Archives / February 2019

മുല്ലശ്ശേരി
വൃദ്ധൻ.. .... ചുമലിൽ ഭാണ്ഡം


(നോവൽ തുടരുന്നു - അഞ്ച്)

        വർഗീസ് പയ്യനെ അനുഗ്രഹിച്ചു.-- ''നീ നന്നായി വരും. ഇത് പോലെ  എന്നെയെന്നല്ല ആരേയും വിളിക്കാൻ പാടില്ലാത്തതാണ്.''  എന്ന് ഉപദേശിക്കുകയും അവന്റെ തലയിൽ കൈ വെച്ച് ആത്മാർത്ഥമായി  തന്നെയാണ് അനുഗ്രഹിച്ചതും കുരിശ് വരച്ചതും. പക്ഷേ കണ്ട് നിന്നവർ അല്പം എരിവും പുളിവും ചേർത്ത് പിതാവിന്റെ ചെവിയിൽ എത്തിക്കുകയാണുണ്ടായത്. ഇവിടെ മുതലാണ് പിതാവും വർഗീസും മാത്രമുള്ള കഥയിലേക്ക് കാര്യങ്ങൾ നീങ്ങി തുടങ്ങിയത്. (അതിഥിതാരമായി ബേബിച്ചൻ മുതലാളിയുമുണ്ട്. പക്ഷേ മിക്കപ്പോഴും കഥയിൽ ബേബിച്ചൻ മുതലാളി അണ്ടർ ഗ്രൗണ്ടിലാണ് -- ചിലർ അങ്ങനെയാണ് എല്ലാ കാര്യങ്ങളും അറിയുകയും കേൾക്കുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യും. എങ്കിൽ ആളു അണ്ടർ ഗ്രൗണ്ടിലുമായിരിക്കുമെന്ന അവസ്ഥ -  മറ്റൊരു വിധത്തിൽ പറഞ്ഞാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും എങ്കിൽ അവരെ എല്ലാപേരും നേരിട്ടും അല്ലാതെയും കാണുകയും കേൾക്കുകയും ചെയ്യും എന്ന കണക്കെ)

       കഥ മുന്നോട്ട് തന്മയത്വമായി നീങ്ങുണമെങ്കിൽ വർഗീസ് ആരെന്നും മറ്റും വായനക്കാർക്ക് വ്യക്തിമാക്കി കൊടുത്തേ പറ്റു എന്ന അവസ്ഥയിൽ വർഗീസിനെക്കുറിച്ച് ഒരു ലഘു ചരിത്രം. ഓർമ്മയായ നാൾ മുതൽ വർഗീസ് ഏകനാണ്. അല്പം  ''വൈറ്റിട്ട് '' പറയുകയാണെങ്കിൽ ഒരു അനാഥാലയത്തിലെ ഉല്പന്നം. പക്ഷേ ,മിടുക്കനും കാര്യ പ്രാപ്തിയുള്ളവനും മിതഭാഷിയുമായുമാണ്.

       ഇനി ബേബിച്ചൻ മുതലാളിയുമായുള്ള ബന്ധം. ഒരിക്കൽ ബേബിച്ചൻ മുതലാളി സ്വയം ഡ്രൈവ് ചെയ്തു് വന്നപ്പോൾ അവനെ കാറിൽ നിർബന്ധിച്ച് കയറ്റി ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ അല്പം പ്രകൃതിവിരുദ്ധ പരിപാടിക്ക് ഉപയോഗിച്ച ശേഷം കാറിൽ നിന്നും ഇറക്കിവിട്ടയാൾ . അതിന് ശേഷം  കണ്ടപ്പോൾ കുറെ രൂപ അവന്റെ കൈയിൽ പിടിപ്പിച്ച് കൊടുക്കുകയും കണ്ട് നിന്നവരോട് അവൻ അനാഥനാണെന്നു സഹതാപം രേഖപ്പെടുത്തുകയും എങ്കിൽ അവനോട് അവൻ കേൾക്കേ മാത്രം --'' ഞാൻ വിളിക്കുമ്പോൾ വരണമെന്ന് '' ചട്ടം കെട്ടുകയും ചെയ്തു.  (എങ്കിൽ ബേബിച്ചൻ മുതലാളിയുടെ ഉള്ളിലിരുപ്പ് ഏകദേശം ഇപ്രകാരം നിഗ്രഹിക്കാം ---വർഗീസ് വളരെ താമസിയാതെ തന്നെ  ശരിക്കും പുരുഷനായി മാറുവെന്നും അവനെ കൊണ്ട് ഒരു പെണ്ണിനേയും കെട്ടിപ്പിച്ച് തന്റെ വിനീത ആശ്രുതവത്സനാക്കാമെന്നും   ബേബിച്ചൻ മുതലാളി ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.)

        ഇനി  വർഗീസിന് പിതാവിനോട് ആത്മാർത്ഥത ഇല്ലാത്ത അടുപ്പം മാത്രം. സ്ഥലം മാറി വന്നിട്ടുള്ള മിക്ക പിതാക്കന്മാരുമായും വർഗീസിന് നല്ല ബന്ധമാണ്. ഏറ്റവും അടുത്ത ബന്ധവും ആത്മാർത്ഥതയുള്ള ബന്ധവും ഇപ്പോഴുള്ള പിതാവിന് (അതായത് കഥയിലെ പിതാവ്) തൊട്ടുമുമ്പിരുന്ന  പിതാവിനോടാണ് അത്രകണ്ട് ആ പിതാവിനെ വർഗീസിന് ഇഷ്ടമായിരുന്നു. അതിന് കാരണം ആത്മീയ കാര്യങ്ങളിൽ പിതാവിനുണ്ടായിരുന്ന നിഷ്ഠ  വർഗീസിന് അത്രക്ക് മതിപ്പായിരുന്നു. എങ്കിൽ ആ പിതാവിനെ കൂടുതൽ നാൾ അവിടെ വാഴിച്ചില്ല. ആ പിതാവ് അത്രകണ്ട് നല്ലവനും സത്യസന്ധമായി കാര്യങ്ങൾ പറയുകയും വിശകലനം ചെയ്യുന്ന ആളായിരുന്നു.  ആ പിതാവ് വന്ന ശേഷമാണ് വർഗീസിൽ മാറ്റങ്ങൾ സംഭവിച്ചത്. ഒരിക്കൽ  ആ പിതാവിനോട് കമ്പസരിക്കാൻ അവൻ അനുമതി തേടി. പിതാവ് ചിരിച്ചിട്ട് പറഞ്ഞു. -- ''നീ കുമ്പസരിക്കണ്ട . നിന്റെ മനസ് നല്ലതാണ്. നിന്റെ ഉള്ളിലുള്ള ആത്മീയ ചൈതന്യം വളർത്തിയെടുക്കു. അതിന് ആരുടേയും ആശ്രയം വേണ്ട. നിന്റെ ശരീരം നീ തന്നെയാണല്ലോ ശുദ്ധീകരിക്കുന്നത് അത് പോലെ നിന്റെ മനസ്സും നീ തന്നെ ശുദ്ധീകരിക്കണം.  ശരീരം ശുദ്ധമാകുമ്പോൾ നീ അറിയുന്നത് പോലെ നിന്റെ മനസ് ശുദ്ധമാകുന്നത് നീ അറിയും.''

       ആ പിതാവിന്റെ യാത്രയെല്ലാം  പബ്ലിക് വാഹനത്തിലായിരുന്നു. സഭ വക വാഹനങ്ങൾ പോലും ഉപയോഗിക്കില്ല. അത് പോലെ തന്നെ ഭക്ഷണക്രമത്തിലും -- ലളിതമായ ആഹാരം മാത്രമേ കഴിക്കുകയുള്ളു. മിക്കപ്പോഴും ഏകനായിരിക്കാൻ ആഗ്രഹിക്കുന്ന ആൾ. അപ്പോഴെല്ലാം കണ്ണുകൾ നനഞ്ഞിരിക്കുന്ന ആൾ .
ഒരിക്കൽ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ വർഗീസ് അതിന്റെ കാരണമന്വേക്ഷിച്ചു. അപ്പോൾ ഇത്രമാത്രമേ പറഞ്ഞുള്ളു --- '' ഒരു മുള്ള് നമ്മുടെ കാലിൽ അറിയാതെ തറച്ച് കയറിയാൽ നാം എന്ത് മാത്രം വേദനിക്കുന്നു. അപ്പോൾ ആ പാവം മനുഷ്യനിൽ ഈ ആണികളെല്ലാം അടിച്ച് കയറ്റിയപ്പോൾ എന്ത് മാത്രം വേദനിച്ചിരിക്കും''.... ഇടറിയ തൊണ്ടയിലൂടെയാണ് ആ വാക്കുകൾ ആ പിതാവിൽ നിന്നും പുറത്ത് വന്നത്.

(തുടരും)

Share :