Archives / January 2019

സഫീദ് ഇസ്മായിൽ
കുളിക്കടവ്

 

അവസാനത്തെ കല്പടവിൽ
പിടിയടർന്ന ഒരു ബക്കറ്റ്,
നനഞ്ഞ ഒരു പാവാട,
ചെമന്ന- നിറം മങ്ങിയ ഒരു ബ്ലൗസ്,
ചതഞ്ഞ ഇഞ്ച,
കുതിർന്ന അലക്കുസോപ്പ്,
കുഴഞ്ഞ താളിപ്പൊടി,
കാത്തിരിപ്പ് തുടരുകയാണ്.....

കാറ്റലറിയ,
മഴപെരുത്ത ഒരു രാത്രിയും
വിഷാദം മോന്തിയ ഒരു പകലും
കാത്തിരിപ്പ് തുടരുകയാണ്....

പായൽ വഴുക്കലിൽ
പ്രാണനും മാനവും തെരഞ്ഞ
വിരൽപ്പാടുകൾ!

ചതഞ്ഞരഞ്ഞ ചേമ്പിൻകാട്
ചളിയിൽ പുതഞ്ഞ്
വാറുപൊട്ടിയ ഒരു വള്ളിച്ചെരുപ്പ്.

മലവെള്ളം പാഞ്ഞ പുഴ
ചെമ്പൻ പുഴ
മലവിഴുപ്പ് ഏറ്റുവാങ്ങിയ തുരുത്ത്.

ഒരു ചുള്ളിക്കമ്പിൽ ഉടക്കിയ
തോർത്തുമുണ്ട്.
പുഴയുടെ ആഴത്തിലേക്ക്
ആണ്ടുപോയ ഒരു നിലവിളിയുടെ
ഒടുക്കത്തെ നിശ്വാസം മാതിരി,
നുര.....

                              

Share :