Archives / December 2018

ഫൈസൽ ബാവ 
വെന്തമനസുകളുടെ അന്വേഷണങ്ങൾ 

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ്  പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട്  ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങൾ യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അമേരിക്കക്കായി. അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു. അതിലെ ഒരു ശബ്ദം   തുർക്കിയിൽ നിന്നുള്ള സിനിമാ  സംവിധായകന്  ആതിൽ ഇനാഖന്റെതായിരുന്നു. അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് ആതിൽ ഇനാഖിന്റെ "എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ്" എന്ന ചിത്രം.  

 

വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.  ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന  ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും  തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. 

ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു,  കുട്ടികളെയും  സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു.  അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് 'എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ' എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ  തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. 

 

പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ  സഹോദരനുണ്ടെന്നു  അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത് 

ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടന്നും  യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയിൽ  നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെ പിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്. 

 

അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ  ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സൈന്യത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.  

2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008), Ortak-Partner (2011), DaireCircle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ

Share :

Photo Galleries