Archives / October 2017

വേണു ജി.
അറിയപ്പെടാത്ത അയ്യപ്പൻ

അയ്യപ്പനുമായിട്ടുള്ള എന്റെ സൗഹൃദം ആരംഭിക്കുന്നത് എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോളാണ്. നെടുമങ്ങാട് ഹൈസ്കൂളിൽ ഞങ്ങൾ പഠിക്കുന്ന കാലം. കയ്യെഴുത്തു മാസികാ പ്രവർത്തനമാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നത്. ഞങ്ങൾ ചില സുഹൃത്തുക്കൾ ചേർന്ന് അരുണബാലകല എന്നൊരു കലാസമിതി ആരംഭിച്ചു. നെടുമങ്ങാട്ട് സത്രം മുക്കിൽ അന്നത്തെ പഞ്ചായത്ത് ഓഫീസിന് എതിർ വശത്തായി ഒരു ചിട്ടി ഓഫീസിന്റെ മുകളിലത്തെ മുറി ഞങ്ങൾ വാടകയ്ക്ക് എടുത്തു. കഷ്ടിച്ച് ആറടി പൊക്കത്തിൽ ഒരു ഹാൾ. താഴത്തെ കടമുറിയുടെ ഗോഡൗൺ ആയിട്ട് പണിതതാണത്. ഞങ്ങളുടെ ഒരു സജീവ അംഗം നാഗപ്പൻനായരുടെ ഒരു ബന്ധുവാണതിന്റെ ഉടമസ്ഥൻ. അതുകൊണ്ട് പ്രതിമാസം ഒരു രൂപ മാത്രം വാടക നല്കിയാൽ മതി. കലാസമിതിയുടെ പ്രഥമ സംരംഭം കയ്യെഴുത്തു മാസികയായിരുന്നു. കെ. ശങ്കരനാരായണപിള്ള (പിൽക്കാലത്ത് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി) ആയിരുന്നു പത്രാധിപർ. ആറേഴു പേരുള്ള പത്രാധിപസമിതിയുണ്ടാക്കി. ലേഖനങ്ങളും കവിതകളും കഥകളും ഒക്കെക്കൊണ്ട് സമ്പന്നമായിരുന്നു മാസിക. മാസികയുടെ ആർട്ട് എഡിറ്ററായിരുന്നു ഞാൻ. കയ്യെഴുത്തു മാസികയ്ക്ക് ഒരു പ്രതി മാത്രമാണ് തയ്യാറാക്കുന്നത്. നല്ല കയ്യക്ഷരമുള്ളവരാണ് പകർത്തിയെഴുതുന്നത്. ആദ്യവസാനം ചിത്രങ്ങൾ കൊണ്ട് അലംകൃതമാക്കുകയാണ് എന്റെ ചുമതല. മാസിക തയ്യാറാക്കുവാനുള്ള ചെലവുകൾ പരസ്യങ്ങളിൽ നിന്നുമാണ് ഞങ്ങൾ സ്വരൂപിച്ചിരുന്നത്. മുഴുവൻ പേജിന് ഒരു രൂപ, അര പേജിന് അൻപത് പൈസ ഇതായിരുന്നു നിരക്ക്. നെടുമങ്ങാട്ടുള്ള കച്ചവടസ്ഥാപനങ്ങളൊക്കെ ഞങ്ങൾ സംഘമായി സമീപിച്ചു. മിക്കവരും പരസ്യങ്ങൾ തന്നു. കയ്യെഴുത്തു മാസിക പൂർത്തിയായാലുടൻ പഞ്ചായത്ത് ലൈബ്രറിയിലെ വായനാ മുറിയിൽ കുറെ ദിവസങ്ങൾ പ്രദര്ശിപ്പിക്കും. പിന്നെ അംഗങ്ങൾക്ക് മാറിമാറി അവരവരുടെ ഭവനങ്ങളിൽ കൊണ്ടുപോകാം. മിക്കവാറും ആ പ്രദേശത്തെ എല്ലാപേരും ഇത് വായിക്കാറുണ്ട്.

ഞങ്ങളുടെ കൂട്ടായ്മയിൽ അയ്യപ്പൻ എത്തിപ്പെടുന്നത് കയ്യെഴുത്തു മാസികയിൽ ഒരു ചെറുകഥ സംഭാവന ചെയ്തുകൊണ്ടാണ്. അയ്യപ്പൻ എന്നെക്കാൾ ഒരു വയസ്സ് മൂപ്പുണ്ടെന്നാണ് എന്റെ ഓർമ്മ. എന്റെ കസിൻ ജി. ഹരിയും ( കാർട്ടൂണിസ്റ്റ്) ഇതിലെ സജീവ പ്രവർത്തകനായിരുന്നു. അയ്യപ്പന്റെ കഥക്ക് പ്രായത്തിൽ കവിഞ്ഞ ഭാഷാശുദ്ധിയും പക്വതയും കണ്ടപ്പോൾ പത്രാധിപസമിതിയിൽ ചിലർക്ക് സംശയം, ഇത് മറ്റെവിടെ നിന്നെങ്കിലും ചോർത്തിയതാകുമോ. അയ്യപ്പൻ ഞങ്ങളുടെ പ്രിയ സുഹൃത്തായി. വെളുത്ത് മെലിഞ്ഞ് അതി സുമുഖനാണ് അയ്യപ്പൻ. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വൃത്തിയായി വസ്ത്രധാരണം ചെയ്യുന്നത് അയ്യപ്പനായിരുന്നു. യാതൊരു ദുഃശ്ശീലവുമില്ല. ഞങ്ങളിൽ ചിലർക്ക്, ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ ചിലപ്പോൾ അല്പ്പം പുകവലി ഉണ്ടായിരുന്നു. ഒരു സിഗററ്റ് വാങ്ങി ഞങ്ങൾ കൂട്ടായി വലിക്കും. അയ്യപ്പന് ഇതിലൊന്നും കൂട്ടുകൂടിയിട്ടില്ല. തന്റെ ആരോഗ്യവും ഗ്ലാമറും നഷ്ടപ്പെടുന്ന ഒന്നും അയ്യപ്പൻ ചെയ്യാറില്ല. അയ്യപ്പനും ഞാനും അത്മാർത്ഥ സുഹൃത്തുക്കളായി. അയ്യപ്പൻ ഞങ്ങളുടെ മാസികക്ക് കവിതകളും കഥകളും നാടകവും ഒക്കെ എഴുതി നല്കിയിട്ടുണ്ട്. അത് കയ്യെഴുത്തു മാസികകളുടെയും വായനയുടെയും കാലമായിരുന്നു. നെടുമങ്ങാട് പഞ്ചായത്ത് ഓഫീസ് വായനശാല അന്ന് സജീവമായിരുന്നു. ആനുകാലികങ്ങളുടെ പഴയ ലക്കങ്ങൾ ശേഖരിച്ച് ക്രമപ്രകാരം ബൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്നു. അവ റഫറന്സിനു മാത്രമല്ല വീട്ടിൽ കൊണ്ടുപോകാനും നല്കുമായിരുന്നു. ഞങ്ങൾ സ്ഥിരം വായനക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് പരിമിതമായ ഫണ്ട് ഉപയോഗിച്ച് പുതിയ പുസ്തകങ്ങൾ ലൈബ്രേറിയൻ വരുത്തുമായിരുന്നു. താമസിയായെ അയ്യപ്പൻ നവദീപം എന്ന പേരിൽ ഒരു കയ്യെഴുത്ത് മാസിക ആരംഭിച്ചു. ആദ്യവസാനം മുഖ്യമായും സ്വന്തം സൃഷ്ടികൾ കൊണ്ടാണ് മാസിക നിറച്ചിരുന്നത്. അതീവ സുന്ദരമായ കയ്യക്ഷരത്തിൽ അയ്യപ്പൻ തന്നെ എഴുതുകയും ചിത്രീകരണം നിർവ്വഹിക്കുകയും ചെയ്തിരുന്നു. കെട്ടിലും മട്ടിലും ആ പ്രദേശത്തെ കയ്യെഴുത്തു മാസികകളിൽ ഏറ്റവും ആകർഷകമായിത്തീർന്നത് നവദീപം തന്നെയായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ അയ്യപ്പൻ ഞങ്ങളുടെയൊക്കെ മുന്നിൽ ഒരു താരമായി വിലസി.

അയ്യപ്പൻ അക്കാലത്ത് ബി. ആർ. പുരം അയ്യപ്പൻ എന്നും, ബി. രാമപുരം അയ്യപ്പൻ എന്നുമാണ് പേര് എഴുതിയിരുന്നത്. ബാലരാമപുരം ചുരുക്കിയാണ് ഇങ്ങിനെയായത്. അയ്യപ്പന്റെ അമ്മയുടെ ദേശമാണ് ബാലരാമപുരം. അച്ഛൻ നെടുമങ്ങാട്ടുകാരനായിരുന്നു. മുക്കോലക്കൽ സ്വർണ്ണപ്പണിക്കാരുടെ കുടിയിലായിരുന്നു അയ്യപ്പന്റെയും വീട്. ഓലമേഞ്ഞ കൊച്ചുവീടുകളുടെ ഒരു സമുച്ചയമായിരുന്നു അവിടം. അയ്യപ്പന്റെ അച്ഛൻ മരണപ്പെട്ടു. ചിറ്റപ്പന്മാരായിരുന്നു രക്ഷാകർത്താക്കൾ. കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലായിരുന്നെങ്കിലും അത്തരം നൈരാശ്യതയുടെ നിഴൽപോലും അയ്യപ്പനിൽ ഒരിക്കലും പ്രകടമായിരുന്നില്ല.

സ്കൂളിലെ പെൺകുട്ടികൾക്കൊക്കെ അയ്യപ്പനെ ഇഷ്ടമായിരുന്നു. അയ്യപ്പനങ്ങോട്ടും. പക്ഷെ അയ്യപ്പന്റെ പ്രേമം ഒരിക്കലും തീവ്രവും അപകടകാരിയുമൊന്നും ആയിരുന്നില്ല. ഒരു കടാക്ഷത്തിൽ അയ്യപ്പൻ തൃപ്തനായിരുന്നു. സ്കൂൾ പഠിപ്പിൽ അശേഷം താല്പ്പര്യം അയ്യപ്പന് ഉണ്ടായിരുന്നില്ല. മലയാളം ഒഴികെയുള്ള ഒരു വിഷയത്തിലും അയ്യപ്പന് ശ്രദ്ധയുണ്ടായിരുന്നില്ല. പല ദിവസങ്ങളിലും ക്ലാസ്സ് ബഹിഷ്കരിക്കുക അയ്യപ്പന്റെ ശീലമായിരുന്നു. തികച്ചും അസഹനീയരായ ചില അദ്ധ്യാപകരെ ഒഴിവാക്കാനും , താല്പ്പര്യമില്ലാത്ത വിഷയങ്ങളിൽ നിന്നും ഒഴിവാകാനുമായിരുന്നു ഈ പരിപാടി. പലപ്പോഴും അയ്യപ്പന്റെ സ്വാധീനത്തിൽ ഞാനും പെട്ടുപോയിട്ടുണ്ട്. ഞാൻ സ്കൂളിൽ ഒരുവർഷം അയ്യപ്പന്റെ സീനിയർ ആയിരുന്നു. അതിനുകാരണം അയ്യപ്പന് ഒരു ക്ലാസ്സിൽ രണ്ടുവർഷം ഇരിക്കേണ്ടിവന്നതാണ്. ക്ലാസ്സ് ബഹിഷ്ക്കരിക്കുന്ന ദിവസങ്ങളിൽ ഞങ്ങൾ സ്കൂളിനു തൊട്ടടുത്തുള്ള കല്ലമ്പാറയാറിന്റെ തീരത്ത് എവിടെയെങ്കിലും പോയി ഇരിക്കും. അയ്യപ്പനുമൊന്നിച്ച് എത്രനേരം ചെലവഴിച്ചാലും വൈവിധ്യമാർന്ന ആശയങ്ങൾ കൈമാറാനുണ്ടാവും. വൈകുന്നേരങ്ങളിലെ ഞങ്ങളുടെ നടത്തം നെടുമങ്ങാടിന്റെ ഊടുവഴികളിലൂടെയായിരിക്കും. ഞങ്ങൾ എന്നും ഒന്നിച്ച് ദീർഘദൂരം നടക്കുമായിരുന്നു. ഞങ്ങളുടെ സംസാരവിഷയം മിക്കവാറും ആയിടെ പുറത്തിറങ്ങിയിട്ടുള്ള ആനുകാലികങ്ങളിലെ വിഭവങ്ങളെക്കുറിച്ചായിരിക്കും. അയ്യപ്പന്റെ കുറച്ചു കഥകളുടെ ഒരു സമാഹാരം ഓണക്കാഴ്ച എന്ന പേരിൽ പ്രസിദ്ധീകരിച്ചതാണ് അയ്യപ്പന്റേതായി അച്ചടിച്ച പ്രഥമകൃതി. മൂന്നുകൊല്ലം നെടുമങ്ങാട്ട് താമസിച്ച അയ്യപ്പൻ പലകുടുംബപ്രശ്നങ്ങളാലും ബാലരാമപുരത്തേക്കു മടങ്ങിപ്പോയി.

ഒന്നുരണ്ടു തവണ അയ്യപ്പൻ എന്നെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ട്പോയിട്ടുണ്ട്. ഓലമേഞ്ഞ ഒരു കൊച്ചു വീടാണ് അയ്യപ്പന്റേത്. പക്ഷെ വളരെ വൃത്തിയിലും വെടിപ്പിലും അയ്യപ്പന്റെ അമ്മ അത് സൂക്ഷിച്ചിരുന്നു. അയ്യപ്പന്റെ അതേ ഛായയാണ് അമ്മയ്ക്ക്. എന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു അയ്യപ്പൻ. എന്റെ സുഹൃത്തുക്കളോടൊക്കൊ വാത്സല്യം കാട്ടാറുള്ള എന്റെ അമ്മ അയ്യപ്പനോട് പ്രത്യേക സ്നേഹം കാട്ടിയിരുന്നു. അമ്മയുടെ സ്നേഹപ്രകടനം ഭക്ഷണം നൽകുന്നതിലൂടെയായിരുന്നു. ക്രമേണ ഞങ്ങൾ ആനുകാലികങ്ങളിലെ ബാലപംക്തികളിൽ എഴുതി തുടങ്ങി. മാതൃഭൂമിയിലും മലയാളരാജ്യത്തിലും ജനയുഗത്തിലും ദേശബന്ധുവിലും ഒക്കെ ഞങ്ങളുടെ കൃതികൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. അക്കാലങ്ങളിൽ അയ്യപ്പൻ കൂടുതലായിട്ടും കഥകളാണ് എഴുതിയിരുന്നത്. അയ്യപ്പന്റെ പ്രഥമകൃതി ഓണക്കാഴ്ച എന്ന ചെറുകഥാസമാഹാരം അച്ചടിപ്പിച്ചത് നെടുമങ്ങാട്ടെ ഒരു പ്രസ്സിലായിരുന്നു. അവിടെ അയ്യപ്പന്റെ ഒരു ചിറ്റപ്പന് അച്ചുനിരത്തൽ ജോലിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് പുസ്തകം അച്ചടിച്ചത്. അച്ചടി ചെലവ് ഏതാണ്ട് നൂറ്റിയമ്പത് രൂപയോളം ആയിട്ടുണ്ടെന്നാണോർമ്മ. അക്കാലത്ത് ഒരു സ്കൂള് അദ്ധ്യാപകന്റെ പ്രതിമാസ ശമ്പളത്തിന് തുല്യമാണ് ഈ തുക. പുസ്തകം വിറ്റ് പണമടയ്ക്കാമെന്നായിരുന്നു കരാർ. എന്നാൽ പുസത്കം അച്ചടിച്ചു വന്നപ്പോൾ ആവേശഭരിതനായി അയ്യപ്പൻ സുഹൃത്തുക്കൾക്കൊക്കെ കോംപ്ലിമെന്ററി കോപ്പി നല്കി. പ്രസ്സിലെ കടം ഭാരിച്ച ബാധ്യതയായി. അയ്യപ്പൻ നെടുമങ്ങാടിനോട് യാത്ര പറയുന്നതിങ്ങനെയാണ്. അയ്യപ്പന്റെ ജീവചരിത്രക്കുറിപ്പുകളിലൊന്നും നെടുമങ്ങാട്ട് കഴിഞ്ഞിരുന്ന കാലം പരാമർശിച്ചിട്ടില്ല. ഈയിടെ അയ്യപ്പന്റെ കൃതികളിൽ ഗവേഷണം നടത്തുന്ന ചിലർ എന്നെ സന്ദർശിച്ചപ്പോൾ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ എവിടെയെങ്കിലും ഇതൊക്കെ രേഖപ്പെടുത്തണമെന്നു തോന്നി. അയ്യപ്പന് സ്വകാര്യജീവിതം പലയിടത്തും കുറിച്ചുവച്ചത് കൂടുതലും ഭാവനാസൃഷ്ടികളാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഒരു പുകമറ അയ്യപ്പന് എന്നും സൂക്ഷിച്ചിരുന്നു.

Share :

Photo Galleries