Archives / January 2019

 മായ ബാലകൃഷ്ണൻ 
താളപ്പെരുക്കം 

ഒരു സമയസൂചി സദാ 
കാലത്തിനു ചുറ്റും ഓടുന്നുണ്ട് .
ജീവന്റെ എല്ലാ കുതിപ്പും 
കിതപ്പും അറിയാതെ 
മിടിക്കുന്ന താളമായ് അത് ഓടുകയാണ് !
പിന്തിരിഞ്ഞ് ഓടിയാൽ തെറ്റുന്നത്
ആരുടെ താളമാണ് ? കിതയ്ക്കുന്നത്
ആരുടെ ശ്വാസമാണ് ?
അമ്മ ചുട്ട അപ്പവും കഴിച്ച്
വാരിത്തിരുകിയ ബാഗും എടുത്ത് 
ബസ് പിടിക്കുമ്പോൾ ,
ആശുപത്രി ടിക്കറ്റ്കൗണ്ടറിനു
മുന്നിലെ ക്യൂവിൽ നില്ക്കുമ്പോൾ ,
പരീക്ഷാഹാളിലെ 
അവസാനമണിയും മുഴങ്ങുമ്പോൾ,
നിരങ്ങിനീങ്ങുന്ന പെരുവഴിയിലെ 
 വെയിൽ ഇടവഴി കയറുമ്പോൾ ,
അറിയാതെ ഒന്ന് നിലച്ചുപോയാൽ ,
അനാദിയായ കാലം ഇവിടെ 
മിടിപ്പുകളിൽ കിതയ്ക്കുന്ന 
താളപ്പെരുമ കൊട്ടിക്കേറുന്നത് 
എവിടേക്കാണ് !? 
അവിടെ ,കാലത്തിനു പിടികൊടുക്കാതെ  
അനശ്വരതയിൽ ലയിച്ച്  ;
ഒരു ദീർഘശ്വാസബിന്ദു 
ഓരോ മിടിപ്പിലും ടിക് ടിക് മുഴക്കി  
നിത്യം അനന്തതയിൽ ............. !
ചിതറിവീഴും .

 

Share :