Archives / January 2019

മുല്ലശ്ശേരി
വൃദ്ധൻ.... ചുമലിൽ ഭാണ്ഡം.

നോവൽ ആരംഭിക്കുന്നു.

വൃദ്ധൻ....

ചുമലിൽ ഭാണ്ഡം.
                 
                          മുല്ലശ്ശേരി.

          ആ നഗരത്തിൽ മിക്ക ദിവസവും എന്തെങ്കിലും കലാസാംസ്കാരിക പരിപാടികളുണ്ടാവും. അത്തരമൊരു പരിപാടിയിൽ വെച്ചാണ് ഞാൻ ആ വൃദ്ധനെ കാണുന്നത്. ഏകനാണ് അയാൾ.  ബഹളത്തിൽ നിന്നും ഒറ്റപ്പെട്ട് ആരോടും പകയും വിദ്വേഷവുമില്ലാതെ ഒതുങ്ങി കൂടി അയാൾ നടന്നു് നീങ്ങുന്നു. പ്രത്യേകിച്ച് ആരോടും മമതയും കാണിക്കുന്നത് കണ്ടില്ല.

പുസ്തകമേളയോടൊപ്പം തന്നെ പതിവില്ലാതെ  പഴയ പുസ്തങ്ങളുടെ വലിയൊരു ശേഖരം തന്നെ സംഘാടകർ ഒരുക്കിയിട്ടുണ്ട് . ഏറേ താല്പര്യത്തോടെ അയാൾ അതെല്ലാം നോക്കി നടക്കുന്നത് ശ്രദ്ധിച്ച് കൊണ്ട് തൊട്ട് പുറകിൽ അയാളുടെ നിഴലായി ഞാനുണ്ടായിരുന്നു. പ്രദർശനത്തിൽ ആരും തന്നെ തന്റെ നിഴലിനെ നോക്കാറില്ല. അത് പോലെ താൻ മറ്റാരുെടെ യോ നിഴലായി നീങ്ങുന്നുവെങ്കിലും ആ മറ്റേയാളും ആരെന്ന് ശ്രദ്ധിക്കാറില്ല. നമ്മുടെ മുഴുവൻ ശ്രദ്ധയും പ്രദർശനത്തിലാണല്ലോ.

          പെട്ടെന്നാണ് അവിടെ പ്രദർശിപ്പിച്ചിരുന്നതിൽ നിന്നും  ഒരു പുസ്തകം അയാൾ കൈയിൽ എടുത്തത്.    അയാൾ നിന്നപ്പോൾ നിഴലായ ഞാനും നിന്നു. അതൊരു പാഠപുസ്തകമായിരുന്നു. അക്ഷരമാല മുതൽ എഴുതിയിട്ടുള്ള പഴയൊരു പാഠപുസ്തകം . ആദ്യ അക്ഷരം ''അ'' .അതിൽ അയാൾ ഒരു പ്രത്യേക ഭാവത്തോടെ നോക്കി. ഞാനും നോക്കി. പേജുകൾ മറിച്ചപ്പോൾ ഞാനും മാറി വന്നപേജകളിലേക്ക് നോക്കി. പ്രതീക്ഷിക്കുന്നതെന്തോ കാണാനുള്ള വ്യഗ്രതയോടെ അവസാന പേജുകളിൽ , അപ്പോൾ വീണു കിട്ടിയ പ്രത്യേക   ഊർജ്ജത്തോടെ നോക്കുന്നത് ഞാൻ കണ്ടു.  ആ പേജിൽ - ''വൃദ്ധൻ ..... ചുമലിൽ ഭാണ്ഡം'' .എന്നായിരുന്നു.  

          അയാളുടെ ചിന്തകൾ നിഴലായ എന്നിൽ ആവാഹിച്ചതു പോലെ. ''അ'' -യിൽ തുടങ്ങിയ ചിന്താധാര മാറി, മാറി ''വൃദ്ധ''  നിലെത്തിയത് പോലെ -- അവിടെ നിന്നും ''ഭാണ്ഡ'' - ത്തിലേക്കും. നിശ്ചലനായ ആ മനുഷ്യന്റെ പിന്നിൽ നിശ്ചലനായ  ഞാനെന്ന നിഴലും.

       നിഴലായ എനിക്കു അയാളെ കടന്ന് പോകാനുമാകുന്നില്ല. പക്ഷേ "നിമിഷ" ത്തിന് നിശ്ചലമാകാൻ കഴിയില്ല. അതിന് അതിന്റെ പാതയിലൂടെ നടന്ന് നീങ്ങണം കൃത്യമായി തന്നെ. അപ്പോഴാണ് നിശ്ചലാവസ്ഥയിൽ ചലനമുണ്ടാക്കാൻ നിയോഗിക്കപ്പെട്ടയാൾ വന്നത്-- പാഠപുസ്തകവുമായി നിന്ന അയാളുടെ ചുമലിൽ ചെറുതായി തട്ടികൊണ്ട്  ''നടന്ന് നീങ്ങൂ - പുറകിൽ മറ്റാളൂകളുണ്ട്.'' എന്ന് ഓർമ്മപ്പെടുത്തിയത്.

      പ്രദർശന മേശമേൽ പാഠപുസ്തകം തിരികെ വെച്ച് അയാൾ നീങ്ങിത്തുടങ്ങിയപ്പോൾ ഞാനും നീങ്ങി.

        പ്രദർശന ഹാൾ വിട്ട് പുറത്തിറങ്ങിയപ്പോൾ അയാളിൽ അത് വരെ കാണാത്ത ചിന്താഭാരം കനം തുങ്ങിയത് ഞാൻ ശ്രദ്ധിച്ചു.                                       

          വാഹന കൂലി വീതം വെച്ച് പോകുന്ന വാഹനത്തിൽ അയാളോടൊപ്പം ഞാനും കയറി.

          അയാളിറങ്ങിയ സ്ഥലത്ത് ഞാനുമിറങ്ങി - അല്ലെങ്കിൽ ഞാനിറങ്ങിയ സ്ഥലത്ത് അയാളും.  അയാളുടെ പുറകേ ഞാൻ നടക്കുമ്പോൾ അയാളുടെ നിഴലാകാൻ വിധിക്കപ്പെട്ടവനാണോ ഞാനെന്ന ചിന്ത എന്നിൽ മദിക്കുന്നുണ്ടായിരുന്നു.

        എനിക്കു് പേകേണ്ട വഴിയിലൂടെയുള്ള അയാളുടെ നടത്ത-- അതെന്നെ അത്ഭുതപ്പെടുത്തി. അവിടെ നിന്നും പ്രത്യേക പേരെഴുതിയ ''ലയിനി'' ലേക്കു് അയാൾ തിരിഞ്ഞു. ഞാൻ അമ്പരപ്പോടെ അയാളുടെ പുറകിൽ നടന്നു.ഞാൻ എന്റെ വീടിന് മുമ്പിൽ എത്തിയപ്പോൾ ഗേറ്റ് തുറക്കാതെ ഗേറ്റിൽ പിടിച്ച് നിന്നു. അയാൾ അപ്പോഴും നടത്ത തുടർന്നു. ഞാൻ അയാളെ തന്നെ നോക്കി നിന്നു - വീട്ടിൽ കയറാതെ. എന്റെ കണ്ണിൽ നിന്നും അയാൾ  മറയുമെന്നായപ്പോൾ ഞാൻ വേഗത്തിൽ അയാൾ പോയ വഴിയെ നടന്നു. ആ  ''ലയിൻ'' അവസാനിക്കുന്നിടത്ത് -- അവസാന വീടാണ് അയാളുടേത്.  അവിടെ നിന്ന് ഞാൻ നോക്കി. അയാൾ പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് ഗേറ്റ് തുറന്ന് അകത്ത് കയറി. വീട്ടിലും അയാൾ ഏകനാണോ? 
       
         ഇത്രയും നാൾ ഞാൻ അയാളുടെ അയൽവാസി യായിരുന്നിട്ടും  തമ്മിൽ കണ്ടിട്ടേയില്ലെന്ന എന്ന വ്യഥയായിരുന്നു പിന്നീടനിക്ക്  . ഞാൻ എന്റെ വീട്ടിലേക്കു് തിരികെ നടന്നു.
                 [ തുടരും]

Share :