Archives / January 2019

മുല്ലശ്ശേരി
വൃദ്ധൻ.........               ചുമലിൽ ഭാണ്ഡം

 (നോവൽ തുടരുന്നു....... ആറ്  )

          അന്ന് മുതലാണ് ആ പിതാവിനോട് വർഗീസിന് ബഹുമാനവും അടുപ്പവും ഉണ്ടായതും , ആ വികാരം ഉൾകൊള്ളാൻ കഴിഞ്ഞതും , അവ വർഗീസിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതും.

          ഒരിക്കൽ ആ പിതാവ് കുളക്കരയിൽ കുളത്തിലേക്ക് നോക്കി ഇരിക്കുമ്പോൾ വർഗീസിനോട് പറഞ്ഞതാണ്.- ''ഈ നിശ്ചലമായ ജലാശയത്തിൽ ഞാൻ അവനെ കാണുന്നു. അപ്പോൾ ആ പിതാവിന്റെ കണ്ണകൾ നിറഞ്ഞൊഴുകുകയായിരുന്നു. ആ നിമിഷങ്ങളിൽ വർഗീസിന് തോന്നി അവന്റെ ഹൃദയവും ശുദ്ധീകരിച്ച് കൊണ്ടിരിക്കുന്നുവെന്ന്. ആ പിതാവ് മുമ്പൊരിക്കൽ പറഞ്ഞതുപോലെ കുമ്പസരിയ്ക്കാതെ എങ്ങനെയാണ് ഹൃദയം ശുദ്ധീകരിക്കുന്നതെന്ന് വർഗ്ഗീസിന് മനസിലായി.

          മറ്റൊരിക്കൽ ആ പിതാവ് പറഞ്ഞു ---' ' നിന്റെ പ്രാർത്ഥന നീ തന്നെ ചെയ്യണം. _ കൂട്ടപ്രാർത്ഥനയ്ക്ക് അർത്ഥമില്ല. കുട്ടപ്രാർത്ഥനയിൽ മനസിനെ ഏകീകരിക്കാനും ശുദ്ധീകരിക്കാനും ആകില്ല .
    
        അങ്ങനെ വർഗീസിന്റെ പലേ കാര്യങ്ങളിലും വ്യത്യാസമുണ്ടായി. അവനും ചിന്തിക്കാൻ തുടങ്ങി.  ബേബിച്ചൻ മുതലാളിയിൽ നിന്നും വിടുതൽ വാങ്ങാൻ അവന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു.

      അവൻ മറ്റു സഹജീവികളെക്കുറിച്ചും ചിന്തിച്ച് തുടങ്ങിയത്തോടെ  ജീവിതത്തിൽ വന്ന മാറ്റങ്ങളെ അവൻ ഉൾക്കൊണ്ടു.

        വർഗീസിന്റെ പുതിയ മാറ്റങ്ങളിൽ  അവന്റെ ശത്രുയായത് ബേബിച്ചൻ മുതലാളിയാണ്. അവന്റെ എല്ലാ പ്രവൃത്തികളിലും മുതലാളി കുറ്റങ്ങൾ കണ്ടു പിടിച്ചു. പള്ളിമേടയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയും മുതലാളിയാണ്. അങ്ങനെ ബേബിച്ചൻ മുതലാളിയിൽ കൂടിയാണ് പിതാവ് വർഗീസിനെ നോക്കി കാണാൻ തുടങ്ങിയത്. വർഗീസിന്റെ പലേ നിലപാടുകളും സഭക്ക് വിരുദ്ധമാണെന്ന് മുതലാളി  പിതാവിനെ അറിയിച്ചു.വർഗീസിന് ശിക്ഷ വാങ്ങിക്കൊടുക്കാൻ മുതലാളി  പിതാവിനെ അനുനയിപ്പിച്ചു. ഈ ശിക്ഷയിലൂടെ വർഗീസിനെ ക്രമീകരിച്ച് തന്റെ മുൻകാല ചെയ്തികളിൽ വ്യാപൃതനാക്കുക എന്നാണ് മുതലാളിയുടെ ഉദ്ദേശവും ലക്ഷ്യവും .

        ശിക്ഷ നടപ്പിലാക്കാൻ ശ്രമിക്കുന്ന പിതാവിനോട് വർഗീസ്‌ - '' അങ്ങ് എന്താണ് ചെയ്യുന്നതെന്ന് അങ്ങ് അറിയുന്നില്ല.'' - എന്ന് പറഞ്ഞു. ബേബിച്ചൻ മുതലാളിയുടെ കുതന്ത്രങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് കരുതിയാണ് വർഗീസ് അങ്ങനെ പറഞ്ഞത്.(പഴയ പിതാവ് വർഗീസിനെ പഠിപ്പിച്ചത് വാക്ക് കൊണ്ട് പോലും അന്യരെ വേദനിപ്പിക്കരുതെന്നാണ് )  പക്ഷേ വേദ വാക്യം വർഗീസ് പിതാവിന് നേരെ പ്രയോഗിച്ചെന്ന് പറഞ്ഞു പ്രശ്നം വഷളാക്കിയത് - ബേബിച്ചൻ മുതലാളിയും കൂട്ടരുമാണ്-  എങ്കിൽ ഒരിടത്തും ബേബിച്ചൻ മുതലാളിയുടെ പേര് പുറത്ത് വരുന്നുമില്ല. കൂട്ടത്തിലുള്ളവർ വർഗീസിനെതിരെ ആരോപണങ്ങൾ കൊണ്ട് പിതാവിനെ മൂടി. ഈ ഘട്ടത്തിൽ പിതാവിന് ഒരു കാര്യം മനസ്സിലായി. ഒക്കെയും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന്. എങ്കിൽ വേദ വാക്യം ഉരുവിട്ടത് പിതാവിനോട് നേരിട്ടാണ്. അവിടെയാണ് പിതാവ് യഥാർത്ഥത്തിൽ വിഷമിച്ചതും.

      അവർ നേതാവില്ലാതെ തന്നെ കാര്യങ്ങൾ വളരെ അടുക്കും ചിട്ടയോടും കൂടി മുന്നോട്ട് നീക്കിക്കൊണ്ടിരുന്നു.( നേതാവ് - ബേബിച്ചൻ മുതലാളി അണ്ടർ ഗ്രൗഡി ലിരുന്ന് സമർത്ഥമായി ചരട് വലിക്കുകയായിരുന്നു)

          ഈ ഘട്ടത്തിൽ വർഗീസ്  ഇത് വരേയും കണ്ടിട്ടില്ലാത്ത ,കാഴ്ചയിൽ ശരിക്കും ഒരു ഗുണ്ടയെപ്പോലെ തോന്നിക്കുന്നൊരാൾ അവിടെ വരികയും തന്റെ കൈയ്യിലുള്ള വടിവാൾ  വർഗീസ് കാണത്തക്കവണ്ണം വലിച്ചൂരി കാണിക്കുകയും വർഗീസിനെ രൂക്ഷമായി നോക്കി കടന്ന് പോകുകയും ചെയ്തു. അയാൾ വർഗീസിന്റെ കണ്ണിൽ നിന്നും മറഞ്ഞ നിമിഷം തന്നെ  ഒരു വെളിപാട് രഹസ്യം അറിയിക്കുന്ന പശ്ചാത്തലമൊരുക്കി കൊണ്ട് ബേബിച്ചൻ മുതലാളിയുടെ വിശ്വസ്തനായ ദൂതൻ വർഗീസിന് അതിസമർത്ഥമായി ഒരു ഓഫർ കൊടുത്തു. '' ശിക്ഷ വരുമ്പോൾ വർഗീസ് പുറത്താകും - അങ്ങനെ വന്നാൽ ഞാൻ ബേബിച്ചൻ മുതലാളിയുടെ കാല് പിടിച്ച് മുതലാളിയുടെ വീട്ടിൽ നിറുത്താൻ കരുണ യാചിക്കാം.''

             വർഗീസിന് ,അതിബുദ്ധിമാനായ ബേബിച്ചൻ മുതലാളിയുടെ കുതന്ത്രം ശരിക്കും മനസിലായത് അപ്പോഴാണ്.  വർഗീസ് ദൂതനോട് ഒന്നും പറഞ്ഞില്ല .  അവന്റെ അപ്പോഴത്തെ  ചിന്ത സ്ഥലം മാറിപ്പോയ ആ പഴയ പിതാവിനെക്കുറിച്ചായിരുന്നു. അവന് ആ പിതാവിനെ കാണണമെന്ന് തോന്നി. ആ പിതാവ് അവനെ ആശ്വസിപ്പിക്കുമെന്ന് അത്രകണ്ട് ഉറപ്പു അവനുണ്ടായിരുന്നു. പക്ഷേ ആ പിതാവ് ഇപ്പോൾ എവിടെയുണ്ടെന്ന്  അവനറില്ല.  ( ആ പിതാവിനെ മാറ്റണമെന്ന് വേണ്ടപ്പെട്ടവർ തീരുമാനിച്ചപ്പോൾ തന്നെ ഈ പിതാവ് ഇവിടെ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ ''ചാർജ് ഹാൻഡ് ഓവർ '' ചെയ്യൽ മാത്രമായി രൂന്നു കാര്യപരിപാടിയിൽ ബാക്കിയുണ്ടായിരുന്നത്)

        ആ രാത്രി വർഗീസ് ഉറങ്ങിയില്ല. അടുത്ത ദിവസം തന്റെ ശിക്ഷ വിധിക്കപ്പെടുമെന്ന് വർഗീസിന് ഉറപ്പുണ്ടായിരുന്നു. അവൻ ആ പിതാവിനെയോർത്തു . പിതാവ് തന്നോട് പറയുമായിരുന്നതും അവന്റെ ഓർമ്മയിലുണ്ടായിരുന്നതും അവൻ ഉരുവിട്ടു. ............ ''പക്ഷേ കപട നാട്യക്കാരനെ ഞാൻ ഒട്ടും സഹിക്കുകയില്ല. എന്തെന്നാൽ അവൻ നിഷ്കളങ്കരുടേയും വഴങ്ങുന്നവരുടേയും മേൽ നുകം  വെച്ചു കൊടുക്കുന്നവനാണ്. നിങ്ങൾ പാപികൾ എന്ന് വിളിക്കുന്ന ദുർബലൻ കൂട്ടിൽ നിന്നും വീണു പോകുന്ന പറക്കമുറ്റാത്ത പക്ഷികളെ പ്പോലെയാണ്. കപടനാട്യക്കാരനാകട്ടെ ഇരയുടെ മരണവും കാത്ത് പാറപ്പുറത്തിരിക്കുന്ന കഴുകനാണ്. ദുർബലൻ മരുഭൂമിയിൽ വഴി തെറ്റിപ്പോയ മനുഷ്യനാണ്. പക്ഷേ കപടനാട്യക്കാരൻ   വഴി തെറ്റിപ്പോയവനല്ല. അവന് വഴിയറിയാം ,എന്നിട്ടും അവൻ മണലിനും കാറ്റിനും ഇടയിൽ ചരിക്കുന്നു................"

       ശിക്ഷ വിധിക്കാൻ പോകുന്നു വെന്ന് വർഗീസിന് തോന്നിയ ആ നിമിഷം തന്നെ വാതലിൽ
ബേബിച്ചൻ മുതലാളിയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു.
       
        ശിക്ഷ കേട്ട് കഴിഞ്ഞപ്പോൾ വർഗീസ് ദയനീയമായി ആ പിതാവിനെ നോക്കി. പക്ഷേ ആ നോട്ടത്തിനും പിതാവിന്റെ മനസിന് മാറ്റമുണ്ടാക്കാനായില്ല .

       ദൂതൻ കാട്ടിക്കൊടുത്ത വഴിയെ വർഗീസ് നടന്നു. ആ വഴി അവസാനിച്ചത് മറ്റൊരു വാതലിനരികിലാണ് - ആ വാതിൽ ബേബിച്ചൻ മുതലാളിയുടെ കാറിന്റെ വാതിലാണ്.-- ബേബിച്ചൻ മുതലാളിയുടെ മുഖത്ത് ജയിച്ച ഒരു പോരാളിയുടെ ഭാവവും വർഗീസിന്റെ മുഖത്ത് ഒരു ആജീവനാന്ത അടിമയുടെ ഭാവവും

          ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ എന്റെ ചുമലിൽ എന്തോ ഒരു തുള്ളി വീണു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ നിറഞ്ഞ കണ്ണമായി നിധിൻ നില്ക്കുന്നു...........

(തുടരും ......)

Share :