Archives / January 2019

കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്
പുസ്തകം - പാപ്പിയോണ്‍ 

''പതിനാല് കൊല്ലമായി വലിച്ചിഴച്ചു കൊണ്ടു നടക്കുകയായിരുന്ന ചങ്ങല പൊട്ടിച്ചു പുറത്ത് കടക്കുക.നിങ്ങള്‍ സ്വതന്ത്രനാണെന്ന് പറഞ്ഞിട്ട് അവര്‍ പിന്തിരിഞ്ഞ് നടക്കുന്നു.ആരും നിങ്ങളെ നിരീക്ഷിക്കുന്നില്ല.സംഗതി വളരെ എളുപ്പമാണെന്നാണ് വയ്പ്.ഒരു കുടുക്ക് വച്ചു പിടിപ്പിക്കുന്ന ലാഘവത്തോടെ ഒരു പുതു ജീവിതം കരുപ്പിടിപ്പിക്കാന്‍ സാധിക്കുകയില്ല'' 

ഹെന്‍റി ഷാരിയാര്‍-പുസ്തകം -പാപ്പിയോണ്‍ .

 

പാപ്പിയോണ്‍..

മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റേയും പോരാട്ടവീര്യത്തിന്റേയും ഇച്‌ഛാശക്തിയുടെയും ഇതിഹാസമാണ്‌ പാപ്പിയോണ്‍. ഞാന്‍ വായിച്ചതിൽ ഏറ്റവും  മികച്ച പുസ്തകങ്ങളില്‍ ഒന്നാണ് പാപ്പിയോണ്‍.  നിങ്ങളുടെ ഹൃദയത്തെയും ചിന്തയേയും തൊടാതെ ഈ ആത്മകഥ കടന്നു പോകില്ല എന്നുറപ്പ് . ജയിലിനു പുറത്തുള്ളവർ മാത്രമല്ല കൊടും കുറ്റവാളികൾ എന്ന് സമൂഹം   മുദ്രകുത്തിയ പലരും  ആത്മാർത്ഥതയുടെയും വിശ്വസ്തതയുടെയും ആള്‍രൂപങ്ങളാണെന്ന് ഈ കൃതിയില്‍ ആത്മകഥാകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.

 

ഒരു തടവുപുള്ളിയുടെ സാഹസികമായ ജയിൽചാട്ട കഥകൾ മാത്രമല്ല പാപ്പിയോൺ.തന്റെ പതിനാലു വർഷ ജയിൽ വാസത്തിനിടയിലും   ജയിൽ ചാട്ടങ്ങൾക്കിടയിലും താൻ കണ്ട നന്മ നിറഞ്ഞ മനുഷ്യരെയും, അവരുടെ നിസ്വാർത്ഥമായ മനുഷ്യ സ്നേഹത്തെയും കുറിച്ചും  ഹെന്‍റി ഷാരിയർ പാപ്പിയോണിലൂടെ  നമ്മുടെ മുമ്പില്‍ തുറന്ന് വയ്ക്കുന്നത്. 

 

പാപ്പിയോൺ എന്ന പേരിൽ പാരീസിലെ അധോലോകത്ത് അറിയപ്പെട്ടിരുന്ന ഹെൻറി ഷാരിയർ 1906- ല് ഫ്രാൻസിൽ ജനിച്ചു.ചെയ്യാത്ത ഒരു കൊലപാതകത്തിന്റെ പേരിൽ ജീവപര്യന്തം – ശരിക്കും മരണം വരെ – കഠിനതടവിനു ശിക്ഷിക്കപ്പെട്ട് 1931 മുതൽ ഫ്രഞ്ച് ജയിലിലും തുടർന്ന് ഫ്രഞ്ച് ഗയാനയിലെ പീനൽ കോളണിയിലും അയയ്ക്കപ്പെടുന്നു.ഇരുപത്താഞ്ചാമത്തെ വയസ്സിൽ ജീവനോടെ നരകത്തിലേക്കു പോകേണ്ടി വരിക.അതാണുണ്ടായത്.ഇത്രയും നീണ്ട ശിക്ഷ താൻ അനുഭവിക്കില്ല എന്ന് ഷാരിയർ പ്രതിജ്ഞയെടുത്തു.അതു നിറവേറുകയും ചെയ്തു.അതെങ്ങനെ സാധിച്ചുവെന്നതിന്റെ , യാതനാപൂർണ്ണമായ തടങ്കൽ ജീവിതത്തിന്റെ , സാമാന്യ സങ്കൽപ്പത്തിനപ്പുറത്തുള്ള പൈശാചികമായ ക്രൂരതയുടെ,നിന്ദ്യമായ പീഡനമുറകളുടെ, അദമ്യമായ ഇച്ഛാശക്തിയുടെ അന്തിമ വിജയത്തിന്റെ അതിശയോക്തി ലേശമില്ലാത്ത വിവരണമാണ് ഈ പുസ്തകം.

 

സാഹസികമായ രക്ഷപ്പെടൽ ശ്രമങ്ങൾ പരാജയപ്പെട്ട് ‘വലിയ അപകടകാരി’ എന്ന ലിസ്റ്റിൽപ്പെട്ട് ചെകുത്താൻ തുരുത്തിൽ കഴിഞ്ഞിരുന്ന പാപ്പിയോൺ, ഓരോ തവണ തോൽക്കുമ്പോഴും ഷാരിയർ  കൂടുതൽ കഠിനമായ പീഡനങ്ങളും എന്തിനു വർഷങ്ങളുടെ ഏകാന്ത  തടവും അനുഭവിക്കേണ്ടി വരുന്നു. പക്ഷെ, ഒരു പരിശ്രമം പരാജയപ്പെട്ടതിനു പിറ്റേ ദിവസം മുതൽ ഷാരിയർ അടുത്ത ജയിൽ ചാട്ടത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. 

 

സ്വാതന്ത്ര്യം  മാത്രമല്ല, അഭിമാനവും ഷാരിയറിനു വളരെ വലുതായിരുന്നു. ജയിൽ ചാടി ഏതെങ്കിലും  കാട്ടിനുള്ളിൽ അജ്ഞാത വാസം നടത്താൻ ഷാരിയർ ഒരുക്കമായിരുന്നില്ല. തനിക്ക് അഭയം  തരുന്ന ഒരു രാജ്യത്ത് അവിടുത്തെ ഉത്തരവാദിത്വമുള്ള  ഒരു പൗരനായി നാഗരികതയിൽ ജീവിക്കാൻ തന്നെയാണ് ഷാരിയർ തീർച്ചപ്പെടുത്തിയത്. അതിനായി അദ്ദേഹം സഹിക്കേണ്ടി വന്ന പീഡനങ്ങളും തരണം ചെയ്ത പ്രതിബന്ധങ്ങളും ഒരു സാധാരണ മനുഷ്യന് ആലോചിക്കാവുന്നതിലും അപ്പുറത്താണ്.ഒടുവില്‍ നാളികേരം രണ്ടു ചാക്കിൽ നിറച്ച് അതിൽ പറ്റിപ്പിടിച്ചു കിടന്നു ആർത്തലയ്ക്കുന്ന കടൽ താണ്ടി വെനിസ്യൂലയ്ക്കു ചെല്ലുന്നു.അവിടത്തെ ജയിൽ ജീവിതത്തിന്റെ ‘സുഖ’ വും അറിഞ്ഞശേഷം വെനിസ്യൂലക്കാരുടെ മഹാമനസ്കതയുടെ ഫലമായി സ്വാതന്ത്ര്യം നേടി ആ രാജ്യത്തെ പൗരനായി പാപ്പിയോണ്‍  പുതിയൊരു ജീവിതം ആരംഭിക്കുന്നു.സാഹസിക പ്രിയർക്ക് വളരെയധികം രസിക്കുന്ന രീതിയിൽ ഷാരിയർ  തന്റെ ഓരോ ജയിൽ ചാട്ടത്തിന്റെ കഥയും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

Share :