Archives / January 2019

ഫൈസൽ ബാവ
നിശബ്ദതയുടെ വന്യമായ ഇടങ്ങൾ തേടുന്ന കഥകൾ*

p>സൂക്ഷ്മമായ പ്രാദേശികത്തനിമകളെ വിശാലമായ പൊതുമണ്ഡലത്തിലേക്ക്  വിന്യസിപ്പിക്കുന്ന രചനാശൈലിയാണ് അർഷാദ് ബത്തേരിയുടെത്. 

*ഭൂതകാലത്തെ ഡയറി* എന്ന കഥയിൽ ('മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന കഥാ സമാഹാരത്തിൽ) അർധരാത്രി സൂര്യൻ ഉദിച്ചാൽ പലരുടെയും മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന നാട്ടുപഴമൊഴി എക്കാലത്തും ഇത്തരത്തിലുള്ളവർ ഉണ്ടായിരുന്നു എന്ന യാഥാർഥ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ കഥയും മേലെ  പഴമൊഴിയുടെ 

മറ്റൊരു രീതിയിലുള്ള കഥപറച്ചിൽ ആണ്. ആഖ്യാന ഭംഗികൊണ്ടത് നല്ല വായനാനുഭവം തരുന്നു. പതിനാലാം വയസ്സിൽ മരിച്ചുപോയകുട്ടി തന്റെ ഭൂതകാലത്തെയും മരണാനന്തരം വീണ്ടും താൻ പതിനാലു വർഷം ജീവിച്ച തന്റെ ഭൂമികയിൽ തന്നെ തിരിച്ചെത്തിയപ്പോൾ മറ്റാർക്കും കാണാനാകാത്ത തനിക്കു മാത്രം കാണുന്ന ചതി നിറഞ്ഞ ഒരു ലോകത്തെയാണ് വരവേൽക്കാൻ ആയത്. മരണത്തിനു ശേഷം ജീവിതം അപ്രതീക്ഷിതമായി  തുടരേണ്ടി വന്ന അസാധാരണ അവസ്ഥയിൽ ഇനിയും തിരിച്ചു ചെല്ലുമ്പോൾ തന്റെ വീട്ടുകാർ പോലും തന്നെ ഓർക്കുന്നുണ്ടാകുമോ എന്ന ആകുലതയിൽ കഥ അവസാനിക്കുന്നു. ഭയത്തിന്റെ ഗർത്തത്തിലൂടെ നടത്തുന്ന സഞ്ചാരത്തിൽ സുശീലചേച്ചിയുടെ മരണകാരണം മാന്യനും മികച്ച അധ്യാപകനുള്ള ദേശീയപുരസ്കാരം നേടിയ മാഷിന്റെ ആർക്കും അറിയാത്ത കറുത്ത മുഖമാണെന്നു തിരിച്ചറിയപ്പെടുന്ന അവസ്‌ഥ. അച്ഛൻ പോലും കാമാർത്തിയോടെ തിരയുന്ന മകൾ, ഇങ്ങനെ ചതിയുടെ കറുത്ത ലോകത്തിന്റെ നിശബ്ദതയും ഭയവും നിറച്ച കഥ. 

*ഓരോ മരണവും ഒരോ നാടുകടത്തൽ ആണെന്ന* ഏറ്റു പറച്ചിലിൽ ആ ആകുലതയും നിറയുന്നു. 

*"നേരത്തെ മരിച്ചുപോയത് നന്നായി. ഇനി എനിക്ക് ആരെയും കാണേണ്ട. പതിനാലാം വയസ്സുവരെ ഞാൻ കണ്ട , കേട്ട സത്യങ്ങളെ ആരോടും പറയാൻ കഴിഞ്ഞിരുന്നില്ല. അന്നതൊന്നും ആരും വിശ്വസിക്കുകയുമില്ലായിരുന്നു. കുട്ടികളിലെ ചരിത്രത്തെയാണ് ആദ്യം കണ്ടെത്തേണ്ടതെന്നു പറഞ്ഞാൽ എല്ലാവരും കളിയാക്കി കൊല്ലും. ഓരോ കുട്ടിക്കും പറയാനുണ്ട്.... മറ്റുള്ളവർക്ക് അനിഷ്ടങ്ങളായി തോന്നുന്ന ചരിത്രങ്ങളെന്നു പറഞ്ഞുകൊണ്ട് ഞാനെന്റെ കണ്ണുകളടക്കുകയാണ്"* ശരീരം മാത്രം പതിനാലാം വയസിൽ  മരിക്കുകയും മനസ് പിന്നെയും അതേ ഇടത്തിൽ തന്നെ ജീവിക്കുകയും നിലവിലുള്ളത്തിന്റെ നേർ എതിർവശം പറഞ്ഞു തരികയും ചെയ്ത ഭൂതകാലത്തെ ഡയറി

 

2018ലെ മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന കഥയാണ്  *ഹിഡുംബൻ*

മേഴ്‌സി, ഹിഡുംബൻ എന്നീ പൂച്ചകളിലൂടെ ഒരു കുടുംബത്തിന്റെ ടെസ്സ,ജോ എന്നിവരുടെ ദാമ്പത്യ ജീവിതത്തിൽ ഉള്ള പൊരുത്തക്കേടുകളെ കഥയിൽ നന്നായി അവതരിപ്പിക്കുന്നു. പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഒരു മനശാസ്ത്ര വിദഗ്ധന്റെ കൈവഴകത്തോടെ കഥയിലേക്ക് സമർഥമായി കൊണ്ടുവന്നിരിക്കുന്നു. ആഖ്യാനത്തിൽ കാണിച്ചിട്ടുള്ള സൂക്ഷ്മത കഥയുടെ കെട്ടുറപ്പ് വർദ്ധിപ്പിക്കുന്നു. ടെസ്സയുടെ ഭർത്താവ് ജോയുടെ എപ്പോഴും ശകാരം ചൊരിഞ്ഞുള്ള വെറുപ്പിന്റെ ഫോണുവിളികൾ മാത്രമാണ് അയാളുടെ സാന്നിദ്ധ്യത്തെ അറിയിക്കുന്നത് എങ്കിലും മേഴ്‌സിയോട് ടെസ്സ കാണിക്കുന്ന വൈകാരികമായ സ്നേഹം കാണുമ്പോൾ അതു മനസിലാക്കാം

*"ഇടയ്ക്ക് കാണുമ്പോഴുള്ള സഹനം മതിയല്ലോ എന്നോർത്തി ആശ്വസിച്ചു. എന്നാലും ഓരോ രാത്രിയിലും ഫോൺ കോളിലൂടെ ക്രൂരമായി ആക്രമിക്കും. ഒടുക്കം കരഞ്ഞും അകം കരിഞ്ഞും എപ്പോഴോ ഉറങ്ങും. ടെസ്സ കമ്പിളിപ്പുതപ്പ് മാറ്റിയിട്ട് കമിഴ്ന്നു കിടന്നു. വലത്തെ കൈ മേഴ്‌സിയുടെ പുറത്തേക്ക് ഇടുത്തുവെച്ച് കണ്ണുകളടച്ചു."* 

ജോ തന്നെ മാനസികമായി തകർക്കുമ്പോൾ  മേഴ്‌സിയിൽ അവൾ ആശ്വാസം കണ്ടെതുന്നു. ടെസ്സ തന്നെ ഹിഡുംബൻ  എന്നു പേരിട്ട കണ്ടൻപൂച്ചയുടെ വരവ് ടെസ്സ  ഇഷ്ടപ്പെടുന്നില്ല. 

*"മേഴ്‌സി.... ഇവിടെ വാ" ഒന്നുരണ്ടു തവണ ആവർത്തിച്ചപ്പോൾ മേഴ്‌സി പതുക്കെ കട്ടിലിലേക്ക് കയറി പുതപ്പിനുള്ളിലേക്ക് കടന്നു. ചുടു ശ്വാസത്തോടൊപ്പം ടെസ്സ അവളെ അണച്ചുപിടിച്ചു.*

*"ഏതാടീ ആ കണ്ടൻപൂച്ച? അതിനെ നമുക്ക് ഓടിക്കണം."*

ടെസ്സക്ക് ജോയിൽ നിന്നും ഫോണിലൂടെ കിട്ടുന്ന ചീത്തപറച്ചിൽ മേഴ്സിയിലൂടെയാണ് മറക്കാൻ ശ്രമിക്കുന്നത് ആ മേഴ്‌സിയെ കണ്ടൻപൂച്ച കയ്യിലാകാൻ ശ്രമിക്കുന്നു. കണ്ടൻപൂച്ചയുടെ പൂചത്വത്തിലെ ആൺശക്തിയെ  മേഴ്‌സിയെ ആകർഷിക്കാൻ ശ്രമിക്കുന്നു. മേഴ്‌സിയും ആ പൂച്ചത്വം ഇഷ്ടപ്പെടുന്നു, പ്രണയതുരമായ ഒരിണക്കം അവരിൽ ഉണ്ടാകുന്നു.  ജോയുടെ ഓരോ ഫോൺവിളികളും തന്റെ  ഇടപെടൽ ജീവിതത്തെ ദുസ്സഹാമാക്കുമ്പോൾ ടെസ്സയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം നമുക്ക് വായിച്ചെടുക്കാം. ഹിഡുംബനാകുന്ന ജോയാണ് അത്. 

*"വലതുകൈയിനാൽ മേഴ്‌സിയുടെ മുഖത്തും മിനുസമേറിയ പള്ളയിലും തടവുംതോറും തന്റെ ഇരു കാലിനിടയിൽ വെച്ച് ഹിഡുംബന്റെ കഴുത്തിനെ അമർത്തിയമർത്തി.."* 

ടെസ്സയുടെ മാനസിക വൈകാരിക അവസ്ഥയുടെ സൂക്ഷമ നിരീക്ഷണം ടെസ്സയുടെ ജീവിതത്തെ മാത്രമല്ല അതൊരു മികച്ച സാമൂഹിക നിരീക്ഷണം കൂടിയാണ്. ഓരോ കഥപറച്ചിലും അങ്ങനെയാണല്ലോ.

 

സുന്ദരിയായ ഒരു യുവതി വിധവയാകുന്നതോടെ ഒരു പോരാളിയായിത്തീരുന്നു *വിധവയുടെ പ്രസവം* എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്, എലിസബത്ത് നേരിടേണ്ടി വരുന്ന അനുഭവകാഴ്ചകൾ ശക്തമായ ആഖ്യാനം (ഭൂമിയോളം ജീവിതം എന്ന സമാഹാരത്തിൽ)

മനുഷ്യൻ എന്ന വൈറസ്, ഛായാഗ്രഹണം  തുടങ്ങി ഒട്ടേറെ മികച്ച കഥകൾ മലയാളത്തിന് നൽകിയ എഴുത്തുകാരനാണ് അർഷാദ് ബത്തേരി......

 


 

Share :

Photo Galleries