Archives / January 2019

*ഫൈസൽ ബാവ*
നമുക്കുനേരെ പിടിച്ച കണ്ണാടികൾ(ഫാസിലിന്റെ കഥകളിലൂടെ)

മണ്ണും മനുഷ്യനും തമ്മിലുളള ആഴമേറിയ ബന്ധങ്ങളെ കുറിച്ചാണ് ഫാസിൽ കഥകളിലൂടെ ഏറെയും പറയാറുള്ളത്, ആദ്യ സമാഹാരമായ കുട്ടാടൻ വിളിക്കുന്നു മുതൽ ഈയിടെ ഇറങ്ങിയ രണ്ടു മരണങ്ങൾ വരെയുളള സമാഹാരങ്ങളിലെ  കഥകൾ ശ്രദ്ധിച്ചാൽ അത് മനസിലാകും. പലതും നമുക്കുനേരെ പിടിച്ച കണ്ണാടികൾ ആയി മാറുന്നു. ഫാസിലിന്റെ  കഥകളെ കുറിച്ച് തേർളി എൻ ശേഖർ പറഞ്ഞ വാക്കുകൾ കൃത്യമാണ്  *"സർഗാത്മക ക്രിയായിലൂടെ അനാവശ്യമായ കാല്പനിക ലോകാവ്യവഹാരം തിരസ്കരിക്കുവാൻ കഴിയുന്നുവെന്ന ഗുണം തന്നെയാണ്‌ ഫാസിലിന്റെ കഥകളുടെ ലോകത്തിനും കഥകളുടെ സഞ്ചാരത്തിനും സ്വഭാവികതയും ഒപ്പം അനുഭവ തീവ്രതയും നേടിത്തരുന്നത്."*  ഫാസിലിന്റെ കഥകൾ ജീവിതത്തെ തൊടുന്നതോടൊപ്പം മനുഷ്യനിൽ ഉണരേണ്ട ജൈവിക ബോധത്തെ കൂടി തൊട്ടുണർത്തുന്നു.

മണ്ണിന്റെമണമുള്ള കഥയാണ് *കുട്ടാടന്‍ വിളിക്കുന്നു*, കുട്ടാടന്‍പാടം എന്നത് തൃശൂര്‍ ജില്ലയില്‍ ഉള്ള അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള  പ്രദേശമാണ്, കാര്‍ഷിക വൃത്തിയില്‍ വ്യാപൃതരായ ഒരു കാലഘട്ടത്തെയും അതി വിദഗ്ധമായ ഒരു കാര്‍ഷിക ജലസേജന മാതൃകയും ആയിരുന്നു ഈ പ്രദേശം, എന്നാല്‍ ഇന്ന്‍ ഈ പ്രദേശം ആകെ മാറി, വെട്ടിമാറ്റപ്പെട്ട തുണ്ടുകളായി ഇന്ന് കുട്ടാടന്‍, മണ്ണറിഞ്ഞു വിത്തെറിഞ്ഞിരുന്ന കാലം ഏവരും മറന്നു കളഞ്ഞു, ഈ പ്രദേശത്തിന്‍റെ പശ്ചാതലത്തില്‍  പ്രവചന സ്വരത്തില്‍ ഫാസില്‍ ചില സത്യങ്ങള്‍ വിളിച്ച് പറയുന്നു കുറ്റവും കുറവുകളുമില്ലാത്ത എന്ന ലേബലോടെ ജനിതകമാറ്റം വരുത്തപ്പെട്ട വിത്തിനങ്ങൾ വിപണിയെ മാത്രമല്ല കൃഷിയിടങ്ങളെയും നമ്മുടെ മനസുകളെയും ഒരു പോലെ കീഴടക്കുകയാണ് ഇതൊരു ആഗോളവല്‍ക്കരണ നിയന്ത്രിത ലോകമായി ചുരുങ്ങുമ്പോള്‍ കർഷകനെ അന്യവൽക്കരിക്കുകയും വിപണിയുടെ ഇംഗിതമനുസരിച്ച് . കർഷകൻ വെറും ഉപഭോക്താവായി മാറുന്നു. ചോയിച്ചനെന്ന കർഷകന്റെ കരച്ചിൽ നല്‍കുന്ന സന്ദേശവും വരാനിരിക്കുന്ന ഒരു വിപല്‍ കാലത്തെ സൂചിപ്പിക്കുന്നു. അന്തക വിത്തുകള്‍ ചോയിച്ചന്‍മാരേ എളുപ്പത്തില്‍ ഏറ്റെടുക്കുമ്പോളും കുട്ടാടന്‍ പാടങ്ങള്‍ തിരിച്ചു വിളിച്ചുകൊണ്ടിരിക്കും അത് പ്രകൃതി നിയമമാണ് ഒരു തിരിച്ചു പോക്കിലേക്ക് ആവശ്യപ്പെടുന്ന എഴുത്ത് നിരന്തരം നമ്മെ തിരിച്ചു വിളിക്കും ആ തിരിച്ചു വിളി ഈ കഥയിലും കാണാം ഗൃഹാതുരത്വം നല്‍കുന്ന ചിത്രങ്ങള്‍ വളരെ നന്നായി കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു 

'ചോയിച്ചോ'

'ആരാത് ?' വീണ്ടും വിളിയുയര്‍ന്നപ്പോള്‍ ചോയിച്ചന്‍ ചോദിച്ചു 

'ഞാനാണ്  കുട്ടാടന്‍' സൌമ്യ ശബ്ദത്തിലുള്ള മറുപടി, 

ഇരുട്ട് പുതച്ചുകിടക്കുന്ന വയലുകളിലേക്ക് ചോയിച്ചന്‍ കണ്ണുനീട്ടി, ഇരുട്ടില്‍ന്റെ പശിമ കുറഞ്ഞിരിക്കുന്നു, നേര്‍ത്ത നാട്ടുവെട്ടമിറങ്ങി വയാല് പരപ്പിലാകേ പരക്കുകയാണ്, വയല്‍പ്പരപ്പില്‍ എവിടെയെങ്കിലും കുട്ടാടന്‍ നെല്ല് കൃഷി ചെയ്തിട്ടുള്ളതായി അയാള്‍ക്ക് ഓര്‍ത്തെടുക്കാനായില്ല, കുട്ടാടന്‍ പാടത്തെ ഓരോ കര്‍ഷകനെയും അറിയാം, എല്ലാവരും എന്നേ കുട്ടാടനെ കൈവിട്ടിരിക്കുന്നു, കുട്ടാടന്‍റെ ജന്മഭൂമി നിറയെ കിളിരം കുറഞ്ഞ വരവ് നെല്ലിനങ്ങളാണ് വളരുന്നത്, നാടുമുഴുവന്‍ തപ്പിയാല്‍ ഒരു മണി കുട്ടാടന്‍നെല്ല്‍ കിട്ടില്ല'' 

 

കഥയില്‍ പങ്കുവെക്കുന്ന   ഈ ആകുലത സമകാലിക അവസ്ഥയോട് ഏറെ ചേര്‍ന്ന് നില്ക്കുന്നു യാങ്കിയുടെ ഗിറ്റാർ ഒരുക്കിയ പശ്ചാത്തലസംഗീതത്തിൽ  മയങ്ങുകയും തന്ത്രത്തില്‍ അവര്‍ നമ്മളില്‍ നിന്നും അന്നും ഇന്നും തട്ടിയെടുത്ത് കൊണ്ട്പോകുന്ന നാട്ടു നന്മയെ, നാട്ടറിവിനെ കുറിച്ച് കഥാകൃത്ത് വേദനിക്കുന്നു, ചേറിന്റെ മണം വായനക്കാരനില്‍ എത്തിക്കുന്നത്തില്‍ കഥ വിജയിക്കുന്നു ഒരു ജില്ലയിലെ നാലോ അഞ്ചോ പഞ്ചായത്തില്‍ വ്യാപിച്ച് കിടക്കുന്ന ഒരു പ്രത്യേക കാര്‍ഷിക ഇടത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോള മാനമുള്ള വിഷയത്തിലേക്ക് മടുപ്പില്ലാതെ കൊണ്ടുപോകുന്നു,  നാട്ടുജീവിതത്തിന്റെ, സാന്നിദ്ധ്യം കഥയിൽ നിലനിർത്തുന്നുണ്ട്. ഏതാണ്ട് 20വർഷങ്ങൾക്ക് മുമ്പ് ഒരു പ്രവചനസ്വരത്തോടെ ഈ കഥയിലൂടെ വിളിച്ചു പറയുമ്പോൾ ഇന്നിന്റെ യാഥാർഥ്യം അതിനോട് ചേർന്നുനിൽക്കുന്നു. 

 

എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി എന്ന സമാഹാരത്തിലെ  *തെങ്ങേറ്റം* എന്ന കഥ നിത്യജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥയാണ്. അതുകൊണ്ടു തന്നെ കഥയിലെ വാക്കുകളും നിത്യജീവിതത്തിലെ വാക്കുകൾ തന്നെ. കേരളത്തിലെ ഏതൊരു ഭൂമികയിലും ചേർത്തു വെച്ചു വായിക്കാവുന്ന കഥ. തെങ്ങിൽ മണ്ഡരി വന്നതോടെ പണിക്ക് കൂലി തേങ്ങവാങ്ങിയിരുന്നത് ഒഴിവാക്കി വാസു പണം ചോദിക്കുന്നതും. വെട്ടിയിട്ട മുഴുവൻ തേങ്ങയും കൂലിയായികൊടുക്കേണ്ടി വരുന്ന അവസ്‌ഥയിൽ എത്തിയതുമൊക്കെ കേരളത്തിൽ എല്ലായിടത്തും ഒരുപോലെ തന്നെ. വാസു തേങ്ങാ എടുക്കുന്ന ഭാഗം രസകരമായാണ് വരച്ചുകാണിച്ചത്. *"നാലെണ്ണമെങ്കിലും ബാക്കിയുണ്ടെന്ന് കരുതി സമാധാനിച്ചിരിക്കുമ്പോൾ വാസു വെട്ടുകാതിനീട്ടി കത്തിയുടെ വായ്‌ത്ത ലയിലും മടമ്പിലുമായി ഓരോ തേങ്ങാ കൊത്തിയെടുത്തു.  "രണ്ടെണ്ണം ഓല വെട്ട്യേതിന്"* കൂലി വ്യവസ്‌തയുടെ നാടൻ ശരികളും ശരികേടുകളും നമുക്കിതിൽ കാണാം.  

 

*ദൈവത്തിന്റെ മുഖങ്ങൾ* എന്ന കഥ ഏറ്റവും അവസാനം ഇറങ്ങിയ

*രണ്ടു മരണങ്ങൾ*  എന്ന സമാഹാരത്തിലാണ് ഉള്ളത്.

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിൽ പലരും പറയുന്ന ഉത്തരം ഉണ്ട് എന്ന് തന്നെയാണ് ജീവിതം മുട്ടി നിൽക്കുന്ന അവസ്ഥയിൽ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന രൂപം,  അത് ആരുമാകാം അതാണാ ദൈവം. ഫാസിലിന്റെ കഥയിലെ തങ്കരാജ് പലതവണ ദൈവത്തെ കണ്ടിട്ടുണ്ട്. *"പനയിൽ നിന്ന് വീണ് അച്ഛൻ മരിക്കുമ്പോൾ തങ്കരാജിന് അഞ്ചുവയസായിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ പല മുഖങ്ങളിൽ പലതവണ ദൈവത്തെ കണ്ടിരിക്കുന്നു. എല്ലാ വർഷവും അവനുവേണ്ട പുസ്തകങ്ങൾ വാങ്ങികൊടുത്തിരുന്ന ബാലൻമാഷ്, പല ദിവങ്ങളിലും ഉച്ചയൂണിന്റെ  നേരത്ത് ക്ലാസ് പുറത്തിറങ്ങി മാറിനില്കുന്ന അവനെ കണ്ടെത്തി തന്റെ പൊതിച്ചോറിന്റെ പങ്ക്‌ നൽകിയിരുന്ന രേവതിടീച്ചർ, സഹപാഠിയായിരുന്ന അബൂബക്കർ, ദിവസവും പ്രഭാതത്തിൽ തെരുവോരത്ത് ബസ്സിറങ്ങുമ്പോൾ തങ്കരാജ് കാണാറുള്ള പാകിസ്ഥാൻ കാരനായ വൃദ്ധൻ, പ്രാവുകൾക്ക് തീറ്റ കൊടുത്തു കൊണ്ടിരിക്കുകയായിരിക്കും അയാൾ. ....."* ഇങ്ങനെ മനുഷ്യസഹജമായ സഹാനുഭൂതി യഥാ സമയം പ്രകടിപ്പിക്കുന്ന പരിചിതരും അല്ലാത്തവരുമായ നല്ല മനസുകൾ ആണ് ദൈവങ്ങൾ. തങ്കരാജിന് ജീവിതവഴിയിലൂടെയുള്ള യാത്രയാണ് ഈ കഥ ഇതു ഒരു തങ്കരാജിന്റെ മാത്രം കഥയല്ല. മണലാരണ്യത്തിൽ തന്റെ ജീവിതത്തിന്റെ വഴിത്താരയിൽ അനുഭവത്തിന്റെ തുണ്ടാണ് ഈ കഥ. *"കണ്ണുതുറന്നപ്പോൾ ദൈവത്തിന്റെ കറുത്ത ഖന്തൂറ അകലെ ഒരു മിന്നായംപോലെ മറയുന്നത് അയാൾ കണ്ടു"* എന്നു പറഞ്ഞാണ് കഥ അവസാനിക്കുന്നത്. ഓരോ വായനക്കാരനും ഇത്തരത്തിൽ ഓർക്കാൻ കുറച്ചു ദൈവ മുഖങ്ങൾ ഉണ്ടാകും.... കൊടും ചൂടും വരണ്ട കാറ്റും കടുത്ത തണുപ്പുമേറ്റ് പരുക്കാനായിപ്പോയ തൊലികൾക്ക് മീതേ സന്ത്വനമേകുന്ന സ്പര്ശമാണ്, കാഴ്ചയാണ്, ശബ്ദമാണ് ഓരോ ദൈവ മുഖങ്ങളും...  ഫാസിലിന്റെ വ്യത്യസ്തമായ ഒരു കഥ.

 

വരിനെല്ലിന്റെ പടയോട്ടം, ഛായാഗ്രഹണം, കാറ്റാണ് ജീവൻ, പുറന്തോട്...... എന്നിങ്ങനെ നിരവധി നല്ല കഥകൾ എഴുതിയിട്ടുണ്ട്. കഥ വായിക്കുന്നവർ തന്നെ കഥാപാത്രം ആയിപ്പോയോ എന്ന തോന്നലിൽ എത്തിക്കുന്ന കഥകൾ. 

 

കുട്ടാടൻ വിളിക്കുന്നു, രാമന്റെ യാത്രകൾ, വരിനെല്ലിന്റെ പടയോട്ടം, എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി, രണ്ടു മരണങ്ങൾ എന്നീ കഥാ സമാഹാരങ്ങളും കോമ്പസും വേട്ടക്കോലും, ഭൂതയാത്ര എന്നീ നോവലുകളും ഇറങ്ങിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ വടക്കേക്കാട്,  കല്ലൂർ സ്വദേശിയാണ്.

Share :

Photo Galleries