Archives / December 2018

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി
തലവരാരിവിടെ

 

ആരുണ്ടിവിടെ രക്ഷിതാക്കളായ്,
ആരൊരാളിവിടെ മാർഗ്ഗദർശി?
മോഹങ്ങളെല്ലാം മാന്യതയെന്നായ്,
മഹനീയജീവിതം മറഞ്ഞുപോയ്.
അമ്പിളിയമ്മാവൻ കൈയിലെത്തി-
യമ്പകന്നു കമ്പം പെരുത്താടുമേ.
മക്കൾ ഭരിക്കും,മാധ്യമം കൂട്ടുമായ്.
മുഖ്യമായ് വിജയലഹരിയായ്.
മിത്രങ്ങളായഭിനയമായ്.
മനസ്സിന്നടിമത്തമറിയാതെയായ്.
ഉപദേശമേല്ക്കാതെയാക്രോശമാ-
യൂഷരമായ് മനമറിയാതെയാടി.
ആരും കാണാതെ കണ്ണീരടക്കാ-
മാരും കേൾക്കെ മഹത്ത്വമോതാം.
മാന്യതവിട്ടുകളിയെന്തിനായി,
മക്കളഭിമാനമെന്നോതിനിന്നു.
ധർമ്മം മറഞ്ഞടരാടുന്ന ജന്മങ്ങൾ
ധാരണയിലക്കരെപ്പച്ച മാത്രം.
ധാർഷ്ട്യമായ്,സ്വാശ്രയബോധമില്ലാ
ധൂർത്തുമായ്,സ്വാതന്ത്ര്യലഹരിയായ്.
അനുഭവസത്യങ്ങളേതുമറിയാതെ-
യഭിനയജീവിതമെന്നുമയങ്ങീ.
സത്യമോതുന്നവരകലത്തിലായ്.
സത്തും മനസ്സുമകലത്തിലായ്.
ദർശനം വിട്ടിസമേറ്റിരുളായ്
ദീനതയേറ്റു ജന്തുധർമ്മത്തിലായ്.
മതബോധമന്ധതയായ് മനംകലങ്ങീ.
മത്സരബോധമേറി മാനംമറഞ്ഞു.
തലമുറകൾ തറപറ്റുമെന്നായ്
തലവരാരിവിടെ രക്ഷയേകാൻ?
തലവര തെറ്റിയെന്നന്ധത്വമായ്-
ത്തുലയുമീ മർത്ത്യവർഗ്ഗങ്ങളെന്നോ!

Share :