Archives / January 2019

ദിവ്യ.സി.ആർ.
ഹർത്താൽ

:
               :  അവളുടെ കാഴ്ച്ച ദുരെയെവിടെയോ തളം കെട്ടി നിന്നു. ഹർത്താൽ ദിനത്തിൽ അടച്ചിട്ട കടകളെയോ, ആ ചന്തയ്ക്കുള്ളിൽ വിൽക്കാതെ വച്ചിരിക്കുന്ന  സാധനങ്ങളുടെ കൂട്ടത്തിലെ അവളുടെ പച്ചക്കറിത്തട്ടോ ആ കാഴ്ച്ചകളെ തടസ്സപ്പെടുത്തിയതേയില്ല. പതിവു പോലെ ഹർത്താലനുകൂലികൾ നാട്ടിയ കൊടി പോലെ, അവളുടെ മനസ്സും എങ്ങോ പാറി നിന്നു.
     ഭർത്താവ് ഉപേക്ഷിച്ച്, കുഞ്ഞുങ്ങളേയും കൊണ്ട്  അനാഥമായി തെരുവിലേക്കിറങ്ങേണ്ടി വന്നപ്പോൾ നാട്ടുകാരുടെ കാരുണ്യം കൊണ്ടുമാത്രം തുടങ്ങിയ ചെറിയ പച്ചക്കറിക്കട ! അന്നന്നു കിട്ടുന്ന ചെറിയ വരുമാനത്തിൻെറ ഉറവിടം. രണ്ടും കുഞ്ഞുങ്ങളേയും പട്ടിണി കൂടാതെ നോക്കാം - അതുമാത്രമാണ് അവളുടെ ഉൾക്കണ്ണിൽ നിറഞ്ഞുനിന്നതും.
   രണ്ട് ദിവസം കൊണ്ട് തുടങ്ങിയ ഹർത്താൽ മൂന്നാം ദിവസത്തെ പ്രഭാതത്തെ പുണരുകയാണ്. വരുമാനം കൈകളിലെത്തിയിട്ടും രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു. കൈയ്യിൽ ചില്ലികാശുപോലും അവശേഷിക്കുന്നില്ല. പ്രതീക്ഷയോടെ വാങ്ങിവച്ചിരുന്ന പച്ചക്കറികളെല്ലാം ചീഞ്ഞുനാറി. വെണ്ടയ്ക്ക മുരടിച്ചു. തക്കാളിയും വെള്ളരിയും അഴുകി. അവശേഷിക്കുന്നവയിൽ നല്ലതു ചികഞ്ഞവൾ മാറ്റിവച്ചു. അവൾ ചുറ്റും നോക്കി. സൂര്യപ്രകാശം അവിടെ മഞ്ഞവെയിൽ വിരിച്ചു. ആരും ഇതേവരെയെത്തിയിട്ടില്ല. അല്ലെങ്കിൽ ഈ സമയം തിരക്കിൽ തത്തിക്കളിക്കുകയാവും ചന്ത ! 
രണ്ടുദിവസമായി ഇതാണവസ്ഥ ! ഇന്നലെയും അവർക്കൊപ്പം ഹർത്താലിൽ അവളും കൂടി. പക്ഷെ ഇന്ന്...
ചിന്തിക്കുന്പോൾ പടർന്നുകയറുന്ന ഇരുളിൽ അവൾ അസ്വസ്ഥയായി.
    ഭക്ഷണവുമായി വരുന്ന അമ്മയെ കാത്തിരിക്കുന്ന നാലു കണ്ണുകളുടെ പ്രതീക്ഷ അവളെ തളർത്തുകയാണ്. ആ നിസ്സഹായതയ്ക്ക് അറിയില്ലല്ലോ രാഷ്ട്രീയം ആഘോഷിക്കപ്പെടുന്ന ഹർത്താലുകളെ കുറിച്ച് !
  അവളെ ചിന്തകളിൽ നിന്നുണർത്തി ഒരു വാൻ വന്നുനിന്നു.അതിൽനിന്നും ആയുധങ്ങളുമായി ചിലർ ചാടിയിറങ്ങി. 
'എടീ.. കടയടക്കടീ..'
ആക്രോശിച്ചുകൊണ്ടവർ അവൾക്കരുകിലെത്തി.
'ഇല്ല.. എനിക്കിന്ന് കച്ചോടം  നടത്തണം. എന്തെങ്കിലും വിറ്റിട്ടുവേണം കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങാൻ. ദയവായി ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ..'അവൾ ദയനീയമായി. 
  അപ്പോഴേക്കും സമരക്കാരിലൊരാൾ അവളുടെ പച്ചക്കറിത്തട്ട് അടിപൊളിച്ചു. അലറിക്കൊണ്ടവൾ അവനെ പിടിച്ചു തള്ളി. ആ അലർച്ച ചന്തയിലുടനീളം പ്രതിധ്വനിച്ചു. ആ മുഴക്കം അവസാനിക്കുന്നതിന് മുൻപേ അവൾ വെട്ടേറ്റ് നിലത്ത് വീണിരുന്നു. വാതിൽക്കൽ ദയനീയമായി അമ്മയെ കാത്തിരുന്ന കുഞ്ഞുമുഖങ്ങൾ അവളുടെ ഉൾക്കണ്ണിൽ നിറഞ്ഞു. 
ഹർത്താൽ ദിനാഘോഷം നടത്തുകയായിരുന്ന വീടുകളിലെ ടെലിവിഷനുകളിൽ ആ വാർത്ത മിന്നിനീങ്ങി.
'ഹർത്താലിൽ പരക്കെ അക്രമം - ഒരു സ്ത്രിക്ക് വെട്ടേറ്റു !'

Share :