Archives / January 2019

ദിവ്യ.സി.ആർ.
കഥ - അന്വേഷണം

 
       
 

 ബസ്സ് സ്റ്റോപ്പിൽ നിന്നിറങ്ങി, മൂന്നുമക്കളേയും ചേർത്തുപിടിച്ചവൾ വലതു ഭാഗത്തു കണ്ട റോഡിലൂടെ നടന്നു. ഇളയ കൈക്കുഞ്ഞ് അപ്പോഴേക്കും ഉണർന്ന് കരയാൻ തുടങ്ങി. തോളത്തിട്ട് തലോടിയിട്ടും കുഞ്ഞ് കരച്ചിൽ നിർത്തിയില്ല. അവൾക്കൊപ്പം നടക്കുന്ന നാലും ആറും വയസ്സുള്ള കുട്ടികളും കൈക്കുഞ്ഞിൻെറ സ്വരമേറ്റു പിടിച്ചു.നട്ടുച്ചയുടെ ചൂട് റോഡിലെ ടാറിൽ പതിച്ച്  ക്ഷീണിതരായ ആ അമ്മയുടെയും കുഞ്ഞുങ്ങളുടെയും മുഖത്തേക്ക് പ്രതിധ്വനിച്ചു. തിളയ്ക്കുന്ന ചൂടിൽ കാലുകളുടെ ആയാസം നഷ്ടപ്പെട്ട് അടുത്തുകണ്ട കടവരാന്തയിലെ തണലിലേക്കവർ അഭയം തേടി. അപ്പോഴും നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന കൈക്കുഞ്ഞിനവൾ മുല കൊടുത്ത് വിശപ്പിന് അറുതി വരുത്തുവാനൊരു പാഴ്ശ്രമം നടത്തി. 

 'അമ്മേ... വിശക്കണൂ ' തളർന്ന കാലുകൾക്ക് തണൽ ആശ്വാസമേകിയപ്പോൾ വിശപ്പിൻെറ ആന്തൽ കുഞ്ഞുങ്ങളെ കീഴടക്കി. പെരുംവെയിലിൽ തിളയ്ക്കുന്ന റോഡിലേക്കു നോക്കി അവളിരുന്നു, മക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയാതെ. നിസ്സഹയായി !

കുട്ടികൾ അമ്മയെ കുലുക്കി വിളിച്ച് വീണ്ടും വീണ്ടും കരഞ്ഞുകൊണ്ടേയിരുന്നു. ടാറിലെ ചൂട് കണ്ണുകളിലേക്കാവാഹിച്ച് ചൂടു ജലധാര ആ കണ്ണുകളിൽ നിന്നുതിർന്നു. എന്തുചെയ്യണമെന്നറിയാതെ മൂന്നു മക്കളേയും നെഞ്ചോടു ചേർത്തവൾ വിതുന്പി. 

    വിശപ്പിൽ തളർന്ന കുഞ്ഞുങ്ങൾ അമ്മയുടെ വാത്സല്യച്ചിറകിലൊതുങ്ങാൻ കൂട്ടാക്കാതെ അവർ ഉറക്കെ കരഞ്ഞു. വഴിപോക്കരിൽ ചിലർ സംശയത്തോടെ അവർക്കു ചുറ്റും കൂടി. ചെറുപ്പക്കാരിയായ ആ അമ്മയോടും കുഞ്ഞുങ്ങളോടും ചിലർക്ക് ദയനീയത തോന്നി. അവർ കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങി നൽകി. ആ നാട്ടിലെ അപരിചിതത്വം അവളുടെ കണ്ണുകളിൽ ഭയം നിഴലിപ്പിച്ചു. 

    ഭർത്താവിൻെറ അസാന്നിധ്യത്താൽ കുഞ്ഞുങ്ങളേയും കൊണ്ട് ഒറ്റപ്പെട്ടുപോയപ്പോൾ, വിശന്നു കരയുന്ന കുഞ്ഞുങ്ങളേയും കൊണ്ട് അയാളെ തേടി കണ്ടെത്തുക മാത്രമായിരുന്നു അവളുടെ മുന്നിൽ തെളിഞ്ഞ വഴി. ഒരുമിച്ച് ജോലി ചെയ്തിരുന്ന സ്ത്രിക്കൊപ്പം താമസമാക്കിയ ഭർത്താവിനെ തേടിയിറങ്ങിയ അവരെ ചിലർ സഹായിക്കാമെന്നുറപ്പിച്ചു. അവൾ കൊടുത്ത നന്പറിലേക്കവർ പല തവണ വിളിച്ചു. അവൾ കാണിച്ച ഭർത്താവിൻെറ ഫോട്ടോയും അവർക്ക് അപരിചിതമായിരുന്നു. പോലീസിൽ പരാതി നൽകാനായി എല്ലാവരുടേയും സ്വരം. 

 പരാതി നൽകിയാൽ തന്നെയും മക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് അവൾ ഞെട്ടലോടെ ഓർത്തു. അതുകൊണ്ടവൾ സഹായിക്കാൻ വന്നവരോട് നന്ദിപറഞ്ഞ്, അവർ നൽകിയ കാശുമായി അടുത്ത ബസ്സിൽ മറ്റൊരു നാട്ടിലേക്ക് ഭർത്താവിനെ തേടിയുള്ള യാത്ര ആരംഭിച്ചു. 

  മക്കളെ ചേർത്തു പിടിച്ച് ബസ്സിനായി കാത്തു നിൽക്കുന്പോൾ അവൾ ചിന്തിച്ചു.

ഇപ്പോൾ കുഞ്ഞുങ്ങൾ കരയുന്നില്ല. അടുത്തവർ വിശന്നു കരയുന്നതിന് മുൻപ് അവർക്ക് ഭക്ഷണത്തിനുള്ള വക കണ്ടെത്തണം. ആ ചിന്തയിൽ അവളുടെ യാത്ര തുടർന്നു.

 

 

 

 

Share :