Archives / January 2019

ഗഫൂർ കാളികാവ് .
ചിറകൊടിഞ്ഞ കിനാക്കൾ

ഇക്കാ... ഈ പോക്കിലെ ങ്കിലും  നിങ്ങൾ നമ്മുടെ കടങ്ങളെല്ലാം വീട്ടി  നാട്ടിൽ സെറ്റിലാകാൻ നോക്കണം.

എത്രകാലാ അക്കരെ ഇക്കരെ  തനിച്ചുള്ള ഈ ജീവിതം.

ഭാര്യയുടെ ആ വാക്കുകൾ

അപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.  

ഏതൊരു പ്രവാസിയേയും പോലെ  വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.

ഇനി കടവും വീട്ടി  ബീവിയും, മക്കളുമൊത്ത്  നാട്ടിൽ ഒതുങ്ങിക്കൂടണം .

അയാൾ പതിവിനു വിപരീതമായി തോളിൽ ബാഗുമേന്തി  ടാക്സിയിൽ എയർപോർട്ടിലേക്ക് തിരിച്ചു.

നാളെയാണാ പുണ്യ മൂഹൂർത്തം. കൺകുളിർക്കെ കണ്ട് സായൂജ്യമടയണം . വർഷങ്ങളോളം തന്റെ ജീവനായി തന്നോടൊപ്പമുണ്ടായിരുന്ന

ഭാര്യയെ അവസാനത്തെ ഒരുനോക്കുകാണാൻ അതും മറ്റൊരാളുടെ മഹർ സ്വീകരിക്കാൻ  ചമഞ്ഞൊരുങ്ങി നിൽക്കുന്ന കാഴ്ച.

  ഭാര്യയായി ചമഞ്ഞൊരുങ്ങി വന്ന നാളിലേപോലെ  അവസാന കാഴ്ചയിലും  കാണാനാണെല്ലോ എന്റെ ഈയാത്ര .

ഇക്ക  നാട്ടിലേക്കാണോ  ബാഗ് മാത്രമൊള്ളോ..

ടാക്സി ഡ്രൈവറുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തിയെങ്കിലും മറുപടി ഒരു മൂളലിൽ ഒരുക്കി.

 ഉം...

വീട്ടിലേക്ക് വേണ്ട തൊക്കെ  കുത്തിനിറച്ച പെട്ടികളും. ഒരു സൂഡ് കേയ്സും ,നിറഞ്ഞ മനസ്സുമായിരുന്നല്ലോ ഇതുവരെയുള്ള യാത്രകളിൽ പതിവ്.

ടാക്സി ഡ്രൈവർ പോലും എന്റെ മുഖം വായിച്ചെ ടുത്തിരിക്കുന്നു.

പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകളൊന്നും പ്രിയപ്പെട്ടവരെ അറിയിക്കാതെ. അവരുടെ സന്തോഷത്തിലായിരുന്നല്ലോ  എന്റെ സന്തോഷവും നാളിതുവരെ. 

എല്ലാം പാഴ് സ്വപ്നങ്ങളായിരുമിന്നില്ലേ. 

 എല്ലാ ചില്ല്  ചില്ലുകൊട്ടാരവും തകർന്നടിഞ്ഞില്ലേ.

എന്റെ അഭാവത്തിലും അവരുടെ സന്തോഷം നിലനിൽകണം അത്രയേ കരുതിയൊള്ളൂ.

അവൾ ആശിച്ചിരുന്നതു  പോലെ  നാട്ടിൽ സെറ്റിലാകാനുള്ള യാത്രയിലാണല്ലോ അനാഥനായ ഞാൻ അവൾ കൂട്ടിനില്ലെങ്കിലും.

അയാളുടെ സ്വപ്നങ്ങൾക്കു മീതെ  കാർമേഘം കരിനിഴൽ വീഴ്ത്തി .

എവിടെയാണ് എനിക്ക് പിഴച്ചത്.

 ഒരുപിടി പ്രതീക്ഷയുമായി എത്തിയ ഉടനെ സ്വദേശിവൽക്കരണത്തിൽ ജോലി നഷ്ടപ്പെട്ടതോ. 

ബാങ്കിലെ കടങ്ങൾ കുന്നുകൂടി പുരയും പറമ്പും ജപ്തി ചെയ്യുമെന്നായപ്പോൾ 

 പ്രലോഭനങ്ങൾക്ക് വഴങ്ങി

കിഡ്നി പിഴുതു കൊടുത്ത് നാട്ടിലെ കടങ്ങൾ വീട്ടിയതോ. 

അമിത ജോലിക്കിടയിൽ ട്രീറ്റുമെന്റുകൾ പിഴച്ച് തന്റെ ശേഷിച്ച കിഡ്നി വീക്കാണെന്ന് 

അറിഞ്ഞതുമുതലോ ..

എന്നെ എനിക്ക് നഷ്ടമാവുന്നു എന്നറിഞ്ഞതോടെ ഭാര്യയും മക്കളും എന്നും സുഖമമായിരിക്കാൻ.  അവരെ എന്നിൽ നിന്ന് അകറ്റിയതോ. 

എല്ലാം ഫലം കണ്ടു. എന്നിൽ ജയിക്കാൻ അവൾ രണ്ടാം വിവാഹത്തിന് തയ്യാറായിരിക്കുന്നു.

ഇനി എനിക്ക് സമാധാനമായി യാത്ര തുടരാം. 

അവർക്ക് വീടും വാഹനവുമായി. നാളെമുതൽ  സംരക്ഷകനായും അന്തിക്കൂട്ടിനും ഒരാളുമാകും -

അതോടെ എന്റ ലക്ഷ്യംപൂർണമായി. 

അവർ സുരക്ഷിതരായി എന്ന സമാധാനത്തിൽ ഡയാലിസിസിന് പോലും പണമില്ലാത്ത എനിക്ക്  ആരുടെയും ശല്യക്കാരനാവാതെ  കണ്ണടക്കണം .

വരനും സംഘവും എത്താൻ സമയം ഇനിയും ബാക്കിയുണ്ട് അയാൾ  വാച്ചിലേക്ക് നോക്കി  സമയം ഉറപ്പുവരുത്തി.

 തൻറെ വീട് ദൃഷ്ടിയിൽ പതിയും വിധം അയാൾ സമീപ്പത്തെ മക്കാനിയിൽ ഇരുന്നു.

അവൻ അവിടെ വേറെ നിക്കാഹ് കഴിച്ചാലെന്താ. ഇവൾക്കും കുട്ടികൾക്കും വീടും പറമ്പും എഴുതി കൊടുത്തിട്ടുണ്ടല്ലോ. ഒരുകണക്കിന് അവൻ നല്ലവനാ അവിടെ വേറെ കെട്ടിയാലും ഇവരെ മറന്നില്ലല്ലോ.

ഇനിയിപ്പോൾ  ഇന്നോടെ അവൾക്ക് കൂട്ടിന് ആളുമായി.

 മക്കാനിയിലെ  കാരണവന്മാരുടെ ചർച്ചയിൽ ശരിയും തെറ്റും കീറിമുറിച്ചു കൊണ്ടിരുന്നു.

പത്രതാളുകളിൽ നിന്നും മുഖമുയർത്താതെ അയാൾ ക്ഷമയോടെ വഴിപോക്കനേപ്പോലെ ഇരിന്നു. 

വണ്ടിയെത്തി വരനും കൂട്ടരും ഇറങ്ങി അയാളും അവരിൽ ലയിച്ച് തന്റെ വീട്ടിലേക്ക് നീങ്ങി.

ചെറിയ പന്തൽ. അതിഥികളെ സൽക്കരിക്കാൻ കുറച്ച് ഇരിപ്പിടങ്ങൾ.

കട്ട പതിച്ച മുറ്റം അങ്ങിങ്ങ് താളം തെറ്റിയിരിക്കുന്നു.

ചെരുപ്പ് സ്റ്റാന്റിൽ അയാൾ ഉപേക്ഷിച്ചുപോയ ഒരു ജോഡി ചെരുപ്പ് കഴുകിവൃത്തിയാക്കി പുതിയത് പോലെ ഇരിക്കുന്നു.

വീട്ടിൽ ഗ്രഹനാഥൻ ഉണ്ടെന്ന് തോന്നുമാറ് വൈകുന്നേരം ചെരുപ്പെടുത്ത് ഒതുക്കിനരുകിലേക്ക് വെക്കാറാണല്ലോ പണ്ടേപതിവ്.

കുടുംബങ്ങളും അയൽവാസികളും മാത്രം അടങ്ങിയ ചെറിയ സദ്യ.

 വരന്റെ  കൂടെ വന്നവരെ പോലെ വീടും പരിസരവും അയാളാകെ വീക്ഷിച്ചു നടന്നു.

വിറയലോടെ, വിങ്ങുന്ന ഹൃദയവുമായി  തന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി.

നടന്നു് കൊതി തീരാത്ത ഗ്രാനൈറ്റ് പതിച്ച അകത്തിലൂടെ നടന്ന്  ഓരോ മുക്കും മൂലയും കൊതിയോടെ വീക്ഷിച്ചു .

തന്റെ മൂന്ന് മക്കളും ഓടി ചാടി നടക്കുന്നു. അവരോട് മിണ്ടിയാൽ  ഉപ്പച്ചിയെ  തിരിച്ചറിഞ്ഞാൽ എല്ലാം പാളും. 

 തന്റെ എല്ലാ രഹസ്യങ്ങളും ഉറങ്ങുന്ന ബെഡ്റൂമിലേക്കൊന്ന്  എത്തി നോക്കാതിരിക്കാൻ അയാൾക്കായില്ല.

എല്ലാമെല്ലാമായ സൈറ പുത്തനണിഞ്ഞ്  പുതു നാരിയായി  സ്ത്രീകൾക്കിടയിലായി ബെഡിലിരിക്കുന്നു.

പതിന്മടങ്ങ് മൊഞ്ചത്തിയായ പോലെ ഇനിയും കണ്ടുനിന്നാൽ ചിലപ്പോൾ നിയന്ത്രണം നഷ്ടമാകും.

 മിഴികൾ നിറഞ്ഞൊഴുകി ആരിലും സംശയം തോന്നാത്ത വിധം വേണം എല്ലാം കഴിയും വരെ  പിടിച്ചുനിൽക്കാൻ. അയാൾസംയമനം പാലിച്ചു

താൻ കൊടുത്തുവിട്ട റീചാർജ്ജബിൾ ഓട്ടോ കാറിലിരുന്ന് കളിക്കുന്ന തന്റെ മോനെ  വാരിയെടുത്ത് മാറോട് ചേർത്ത്   കൊതി തീരുംവരെ തുരുതുരാ ഉമ്മകൾ നൽകി. 

അവന്റെ കുഞ്ഞു സംസാരം കേൾക്കാൻ അപരിചിതനെ പോലെ അയാൾ തിരക്കി.

മോൻറെ പേരെന്താ ... 

നിച്ചൂസ് .

 അവൻ കുതറിയോടി വീണ്ടും കളിയിലേർപ്പെട്ടു.

ആ ബഹളത്തിനിടയിലും അയാളുടെ ശബ്ദം തിരിച്ചറിഞ്ഞ സൈറ ഹാളിലേക്ക് ഓടിയെത്തി.

ഇക്കാാാാ..

അവൾ നാലുപാടും ഓടിനടന്ന് ഇക്കയെ തിരഞ്ഞു .

എന്റെ  ഇക്കയുടെ ശബ്ദം ഞാൻ കേട്ടത് പോലെ ഇക്ക  ഇവിടെ എവിടെയോ ഉണ്ട് അവൾ പൊട്ടിക്കരഞ്ഞ്  ഓടി  റൂമിൽ കയറി കതകടച്ചു.

ഒരു അപരിചിതനെ പോലെ അയാൾ എല്ലാം 

കണ്ടില്ലെന്ന് നടിച്ചു. കല്ലായി തീർന്ന  ഹൃദയം  രക്ത ഭ്രമണം ദ്രുത ഗതിയിലാക്കി.കണ്ണുകൾ ഇരുട്ടടഞ്ഞു.

 പതിയെ പുറത്തിറങ്ങി അയാൾ സദ്യയിൽ കൂട്ടുകൂടി.

അന്ന് വീടുമാറ്റം ചടങ്ങിലും അവസാനമായി ഞാനും സൈറയും ഇവിടെയാണല്ലോ  ഒപ്പമിരുന്ന്   ഭക്ഷണം കഴിച്ചത്.

ഓർമ്മകൾ അയാളെ അലട്ടി അന്നനാളം വരണ്ട് ഭക്ഷണം തൊണ്ടയിൽ നിലച്ചപോലെ.സ്വന്തം വീട്ടിൽ അന്യനായി ഗൃഹനാഥൻ.

കൂട്ടു കുടുംബങ്ങളെയൊക്കെ കണ്ടു. ഭാര്യയുടെ പുതിയ അവകാശിയെ കൈപിടിച്ച് സലാം ചൊല്ലി അയാൾ ഒരു ജീവഛവമായി പടിയിറങ്ങി.

നീർകെട്ടി വീർത്ത മുഖവും നരകീഴടക്കി വളർന്ന താടിയും  അതിലേക്കിണങ്ങി ധരിച്ച ജുബ്ബയും ആരിലും സംശയം ജനിപ്പിക്കാത്ത രക്ഷകനായി.

മോല്യാര് ഭക്ഷണം കഴിച്ചല്ലേ പോകുന്നത് .എതിരെ വന്ന സൈറയുടെ ഉപ്പയുടെതായിരുന്നു ചോദ്യം.

കഴിച്ചു. വയറും ,മനസ്സും നിറഞ്ഞു എല്ലാം നല്ലതിനാവട്ടെ.

 എന്ന് ആശീർവദിച്ചു സലാം പറഞ്ഞു.

എന്റെ മോന്റെ അതേ ശബ്ദമാണല്ലോ മോല്യാരേ നിങ്ങൾക്കും.

അതിന് ഉത്തരം പറയാൻ അയാൾക്ക് ആയില്ല.

ഉം...

എന്ന മൂളലിൽ  ഒതുക്കി അയാൾ നടന്നു നീങ്ങി. എങ്ങോട്ടെന്നില്ലാത്ത യാത്ര  മടക്കമില്ലാത്ത യാത്രയുടെ തുടക്കം.

 

 

Share :