Archives / January 2019

എഴുത്ത് - പി വി ആല്‍ബി കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്.
.പുസ്തകം - നാദിയ മുറാദ്

"മിക്കയാളുകളും ജീവിതത്തിൽ ഒരിക്കൽ മരിക്കുന്നു. പക്ഷേ, ഞങ്ങൾ (യസീദി സ്ത്രീകൾ) ഓരോ മണിക്കൂറിലും മരിക്കുകയായിരുന്നു." 

 നാദിയ മുറാദ്.

 

ചില പുസ്തകങ്ങള്‍ നമ്മുടെ ചിന്തകളെ വിടാതെ പിന്തുടരും; ഇളക്കി മറിക്കും; ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കും,ചിലപ്പോഴവ ഭ്രമകല്‍പനകളായി അമ്പരപ്പിക്കുകയും ദുഃസ്വപ്‌നങ്ങളായി പേടിപ്പെടുത്തുകയും ചെയ്യും.പുസ്തകപ്പുറമേറിയുള്ള യാത്രകള്‍ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിഷാദങ്ങളും തരും അതിനാല്‍തന്നെ, വായനയെക്കുറിച്ച എന്റെ വിചാരങ്ങള്‍ എന്റെ ആത്മകഥയായിത്തീരുന്നു. ജീവിതത്തിന്റെ മുഖ്യമായ ചേരുവകളെല്ലാം ഞാന്‍ കണ്ടെടുത്തത് പുസ്തകങ്ങളില്‍നിന്നാണ്. നാദിയ മുറാദിന്‍റെ ഈ ജീവിത കഥയും എനിക്കത്തരമൊരു ഒനുഭവമാണ് നല്കിയത്.ഫിക്ഷനല്‍ ബയോഗ്രഫി എന്ന രീതിയില്‍ അവതരിപ്പിച്ച ഈ പുസ്തകം നാദിയായുടെ പൂര്‍ണ്ണ ജീവിത കുറിപ്പല്ലായെങ്കിലും നാദിയായേയും അവളുടെ വംശമായ യസീദികളേയും അവരുടെ ജീവിതത്തേയും മനസ്സിലാക്കാനുള്ള ഒരു ചവിട്ട് പടിയാണ്.

 

നാദിയപരിചയപ്പെടുന്നതിന് മുമ്പ് അവളുടെ വംശമായ യസീദികളെയറിയാം അവരിലൂടെ നമ്മള്‍ക്ക് നാദിയായിലേയ്ക്ക് എത്തിച്ചേരാം..

യസീദികള്‍ എന്ന വാക്കിന് ദൈവത്തെ ആരാധിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം.  സാംസ്‌കാരികത്തനിമ നഷ്ടമാകാതെ ഇന്നും ഇറാഖില്‍ ജീവിക്കുന്ന മതവിഭാഗമായ യസീദികള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ന്യൂനപക്ഷ ജനവിഭാഗമാണ്.ഏഴ് മാലാഖകളെയാണ് യസീദികള്‍ ആരാധിക്കുന്നത്. മെലെക് തൗസ് എന്ന മയില്‍ മാലാഖയാണ് ഇതില്‍ പ്രധാനം. മറ്റ് ഏകദൈവവിശ്വാസികള്‍ ഇവരെ എതിര്‍ക്കുന്നതിനു പ്രധാന കാരണവും മെലെക് തൗസ് ആരാധനയാണ്. സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹം യസീദികള്‍ക്കു നിഷിദ്ധമാണ് മറ്റ് മതസമുദായങ്ങളില്‍ നിന്നും വിഭിന്നമായി ലെറ്റിയൂസ് അഥവ പച്ചടിച്ചീര ഭക്ഷണമാക്കുന്നതും, നീല വസ്ത്രങ്ങള്‍ ധരിക്കുന്നതും പലപ്പോഴും സാത്താന്‍ വിശ്വാസികളായി ഇവരെ മുദ്രകുത്തപ്പെടുത്താന്‍ ഇടയാക്കുന്നു.ഇറാഖ് സിറിയ അതിര്‍ത്തി പ്രദേശമായ സിഞ്ജര്‍ മേഖലയിലെ സംഘര്‍ഷങ്ങളിലും എെ എസ് തീവ്രവാദികളുടെ ക്രൂരതകളാലും കൊല്ലപ്പെടുന്ന യസീദി സമുദായം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം വീടുകളില്‍ നിന്നും നാടുകടത്തപ്പെട്ട് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും പോലും ദുര്‍ലഭമായ സിന്‍ജാര്‍ മലനിരകളില്‍ അഭയം തേടിയിരിക്കുകയാണ്.സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ആയിരക്കണക്കിന് യസീദികളാണ് നാടുകടത്തപ്പെട്ടത്. നാടുകടത്തപ്പെട്ട യസീദികള്‍ക്ക് ഏറ്റവുമധികം അഭയകേന്ദ്രമാകുന്ന രാജ്യം ജര്‍മ്മനിയാണ്.

 

നിങ്ങള്‍ക്കറിയില്ലേ എന്‍റെ കുഞ്ഞിപ്പെങ്ങള്‍ മുറാദിനെ..ഭീകരവാദം പിച്ചിച്ചീന്തിയ യൗവ്വനവുമായി തളരാതെ, ഒരേസമയം ഭീകരവാദത്തിനെതിരെയും ക്രൂര ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കു വേണ്ടിയും ജീവിതം പോരാട്ടമാക്കിമാറ്റിയ നാദിയ മുറാദിനേ,അനാഥ, ബലാത്കാരത്തിന്റെ ഇര, അടിമ, അഭയാർത്ഥി അങ്ങനെ ലോകം അവൾക്ക് ചാർത്തി നൽകിയ എല്ലാ ലേബലുകളും കുടഞ്ഞെറിഞ്ഞ്

അതിജീവനത്തിന്റെ, യസീദി നേതാവിന്റെ, സ്ത്രീപക്ഷവാദിയുടെയുടെ കരുത്തുറ്റ മുഖമായിമാറി ,യു എന്നിന്റെ ഗുഡ് വിൽ അംബാസിഡര്‍ പദവിയിലെത്തി സമാധാനത്തിനുള്ള നൊബേൽ സമ്മാനം വരെ കരസഥമാക്കിയ എന്‍റെ അല്ല നമ്മുടെ സഹോദരി നാദിയയുടെ കഥയാണിത്.

 

 വടക്കന്‍  ഇറാഖിലെ സിന്‍ജാറില്‍, കോജോ എന്ന ഗ്രാമത്തില്‍ യസീദി എന്ന  ന്യൂനപക്ഷ സമുദായത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിമൂന്നിലാണ് നാദിയ ജനിച്ചത് വെളുത്തു കൊലുന്നനെയുള്ള ബ്രൗണ്‍ നിറത്തിലുള്ള തലമുടിയുള്ള സുന്ദരി കുട്ടിയായിരുന്നവള്‍. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ അവളുടെ ജീവിതം ശാന്തമായിരുന്നു. പക്ഷേ ഒരു ആഗസ്റ്റ് മാസത്തില്‍ കറുത്ത പതാക നാട്ടിയ പിക്അപ് ട്രക്കില്‍ ഭീകരര്‍ നാദിയയുടെ ഗ്രാമത്തിലെത്തിയതോടെ 

മറ്റനേകം യസീദി പെണ്‍കുട്ടികളുടേതു പോലെ അവളുടെയും ജീവിതം മാറിമറിഞ്ഞു.പുരുഷന്മാരെ ഒന്നൊന്നായി ഭീകരര്‍ കൊന്നൊടുക്കി.ആ കൂട്ടത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരുമുണ്ടായിരുന്നു. കുട്ടികളെ ചാവേറുകളായി ഉപയോഗിക്കാന്‍ ബന്ദികളാക്കി. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി വെച്ചു. അവരില്‍ പ്രായമായവരെ കൊന്നു കുഴിച്ചുമൂടി. പ്രായമായ അമ്മയെക്കൊണ്ടു പ്രയോജനമില്ലെന്നു കണ്ട് അവരെ വെടിവച്ചുകൊന്നു.നാദിയ ഉള്‍െപ്പടെ പെണ്‍കുട്ടികളെ കൊണ്ടുപോയത്  അവര്‍ പിടിച്ചുകൊണ്ടുപോയത് മൊസൂളിലേക്കായിരുന്നു. ഐഎസ്. സ്വയം പ്രഖ്യാപിച്ച സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രത്തിലേക്ക്...

 

ഒരു കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്നത് ആയിരക്കണക്കിന് യസീദികളെയായിരുന്നു. അവരെ പലര്‍ക്കും കൈമാറി. വലിയ തടിച്ചുകൊഴുത്തൊരാള്‍ നാദിയയെ കൂട്ടിക്കൊണ്ടുപോയി. അലറി വിളിച്ചിട്ടും ഫലമുണ്ടായില്ല. അയാള്‍ ചവിട്ടി നിലത്തിട്ടു. തല്ലിച്ചതച്ചു. പിന്നെ ശരീരം കവര്‍ന്നു പിന്നീടങ്ങോട്ട് പീഢനത്തിന്റെ ദിനങ്ങളായിരുന്നു. ഓരോദിവസവും ഉണരുന്നതുതന്നെ ലൈംഗിക പീഡനത്തിലേക്ക്. മരിച്ച അമ്മയെയും സഹോദരങ്ങളെ കൂടി അവള്‍ക്ക് ഓര്‍ക്കാന്‍ പറ്റിയില്ല. ജീവിച്ചിരുന്നവര്‍ അത്രയ്ക്കു വേട്ടയാടപ്പെടുന്ന ദിനങ്ങളായിരുന്നു അത്.യസീദി സ്ത്രീകളോടു കൊടുംപകയായിരുന്നു ജിഹാദികള്‍ക്ക്. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന അവരെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്കു മാറ്റുന്നതില്‍ ജിഹാദികള്‍ ആനന്ദം പൂണ്ടു. പലരെയും അടിമച്ചന്തയില്‍ വിറ്റു.മറ്റു പലരെയും ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്തു.അവരെ ഒരു രഹസ്യസങ്കേതത്തില്‍ പാര്‍പ്പിച്ചശേഷം പലര്‍ക്കായി പങ്കിട്ടുനല്‍കി. ഇതിനിടെ ചില സ്ത്രീകള്‍ ജീവനൊടുക്കി. 

 

മൊസൂളില്‍ ഭാര്യയും ഭര്‍ത്താവും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ് നാദിയയെ അടിമയായി നല്‍കിയത്. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കൂട്ടലൈംഗിക പീഡനത്തിനിരയാക്കി,സിഗരറ്റ് കൊണ്ട് പൊളളിച്ചു. ഒരു മനുഷ്യശരീരത്തോട് ചെയ്യരുതാത്ത ക്രൂരതയെല്ലാം അവര്‍ ചെയ്തു. താന്‍ ആത്മഹത്യചെയ്യുമെന്നാണ് അവര്‍ കരുതിയതെന്നും എന്നാല്‍ അവരാല്‍ കൊല്ലപ്പെടും വരെ പിടിച്ചുനില്‍ക്കാനാണ് താന്‍ തീരുമാനിച്ചതെന്നും നാദിയ പറയുന്നു.ഭീകരമായ പീഡനങ്ങളുടെ നാളുകളായിരുന്നു അത്. 

എങ്ങനെയും രക്ഷപ്പെടാന്‍ മനസു കൊതിച്ചു. ഒടുവില്‍ അതു സാധിച്ചു. എപ്പോഴോ അവളെ തടവിലാക്കിയ ആള്‍ക്ക് 'അബദ്ധം' പറ്റി. നാദിയയെ താമസിപ്പിച്ചിരുന്ന വീട് പൂട്ടാതെ അയാള്‍ പുറത്തുപോയി. വസ്ത്രം വാങ്ങിത്തരാം, ബലാത്സംഗം ചെയ്യപ്പെടാന്‍ തയ്യാറായിരുന്നോളൂ എന്ന് പറഞ്ഞിട്ടാണ് അയാള്‍ പോയത്. രക്ഷപ്പെടാന്‍ കിട്ടിയ അവസരം നാദിയ ശരിക്കും ഉപയോഗിച്ചു. 

മൊസൂളിലെ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവള്‍ തടവില്‍നിന്ന് ഒളിച്ചോടി. കള്ളരേഖകളുടെ ബലത്തില്‍ കുറേ കിലോമീറ്ററുകള്‍ താണ്ടി കുര്‍ദിസ്താന്‍ പ്രവിശ്യയിലെത്തി യസീദി സ്ത്രീകളുടെ ക്യാമ്പില്‍ അഭയം തേടി.ആ ക്യാമ്പില്‍ നിന്ന് അവള്‍ ആദ്യമായി പുറംലോകവുമായി ബന്ധപ്പെട്ടു. രണ്ടായിരത്തി പതിനഞ്ച് ഫെബ്രുവരിയിലായിരുന്നു അത്. അതേ വര്‍ഷം തന്നെ നാദിയയും ആയിരത്തോളം സത്രീകളും കുട്ടികളും അവിടെ  നിന്നും  ജര്‍മനിയിലെത്തി. പിന്നീട്  ജര്‍മ്മനിയായി അവളുടെ അഭയസ്ഥാനം...

 

നാദിയ  ഒരു പ്രതീക്ഷയാണ്  ഐ.എസിനു മുമ്പില്‍ വീണ് പോയവർക്ക്.ലോകജനതക്ക് മുമ്പിൽ തലയുയർത്തിക്കൊണ്ടവൾ പറയുന്നു,എന്റെ യുദ്ധം ഇസ്ലാമിക് സ്‌റ്റേറ്റിനേയും അവരുടെ പൈശാചികതക്കെതിരെയുമാണെന്ന്. ഇനി ഒരിക്കൽക്കൂടി ശിരസ്സുനമിക്കാൻ താൻ ഒരുക്കമല്ലെ ന്നും ഒന്നല്ല.. രണ്ടല്ല.. നിരവധി തവണ അവർ തന്റെ ശരീരത്തെ കീഴ്‌പ്പെടുത്തിഎന്നാല്‍ ഇനിയൊരു യെസീദിപെണ്ണിന്‍റെ ശരീരത്തിനും അവര്‍ വിലപറയരുതെന്നും അവള്‍ ഉറക്കെ വിളിച്ച് പറയുന്നു.ഇനിയുമുറക്കെ അവളുടെ ശബ്ദം ഉയർന്നുപൊങ്ങണം..ഉച്ചത്തില്‍..ഉച്ചത്തില്‍...

 

പിന്‍ കുറിപ്പ് - ഒരു പക്ഷേ ഇന്ത്യയില്‍ ഒരു പ്രാദേശിക ഭാഷയില്‍ നാദിയ മുറാദിന്‍റെ ജീവിതം പബ്ലിഷ് ചെയ്തത് റെഡ് റോസ് പബ്ലിഷേഴ്സ് ആയിരിക്കണം.അതിനാല്‍ തന്നേ അവരുടെ ഈ ശ്രമം അഭിനന്ദനീയം തന്നേ..ഒപ്പം ഇൗ  പുസ്തകം തയ്യാറാക്കിയ പി.വി ആല്‍ബിയും( Alby Vincent) എല്ലാവിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു.

 

 

 

Share :

Photo Galleries