വൃദ്ധൻ.. ... ചുമലിൽ ഭാണ്ഡം
നോവൽ തുടരുന്നു. നാല് (4)
എപ്പോഴോ ഉറങ്ങി . ഉണർന്നപ്പോൾ അടുക്കളയിൽ നിന്നും സാമ്പാറിന്റെ മണം. സമയം? എഴുന്നേറ്റ് പായയിൽ തന്നെ ഇരുന്ന് കൊണ്ട് ഭിത്തിയിൽ ചുമൽ ചാരി . തൊണ്ട വരണ്ടുള്ള ദാഹം . ഉറക്കം കണ്ണകളെ തഴുകി നിൽക്കുന്നുണ്ടായിരുന്നു. നിധി ഒരു ഗ്ലാസ്സിൽ ചൂട് ചായയുമായി എത്തി. '' വേണ്ട മോനേ ,ഇത് ഇപ്പോൾ കുടിച്ചാൽ ഞാൻ ഛർദ്ദിക്കും.- കുടിക്കാൻ കുറച്ച് വെള്ളം തരുമോ?''
വെള്ളവുമായി അവൻ ഓടിയെത്തി. ദാഹം തീരുവോളം വെള്ളം കുടിച്ചു. ''ഞാൻ ഉണർന്നു് എഴുന്നേൽക്കുന്നത് വരെ എന്നെ വിളിച്ചുണർത്തരുത്. എന്ന് നിധിയോട് പറഞ്ഞു വീണ്ടും പായയിൽ കിടന്നു. പായയിലെ വള്ളിയും പുള്ളിയും നോക്കി നിശ്ചലനായി കിടന്ന ഞാൻ അടുത്ത നിമിഷത്തിൽ തന്നെ ഉറക്കത്തിലേക്കു് വഴുതി വീണു. .
*** *** *
ബൈക്കിന്റെ ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്- ആരോ കമ്പനിയിൽ നിന്നും തിരികെ എത്തിയിട്ടുണ്ടാവുമോ .... മുറികളിൽ ലൈറ്റുകൾ ഓൺ ചെയ്തിട്ടുണ്ടു. രാത്രിയായി .സമയം?
ഞാൻ പായയിൽ നിന്നുംഎഴുന്നേറ്റു. അപ്പോഴേക്കും നിധി എന്റെയടുത്തെത്തി. എന്റെ മുഖത്തെ ചിരിയും ശാന്തതയും കണ്ടപ്പോൾ അവനും ചിരിച്ചു.
''ചായ?''
''വേണ്ട . ഞാൻ കുളിച്ച് ആകെയൊന്ന് ഫ്രഷ് ആയി വരാം.''
തലയിൽ വെള്ളം വീഴുമ്പോൾ ഒരു പുതുജീവൻ കിട്ടിയത് പോലെ. ഷവർ കൂടുതൽ തുറന്ന് വെച്ചു. കുളിച്ചിട്ട് മതിയാകാത്തതു പോലെ .
കുളി കഴിഞ്ഞ് വന്നപ്പോൾ മേശമേൽ എല്ലാം വിളമ്പി എല്ലാവരും എന്നേയും കാത്തിരിക്കുന്നു. പിന്നെ ചിരിയും കളിയുമായി . ഞങ്ങളെല്ലാവരും ഒപ്പം തന്നെ നിധിയും ആഹാരം കഴിച്ചു .
ഞാൻ ഒഴികെ എല്ലാവരും പതിവ് വിട്ട് നേരത്തെ ഉറങ്ങാൻ കിടന്നു. ഒരു പക്ഷേ തലേ രാത്രി അവരുടെ ഉറക്കവും ഞാൻ തന്നെ കെടുത്തിയിട്ടുണ്ടാകുമോ ?
ഞാൻ മുറ്റത്തിറങ്ങി - ഗേറ്റ് അകത്ത് നിന്നും നിധിൻ പൂട്ടിയിട്ടുണ്ട് __ സ്ഥിരമായി ഞങ്ങളെല്ലാവരും എത്തിയാൽ നിധിൻ ഗേറ്റ് പൂട്ടും. വെറുതെ മുറ്റത്ത് ഒന്ന് നടക്കവെ - മനസ്സിന് ഒരാവേശം - അത് മെല്ലെ മെല്ലെ കണ്ണകൾ ചിമ്മി ചിമ്മി തുറന്ന് എന്നെ ഏതോവൊരു കാലത്തിന്റെ അരികിലേക്ക് കൂട്ടികൊണ്ട് പോകുന്നത് പോലെ.
ഞാൻ അകത്ത് കയറി ഷെൽഫിൽ പുസ്തകങ്ങൾക്കിടയിൽ നിന്നും പേപ്പറും റൈറ്റിംഗ് ബോർഡും പേനയുമെടുത്ത് പുറത്ത് സിറ്റൗട്ടിലെ അരഭിത്തിയിൽ വെച്ചു. സ്ഥിരമായി സിറ്റൗട്ടിലിട്ടിട്ടുള്ള രണ്ട് പ്ലാസ്റ്റിക് ചെയറിൽ നിന്നും ഒന്ന് വലിച്ച് നീക്കി അര ഭിത്തിക്കടുത്തിട്ട് അരഭിത്തി എന്റെ റൈറ്റിംഗ് ടേബിളാക്കി -- പേപ്പറിൽ കുറിച്ച് തുടങ്ങി.
'' മതിൽ കെട്ടിനുള്ളിൽ അടച്ച് മൂടി കെട്ടി താമസിച്ചും പുറത്തുള്ളവർ വിശുദ്ധരല്ലെന്ന് കരുതിയും സ്വന്തം വിശുദ്ധി മറ്റുള്ളവർക്കില്ലെന്നും ,മാത്രവുമല്ല ആ വിശുദ്ധി മറ്റുള്ളവരിലേക്ക് ഒരു വിധത്തിലും പകർന്ന് കൊടുക്കരുതെന്നും ,ഒരുതരം ശാഠ്യം ,ആ പിതാവിനുള്ളതായി ഒരു കുഞ്ഞാടിന് തോന്നിയ ആ നിമിഷമാണ് ഈ കഥ തുടങ്ങുന്നത് തന്നെ ''
ഒറ്റ ശ്വാസത്തിൽ ഞാൻ ഇത്രയും എഴുതി. അടുത്തൊരു നിമിഷം എന്നിൽ കടന്ന് വന്ന ''സെൻസ് ഓഫ് ഹ്യൂമർ (ഇതൊരു പക്ഷേ തിക്തമായ അനുഭവങ്ങൾ കൊണ്ട് മനസിനുണ്ടാക്കിക്കൊടുക്കുന്ന പുതിയ തലങ്ങൾ ,കൊണ്ടാവാം , എല്ലാം തന്നെ ലാഘവബുദ്ധിയോടുകൂടി കാണാൻ കൈയ് വന്നതാകാം .) എനിക്കു് പുതിയൊരു ഊർജ്ജം തന്നത് പോലെ. ഞാൻ തുടർന്നെഴുതി.
വർഗീസ് ആണ് ആ കുഞ്ഞാട് - അവനെ ആളുകൾ ''വട്ട് വർഗീസ്'' എന്ന് വിളിച്ച് പോന്നു. വർഗീസിനുമറിയാം തന്റെ പേരിനൊടൊപ്പം ''വട്ട്.' എന്നു് മറ്റുള്ളവർ ചേർത്ത് വിളിക്കാറുണ്ടെന്ന്. പക്ഷേ വർഗീസ് അതൊട്ട് കാര്യമാക്കിയില്ല. ആദ്യമായി , വർഗീസിന് തന്നോടൊപ്പം ''വട്ട്'' പ്രയോഗമുണ്ടെന്ന് വ്യക്തത വന്നപ്പോൾ തന്നെ ബേബിച്ചൻ മുതലാളിയോട് അവൻ പരാതി പറഞ്ഞതാണ്. പക്ഷേ ബേബിച്ചൻ മുതലാളിയുടെ മറുപടി ഇങ്ങനെയായിരുന്നു. ''അത് വെറുതെ ഐഡൻറ്റിഫൈ " ചെയ്യാൻപറയുന്നതല്ലേ? അത് കാര്യമാക്കണ്ട.
പക്ഷേ പിന്നീട് വർഗീസ് പൂർണ്ണമായും ലോപിച്ച് ''വട്ട്'' മാത്രമായി പ്രയോഗിച്ചപ്പോഴും വർഗീസ് പരാതിയുമായി ബേബിച്ചൻ മുതലാളിയെ തന്നെ സമീപിച്ചു. അപ്പോഴും ബേബിച്ചൻ മുതലാളിക്ക് അതേ അഭിപ്രായം തന്നെ , മാത്രവുമല്ല ആ അഭിപ്രായത്തിൽ ഉറച്ച് നില്ക്കുന്ന മാതിരി .
''ഇതൊക്കെ കാര്യമാക്കാനുണ്ടോ? വെറുതെ ''ഷാർട്ട് ഫോമിൽ ഐഡൻറ്റിഫൈ'' ചെയ്യാൻ പറയുന്നതല്ലേ?
സംഭവ ദിവസം ( അതായത് ഈ കഥയുടെ അടുത്ത ചുരുൾ നിവർത്തുന്ന നാൾ) വർഗീസിനെ ഇളം തലമുറയിലുളള ഒരു കൊച്ചു പയ്യൻ കയറിയങ്ങ് -വട്ട് എന്ന് വിളിച്ച ആ നിമിഷം മുതലാണ്.
ഇളം തലമുറയിൽ പ്പെട്ട വല്ല ''അപ്പാവി''കളാണ് പ്രതിയെങ്കിൽ - - ഉറപ്പ് അവരുടെ മേക്കിട്ട് കയറും അതാണല്ലോ നമ്മുടെ നാട്ടു നടപ്പ്. പക്ഷേ ,വർഗീസ് ക്ഷുഭിതനായില്ല. പരാതി പറയാൻ ബേബിച്ചൻ മുതലാളിയുടെ അടുക്കൽ പോയതുമില്ല. പക്ഷേ ഇളം തലമുറയിൽ പ്പെട്ട ആ കൊച്ചു പയ്യനോട് വളരെ സൗമ്യ ഭാവത്തിൽ അടുത്ത് കൂടി-
'' നിന്റെ ഇഷ്ടത്തിൽ നീ എന്നെ അങ്ങനെ വിളിക്കില്ലെന്ന് എനിക്കറിയാം - പിന്നെ ആര് പറഞ്ഞിട്ടാണ് നീ എന്നെ അങ്ങനെ വിളിച്ചത്?''
പയ്യൻ മിണ്ടിയില്ല. വർഗീസ് അല്പം കൂടി മയത്തിൽ , പയ്യന് കൂടുതൽ ധൈര്യം പകർന്നു. ''ഞാൻ ആരോടും പറയില്ല. ഇതൊന്നും പ്രശ്നമുണ്ടാക്കുകയും ചെയ്യില്ല. ഞാൻ നിനക്ക് ഉറപ്പ് തരുന്നു.''
''ബേബിച്ചൻ മുതലാളി'' --
വർഗീസ് ഞെട്ടിയില്ല - കാരണം വർഗീസ് പ്രതീക്ഷിച്ച പേരു് തന്നെയാണ് പയ്യൻ പറഞ്ഞതും .
(തുടരും )