Archives / December 2018

 ദിവ്യ.സി.ആർ.
കഥകൾക്കപ്പുറം..

രാവിലെ, തിരക്കുകളൊഴിഞ്ഞ് പത്രം കയ്യിലേക്കെടുക്കുന്പോൾ അവൾ ക്ഷീണിതയായിരുന്നു. പത്രത്തിൻെറ ആദ്യ പുറം വിടർത്തി ആ വാർത്തയിലേക്ക് കണ്ണുകൾ ചലിക്കുന്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ച മട്ടിൽ അവളുടെ ഹൃദയമിടിപ്പുകൾ കൂടി. വാർത്തയിലെ വിവരണം വായിക്കാനായി മനസ്സ് പിടഞ്ഞു. പക്ഷെ കണ്ണുകളിലെ തളർച്ച, അക്ഷരങ്ങളെ ഒളിപ്പിച്ചു നിർത്തി.ആ ദിനപ്പത്രവുമായവൾ മെല്ലെ കസേരയിലേക്കു ചാരി.

    .ഇന്നലെ.. ഏറ്റവുമൊടുവിലായി അവനെ കണ്ട നിമിഷങ്ങളെ കുറിച്ചോർത്തവൾ വിവശയായി. ഒരുമിച്ചു നടന്ന വഴികളും പുണർന്നുപോയ കാറ്റും  അസൂയയോടെ നോക്കിയ പൂക്കളും തണൽ വിരിച്ച് കുളിർമയേകിയ മരങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി.. 

വർഷങ്ങളുടെ ദൈർഘ്യമുള്ള പ്രണയം !

പരസ്പരം ജീവിതത്തിലേക്ക്  ക്ഷണിക്കുവാനുള്ള ധൈര്യമില്ലാതെ പോയ നിമിഷങ്ങളെയോർത്തവൾ ദു:ഖിതയായി. 

       അവനെ ആദ്യമായി കണ്ട നിമിഷങ്ങൾ അവൾക്കു മുന്നിൽ തെളിഞ്ഞു.

പ്രതിഷേധറാലിയുടെ നായകൻ ! സാധാരണക്കാരൻെറ ജീവനും ജീവിതത്തിനും സംരക്ഷണമൂല്യങ്ങൾ ചാർത്തുന്ന ആദർശധീരൻ ! വാക്കുകളുടെ സൂഷ്മതയും മൗനങ്ങളുടെ വിങ്ങലിൽ ചിതറിയ അക്ഷരങ്ങളും ജീവിതത്തിൻെറ ലാളിത്യവും അവൾക്കുള്ളിലെ പ്രണയബിംബം ഊട്ടിയുറപ്പിച്ചു - കാലം !

      വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ട നിമിഷങ്ങൾ..

ജീവിത യാദാർത്ഥ്യങ്ങളിൽ പലപ്പോഴും ഓർത്തെടുക്കാൻ മടി കാണിച്ച , നൊന്പരമായി മാറിയ പ്രണയം !

അവസാനമായി യാത്ര പറഞ്ഞു പിരിയുന്പോൾ ആ മരച്ചുവട്ടിൽ അവൻ നോക്കിനിന്ന ആ തീഷ്ണത ! അവളുടെ കണ്ണുകളിൽ അതൊരു പ്രകാശ ഗോളമായി മിന്നി.

  ഏതോ ഒരുൾപ്രേരണയെന്ന പോലെ അവളുണർന്നു. കൊടുംങ്കാറ്റു പോലെ അവർ കണ്ടു പിരിഞ്ഞ - പ്രീയപ്പെട്ടവൻെറ ജീവൻ പൊലിഞ്ഞ വീഥിയിലേക്കവളൊരു ഭ്രാന്തിയെ പോലെ കുതിച്ചു. ധൃതിയിൽ നടന്ന അവളുടെ അഴിഞ്ഞുലഞ്ഞ തലമുടി അവൾക്കൊപ്പമെത്താൻ വിഷമിച്ചു. കണ്ണുകളിൽ പെയ്യാൻ തുളുന്പിനിന്ന നീർക്കണങ്ങൾ ഏതോ ലക്ഷ്യസ്ഥാനം നോക്കി നിന്നു. 

  അവസാനമായി കണ്ട ആ നഗരവീഥിയിലെ കറുത്ത ടാറിനരുകിലേക്ക് ചിതറിക്കിടന്ന ഉണങ്ങിയ രക്തക്കറയിലേക്കവൾ  നോക്കി. ആ ചുവന്ന തുള്ളികളിൽ തുടിച്ച ജീവൻെറ മിടിപ്പ് അവളുടെ ചെവികളിൽ മുഴങ്ങി. ആ ശബ്ദം അവൾക്ക് അസഹനീയമായി തോന്നി. കൈകൾ മുറുകെ ചേർത്ത് ചെവികളടച്ച്, കറുപ്പും ചുവപ്പും ഇടകലർത്തി പാകിയ നടപ്പാതയിലൂടെ അവൾ ഓടി മറഞ്ഞു.

Share :