Archives / December 2018

ഫൈസൽ ബാവ
വാക്കിന്റെ നൃത്തച്ചുവടുകൾ

എഴുത്ത് അത്ര സുഖകരമായ ഒരേർപ്പാടല്ല. വാക്കുകൾ വാരി വിതറിയ ഒരാകാശത്തെ സൃഷ്ടിച്ചു അതിൽ നിന്നും അമ്പരപ്പിക്കും വിധം കഥകൾ കൊത്തിയെടുക്കുന്ന ശിൽപവിദ്യ. ഇത്തരത്തിൽ അമ്പരപ്പിക്കുന്ന കഥകളിലൂടെയാണ് നന്ദകുമാറിന് നടക്കാനിഷ്ടം. വാരിവലിച്ചു എഴുതാതെ എഴുതിയെ തീരൂ എന്ന നിർബന്ധിതാവസ്ഥയിലൂടെ കടന്നുപോകുന്ന സമയങ്ങളിൽ എഴുതിപ്പോയ കഥകൾ. അഗാധഗർത്തത്തിന്റെ വക്കിൽ അവസാനത്തെ വാക്കിന്റെ നൃത്തച്ചുവടുകളിലെത്താൻ എന്ന് എഴുത്തുകാരൻ തന്നെ പറയുന്നു. 

 

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പറയുന്നു. "അമ്പരപ്പിക്കുന്നതും അസാധാരണവും ശക്തവുമാണ് നന്ദകുമാറിന്റെ കഥ പറയൽ. സമകാലീന  കഥയിൽ, അപൂർവ്വമായി മാത്രം ഉയർന്നു കേൾക്കുന്ന ധ്വനികളും പ്രതിധ്വനികളുമാണ് അദ്ദേഹത്തിന്റെ കഥകളിൽ മുഴങ്ങുന്നത്. നന്ദകുമാറിൽ എഴുത്തുകാരനും കഥയും ഒറ്റക്കെട്ടായി ഔട്ട് സൈഡർ-പുറവാസി-ആണ്. മലയാള കഥയുടെയും മലയാളി സ്വഭാവങ്ങളുടെയും എല്ലാ അംഗീകൃത വ്യാപാരങ്ങൾക്കും പുറത്താണ് നന്ദകുമാറിന്റെ കഥ നിലയുറപ്പിക്കുന്നത്. പാരമ്പര്യത്തിന് മാത്രമല്ല. അംഗീകൃത ആധുനിതയ്ക്കും അപ്പുറത്താണ് നന്ദകുമാറിന്റെ എഴുത്ത്" നന്ദകുമാറിന്റെ കഥകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്നു ബോധ്യപ്പെടും. 

'വായില്യാക്കുന്നിലപ്പൻ'  എന്ന കഥയിൽ വരരുചിയുടെ ഐതിഹ്യത്തിലൂടെ പുതിയ കാലത്തിന്റെ ജാതീയതയെ കൃത്യമായി തുറന്നുകാട്ടുന്നു. "നൂറ്റാണ്ടുകൾക്കു മുമ്പ് ഉജ്ജയിനിയിൽ അരങ്ങേറിയ പാപത്തിന്റെ നീക്കിയിരുപ്പാണ്. സാലഭഞ്ജികകളുടെ വജ്രമൂർച്ചയുള്ള കരിങ്കൽ മുലക്കണ്ണുകളിലൂറുന്ന ഐതിഹ്യത്തിന്റെ കയ്പാണ്. വരരുചി എന്ന ശ്രേഷ്ഠ ബ്രാഹ്മണൻ ശൂദ്രർക്കു വിളമ്പിയ വിഷം ചേർന്ന പാൽപ്പായസം തലമുറകളിലൂടെ പകർച്ച കിട്ടിയതാണ്. കുടിച്ചേ തീരൂ. ആര്?" വരരുചിയുടെ കാലത്തെ ഈ കാലത്തോട് ചേർത്തുവെച്ചുകൊണ്ട് പുതിയ കാലത്തിന്റെ പ്രതിനിധിയായ അച്യുതൻ കുട്ടിയിലൂടെ അമ്പരപ്പിക്കുന്ന രീതിയിൽ കഥ പറയുന്നു. പല്ലി വീണ പായസം ശൂദ്രന് വിളമ്പാൻ അർത്ഥശാസ്ത്രത്തിൽ  അനുമതിയുണ്ട് എന്ന് വരരുചി പറയുന്നു. ഇന്നും ഈ വിധിയുടെ നിറവിൽ തന്നെയാണ് നമ്മൾ . ഐതിഹ്യത്തിന്റെ മാദക ഗന്ധമുള്ള ഓലക്കെട്ടുകൾ അച്യുതൻ കുട്ടി മറിക്കുന്നത് വരരുചിയുടെ കാലത്തെയല്ല ഇന്നിനെയാണ് സൂചിപ്പിക്കുന്നത്. 

കാനിബ്‌ൽ എന്നാൽ മനുഷ്യമാംസം ഭക്ഷിക്കുന്നവർ അല്ലെങ്കിൽ ഇഷ്ടഭോജ്യം ആയവർ എന്നർത്ഥം. പ്രശസ്ത നരവംശ ശസ്തജ്ഞൻ ആയ  ജെയിംസ് ഫ്രേസറുടെ the golden bough എന്ന പുസ്തകത്തിൽ  പറയുന്നു പല ആദിമ സമൂഹങ്ങളിലും മനുഷ്യ ശിരസ്സിനെ ഒരു വിശുദ്ധ വസ്തുയായിട്ടാണ് കരുതിയിരുന്നത് എന്ന്.  *കാനിബ്‌ൽ* എന്ന കഥയിൽ പ്രത്യക്ഷത്തിലല്ലാതെ എന്നാൽ ഈ അവസ്ഥയാണ് പശ്ചാത്തലം. ഉന്നത തസ്തികയിൽ ജോലി ചെയ്തിരുന്ന ചെറിയാന്റെ ഉള്ളിൽ കിളിർക്കുന്ന മോഹം ഭാര്യയെ കടിക്കുന്നതിലൂടെ പുറംലോകം അറിയുന്നു. ഭാര്യ അന്നാ ചെറിയാൻ വിവാഹ മോചനത്തിന് കേസ് കൊടുത്തതിലൂടെ വാർത്തകളിൽ ചെറിയാൻ ഒരു ചർച്ചയാകുന്നു. "ചെറിയാനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരിക്കൽ ധിക്കാരിയും കവിയും വിപ്ലവകാരിയുമായിരുന്ന ആരും പർച്ചേസ് മാനേജരുടെ തസ്തികയിലിരുന്ന്, തേളിനെക്കുറിച്ച് കവിതയെഴുതിയാൽ ഭാര്യയെ ഭക്ഷിച്ചുപോകും" കഥ ഇങ്ങനെയാണ് അവസാനിക്കുന്നത്. 

*ശൂന്യാസനം* എന്ന കഥ തൂങ്ങി മരിച്ചവന്റെ പ്രാണന് മേൽഗതിയുണ്ടാകുമോ? എന്ന ചോദ്യത്തോടെയാണ്‌ തുടങ്ങുന്നത്. സാമൂഹ്യ പ്രസക്തിയുള്ള ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്ന കഥയാണിത്. 

"ഉച്ചരിച്ച വാക്കുകൾ ഞാൻ തള്ളിപ്പറയുന്നു. അവ പ്രസക്തമല്ല" *എക്സിമോ* എന്ന കഥയിൽ പറയുന്നതാണിത്. സമകാലിക മലയാള  കഥകളോടുള്ള ഒരു പ്രസ്താവനയാണിത് വേറിട്ട ഒരു വഴി സ്വയം വെട്ടിതെളിച്ചു അതിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് എം നന്ദകുമാർ. *വാർത്താളി: സൈബർ സ്പേസിൽ ഒരു പ്രണയ നാടകം* എന്ന കഥയെ ആധാരമാക്കിയാണ് വിപിൻ വിജയ് ചിത്രസൂത്രം എന്ന സിനിമ  എടുത്തിട്ടുള്ളത്. 

സര്ഗാത്മക രോഗസിദ്ധാന്തം, 'അ' എന്ന ശ്മശാനത്തിലെ നാരകം, ലക്ഷ്മണരേഖ, ചൊവ്വ, ബുഭുക്ഷമതം: ഉല്പത്തിയും വളർച്ചയും, കൊളോണിയൽ കാമശാസ്ത്രത്തിൽ നിൻ രണ്ട് രീതികൾ, പരപ്പനങ്ങാടി, കടക്കടകത്തിലെ ശിൽപം, മറ, സമയം എന്നിങ്ങനെ അമ്പരപ്പിക്കുന്ന കഥകൾ. 

 

Share :

Photo Galleries