Archives / January 2019

ഇന്ദിരാ ബാലൻ
ജീവിതവേണുവൂതിയ  വിമോചകൻ

മനുഷ്യന്റെ മാനസിക സഞ്ചാരണങ്ങളുടെയെല്ലാം പൂർണ്ണ പ്രതീകമാണ് കൃഷ്ണൻ അഥവാ കറുപ്പ് വർണ്ണനെന്ന സങ്കൽപ്പം. ഭൗതികവും ആത്മീയവുമായ എല്ലാ അധീശങ്ങളുടേയും കംസകണ്ഠങ്ങളേയും കാളിയ ശിരസ്സുകളേയും അറുത്ത് ധർമ്മത്തിന് വേണ്ടി പാർശ്വവൽക്കരിക്കുന്നവർക്കൊപ്പം വിജയത്തിന്റെ പാഞ്ചജന്യം മുഴക്കിയവൻ.അച്ഛനമ്മമാരുടെ  കൺമണിയായും  പിതാമഹൻമാരുടെ അരുമ ബാലകനായും  കൽത്തുറുങ്കിലെ പൗർണ്ണമിയായും യശോദയുടെ വളർത്തു മകനായും ഗോപസ്ത്രീകളുടെ കാമുകനായും കുചേല സതീർത്ഥ്യനായും രാധയെന്ന സ്ത്രീ സങ്കൽപ്പത്തിന്റെ മുഴുവൻ പ്രണയിയായും രുഗ്മിണി സത്യഭാമമാരുടെ ഭർത്താവായും തടവിൽക്കഴിഞ്ഞിരുന്ന  പതിനാറായിരത്തെട്ട് സ്ത്രീകളുടെ വിമോചകനായും ഭക്തരുടെ ദേവനായും ദ്രൗപദിയുടെ സഖാവായും കുരുക്ഷേത്രയുദ്ധത്തിലെ മന:ശാസ്ത്രജ്ഞനായും എന്ന് വേണ്ട നിരവധി രൂപകങ്ങളിലൂടെ കൃഷ്ണ സങ്കൽപ്പം അനശ്വരമാകുന്നു.. ആ കണ്ണൻ ജനിച്ച ദിനത്തെ അഷ്ടമിരോഹിണിയായി മാലോകർ കൊണ്ടാടുന്നു. വ്യാസനെന്ന മഹാപ്രതിഭയുടെ തൂലികയിലുയിർക്കൊണ്ട അൽഭുത കഥാപുരുഷൻ.

കൃഷ്ണോൽപ്പത്തിയുടെ പൂർണ്ണ കാവ്യമായാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെ നാം കാണുന്നത്. പിന്നീടെത്രയോ കൃഷ്ണ കാവ്യങ്ങൾ പല മാനങ്ങളിലൂടെ വിരിഞ്ഞ തൂലികത്തുമ്പുകൾ. വാനിന്റെ പരപ്പും കടലിന്റെ ആഴവും നിറഞ്ഞ വ്യാഖ്യാനങ്ങൾ, നിർവ്വചനങ്ങൾ.  സംസാരദു:ഖത്തിന്നടിപ്പെട്ട് വിവശരാകുന്ന മാനവ സമൂഹത്തിന് നല്ല ഉപദേശങ്ങളിലൂടെ കൃഷ്ണ ജീവിതം തുറക്കപ്പെടുന്നു. കൃഷ്ണന് പ്രകൃതിയുമായുള്ള അഭേദ്യബന്ധം ഉടനീളം കാണാം.   അതിവൃഷ്ടിയിൽ നിന്നും ഗോവർദ്ധനത്തെ കുടയാക്കി ജനങ്ങളെ സംരക്ഷിച്ചവൻ വലിയൊരു സന്ദേശമാണ് വർത്തമാനകാല സമൂഹത്തിന് നൽകുന്നത്.  ഓരോ മണൽത്തരിയിലും കൃഷ്ണസാന്നിധ്യം ഒളിഞ്ഞിരിക്കുന്നു.

കേവലം ഈശ്വരൻ എന്ന സങ്കല്പത്തിനും അപ്പുറമാണ് കൃഷ്ണന്റെ സ്ഥാനം. യദുകലനാഥനായ കണ്ണന്റെ ദൗത്യം ഈ മഹാപ്രപഞ്ചത്തെ മാനവികതയിലേക്ക് നയിക്കുകയെന്നത് തന്നെയാണ്. പാർശ്വവൽകൃതസമൂഹത്തിന്റെ ഉദ്ധാരകനായും പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ രക്ഷകനായും അധികാരതിമിരത്താൽ അന്ധതവരിച്ച ധാർത്ത രാഷ്ട്രൻമാർക്കെതിരെ സത്യത്തിന്റെ മൂടി തുറന്ന് അന്ധത മാറ്റാൻ ആവശ്യപ്പെടുന്ന ദൂതനായുമൊക്കെ കൃഷ്ണൻ പകർന്നാടിയത് സാമൂഹിക സാംസ്ക്കാരിക ഉദ്ബോധനത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങളെ സമർത്ഥമായി പഠിച്ച ലോക മന:ശാസ്ത്രജ്ഞൻ. സ്നേഹം ത്യാഗം ആത്മശുദ്ധി  എന്നീ ഗുണത്രയങ്ങളുടെ വ്യാഖ്യാനത്തിലും വിലയിരുത്തലിലുമാണ് ഈ ഇടയ ബാലനെ നോക്കിക്കാണേണ്ടത് . ഒപ്പം വിപ്ലവത്തിന്റെ പരിവർത്തനത്തിന്റെ  ശുക്ര നക്ഷത്രമായും വിരാജിക്കുന്നു. സാമൂഹിക സാഹചര്യങ്ങളിലൂടേയും അനുഭവങ്ങളിലൂടെയും ഒരാളെങ്ങിനെ വിപ്ലവകാരിയാകുന്നുവെന്നതിന്റെ പ്രത്യക്ഷ പാഠം. ജീവിതത്തിന്റെ സ്നേഹസങ്കല്പങ്ങളുടെ അടിത്തറക്ക് കോട്ടം സംഭവിക്കുമ്പോൾ അവിടെ ചിലർ വിശുദ്ധി കൊണ്ടും വിരക്തി കൊണ്ടും ഉദാത്ത നില കൈവരിച്ച് സാത്വികമായ സർവ്വ സ്നേഹത്തിലേക്ക് ഉയർത്തപ്പെടുന്നു. ആ സ്നേഹം തന്നെയാണ് കൃഷ്ണനെന്ന ഭാവം എന്ന് സമർത്ഥിക്കാം.. ചരാചരങ്ങളിലും അടങ്ങിയിട്ടുള്ള നന്മയുടെ കാരുണ്യത്തിന്റെ സഹവർത്തിത്വത്തിന്റെ സമഭാവനയുടെ സ്നേഹത്തിന്റെ മൗലികഭാവം.  സവർണ്ണനെന്നോ അവർണ്ണനെന്നോ ഭേദ കൽപ്പനകൾ മഹാപുരുഷൻമാർക്ക് മുമ്പിലില്ല.. ഭാരതീയ ജീവിതത്തെ ശക്തിയിലേക്ക് നയിച്ച മേഘവർണ്ണനെ ചില നിയതമായ കള്ളികൾക്കുള്ളിൽ നിർത്തി നിർവ്വചിക്കാനാവില്ല. കായികമായ കരുത്തിൽ നിന്നും ആത്മീയമായ ഔന്നത്യത്തിലേക്ക് വളർന്ന കൃഷ്ണനാണ് കുരുക്ഷേത്രയുദ്ധത്തിലെ അർജ്ജുന സാരഥിയായി ചമ്മട്ടിയുമേന്തി നിൽക്കുന്നത്. ജനനം മുതൽ അഗ്നിപരീക്ഷകൾക്കും പരീക്ഷണങ്ങൾക്കും വിധേയനായവൻ. പൊടിയിലും വിയർപ്പിലും മുങ്ങിയ മനുഷ്യജീവിതത്തിന്ന് വേണ്ടി വേണുവൂതുന്ന യോഗേശ്വരനെ എങ്ങിനെയൊക്കെ വ്യാഖ്യാനിച്ചാലാണ് പൂർണ്ണതയിലെത്താനാവുക.. ആ വിമോചകന്റെ കയ്യിലെ മുരളിയിൽ നിന്നുമുയരുന്ന രാഗവിസ്താരങ്ങളല്ലെ ഭൂമിയിലെ  സകല ജീവിതങ്ങളും. അവിടെ ഒഴുകുന്ന യമുനാ നദിയും പൂക്കുന്ന നീലക്കടമ്പുകളും വർണ്ണങ്ങളുടെ മയിൽപ്പീലികളും... ഒപ്പം വിയർപ്പിലും പൊടിയിലും മുങ്ങുന്ന ജീവിതങ്ങളും ഒരുപോലെ കാണാം മായക്കണ്ണന്റെ കയ്യിലെ ഇന്ദ്രജാലങ്ങളായി...! മഹാപുരുഷൻമാരെല്ലാം മനുഷ്യജീവിതത്തെ ഉദ്ധരിക്കുന്നതിനായി ഉദയം കൊണ്ടവരാണ്. അവിടെത്തന്നെയാണ് ജീവിത വേണുവും കയ്യിലേന്തിയ കൃഷ്ണന്റെ മഹത്വവും മിഴിവേകുന്നത്.  മനുഷ്യജീവന് തെല്ലും വിലകൽപ്പിക്കാത്ത  കലാപമുഖരിതമായ വർത്തമാനകാലത്ത് ഇനിയൊരു ലോക രക്ഷകൻ അവതരിക്കുമോ ???

Share :