Archives / October 2017

ജി.ഹരി
അയ്യപ്പചരിതം സ്വപ്നാടനം പോലെ

ഏതൊരു കഥയിലുമുണ്ട് ഒരു ജീവതം. ജീവിതത്തിനുമുണ്ട് ഒരു നായകനും പ്രതിനായകനും. രണ്ടാമൻ ചിലപ്പോൾ പിന്നണിയിലോ ഒന്നാമന്റെ ഉള്ളിലോ ആകാം. എ.അയ്യപ്പൻ എനിക്കു മുമ്പേ നെടുമങ്ങാട് സ്കൂളിലെത്തിയവൻ, ആ നിലയ്ക്കു ജ്യേഷ്ഠതുല്യൻ. വേണുചേട്ടനും -ശങ്കരപ്പിള്ളയും - കൂടിയാട്ടം സെപ്ഷ്യലിസ്റ്റ് ജി.വേണുവും -രാഷ്ട്രീയക്കാരനായിട്ടും സാഹിത്യഹൃദയമുള്ള ശങ്കരനാരായണ പിള്ളയും. ബാലകലാചിത്ര മാസികയിലായിരുന്നു എന്റെ ചിത്രരചനാ അരങ്ങേറ്റം

അയ്യപ്പന്റെ കൂടപ്പിറപ്പായിരുന്നു കവിത. ഒരു ഇളംങ്കാറ്റുപോലെ അയാൾ സഞ്ചാരം തുടങ്ങിയിരുന്നു. നെടുമങ്ങാടു നിന്നും തിരുവനന്തപുരം സിറ്റി വഴി ബാലരാമപുരം വരെ. പിന്നീട് അശോകാ ലോഡ്ജിൽ അന്തേവാസിയായി മാറിയ കവിയ്ക്ക് ഇഡ്ഡലിയും ഹോർലിക്സുമാണ് പ്രഭാതഭക്ഷണം എന്ന് കേട്ടിട്ടുണ്ട്. ഹോർലിക്സി ൽ നിന്നും ഏറെയൊന്നും വർണ്ണഭേദം തോന്നാത്ത തെങ്ങിൻ കള്ളിലേക്കു മാറിയ കവിയെക്കുറിച്ചു ഇതിനകം ആരെങ്കിലും കോറിയിട്ടിരിക്കുമല്ലോ. പലപ്പോഴും ഏതെങ്കിലുമൊരു റോഡിൽ അയ്യപ്പൻ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ഒരു ദുർബലകാറ്റുപോലെ .അടുത്തെത്തിയാൽ പോക്കറ്റിൽ കൈയ്യിടും. അതോടെ നമ്മൾ പാപ്പരായിപ്പോകുകയൊന്നുമില്ല. ഏറിയാൽ അഞ്ചോ പത്തോ രൂപ എടുക്കും. പക്ഷേ പകരം ആ കൈയ്യിലെ അടുത്ത ഷാപ്പിൽ നിന്നും ഏറ്റുവാങ്ങിയ മീൻകറിയുടെ ഗന്ധം നമ്മുടെ മേൽ താല്ക്കാലിക നിക്ഷേപമായി സമർപ്പിച്ചിട്ടേ മടങ്ങുകയുളളൂ.

ഒരു കൊച്ചുകുടുംബത്തിനു വേണ്ടിയുള്ള വരുമാനമായ പ്രതിമാസശമ്പളം കൈപ്പറ്റേണ്ട ഉത്തരവാദിത്വമുള്ളതിനാൽ ഞാൻ പലപ്പോഴും കവിയെ തഴയാൻ ശ്രമിക്കും. പക്ഷേ, അകലുന്തോറും അയ്യപ്പൻ ഒരു കൊച്ചുകവിത പോലെ ദൃശ്യപഥത്തിൽ വന്നും പോയുമിരുന്നു. മാധവരായർ സ്റ്റാച്യുവിന് കീഴിൽ, തമ്പാനൂരിലെ പ്രസിഡന്റ്സി ബാറിനു മുന്നിൽ, പാളയത്തെ റോഡു വക്കിൽ എല്ലാം അയാളുണ്ടായിരുന്നു.

ഒരിക്കൽ ഫൈൻ ആർട്സ് കോളേജിലെ ഏതോ ഒരു ചടങ്ങ് കഴിഞ്ഞ്, മന്ദിരം വിടുമ്പോൾ കാമ്പസിലെ ഒരു മരച്ചോട്ടിൽ അയ്യപ്പദർശനം. നിമിഷങ്ങൾ കൊണ്ട് അവിടം വൃന്ദാവനം ആകുംവിധം ആരാധകപ്പിള്ളേരക്കൊണ്ട് നിറയുന്നു. അയ്യപ്പകവിത ഉച്ചസ്ഥായിയിലെ നാദധാരയാകുന്നു. ഓട്ടോഗ്രാഫുകൾ ഉയർന്നു നീളുന്നു . അത് മറക്കാനാവാത്ത കാഴ്ച. അതിനു മുമ്പ് പൂജപ്പുര ബസ് സ്റ്റാൻഡിൽ കഥാകൃത്തും നോവലിസ്റ്റും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന പി.പത്മരാജൻ പ്രത്യക്ഷപ്പെട്ട ഒരു സന്ദർഭം മാത്രമേ സമാനദൃശ്യമായി എന്റെ മനസ്സിലുള്ളൂ.

നെടുമങ്ങാട്ടെ മുക്കോലയ്ക്കൽ വയലിന്നക്കരെയുള്ള കൊച്ചു വീടിനെ അതിമനോഹരമായി അലങ്കരിച്ച് സുന്ദര ഭവനമാക്കിയ അമ്മൂമ്മയുണ്ടായിരുന്നു അയ്യപ്പന്. ഞാൻ റോഡിനിക്കരെ അമ്മാവന്റെ വീട്ടിൽ കുറച്ചുകാലം താമസിക്കുന്ന കാലത്താണ് കവിയെ കാണുന്നത്. സ്വപിതാവിന്റെ ആകസ്മിക മരണം (?) മനസ്സിൽ കയറ്റിവച്ച ആത്മവേദന എന്നും ചുമന്നിരുന്നു അയാൾ. അതുല്യ ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന ശങ്കരൻകുട്ടിയുടെ \"ശങ്കയോടെ \" എന്ന ചെറുകഥ സമാഹാര ത്തിന് മാധവിക്കുട്ടി (കമലാദാസ്) എഴുതിയ മുഖവുരയിൽ ഒരു ചോദ്യം ഉന്നയിക്കു ന്നുണ്ട് - എന്തിനാണ് ഈ അനുജൻ സ്വയം ഇങ്ങനെ വേദനിപ്പിക്കുന്നത് എന്ന്. അയ്യപ്പ ചരിതത്തിനും ആ മുഖമുര ഇണങ്ങും.

ശ്ലഥതാളമാണ് ജീവിതം എന്ന് അയ്യപ്പനെ കണ്ടെത്തിയവർക്കു തോന്നുമായിരിക്കാം. പക്ഷേ കേരളം മുഴുവൻ സഞ്ചരിച്ചുതീർത്ത ആ കവിതാലോകത്തെ പുത്തൻ കാറ്റിന്റെ മൂർത്ത രൂപം ഇന്നും മനസ്സുകളിൽ വീശിയടിച്ചുകൊണ്ടേയിരിക്കുന്നു. ഔപചാരിക ജീവിതത്തോടു മുഖം തിരിഞ്ഞ് തമ്പാനൂരിലെ ശ്രീകുമാർ തിയേറ്ററിനും ചൈത്രം ഹോട്ടലിനുമിടയ്ക്ക് പാതവക്കിൽ കമിഴ്ന്നുകിടന്ന അയ്യപ്പന് വ്യവസ്ഥാപിത ജീവിത സങ്കല്പനങ്ങളെയും കവിതയെയും നിശ്ശബ്ദമായി ചെറുചിരിയോടെ വെല്ലുവിളിച്ചു മടങ്ങുകയായിരുന്നു. ഭാഷയിൽ സ്വന്തം വ്യാകരണം തീർത്ത ബഷീറിന്റെ പഥത്തിലേക്കായിരുന്നു അയ്യപ്പനും കവിതകളും.

Share :