Archives / December 2018

ലതാ ശ്രീ
കാഴ്ചപ്പാടിന്റെ കണ്ണാടി

ഈ വാടക വീട്ടിലിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ
കുറച്ചകലെയായി ഒരു മല കാണാം. മലക്കു മുകളിൽ വളരെ പഴക്കം
ചെന്ന ഒരു കെട്ടിടവും. അവിടേക്ക് കയറിപ്പോകുവാൻ ആരോ
എപ്പോഴോ പണിത പടവുകൾ ആകെ കാടു പിടിച്ച് കിടക്കുന്നു. ആ
വഴി ആരും ഇതുവരെ കയറിപ്പോകുന്നതായി കണ്ടിട്ടേ ഇല്ല. വല്ലപ്പോഴും
പുല്ലുവെട്ടാനോ മാടിനെ മേയ്ക്കാനോ വരുന്നവർ മാത്രമെ ആ
പരിസരത്തു പോലും എത്താറുള്ളു. വെറുതെ നോക്കിയിരിക്കുമ്പോൾ ആ
വഴി എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നതു പോലെ. ഇവിടം വിട്ടു
പോകുന്നതിന് മുൻപു് ഒരിക്കലെങ്കിലും ആ മല ഒന്നു കയറണമെന്ന
അതിമോഹം എന്നിൽ വളർന്നു കൊണ്ടിരുന്നു.
ഈ മലയടിവാരത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ പതിവുപോലെ
ഏട്ടൻ തന്നെയാണ് എനിക്ക് താമസസ്ഥലം കണ്ടു പിടിച്ചത് . നല്ല
ഹോസ്റ്റലുകൾ ഇല്ലാത്തതു കൊണ്ട് വാടക വീട് തന്നെ നോക്കേണ്ടി വന്നു.
താഴത്തെ നിലയിൽ വൃദ്ധ ദമ്പതികൾ . അവരുടെ വീടിനുള്ളിൽകൂടി
വേണം മുകളിലത്തെ നിലയിലെ എന്റെ താമസ സ്ഥലത്തേക്ക് പോകാൻ.
ഏട്ടൻ ഒരു പക്ഷെ എന്റെ സുരക്ഷിതത്വം ആണന്നു തോന്നുന്നു കൂടുതൽ
ശ്രദ്ധിച്ചത് .അങ്ങിനെ ഞാൻ ആനന്ദി മാമിയുടെയും ഗണപതി
മാമന്റെയും വാടകക്കാരി ആയി. അവർ ഒരു സാധു സ്ത്രീയാണ്.
അയാളുടെ തീരെ മയമില്ലാത്ത വർത്തമാനവും പെരുമാറ്റവും
സഹിക്കുന്നതൊഴിച്ചാൽ എന്റെ അവിടത്തെ ജീവിതം വളരെ
ശാന്തമായിരുന്നു. മുകളിലത്തെ നിലയിലെ തടികൊണ്ടുള്ള നിലത്തു ഒന്ന്
ആഞ്ഞു നടന്നാൽ, അറിയാതെങ്ങാനും ഒരു കസേര വലിച്ചു മാറ്റിയാൽ,
വെള്ളം അല്പം അധികം ഉപയോഗിച്ചാൽ ഉടൻ അയാൾ കോണി കയറി
പ്രത്യക്ഷപ്പെടും. വല്ലാത്ത കാർക്കശ്യം നിറഞ്ഞ അയാളുടെ വാക്കുകളും
പെരുമാറ്റവും ചിലപ്പോഴെങ്കിലും എന്നിൽ ഒരു തരം മടുപ്പ്
ഉളവാക്കിയിരുന്നു. മാമിക്കൊപ്പം കൂടുതൽ നേരം സംസാരിച്ചിരുന്നാലും
ഇഷ്ടമില്ലായ്മ അയാൾ പ്രത്യക്ഷമായി തന്നെ പ്രകടമാക്കും. ആ പാവം
സ്ത്രയെ കൂടി വിഷമിപ്പിക്കണ്ട എന്നു കരുതി ഞാൻ തിരിച്ചുപോരും.
ഏറെ നേരം തനിയെ ഇരിക്കുമ്പോൾ വീടും മോനും ഏട്ടനും എല്ലാം
ചിന്തകളിൽ നിറയും . പിന്നെ എല്ലാം മറന്ന് മാമിയെ തേടി പോകും.
വേറെ ആരും ഒന്നു മിണ്ടാൻ പോലുമില്ല എന്നതുകൊണ്ടുതന്നെ
വാരാവസാനം രണ്ടു ദിവസത്തെ അവധി ഒരു ബാദ്ധ്യത പോലെ തോന്നി
തുടങ്ങിയിരുന്നു.
എനിക്കൊപ്പം അതേ ബാച്ചിൽ തന്നെ ജോലിയിൽ പ്രവേശിച്ച
ശേഖറായിരുന്നു ജോലി സ്ഥലത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.

ഈ മലഞ്ചരുവിലെ പ്രോജക്ടിലേക്ക് മാറ്റമായപ്പോഴുള്ള ഏക
ആശ്രയവും.മല കയറാനുള്ള ആഗ്രഹം കലശ മായപ്പോൾ ഒരു ദിവസം
ഞാൻ ശേഖറിനോടു് അഭ്യർത്ഥിച്ചു
" ഇവിടെ നിന്നും പോകുന്നതിനു മുൻപു് ഒരു പ്രാവശ്യം എനിക്കാ
മലമുകൾ വരെ പോകണം എന്നുണ്ട്. തനിയെ പോകാൻ പറ്റിയ ഇടം
അല്ലന്ന് തോന്നുന്നു. നീ കൂടുന്നോ "
"തുണയായി വന്ന് നിന്നെ രക്ഷിച്ചോളാംന്ന് എനിക്ക് ഒരുറപ്പും
തരാനാവില്ല. നിന്റെ ഭ്രാന്തൻ സ്വപ്നം ഉപേക്ഷിച്ചേക്ക്. അതാണ്
എനിക്കും നിനക്കും നല്ലത് "
ആലങ്കാരിക ഭാഷ തീർത്തും വശമില്ലാത്ത അവന്റെ മറുപടി കേട്ട്
അങ്ങനെ ഞാനാ സ്വപ്നം അപ്പോൾ തന്നെ കുഴിച്ചുമൂടി.
വൈകന്നേരം ജോലി കഴിഞ്ഞു വന്നാൽ ഒരു കപ്പു ചായയുമായി
മേശക്കരികിലിരുന്ന് ജനലിലൂടെ കാടും മലകളും നോക്കി ഇരിക്കാറുണ്ട്.
ഒരു ദിവസം ജനലു തുറന്ന് പുറത്തേക്കു നോക്കിയ എനിക്ക് എന്റെ
കണ്ണുകളെ വിശ്വസിക്കാനായില്ല. മലമുകളിലേക്കുള്ള പടവുകൾ എല്ലാം
ആരോ വെട്ടിതെളിച്ച് വൃത്തിയാക്കി ഇട്ടിരിക്കുന്നു. കല്ലുകൊണ്ടു തീർത്ത
പടവുകളും കുറേ പടവുകൾ കയറിക്കഴിഞ്ഞുള്ള നിരപ്പായ സ്ഥലവും
അവിടെ ഓരത്തായി വിശ്രമിക്കാൻ പാകത്തിന് കല്ലിൽ തീർത്ത
ബഞ്ചുകളും എല്ലാം ഇപ്പോൾ വളരെ വ്യക്തമായി കാണാം. അവിടെ
എന്തോ വിശേഷം നടക്കാൻ പോകുന്നതു പോലെ തോന്നി. ചായ പകുതി
കുടിച്ചു വച്ച് ഞാൻ ആനന്ദി മാമിക്കരികിലേക്ക് ഓടിപ്പോയി.
അവർ പറഞ്ഞു "മലമുകളിലെ ദൈവത്തിന് വർഷത്തിലൊരിക്കൽ
പൂജയുണ്ടന്ന് കേട്ടിട്ടുണ്ട്. ആചാരങ്ങൾ ഒക്കെ വ്യത്യസ്ഥമാണ് . മദ്യവും
മാംസവുമാണ് നേദ്യം. ഈ നാട്ടുകാരൊന്നും പോകാറില്ല. ഏതൊക്കെയോ
ദേശത്തു നിന്നു വരുന്നവരാണ് പൂജ നടത്തുന്നത്. "
എന്റെ ആകാംഷ കണ്ടിട്ടാവും അവർ കൂട്ടിച്ചേർത്തു.
"പൂജകളൊക്കെ ഒരു ദിവസം കൊണ്ട് കഴിഞ്ഞാലും പിന്നെ രണ്ടു
നാളേക്ക് കച്ചവടക്കാരുണ്ടാകും. സാമാന്യം തിരക്കും. ഇവടത്തുകാരൊക്കെ
കല്ലിലും മരത്തിലും തീർത്ത സാധനങ്ങൾ വാങ്ങുവാനായി പലപ്പോഴും
പോകുന്നത് കണ്ടിട്ടുണ്ട്. "
എനിക്കാശ്വാസമായി. " അതു തന്നെ ധാരാളം. ഞാനൊന്നു ശ്രമിക്കട്ടെ മല
കയറാനുള്ള എന്റെ മോഹം നടക്കുമോ എന്ന് " എന്നു പറഞ്ഞ് ഞാൻ
എന്റെ മുറിയിലേക്ക് തിരികെ പോന്നു.
വീണ്ടും അതേ ആവശ്യം കേട്ടിട്ട് ശേഖർ അശേഷം താത്പര്യം ഇല്ലാത്ത
ഒരു മുഖഭാവത്തിലിരുന്നു. പിന്നെ കൈയൊഴിഞ്ഞു.

" പുതുതായി നിന്റെ സെക് ഷനിൽ ജോലിയിൽ ചേർന്ന കുട്ടിയില്ലെ
'അന്നക്കിളി' അവളിവിടത്തുകാരിയാണ് . ചോദിച്ചു നോക്ക് ഒരു പക്ഷെ
നിന്നെ സഹായിച്ചേക്കാം."
അങ്ങനെ അന്നക്കിളിയും ഞാനും അവളുടെ കുറെ പരിചയക്കാർക്കൊപ്പം
ഉത്സവത്തിന്റെ അടുത്ത ദിവസം മലകയറാൻ പോയി. ഉത്സവദിവസത്തെ
ആളോ ആരവമോ ഒന്നും ഉണ്ടായിരുന്നില്ല അന്നു്. ഉച്ചത്തിൽ ബഹളം
വെച്ച് ചിരിച്ചു കളിച്ച് അവരിലൊരാളായി ഞാനും മല കയറി.
മുല്ലപ്പൂവും കുപ്പിവളയും പട്ടുധാവണിയും കൊണ്ട് വർണശബളിമയാർന്ന
അന്നക്കിളിക്കും കൂട്ടർക്കും ഇടയിൽ നിറം മങ്ങിയ വസ്ത്രം പോലെ
ഞാൻ ഒളിഞ്ഞു നടന്നു. മലമുകളിലെ തുറസ്സായ സ്ഥലത്ത് ഉരൽ മുതൽ
മരത്തിൽ തീർത്ത പാത്രങ്ങൾ വരെ ധാരാളം നിത്യോപയോഗ സാധനങ്ങൾ
വില്പനക്ക് നിരന്നിരുന്നു. മല കയറി വന്ന ക്ഷീണം അശേഷമില്ലാതെ
പാറിപറന്നു നടന്ന് വിലപേശി ഓരോന്നും വാങ്ങുന്ന തമിഴ്
പെൺകൊടികളുടെ ഉത്സാഹം എന്നിൽ കൗതുകം സൃഷ്ടിച്ചു. എന്തെങ്കിലും
വാങ്ങണമല്ലോ എന്നു കരുതി ഞാനും മരത്തിൽ തീർത്ത ചില
കളിപ്പാട്ടങ്ങളും കൊമ്പു കൊണ്ടുണ്ടാക്കിയ ചില കൗതുകവസ്തുക്കളും
വാങ്ങി. വെയിലാറിയതും ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. എവിടെ
നിന്നോ വരുന്നവർക്ക് ഒരു ദിവസം കൊണ്ടു് ഒരാണ്ടേക്ക് അനുഗ്രഹം
ചൊരിഞ്ഞ് വാണരുളുന്ന ദേവിക്ക് മനസ്സാലെ നമസ്കാരം നടത്തി ഞാനും
പിടയിറങ്ങാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അല്പം ദൂരെ
പാലമരച്ചോട്ടിലിരുന്ന് ഒരാൾ എന്തോ വിൽക്കുന്നു. ഇതുവരെ ആരും
അയാളെ സമീപിക്കുന്നത് കണ്ടതേയില്ല. അയാൾ എന്താവും
വിൽക്കുന്നതെന്നറിയാനൊരു കൗതുകം തോന്നി.
" അന്നക്കിളീ .. ഒന്നു നില്ക്കണേ.. ഇപ്പോൾ വരാം" എന്നു പറഞ്ഞിട്ട്
ഞാനയാളുടെ അടുത്തേക്ക് പോയി. കണ്ണാടിയാണ് അയാൾ വിൽക്കുന്നത്.
മുഖം നോക്കുന്ന കണ്ണാടി. ആറന്മുളക്കണ്ണാടി പോലെ തോന്നി കണ്ടിട്ട്.
ഒരെണ്ണം എടുത്തു ഞാൻ മുഖം നോക്കി. ഒന്നും കാണുന്നില്ല. "
ഇതിലൊന്നും കാണുന്നില്ലല്ലോ." ഞാനതു തിരിച്ച് കൊടുക്കാൻ
തുടങ്ങുമ്പോൾ അയാൾ പറഞ്ഞു " ഇത് കാഴ്ചയുടെ അല്ല
കാഴ്ചപ്പാടിന്റെ കണ്ണാടിയാണ്. നിങ്ങളോട് അവസാനമായി സംസാരിച്ച
ആൾക്ക് നിങ്ങളെ പറ്റി എന്താണോ ഉള്ളിലിരുപ്പു് അതാണ് ഇതിൽ
തെളിയുക. എനിക്ക് നിങ്ങളെ പറ്റി പ്രത്യേകിച്ച് ധാരണ ഒന്നും
ഇല്ലാത്തതു കൊണ്ടാണ് അതിലൊന്നും തെളിയാത്തത്."
കുറച്ചു നേരം ഞാനയാളെ തന്നെ നോക്കി നിന്നു. പിന്നെ അയാൾ
പറഞ്ഞ പണം കൊടുത്ത് ആ കണ്ണാടി വാങ്ങി. ചരടുവലിച്ച് മുറുക്കി
കെട്ടിവെക്കുന്ന ഒരു തുണി സഞ്ചിയിലാക്കി അയാളതെനിക്കു തന്നു.

തിരികെ വീടെത്തുമ്പോൾ ഞാൻ ദൂരെ നിന്നു തന്നെ കണ്ടു എന്റെ
വീട്ടുമുതലാളി ആകെ കലി തുള്ളി വരാന്തയിലൂടെ ഉലാത്തുന്നത്. അയാൾ
എന്തെങ്കിലും എന്നോട് പറയുന്നതിനു മുൻപെ ഞാൻ വേഗം ഓടികോണി
കയറി എന്റെ മുറിയിലേക്ക് പോയി. പക്ഷെ അയാളുടെ ആക്രോശം
ചുവരുകളെല്ലാം ഭേദിച്ച് എന്റെ കാതിൽ വന്ന് അലക്കാൻ തുടങ്ങി.
എന്നെ പോകാൻ പ്രേരിപ്പിച്ചതിന് മാമിക്കാണ് ശകാരം. പല പ്രാവശ്യം ‘
അശ്രീകരം ‘ എന്ന് അയാൾ അവരെ വിളിക്കുന്നത് എനിക്ക് വളരെ
വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. സ്വസ്ഥത നഷ്ടപ്പെട്ട് ഞാൻ അയാളെ
നേരിടാനുറച്ച്
താഴേക്ക് ഇറങ്ങി ചെന്നു.
"മാമി അതേപ്പറ്റി പറഞ്ഞു തന്നില്ലെങ്കിൽ വേറെ ആരോടെങ്കിലും
ചോദിച്ചിട്ട് ഞാൻ പോകുമായിരുന്നു. നിങ്ങൾ എന്തിനാണ് വെറുതെ
അവരോടു കയർക്കുന്നത്?"
" നീ ആരേ വേണാ കേട്ടു പോ മാ.. ആനാൽ ഇവ സൊന്നതു താൻ
തപ്പു്. ഇവളെന്തിനു പറയണം. ഇന്നു വരെ ഇവൾ ഈ വാതുറന്ന്
ആർക്കും നല്ലതൊന്നും വരുത്തിയിട്ടില്ല…... "
ഒരക്ഷരം എന്നെ പറയാൻ വിടാതെ അയാൾ തുടർന്നു കൊണ്ടേയിരുന്നു.
സഹികെട്ട് ഞാൻ തിരിച്ച് എന്റെ മുറിയിലേക്കു തന്നെ പോന്നു.
അപ്പോഴാണ് എനിക്ക് തോന്നിയത് കണ്ണാടി ഒന്നു നോക്കിയാലൊന്ന്.
അയാളിതെന്തു ഭാവിച്ചാണ് എന്നോടിങ്ങനെ പെരുമാറുന്നത്? അയാൾക്ക്
ഒട്ടും താത്പര്യമില്ലാതെയാണോ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ?
കണ്ണാടി നോക്കിയ ഞാൻ അതു നോക്കിത്തന്നെ അങ്ങനെയിരുന്നു പോയി.
ആർക്കും കണ്ടാൽ വാത്സല്യം തോന്നുന്ന നിഷ്കളങ്കമായ എന്റെ മുഖം
കണ്ടിട്ട് അതിൽ നിന്ന് കണ്ണെടുക്കാനാകാതെ ഞാൻ സ്വയം മറന്നിരുന്നു.
ഒരു മനുഷ്യന്റെ അകവും പുറവും തമ്മിൽ ഇത്ര അന്തരമോ?
ഞാനൊരിക്കൽ പോലും അയാളോടു് സുഖമാണോ എന്നുപോലും
ചോദിച്ചിട്ടില്ല. മാമിയോട് വളരെ അടുപ്പം കാണിക്കുമ്പോഴും അയാളെ
തീർത്തും അവഗണിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് താഴത്തെ ബഹളങ്ങൾ
എല്ലാം നിലച്ച ശേഷം ഞാൻ പതിയെ അവിടേക്കു പോയി. അയാൾ
ചാരുകസേരയിൽ കിടക്കുന്നുണ്ടായിരുന്നു ആകെ തളർന്ന പോലെ.
അധികം മുഖവുരയൊന്നുമില്ലാതെ ഞാൻ പറഞ്ഞു
''അപ്പാ.. നാൻ സെയ്തത് തപ്പെന്നാ മന്നിക്കണം"
അയാളെന്നെ ഞെട്ടി തിരിഞ്ഞു നോക്കി. അപ്പാ എന്ന വിളി തീരെ
പ്രതീക്ഷിക്കാതെ കേട്ടപ്പോഴുള്ള ആ മുഖത്തെ അപ്പോഴത്തെ ഭാവം
വിവരണാതീതമായിരുന്നു.
" അവിടെ പോയത് നിങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലന്നു് മനസ്സിലായി. പക്ഷെ
എന്തുകൊണ്ടാണന്നു അറിഞ്ഞാൽ കൊള്ളാമന്നുണ്ട്. "

അയാൾ സാവകാശം പറഞ്ഞു "അത് ..,നിന്നെപ്പോലെ മനസ്സു
ശുദ്ധമായവർക്ക് പറ്റിയതല്ല അവിടം . നിനക്ക് എന്തെങ്കിലും
ബാധിക്കുമോ എന്നു് എനിക്ക് ഭയമായിരുന്നു "
" എനിക്കപ്പടി ഒന്നും ആകാതപ്പാ " എന്റെ വാക്കിലെ ദൃഢത
അയാൾക്ക് ആശ്വാസം പകർന്നതു പോലെ തോന്നി. പിന്നങ്ങോട്ട് ഞങ്ങൾ
ശരിക്കും അപ്പാവും മകളും തന്നെ ആയിരുന്നു.
ഒരു ദിവസം ജോലി സ്ഥലത്തേക്ക് കണ്ണാടി ബാഗിലൊളിപ്പിച്ച് ഞാൻ
കൊണ്ടുപോയി. ആദ്യ പരീക്ഷണം ശേഖറിനെ തന്നെ ആയിരുന്നു.
അവനെന്റെ ക്യാബിനിൽ വന്ന് സംസാരിച്ചു പോയ ശേഷം ആരും
കാണാതെ ഞാൻ കണ്ണാടി നോക്കി. ഒരു കൊടുങ്കാറ്റുപോലെ അവന്റെ
ക്യാബിനിലേക്ക് കയറി " നീ എന്താ എന്നെപ്പറ്റി ധരിച്ചു വച്ചിരിക്കുന്നത്
" എന്ന് ചോദിക്കണം എന്ന് തോന്നി . എന്റെ കണ്ണാടിയിലെ രുപം ഒരു
ബുദ്ധിമാന്ദ്യം വന്ന കുട്ടിയെപ്പോലെ. ആദ്യം തോന്നിയ ആവേശം
അല്പമൊന്നു തണുത്തപ്പോൾ ഏതായാലും മനസ്സിലിരുപ്പു്
മനസ്സിലായല്ലൊ ഇനി കാണിച്ചു തരാം എന്നു മനസ്സിൽ പറഞ്ഞ്
ഇരുന്നിടത്തു തന്നെ ഇരുന്നു.
മലകയറാൻ പോയതിൽ പിന്നെ അന്നക്കിളിയുമായി വളരെ അടുപ്പമാണ്.
ആ കുട്ടി പക്ഷെ എല്ലാ ദിവസവും താമസിച്ചാണ് ജോലിക്ക് എത്തുന്നത്.
താമസിച്ചു വരുന്നതു കൊണ്ട് എന്റെ മുന്നിൽ വന്ന് ഒപ്പിടേണ്ടി വരും.
ഓരോ ദിവസവും ഓരോ കാരണങ്ങൾ ഉണ്ടാവും താമസിച്ചതിന്. ഒരു
ദിവസം ഒപ്പിട്ടു കഴിഞ്ഞതും എനിക്കു മുന്നിൽ കിടന്ന ഒരു കസേരയിൽ
ഇരിക്കാൻ അവളോടു പറഞ്ഞു.
" എനിക്കറിയാം ഇതൊന്നുമല്ലാത്ത ഏതോ ഒരു കാരണമുണ്ട് അന്നക്കിളി
ദിവസവും താമസിച്ചെത്തുന്നതിന്. ഒരു സഹോദരിയായി എന്നെ
കരുതാനാവുമെങ്കിൽ പറയൂ എന്താണ് നിന്റെ യഥാർത്ഥ പ്രശ്നം. "
ആ കുട്ടി കുറച്ചു നേരം എന്റെ മുന്നിലെ കസേരയിൽ ഇരുന്നിട്ട് ഒന്നും
മിണ്ടാതെ എഴുനേറ്റു പോയി. അന്നു വൈകുന്നേരം ഒരു വിധം
എല്ലാവരും പോയിക്കഴിഞ്ഞ് ഞാൻ ഇറങ്ങാൻ തയ്യാറാകുമ്പോൾ അവൾ
വന്നു,. പറയാതെ തന്നെ എന്റെ മുന്നിലെ കസേരയിൽ ഇരുന്നു. പിന്നെ
മടിച്ചു മടിച്ചു ചില കാര്യങ്ങൾ പറഞ്ഞു.
അവൾടെ വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെ പീഡനം സഹിക്കവയ്യാതെ
ഒരു ദിവസം വീട്ടിലേക്ക് ഓടിപ്പോരുന്നു. പിന്നെ കഷ്ടപ്പെട്ട് പഠിച്ച്
സമ്പാദിച്ചതാണ് ഈ ജോലി. ഇപ്പോൾ അമ്മക്കും അച്ഛനും സഹോദരന്റെ
കുടുംബത്തിനുമൊപ്പം സുഖമായി ജീവിക്കുന്നു.കുടുംബത്തിനു മുഴുവൻ
അവൾ തന്നെയാണ് ആശ്രയം. ഇപ്പോൾ കുറച്ചു നാളായി ഭർത്താവു്
അവളെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു. വരുന്ന വഴിയിയിൽ
കാത്തു നിന്നിട്ടും ബസ്സിൽ ഒപ്പം യാത്ര ചെയ്തിട്ടും ഒക്കെ. സമയം

മാറ്റിയും വഴി മാറ്റിയും അയാളെ കാണാതെ വരാൻ ശ്രമിക്കുന്നതു
കൊണ്ടാണ് എന്നും താമസിച്ചെത്തുന്നത്.
" ഇതുവരേക്കും പിടികൊടുക്കാതെ ഞാൻ രക്ഷപെട്ടു. എനിക്ക്
അവരോടു് എതിർപ്പൊന്നും ഇല്ല. പക്ഷെ അവിടേക്ക് ഇനി ഈ ജന്മം
ഇല്ല ".
അയാളോടു് എതിർപ്പില്ല എന്നു പറയുമ്പോൾ എതിർപ്പില്ലന്നല്ല
അയാളോടുള്ള ഇഷ്ടം എവിടെയൊക്കെയോ മിന്നിമറഞ്ഞു.
അവൾ തുടർന്നു പറഞ്ഞു " ജോലിയുള്ളതു കൊണ്ടു് വീട്ടുകാരെല്ലാവരും
കൂടി പറഞ്ഞു വിട്ടതാവും. ശരിക്കും എന്നോടുള്ള സ്നേഹം
കൊണ്ടാണോ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണോ വന്നിരിക്കുന്നത്
എന്നറിയാതെ എനിക്ക് മിണ്ടാനും അടുക്കാനും താത്പര്യം ഇല്ല. ഇപ്പോൾ
ഒരു പാടു നാളത്തെ സഹനത്തിനു ശേഷം ഞാൻ സന്തോഷവതിയാണു്.
എനിക്കിങ്ങനെ തന്നെ ജീവിച്ചാൽ മതി."
പാവം . അനന്ന വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയിലാണവൾ.
പെട്ടന്നാണ് എനിക്കൊരു ഉപായം തോന്നിയത്.
" അന്നക്കിളീ … , ഞാൻ നിനക്കൊരു കണ്ണാടി തരാം . നാളെ നിന്റെ
കണവൻ സംസാരിക്കാൻ വരുമ്പോൾ നീ തടയണ്ട . അവർ
പോയിക്കഴിഞ്ഞ ഉടനെ കണ്ണാടി എടുത്ത് മുഖം നോക്കിയാൽ എന്താണ്
അവർ മനസ്സിൽ നിന്നെ പറ്റി നിനച്ചരിക്കുന്നത് എന്നറിയാം."
ഞാൻ കണ്ണാടി എടുത്ത് അവൾക്ക് കൊടുത്തു. അവൾ അതു വളരെ
ഭദ്രമായി ബാഗിൽ വെച്ചിട്ടു് എന്നെ നോക്കി.
" ജീവിതം ഒന്നല്ലേ ഉള്ളു . അച്ഛനും അമ്മയും എന്നും ഉണ്ടാകണം
എന്നില്ലല്ലോ. നാളെ ഒരു കാലത്ത് നിരാശപ്പെടണ്ട. ഒരു പക്ഷെ ഇതു
നിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കാം. നല്ലതു നടക്കട്ടെ "
ഞാൻ അവളെ നോക്കി പറഞ്ഞു.
അടുത്ത ദിവസം അന്നക്കിളി പതിവിലും വൈകി വരാൻ. വന്നതും
എല്ലാം മറന്നു് ഓടി വന്നു " അക്കാ… , ഞാനവരെ ഇന്നു കണ്ടു
സംസാരിച്ചു. അതു കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നെ
കണ്ടിട്ട് മഹാലക്ഷ്മി മാതിരിയുണ്ടായിരുന്നു. ഞാൻ പിന്നെ തിരിച്ച്
പോയി അവരെ കണ്ടു. അവർ എനിക്കൊപ്പം എന്റെ വീട്ടിൽ തന്നെ
താമസിക്കാൻ തയ്യാറാണ്. അക്കാ.. കോടിപ്പുണ്യം കിട്ടും . നിങ്ങൾ
ശരിക്കും എന്റെ സഹോദരി തന്നെ. "
അവളുടെ മുഖത്തിന് ഉദയ സൂര്യന്റെ പ്രഭയായിരുന്നു. അക്കാ എന്ന
വിളിയും വാക്കിലെ ആത്മാർത്ഥതയും എന്റെ മനസ്സിലെ വിടെയോ
മഞ്ഞു പെയ്യിച്ചു.
എന്റെ സെക്ഷനിൽ തന്നെ രേവതി എന്നു പേരുള്ള ഒരു കുട്ടിയുണ്ട്.
ആരോടും മിണ്ടാതെ എല്ലാറ്റിനോടും, എല്ലാവരോടും, ഈ ലോകത്തോടു

തന്നെ വെറുപ്പാണ് എന്നു വിളിച്ചു പറയുന്ന മുഖഭാവത്തോടു കൂടി
നടക്കുന്ന ഒരു കുട്ടി. സംസാരത്തിലൊ പെരുമാറ്റത്തിലൊ അല്പം
പോലും മയമില്ല. ഒരു ദിവസം എന്റെ ക്യാബിനിലേക്ക് കടന്നു വന്ന്
അധികം വളച്ചു കെട്ടൊന്നുമില്ലാതെ പറഞ്ഞു,
" അന്നക്കിളി മാഡത്തിന്റെ കൈയിൽ ഒരു കണ്ണാടിയുണ്ടന്നു പറഞ്ഞു .
അതെനിക്കൊന്നു തരാമോ?"
ഞാൻ പെട്ടന്ന് എന്താണ് പറയേണ്ടത് എന്ന് സംശയിച്ചു. ഈ കുട്ടി ഇനി
കണ്ണാടിയിൽ കണ്ടു എന്നു പറഞ്ഞ് ആരോടെങ്കിലും വഴക്കു കൂടിയാലോ
എന്ന് ഒരു ചിന്ത മനസ്സിലൂടെ കടന്നു പോയി . ഞാനും മടികൂടാതെ
ചോദിച്ചു
" കുട്ടിക്ക് അത് എങ്ങനെ ഉപകാരപ്രദമാകും എന്നു പറയു."
അമ്മ മരിച്ചിട്ട് രണ്ടാനമ്മ വളർത്തിയ കുട്ടിയാണ്. പിന്നെ അച്ഛനും
മരിച്ചു . ഇപ്പോൾ രണ്ടാനമ്മയും അവരുടെ മക്കളുമാണ് അവളുടെ
കുടുംബം. ജോലിയുള്ളതു കൊണ്ട് അവിടെ താമസിക്കുന്നതിൽ വിലക്കില്ല.
പക്ഷെ ഒരു രൂപ പോലും തനിയെ ചിലവാക്കാൻ സ്വാതന്ത്ര്യമില്ല.
" വീട്ടിലുള്ളവർക്കോ , പുറത്തുള്ളവർക്കോ , അറിയുന്ന
ആർക്കെങ്കിലുമോ ഒരു നല്ല അഭിപ്രായം ഇല്ലാത്ത എന്നെപ്പറ്റി
ഈയിടെയായി ഒരു സുഹൃത്ത് എനിക്കുതന്നെ വിശ്വസിക്കാനാവാത്ത
വിധം പുകഴ്ത്തി പറയുന്നു. സത്യത്തിൽ ജീവിതത്തിൽ ഇന്നുവരെ
നല്ലതൊന്നും ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത എനിക്ക് അതു കേൾക്കാൻ
വലിയ സന്തോഷമാണ് . പക്ഷെ അയാൾക്കൊപ്പം ഇറങ്ങി പുറപ്പെടും
മുൻപു് ഇതിലെന്തെങ്കിലും ആത്മാർത്ഥത ഉണ്ടോ എന്ന് അറിയണം
എന്നുണ്ട്. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടാതെ നോക്കണമല്ലൊ.''

മറിച്ച് ഒന്നും ചോദിക്കാതെ വേഗം കണ്ണാടി എടുത്ത് ഞാനവൾക്ക്
കൊടുത്തു.
അന്നുച്ചക്ക് ഊണ് കഴിഞ്ഞ് ഞാനൊരു ബുക്ക് വായിച്ചുകൊണ്ടിരിക്കെ
അവൾ വന്നു. ഒന്നും പറയാതെ കണ്ണാടി എടുത്ത് എനിക്ക് തിരിച്ചു
തന്നു. എന്റെ മുഖത്തെ ചോദ്യഭാവം അവൾക്ക് അവഗണിക്കാൻ
കഴിയാത്തതുകൊണ്ടാവാം ഇങ്ങനെ പറഞ്ഞു.
" കണ്ട ചിത്രം എന്താണന്നു വിവരിക്കാൻ പ്രയാസമുണ്ട്.'’
"സാരമില്ല . രക്ഷപെട്ടു എന്ന് ആശ്വസിക്കൂ." ഞാനവളെ സമാധാനിപ്പിച്ചു.
"ചില ജന്മങ്ങൾ ഇങ്ങനെയാണ് മാഡം. രക്ഷപെടാൻ പോലും
കഴിയാത്തവണ്ണം കുരുങ്ങി കിടക്കും തലയിലെഴുത്തിൽ." അതു പറഞ്ഞു
നടന്നകന്ന അവളെ നോക്കി ഞാൻ സ്വയം പറഞ്ഞു.
‘കഷ്ടം, നല്ല രൂപ ഭംഗിയുണ്ടായിട്ടും അങ്ങേയറ്റം അലംഭാവം കൊണ്ട്
വിരൂപയായി നടക്കുന്നു. അവൾക്കു അവളോടു തന്നെ മതിപ്പോ

സ്നേഹമോ ഇല്ല. പിന്നെങ്ങനെ ആരെങ്കിലും സ്നേഹിക്കും ?
ബഹുമാനിക്കും?’
പെട്ടന്നാണ് എനിക്ക് നാട്ടിലേക്ക് മാറ്റമായി ഉത്തരവു വന്നത്. രണ്ടു
ദിവസിത്തിനുള്ളിൽ തന്നെ എന്നെ കൂട്ടിക്കൊണ്ടു പോകാൻ ഏട്ടൻ
വരുമെന്നറിയിച്ചു. അതു കൊണ്ട് യാത്രയയപ്പു് ഒരു ചെറിയ
ഒത്തുകൂടലിൽ ഒതുക്കി. ഓരോരുത്തരും പറഞ്ഞ നല്ല വാക്കുകൾ എന്നും
ഓർമിച്ചു വെക്കാൻ പാകത്തിനുണ്ടായിരുന്നു. സ്വന്തം നാട്ടിലേക്കല്ല
പോകുന്നതെങ്കിൽ ഇവിടെ കിട്ടിയ സ്നേഹം നഷ്ടമാക്കി പോകുന്നത്
ശരിയല്ല എന്നു തോന്നും വിധം ഊഷ്മളമായിരുന്നു ചടങ്ങ്.
തിരിച്ചിറങ്ങിയപ്പോൾ വെറുതെ ഒരു കൗതുകത്തിന് ഞാൻ കണ്ണാടി
നോക്കി. ഇത്ര വികൃതമായി ഞാൻ എന്നെ കണ്ടിട്ടില്ല. കൂടാതെ
കണ്ണാടിയും ആകെ ചളി പുരണ്ടിരുന്നു. ഒരു പക്ഷെ ആരൊക്കെയോ
മനപ്പൂർവം എന്നെ വികൃതമാക്കി ചിത്രീകരിക്കുന്നു എന്നു കണ്ണാടി
പറയുന്നതു പോലെ.
എനിക്ക് ശേഖറിനെ കൂടാതെ ഒരു സുഹൃത്തുകൂടി ഉണ്ട് ഇവിടെ.
എനിക്കൊപ്പം ഇതിനു മുൻപും കുറെ ഓഫീസുകളിൽ ഒന്നിച്ചുണ്ടായിരുന്ന
ലക്കി. അല്പമെങ്കിലും വിശ്വസിച്ച് മനസ്സ് തുറക്കാം എന്ന് ഞാൻ
കരുതുന്ന ചുരുക്കം ചിലരിൽ ഒരാൾ. യാത്ര അയപ്പു കഴിഞ്ഞ് ഞാൻ
പുറത്തേക്കു വരുമ്പോൾ അവൾ എന്റടുത്തേക്ക് ഓടി വന്നു . ഞങ്ങൾ
ഒപ്പം പിന്നെ പലതും പറഞ്ഞ് പുറത്തേക്കു നടന്നു. യാത്ര അയപ്പിന്
അവർ തന്ന സ്നേഹോപഹാരം മറന്നു വച്ചു എന്നറിഞ്ഞതും അവൾ
അതെടുക്കുവാൻ ഉള്ളിലേക്ക് പോയി. സമയം കളയാതെ ഞാൻ കണ്ണാടി
ഒന്നു പരീക്ഷിച്ചു. ശരിക്കും ഞെട്ടിപ്പോയി . ആകെ ചളി പുരണ്ട്
വൃത്തികേടായ കണ്ണാടിയിൽ ഇടയിൽ എവിടെയൊക്കെയോ വികൃതമായ
എന്റെ രുപം അല്പാല്പം കാണാം. എനിക്കൊന്നുറപ്പായി. എന്റെ
ആത്മനൊമ്പരങ്ങൾ പലതും വിചിത്രകഥകൾ ആയി പല മനസ്സുകൾ
കടന്നു പോയി കഴിഞ്ഞു എന്ന്. പതിവില്ലാത്തത്ര ഹൃദയഭാരത്തോടെ
ആയിരുന്നു പിന്നെ വേർപിരിയൽ.
അടുത്ത ദിവസം ഉച്ചയാകുംപോഴേയ്ക്ക് ഏട്ടൻ വണ്ടിയുമായി വരും
എന്നു പറഞ്ഞതനുസരിച്ചു് ഞാൻ എല്ലാം പെട്ടിയിലാക്കി വെച്ചു. പിന്നെ
രാവിലെ തന്നെ മലയെ ലക്ഷ്യമാക്കി നടന്നു. കുറെ പടവുകൾ കയറിയ
ശേഷം കണ്ട പൊട്ടിപൊളിഞ്ഞ കൽപടവുകൾക്കിടയിലെ വിള്ളലിലൂടെ
ഇനി ആർക്കും കിട്ടാനിടയില്ലാത്ത വിധം ആ കണ്ണാടി ഞാൻ നിക്ഷേപിച്ചു.
കണ്ണാടി ഇനി അധികം ഒന്നും എന്നോട് പറയാതിരിക്കട്ടെ. പ്രത്യേകിച്ച്
ഇനി ഞാൻ എന്റെം ഏട്ടന്റേം മാതാപിതാക്കളും ബന്ധുക്കളും
സുഹൃത്തുക്കളും നാട്ടുകാരും അങ്ങനെ പ്രിയപ്പെട്ടവർ ഏറെയുള്ള
നാട്ടിലേക്ക് പോകുമ്പോൾ.

[ആകാശവാണി സർഗകേരളത്തിൽ പ്രക്ഷേപണം ചെയ്ത കഥ]

Share :