Archives / January 2019

മുല്ലശ്ശേരി.
വൃദ്ധൻ....         ചുമലിൽ ഭാണ്ഡം.....

നോവൽ തുടരുന്നു.

വൃദ്ധൻ....

        ചുമലിൽ ഭാണ്ഡം.....

              മുല്ലശ്ശേരി.

(കഴിഞ്ഞ (ഒന്നാമത്തെ) അധ്യായത്തിന്റെ തുടർച്ച)


         തിരിച്ച് നടന്ന എനിക്ക് വീട്ടിൽ കയറാൻ തോന്നിയില്ല -- എന്റെ ചിന്തയിൽ ---അയാൾ നിറഞ്ഞ് തന്നെ നിന്നു. വീട്ടിലും അയാൾ ഏകനാണെന്ന ചിന്ത എന്നിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ തന്നെ ത്തീർത്തു .അതോടെ എന്ത് കൊണ്ടോ എന്റെ മനസാന്നിദ്ധ്യം നഷ്ടപ്പെട്ടത് പോലെ. ഇനി എനിക്ക് മനസ്സിനെ കള്ളം പഠിപ്പിക്കണം --- അലഞ്ഞ് നടക്കണം -- അതൊരു പക്ഷേ എനിക്ക് എന്റെ മനസാന്നിദ്ധ്യം വീണ്ടെടുത്ത് തന്നേക്കാം.

          പ്രത്യേക ലക്ഷ്യമില്ലാതെ ഞാൻ നടന്നു. പെട്ടെന്ന് എന്നെക്കുറിച്ചുള്ള ചിന്ത എന്നിൽ  പുതിയ പാഠങ്ങൾ പറഞ്ഞ് തരുന്നത് പോലെ -- മനസ്സിനെ കള്ളം പഠിപ്പിക്കാൻ.

          ഞാൻ ഈ നഗരത്തിൽ എത്തുമെന്ന് കരുതിയേയില്ല ---ഇവിടെ വന്ന് ഒന്നും നേടാനുമില്ല. ഈ വീട് തന്നെ എന്റേതല്ല -- അത്  വർഷങ്ങൾക്ക് മുമ്പ് ഏതോ മൂന്നോ നാലോ ''ബാച്ചിലേഴ്സ്''  ചേർന്ന് വാടകയ്തെടുത്തതാണ്. വീട്ടുടമ ''ബാച്ചിലേഴ്സ്'' യെന്ന് അറിഞ്ഞു കൊണ്ട് തന്നെ അന്ന് കിട്ടാവുന്നതിലും കൂടുതൽ തുക വാടകയായി ചോദിച്ചു. ചോദിച്ച വാടക സമ്മതിച്ച് താക്കോൽ വാങ്ങുകയായിരുന്നു.---  ആ ''ബാച്ചിലേഴ്സ്'' . അന്ന് കരാർ പത്രത്തിൽ എഴുതിപ്പിടിപ്പിച്ച വാടക തന്നെയാണ് ഇപ്പോഴും കൊടുക്കുന്നത്. തുക കൃത്യമായും എല്ലാ മാസവും വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. അതിന് ഇന്ന് വരേയും ഒരു മുടക്കവും വരുത്തിയിട്ടില്ല. ഇവിടെ ഇപ്പോഴുള്ള ആരും തന്നെ വിട്ടുടമയെ കണ്ടിട്ടേയില്ല. ഞങ്ങളിവിടെ ഇപ്പോൾ പതിനഞ്ചു പേരോളമുണ്ട്. ആർക്കും ആരേയും അറിയില്ല ---- എങ്കിൽ എല്ലാപേർക്കും എല്ലാ പേരെയും അറിയാമെന്ന നിലയിൽ. ഒരു പയ്യനുണ്ട് ഞങ്ങളെ സഹായിക്കാൻ. അടുക്കളക്കാവശ്യമുള്ള സാധനങ്ങൾ മുതൽ എല്ലാം അവൻ തന്നെ വളരെ ദൂരെയല്ലാത്ത സൂപ്പർ മക്കാറ്റിൽ നിന്നും വാങ്ങി വരും. എല്ലാപേരും ചേർന്നാണ് പാചകം. ഞങ്ങളിൽ കമ്പനികളിൽ ജോലിയുള്ളവർ നാലഞ്ച് പേർ കാണും. ബാക്കി എല്ലാവരും ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവരാണ്. ഏതെല്ലാം കമ്പനികളിൽ ജോലി ഒഴിവുണ്ടെന്ന് കണ്ടു പിടിക്കാനും ബന്ധപ്പെടാനും സ്ഥിരം രണ്ടു പേരുണ്ടു.  ആ രണ്ടു് പേരേയും പാചകാദി കലകളിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. മാത്രവുമല്ല ,അവരുടെ ആഹാരാദികൾ പ്രത്യേകം സൂക്ഷിച്ച് വെച്ച് അവരെത്തുമ്പോൾ കൃത്യമായും കൊടുക്കുകയും ചെയ്യും. ഭക്ഷണം അവർ കഴിക്കുന്നത് വരെയും ആരും തന്നെ അവരോട് വിശേഷങ്ങൾ ചോദിക്കാറുമില്ല. [അവർ രണ്ടു പേർക്കും മിക്ക കമ്പനികളെ ക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ആ വക കാര്യങ്ങളൊക്കെ ഞങ്ങളോട് തുറന്ന് തന്നെ പറയുകയും ചെയ്യും. അപ്പോഴും ഓർത്ത് പറയുകയും ചെയ്യും. അവർക്ക് ജോലിയായാൽ അവരുടെ ഇപ്പോഴത്തെ ''പോസ്റ്റിൽ '' ഞങ്ങളിൽ നിന്നും രണ്ടു പേരാണ് വരേണ്ടതെന്നുള്ള വസ്തുത.]  അവർ ഫ്രീ ആയാൽ പറഞ്ഞ് തുടങ്ങും --- കുറിപ്പുകൾ സഹിതമെടുത്ത് കൊണ്ട്.  അതിൽ അവർക്ക് താല്പര്യമുള്ള കമ്പനികളുണ്ടെങ്കിൽ അതും പറയും. ആ കമ്പനികളെ അവർക്ക് തന്നെ വിട്ട് കൊടുത്ത് കൊണ്ട് ബാക്കി കമ്പനികളിലെ ഒഴിവുകളിൽ ഞങ്ങൾ വ്യാപൃതരായി തയ്യാറെടുപ്പുകൾ തുടങ്ങും. ഷോർട്ട് ലിസ്റ്റിൽ ( Short list) എത്തിപ്പെട്ടാൽ ഏറേ കുറെ ജോലി തരപ്പെട്ട മട്ടാണ്.

        ഇവയിലൊന്നും പൊടാത്ത ഒരുവനാണ് ഞാൻ. എന്റെ ആകെയുള്ള യോഗ്യത തന്നെ ഭാഷാ സാഹിത്യത്തിലുള്ള ബിരുദവും പിന്നെ പട്ടിണിയുമാണ്.  നാട്ടിലുള്ള എന്റെ സുഹൃത്ത് കാരണമാണ് ഞാൻ ഇവിടെ എത്തിപ്പെട്ടത്. അവനും ഈ വീട്ടിലെ അന്തേവാസി തന്നെ. പക്ഷേ ഇപ്പോൾ അവൻ യു.എസിൽ (u .s) ആണ്. അവന്റെ കമ്പനിക്ക് യു.എസിൽ ചില കൂട്ടുകെട്ടുകളണ്ട്.  കമ്പനിക്ക് മിക്കപ്പോഴും അവനിലാണ് താല്പര്യം അങ്ങോട്ട് അയക്കാൻ. അക്കാര്യത്തിൽ അവനും താല്പര്യമേറും. അവന്റെ ഇളയ പെങ്ങളെ കെട്ടിച്ച് വിടാനുള്ള തത്രപ്പാടിൽ ക്യാഷ് എങ്ങനെ കുടുതലുണ്ടാക്കമെന്ന ചിന്തയാണ് അവനെ ഭരിക്കുന്നതെന്ന് എനിക്കറിയാം .  ഞങ്ങളുടെ നാട് ഒന്നായത് കൊണ്ട് അവനെ കുറിച്ച് എനിക്കും എന്നെ ക്കുറിച്ച് അവനും വ്യക്തമായി കാര്യങ്ങളറിയാം. അത് കൊണ്ട് തന്നെയാണ് നാട്ടിൽ പ്രത്യേകിച്ച് ജോലിയും കൂലിയുമില്ലാത്ത എന്നെ ഇവിടെ  വരുത്തിയതും അവനോടൊപ്പം കൂട്ടിയതും

        ഇന്ന് വരെ എന്നിൽ നിന്നും ഏതൊന്നും ''കൂട്ടുകുടുംബാംഗങ്ങൾ '' വാങ്ങാറില്ല. എങ്കിൽ പന്തിയിൽ പക്ഷവും കാട്ടാറുമില്ല. അവരിൽ പലരും കമ്പനികളിൽ നിന്നും വരുമ്പോൾ എനിക്ക് എഴുതാൻ ആവശ്യമായ പേപ്പറുകളും മറ്റും സംഘടിപ്പിച്ച് കൊണ്ട് വന്ന് തരും --- കുട്ടത്തിൽ മുന്തിയ മാഗസിനുകളും മറ്റും.  പ്രസിദ്ധമായ ലൈബ്രറിയിലെ കാർഡും അവർ എനിക്ക് തന്നിട്ടുണ്ട്.   ആര് സിനിമക്ക് പോയാലും എനിക്കുള്ള ടിക്കറ്റ് അവർ കരുതകയും ചെയ്യും. റോഡിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് കണ്ടാൽ വീട്ടിലെക്കാണെങ്കിൽ എന്നെയും കൂട്ടുകയും ചെയ്യും. എന്റെ സുഹൃത്ത് യു.എസിൽ  പോകുന്നതിന് മുമ്പ് തന്നെ എല്ലാ പേരോടും എന്നെ ഏല്പിച്ചിട്ടുണ്ടെന്ന് അവൻ പോയ ശേഷമാണ് ഞാൻ അറിയുന്നത് തന്നെ. 

        ഈ വീട് വക രണ്ട് ബൈക്കുണ്ട്.  മുമ്പ് ഞങ്ങളടെ മുൻഗാമികളിൽ ആരോ വാങ്ങിയതാണ്. അവർ പോയപ്പോൾ ബൈക്കുകൾ കൊണ്ട് പോയില്ലെന്ന് മാത്രവുമല്ല ,അതിനെ വീട്ടിന്റെ സ്ഥാപര ജംഗമ വസ്തുക്കളിൽപ്പെടുത്തുകയും ചെയ്തു.( ഇത് പോലെ ഒരു ഫ്രിഡ്ജും ഒരു ടി.വി.യും ഒരു വാഷിംഗ് മെഷ്യനും ആൾറെഡി സ്ഥാപര ജാഗമത്തിലുണ്ട്) ബുക്കും പേപ്പറും കൃത്യമായി ആരെങ്കിലും പുതുക്കുകയും ചെയ്യും. അത് പോലെ കൃത്യമായി സർവ്വീസും നടത്തും .ബൈക്ക് ആരെടുത്താലും എടുക്കുവൻ ഇന്ധനം നിറച്ചിരിക്കണമെന്നുള്ള ഒരേയൊരു കണ്ടീഷൻ മാത്രം. ആ ബൈക്കകളെ എല്ലാ പേർക്കും ഒരേ പോലെ  ഇഷ്ടവുമാണ്. ആ ബൈക്കിൽ എന്ത് കാര്യത്തിന് പോയാലും നല്ല ''എരണ'' മാണെന്നാണ് പൊതുവിൽ എല്ലാപേരും പറയാറ്.

        ഇത്തരം ചിന്തകൾ കുറേശ്ശേ  എന്നിൽ യാഥാർത്ഥ്യബോധമുണ്ടാക്കാൻ മനസ്സിനെ പാകപ്പെടുത്തിയെന്ന് തോന്നുന്നു.  അപ്പോഴെക്കും നല്ല രാത്രിയുമായി-   എന്റെ വീട്ടിലേക്കുള്ള വഴി കണ്ട് പിടിക്കാനുള്ള ചിന്തയായി പിന്നെ .

     (തുടരും)

Share :