Archives / January 2019

കവിത മനോഹര്‍ എം.എ സോഷ്യോളജി രണ്ടാം വര്‍ഷം കാര്യവട്ടം ക്യാമ്പസ്സ്
ജോസഫ് അടയാളങ്ങളുടെ മനുഷ്യന്‍..

ജോസഫ് അടയാളങ്ങളുടെ മനുഷ്യന്‍...

 

മനുഷ്യസ്നേഹത്തിന്റെ പ്രതീകമായ അവയവദാനം എന്ന മഹത്കര്‍മ്മത്തിനു പിന്നില്‍ നടമാടുന്ന ഇരുണ്ട വശങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടു ചെല്ലുന്നു ജോസഫ്. . സിനമകളും മറ്റ് കലാരൂപങ്ങളും അധികം ചര്‍ച്ചചെയ്യാത്ത ഒരു മേഖലയിലേക്ക് ഈ സിനിമ കടന്നു ചെല്ലുമ്പോള്‍ ജോജു ജോര്‍ജ് ജോസഫായി വേഷമിടുന്നു.

ഷാഹി കബീറിന്റെ തിരക്കഥയില്‍ സിനിമ വളരുന്നു.പ്രിയപ്പെട്ടവരുടെ മരണ കാരണം തേടിപ്പോകുന്ന ജോസഫ് തന്റെ ജീവിതം തെളിവാക്കി ആ സാമൂഹ്യ വിപത്തിന്റെ കാര്യ കാരണങ്ങള്‍ വെളിപ്പെടുത്തുന്നിടത്ത് സിനിമ ചെന്നു നില്‍ക്കുന്നു.

റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറാണ് ജോസഫ് എന്ന് പറയാം. എം. പത്മകുമാറിന്റെ സംവിധാനത്തില്‍ അപ്പു പാത്തു പപ്പു പ്രോഡക്ഷന്‍ ഹൌസിന്റെ ബാനറില്‍ ഷൌക്കത്ത് പ്രസൂണ്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

ടൈറ്റിലല്‍ പറയുമ്പോലെ ജോസഫ് അടയാളങ്ങളുടെ മനുഷ്യനാണ്. കുറ്റാന്വേഷത്തിലെ മിടുക്കും കഴിവും കൊണ്ട് റിട്ടയര്‍മെന്റിന് ശേഷവും തന്റെ സേവനം പോലീസിന് നല്‍കുന്ന ജോസഫിന് പക്ഷേ തന്റെ സര്‍വ്വീസ് ജീവിതത്തിലും പിന്നീടും ചെയത കുറ്റാന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും ക്രെഡിറ്റുകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ അതിലയാള്‍ സങ്കടമൊന്നും പ്രകടിപ്പിക്കുന്നില്ല താനും. നഷ്ടങ്ങളിലൂടെയാണ് ജോസഫ് കടന്നുപോകുന്നത്. സന്തോഷത്തിന്റെ നീര്‍ക്കുമിളകളായി മാത്രം പ്രത്യക്ഷപ്പെട്ടവരായിരുന്നു ജീവിതത്തില്‍ അയാള്‍ക്ക് പ്രിയപ്പെട്ടവരൊക്കെ. നഷ്ടങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ട മനുഷ്യനായി അയാള്‍ നമുക്ക് മുന്നില്‍ നില്‍ക്കുന്നു. പക്ഷേ സിനിമ തീരുമ്പോള്‍ ജോസഫ് വിജയിക്കുന്നു. കോടതിയും ലോകവും ഗൌരവത്തോടെ കാണേണ്ട ഒരു വിഷയത്തിന് തെളിവായി അയാള്‍ സ്വയം മാറുന്നു. അയാള്‍ വിജയത്തിന്റെ അടയാളമാകുന്നു.

ഭാര്യയുടെ രണ്ടാം ഭർത്താവായ പീറ്ററും ജോസഫും തമ്മിലുള്ള എല്ലാ സീക്വന്‍സിലും കാണാം പരസ്പരമുള്ള ബഹുമാനത്തിന്റെയും തിരിച്ചറിവിന്റെയും പുതുമ.  പീറ്ററായി വേഷമിടുന്ന ദിലീഷ് പോത്തന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്. ജോസഫിന്റെ കണ്ണുകളിലേക്ക് ഒന്നുറപ്പിച്ച് നോക്കാന്‍ പോലും ധൈര്യമില്ലാതെ കഥയിലുടനീളം പീറ്റര്‍ ജീവിക്കുന്നു. ഇടവേള ബാബു, നെടുമുടി വേണു, മാളവിക മേനോന്‍, ആത്മീയ, മാധുരി സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

കൃത്രമത്വം തോന്നാത്ത സാഹചര്യങ്ങളിലും കഥാപാത്രങ്ങളിലും ആയിരിക്കുമ്പോള്‍ തന്നെ അതിവൈകാരികമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ത്രില്ലറാവാനും സിനിമക്ക് ഒരേ സമയം കഴിയുന്നു.

ഭാര്യയും മകളും ഇല്ലാത്ത വിട്ടില്‍ മദ്യപിച്ചും പുകവലിച്ചും കഴിയുന്ന ജോസഫിനെ തേടി പൊലീസ് സൂപ്രണ്ടിന്‍റെ ഫോണ്‍കോള്‍ എത്തുന്നിടത്ത് നിന്നാണ് സിനിമയുടെ ആരംഭം. അയാളുടെ കുറ്റാന്വേഷണ കുശലത പ്രേക്ഷകനെ ബോധ്യപ്പെടുത്തും വണ്ണം ആദ്യ ഷോട്ടുകള്‍. പിന്നീട് ഫ്ലാഷ്ബാക്കിലും അല്ലാതെയും കഥ പറയുന്നു. യാതൊരുവിധ പൊരുത്തക്കേടുകളും ഇല്ലാതെ.

മനേഷ് മാധവന്‍റെതാണ് ചിത്രത്തിന്റ ഛായാഗ്രഹണം.സിനിമ പങ്കുവെക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങള്‍ക്കിണങ്ങും ചുറ്റുപാടിനെ ചേര്‍ത്തുനിര്‍ത്താനയാള്‍ക്ക് കഴിഞ്ഞുട്ടുണ്ട്.

നായകന്റെ വീരകൃത്യം പുകഴ്ത്തുന്ന സാധാരണ സിനിമകളില്‍ നിന്നും മാറി നായകനെ പച്ചമനുഷ്യനാക്കി അവതരിപ്പിക്കുകയും അയാളിലെ കുറ്റബോധവും,നിര്‍മ്മലതയും,കുസൃതിയും ഒക്കെ രണ്ടരമണിക്കൂറില്‍ ആഴത്തില്‍ പറയാനും സിനിമ ശ്രമിക്കുന്നു. അച്ഛനായും കാമുകനായും,പോലീസുദ്യോഗസ്ഥനായും ഒക്കെ വേഷമിടുമ്പോള്‍ ടൈറ്റില്‍ റോളിലേക്ക് കടന്നു വന്ന ജോജുവിന്റെ അഭിനയ മികവ് സിനിമയെ വിജയത്തിലേക്കെത്തിക്കുന്നു.

ഉടനീളം ഇനിയടുത്തതെന്തെന്ന് പ്രേക്ഷകനെക്കൊണ്ട് കാത്തിരിപ്പിക്കുവാന്‍ സിനിമക്കാവുന്നു. ഒന്നാം പകുതി കുറച്ച് പതുക്കെ നീങ്ങുമ്പോള്‍ രണ്ടാം ഭാഗം വഴിത്തിരിവുകളുടെതാണ്.

അവയവ ദാന രംഗത്ത് നിലനില്‍ക്കുന്ന വിപത്തുകളെ വെളിച്ചത്തുകൊണ്ടുവരുന്ന സിനിമ പക്ഷേ മരണാനന്തരം അവയവദാനത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന വാദം ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പക്ഷേ മെഡിക്കല്‍ സമൂഹം രോഗികളോട് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന വിശാലമായ കാഴ്ചപ്പാടാണ് ഈ സിനിമ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നതെന്ന് നാം മനസ്സിലാക്കണം.

വൈകാരികമായി പ്രേക്ഷകനെ സിനിമക്ക് ശേഷവും പിന്തുടരുന്നുണ്ട് ജോസഫ് - അടയാളങ്ങളുടെ മനുഷ്യന്‍...


.

Share :