Archives / January 2019

ഷാജി തലോറ
ബീബീക്കാ  മഖ്ബറ പാവങ്ങളുടെ താജ്മഹൽ 

 

 

            ഡക്കാനിലൂടെയുള്ള യാത്രയിൽ സവിശേഷമായ ഒട്ടേറെ കാഴ്ചകളിലൂടെ കടന്നു പോകാൻ സാധിച്ചു. എല്ലോറ എന്ന മഹാ വിസ്മയത്തിനു ശേഷം ഞങ്ങളുടെ ലക്ഷ്യം പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന ബീബീക്കാ മഖ്ബറയാണ്, എല്ലോറയിൽ നിന്നും മുപ്പതു കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ ബീബീക്കാ മഖ്ബറയെത്താം.

 

   ഞങ്ങൾ ഇവിടെ എത്തുമ്പോൾ നട്ടുച്ചയായിരുന്നു സമയം ചുട്ടു പൊള്ളുന്ന ചൂട് അടുത്തെങ്ങും തണൽ മര ങ്ങളില്ലാതെ ഡക്കാന്റെ പരപ്പിൽ മുഗൾ കലയുടെ നൈപുണതയിൽ  തല ഉയർത്തി നിൽക്കുന്ന മഖ്ബറയിൽ സന്ദർശകരുടെ നല്ല തിരക്കായിരുന്നു. അവധി ദിനം ആയതിനാലാകാം ഇത്രയും തിരക്ക് രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് സന്ദർശന സമയം ഇന്ത്യക്കാർക്ക് പതിനഞ്ചു രൂപയാണ് ചാർജ് വിദേശികൾക്ക് നൂറ്റി അമ്പതു രൂപയും ഭിന്ന ശേഷിയുള്ളവർക്കു പ്രവേശന ഫീസ് ബാധകമല്ല. 

            

     എന്തിനെയും ഏതിനെയും അനുകരിയ്ക്കുക എന്ന ശീലം പൗരാണിക കാലം തൊട്ടേ ഉള്ളതാണ് അതു ഇന്നും ഒരു സ്വാഭാവിക പരിണിതിയായി  തുടരുന്നു ലോകത്തിലെ ഉത്തമമായ എല്ലാ കലാ സൃഷ്ട്ടികൾക്കും അപരന്മാർ ഉണ്ടായിട്ടുണ്ട് അതു സിനിമ ആയാലും സാഹിത്യമായാലും സംഗീതമായാലും പെയിന്റിങ്ങുകളായാലും ശില്പ്പങ്ങളായാലും താരങ്ങളായാലും എന്നുവേണ്ട ചരിത്ര നിർമ്മിതികൾക്കുമെല്ലാം അനേകം അനുകരണങ്ങളുണ്ടായിട്ടുണ്ട്. 

            

    ലോക പ്രശസ്തമായ പ്രണയ കാവ്യം താജ്മഹലിന്റെ അനുകരണമാണു ബീബീക്കാ മഖ്ബറ മുഗൾ സംസ്ക്കാരത്തിന്റെ മറ്റൊരു അവിസ്മരണീയ കലാ സൃഷ്ട്ടി താജ്മഹൽ ഒരു പ്രണയ സൗധമാണെങ്കിൽ ബീബീക്കാ മഖ്ബറ മാതാവിനുള്ള സ്നേഹ സ്മരണയായാണ് നില കൊള്ളുന്നത് ലോകത്തു ഒട്ടേറെ സ്മാരകങ്ങളുണ്ട് പ്രണയിനിയ്ക്കു വേണ്ടിയും ഭാര്യക്കു വേണ്ടിയും ഭർത്താവിനു വേണ്ടിയും രാജാക്കന്മാർക്ക് വേണ്ടിയും രക്ത സാക്ഷികൾക്കു വേണ്ടിയുമാണ് അവയിൽ ഭൂരിപക്ഷവുമെങ്കിലും മാതാവിന്റെ സ്നേഹ സ്മരണയ്ക്കു വേണ്ടിയുള്ള സ്മാരകം എന്ന ഒരു അപൂർവത ബീബീക്കാ മദ്ബറയ്ക്കുണ്ട്. 

          

      ഔറംഗ സേബിന്റെ മകനായ അസംഷായാണ് മാതാവായ ബീഗം റാബിയ ദർബാനിയുടെ സ്മരണയ്ക്കായി മഖ്ബറ പണിതത് 1651- 1661 കാലത്തു നിർമ്മിച്ച ഇതിന്റെ മുഖ്യ ശില്പി അദാവുള്ള ആയിരുന്നു. 

             

   താജ്മഹലിനെ പ്രണയിയ്ക്കുന്നവർക്കു ബീബീക്കാ മഖ്ബറ ഒരു സംഭവമായി തോന്നാനിടയില്ലെങ്കിലും പ്രദേശ വാസികൾ വളരെ ആദരവോടും സ്നേഹത്തോടും ഭക്തിയോടെയുമാണ് ഇതിനെ കാണുന്നത് താജ്മഹൽ പൂർണ്ണമായും വെണ്ണക്കൽ നിർമ്മിതിയാണെങ്കിൽ പുറം കാഴ്ച്ചയിൽ മാത്രമാണു ബീബീക്കാ മഖ്ബറ താജിനെ അനുസ്മരിക്കുന്നത് ഇതിന്റെ നിർമ്മാണത്തിനായി എഴുപത്തി അഞ്ചു ശതമാനവും വിലകുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിരിയ്ക്കുന്നത് ഇരുപത്തി അഞ്ചു ശതമാനം മാത്രമാണു വിലകൂടിയ മാർബിൾ ഉപയോഗിച്ചത്.

 

     മഖ്ബറയുടെ മധ്യഭാഗത്തായി ഇരുപത്തടിയോളം താഴ്ചയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത വലയത്തിലാണ് ഖബറിസ്ഥാൻ നിലകൊള്ളുന്നത് സന്ദർശകർ ഇതിലേക്ക് പ്രാർത്ഥനയോടെ പൈസ  ഇടുന്നതു കാണാം. 

          

     മഹാരാഷ്ട്രയുടെ ടൂറിസം തലസ്ഥാനമെന്നു ഔറംഗാബാദിനെ വിശേഷിപ്പിക്കാം അജന്തയും എല്ലോറയും ലോകാത്ഭുതങ്ങളായി നില കൊള്ളുന്ന ഡക്കാന്റെ മണ്ണിലെ മറ്റൊരു വിസ്മയമാണ് ബീബീക്കാ മഖ്ബറ.

 

 

 

Share :

Photo Galleries