Archives / December 2018

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി
ജീവിതാന്ത്യം

ഉൾക്കാഴ്ചയതേല്ക്കും മുന്നെ-
യുള്ളിലിസങ്ങളനവധിയേറീ.
വിശ്വാസമുറയ്ക്കും മുന്നെ-
യാശ്വാസത്തിൻ കരിനിഴലേറ്റെന്നായ്.
നിലയ്ക്കു നില്ക്കും മുന്നെ
നിലതെറ്റുന്നറിയാതെ.
മാനമതെന്തെന്നറിയും മുന്നെ
മനം കലങ്ങീ.
ബലമെന്തെന്നറിയും മുന്നെ
ബാല്യം കടന്നുപോയ്.
കാമമടക്കും മുന്നെ
കൗമാരം കടന്നുപോയ്.
മാനുഷഭാവമതേല്ക്കും മുന്നെ
മാന്യതയെന്നു നടിച്ചു.
മനസ്സിന്നുടമസ്ഥതയേല്ക്കും മുന്നെ
മോഹമതേറിയവകാശത്തിന്നായ്.
സമനിലയെത്തും മുന്നെ
സമ്പാദ്യത്തിനു മുന്നേറി.
ആനന്ദത്തിന്നുറവിടമെത്തും മുന്നെ-
യാരോഗ്യത്തിന്നടിയറവോതി.
കുടുംബമെന്തെന്നറിയും മുന്നെ
കൂട്ടുപിരിഞ്ഞു ദുരന്തമതേറ്റു.
ജന്മമിതെന്തിനെന്നറിയും മുന്നെ
ജീവിതാന്ത്യം കടന്നെത്തി!

Share :