേക്കുമായ് കുഴഞ്ഞുപോകുംവരെ...

  `നമസ്കാരം,എല്ലാ മാന്യ പ്രേക്ഷകര്‍ക്കും കണ്ണാടിയിലേക്കു സ്വാഗതം..'എന്ന ഈരടിയോടുള്ള സമാരംഭസ്വരം നവീന മാധ്യമ പ്രവര്‍ത്തനത്തിന്‍റെ സ്വാഗതഗാനമെന്നപോലെ അടിയുറച്ചു കഴിഞ്ഞു

.

വൈവിധ്യ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മുദ്രകൂടിയായിരുന്നല്ലോ ആ സ്വാഗത വാചകങ്ങളുടെ സമൃദ്ധിയോടെ ടി എന്‍ ജി ഏഷ്യനെറ്റില്‍ അവതരീപ്പിച്ചിരുന്ന പ്രോഗ്രാം,  കണ്ണാടി. ആ വാചകങ്ങള്‍ കേള്‍ക്കുമ്പോഴോ വായിക്കുമ്പോഴോ ടി എന്‍ ജിയുടെ രൂപവും ഭാവവും സംഭാവനകളും ഓര്‍മ്മയില്‍ ഓടിയെത്താത്ത പ്രേക്ഷകരോ മാധ്യമ പ്രവര്‍ത്തകരോ വിരളം.അവഗണിക്കപ്പെട്ടവരുടെ ആകുലതകളും ആശങ്കകളും അവര്‍ കടിച്ചമര്‍ത്തുന്ന ആധികളും പുറംലോകത്തില്‍  എത്തിക്കുകയും അതിജീവനത്തിനായി അവരെ സഹായിക്കുകയും ചെയ്ത `കണ്ണാടി' മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ എക്കാലത്തെയും വേറിട്ടൊരധ്യായമാണ്.ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്ത ഒരു മലയാളം വിഷ്വല്‍ പ്രോഗ്രാമായിരുന്നു കണ്ണാടി.ഒറ്റ ചാലായിരിക്കെ പ്രാരംഭത്തിലേ ഏഷ്യാനെറ്റില്‍ ആരംഭിച്ച്,  ഏഷ്യാനെറ്റ് ന്യൂസിലൂടെ തുടര്‍ന്ന കണ്ണാടി, ടി എന്‍ ജി ജീവിച്ചിരിക്കുമ്പോള്‍ തൊള്ളായിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടിരുന്നു.തന്നിലൂടെത്തന്നെ, കണ്ണാടിയുടെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുക എന്നത്  ടി.എന്‍.ജി ആഗ്രഹിച്ചിരുന്നു.അതദ്ദേഹംപലവുരു പ്രകടിപ്പിച്ചിരുന്നതായും നമുക്കറിയാം.പക്ഷെ,അതിനു സാധിച്ചില്ല.എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയാണ് അന്ന് അദ്ദേഹത്തിനുള്ള ആദരം ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ചത്

     .നേരിയൊരു പുഞ്ചിരി ടി എന്‍ ജി എപ്പോഴും കരുതിയിരുന്നു.ആ  പതിവു ഭാവവും പരുക്കന്‍ ശബ്ദവും എത്രവേഗത്തിലാണ് വിപുലവും വ്യത്യസ്താഭിരുചി സമൃദ്ധവുമായ ഒരു പ്രേക്ഷക സമൂഹത്തെ കീഴടക്കിയത്...ആ മാജിക് ടി എന്‍ ജി തന്‍റെ ജീവിതത്തിലുടനീളം കാത്തുപോന്നു. 

കണ്ണാടിയിലൂടെ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോയ ഇടങ്ങള്‍,കാട്ടിത്തന്ന വാസ്തവങ്ങള്‍,കൈപിടിച്ചുയര്‍ത്തിയ ജീവിതങ്ങള്‍...ഒക്കെയും ഒന്നൊഴിയാതെ ഈ കുറിപ്പെഴുതുന്ന എന്നില്‍ ഓടിയെത്തുംപോലെ വായിക്കുന്ന നിങ്ങളിലും സംഭവിക്കുമെന്നുറപ്പ്.

         . സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അതിജീവന ശ്രമങ്ങളും ആകുലതകളും കണ്ണീരുമൊക്കെ ആയിരുന്നല്ലോ കണ്ണാടിയുടെ മുഖ്യപ്രമേയം... അതിവഴി ടി എന്‍ ജി തൊട്ടുണര്‍ത്താന്‍ ശ്രമിച്ചത് മലയാളികളുടെ ജീവകാരുണ്യ മനോഭാവത്തേയും സാഹോദര്യ,സഹാനുഭൂതി ബോധത്തെയുമാണ്.അതിലദ്ദേഹം വിജയിക്കുകതന്നെ ചെയ്തു.കണ്ണാടിയിലൂടെ പ്രത്യക്ഷപ്പെട്ട ദുരിതജീവിതങ്ങള്‍ക്ക് സഹായഹസ്തവുമായി അനേകരന്നു രംഗത്തു വന്നതും നമുക്കറിയാം. മലയാള ദൃശ്യമാധ്യമരംഗത്തെ കുലഗുരുവെന്ന് ടി എന്‍ ജിയെ നിസംശയം വിശേഷിപ്പിക്കാം.മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം സാഹിത്യരംഗത്തും സാംസ്‌കാരികരംഗത്തും ചലച്ചിത്രരംഗത്തുമെല്ലാം  അദ്ദേഹം നിറഞ്ഞു നിന്നിരുന്നു..

         മരിക്കുമ്പോള്‍ എഴുത്തിലും  സജീവമായിരുന്നു.അവസാന കൃതിയായ`പാലും പഴവും'എന്ന നോവല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ അന്ന് ഖണ്ഡശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. മരണശേഷം ആ കൃതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. കേരളം തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സാമൂഹ്യ,രാഷ്ട്രീയ സംഘര്‍ഷങ്ങളെ ഹൃദ്യമായ് വരച്ചുകാട്ടുന്ന ആ നോവല്‍ വ്യത്യസ്ത പ്രമേയവും അവതരണ മികവുമുള്ള  ഒരു രാഷ്ട്രീയ നോവല്‍ കൂടിയാണ്.സംഘര്‍ഷത്തില്‍ അവിചാരിതമായി അകപ്പെട്ടുപോയ തമിഴ് ബ്രാഹ്മണ ദമ്പതികളുടെ ജീവിതത്തെ അത്രമേല്‍ തീവ്രമായി ആവിഷ്കരിക്കാന്‍ തിരക്കു ജീവിതത്തിനിടയിലും ടി എന്‍ ജിക്കു കഴിഞ്ഞുവെന്നതും ആ മഹത്വത്തിനുള്ള മറ്റൊരു അളവുകോലാണെന്നു കാണാം.നോവലിന്‍റെ പ്രസിദ്ധീകരണം പാതിവഴിയില്‍ എത്തിയപ്പോഴായിരുന്നു  അര്‍ബുധം അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയത്.ചികിത്സ തുടരുമ്പോഴും രോഗാതുരമായതിന്‍റെ ഏതൊരു ക്ഷീണവും പ്രകടമാക്കാതെ മാധ്യമരംഗത്തും എഴുത്തു ജീവിതത്തിലും കര്‍മ്മനിരതനാവാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു.കുടാരം,ശുചീന്ദ്രം രേഖകള്‍,മുനമ്പ്,കണ്ണകി,ശൂദ്രന്‍,വോള്‍ഗാ തരംഗങ്ങള്‍,ത്സിംഗ് താവോ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു  കൃതികള്‍.

         ഏറ്റെടുത്ത ജോലികളോടുള്ള ആത്മാര്‍ത്ഥതയും കണ്ടെത്തിയ വാസ്തവങ്ങളെ വെളിപ്പെടുത്താനുള്ള വ്യഗ്രതയും അദ്ദേഹത്തോളം കാത്തു സൂക്ഷിച്ച മാധ്യമ വ്യക്തിത്വങ്ങള്‍ നമുക്കുമുന്നില്‍ വിരളം....1957ല്‍ വട്ടപ്പള്ളിമഠം നീലകണ്o ശർമ്മ ടെയും തങ്കമ്മയുടെയും മകനായി ജനിച്ച ടി.എന്‍ ഗോപകുമാര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും ഇംഗ്ലീഷില്‍ എം.എ ബിരുദം നേടി. 1992ല്‍ മാതൃഭൂമിയില്‍ നിന്ന് മാധ്യമയാത്ര ആരംഭിച്ച അദ്ദേഹം ന്യൂസ് ടൈം, ദ ഇന്‍ഡിപെന്റന്റ്, ഇന്ത്യാ ടുഡേ, സ്റ്റേറ്റ്സ്മാന്‍, ബി.ബി.സി റേഡിയോ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഏഷ്യാനെറ്റിന്റെ തുടക്കം മുതല്‍ കണ്ണാടി എന്ന വാര്‍ത്താധിഷ്ഠിത പരിപാടി അവതരിപ്പിച്ചിരുന്ന ടി.എന്‍ ഗോപകുമാര്‍ പിന്നേട് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി. നോവല്‍, കഥ, ഓര്‍മക്കുറിപ്പ്, പംക്തി തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചു.  രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു.അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്കും ടി.എന്‍ ഗോപകുമാര്‍ അര്‍ഹനായി.അദ്ദേഹത്തെ പറയാന്‍ തുടങ്ങിയാല്‍ വാതോരാതെ,വരികള്‍ ചോരാതെ ഒത്തിരി ഓര്‍മ്മകളാവും വന്നു നിറയുക....അതിനുള്ള ഇടമല്ല ഇതെന്നറിയാം...2016 ജനുവരി 30നാണ് അര്‍ബുദം അദ്ദേഹത്തിന്‍റെ പ്രത്യക്ഷ സാന്നിധ്യത്തെ നമ്മളില്‍ നിന്നും എന്നെന്നേക്കുമായി നിശ്ചലമാക്കിയത്.മൂന്നാണ്ടുകള്‍ പൂര്‍ത്തിയാകുന്നു.ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

Share :

Photo Galleries