Archives / December 2018

രാജൂ കാഞ്ഞിരങ്ങാട്
യാത്ര

എങ്ങുനിന്നെ,ങ്ങുനിന്നെ,ങ്ങുനിന്നോ?
എങ്ങു പോണെ,ങ്ങു പോണെ,ങ്ങു പോണു?
പുഴയൊന്നൊഴുകുന്ന ഗ്രാമമുണ്ട്
അതു കാണുവാനായി പോണുഞങ്ങൾ.
എങ്ങുനിന്നെ,ങ്ങുനിന്നെ,ങ്ങു നിന്നോ?
എങ്ങു പോണെ,ങ്ങു പോണെ,ങ്ങു പോണു?
കിളി,പാട്ടുപാടും പൂവാടിയുണ്ട്
അതു കാണുവാനായി പോണു ഞങ്ങൾ.
എങ്ങുനിന്നെ,ങ്ങുനിന്നെ,ങ്ങു നിന്നോ?
എങ്ങു പോണെ,ങ്ങു പോണെ,ങ്ങു പോണു?
മുണ്ടകൻ കൊയ്യുന്ന പാടമുണ്ട്
കൊയ്ത്തതു കാണുവാൻപോണു ഞങ്ങൾ
എങ്ങുനിന്നെ,ങ്ങു നിന്നെ,ങ്ങു നിന്നോ?
എങ്ങു പോണെ,ങ്ങു പോണെ,ങ്ങുപോണു?
തറിയുണ്ട്,തിറയുണ്ട്, കാവുമുണ്ട്
കലയുണ്ട്, കഥകളിയാട്ടമുണ്ട്
മലയുണ്ട് മലമേലെ മേഘമുണ്ട്
മഴയുണ്ട് മഴ പൂക്കും കാടുമുണ്ട്
സാഗര നൃത്തത്തിൻ താളമുണ്ട്
ശ്യാമള കാന്തിയിതെങ്ങുമുണ്ട്
കാട്ടാറിൻ കളകള ഗാനമുണ്ട്
കേരത്തിൻ കേദാര കാവ്യമുണ്ട്
തുഞ്ചനും കുഞ്ചനും വാണ നാട്
ചെറുശ്ശേരി ഗാനം പിറന്ന വീട്
നാനാമതസ്ഥരും വാണിടുന്ന
കൂട്ടുകുടുംബമായുള്ള നാട്
അങ്ങു പോണങ്ങുപോണങ്ങു പോണൂ
കൂട്ടരെ നിങ്ങളും കൂടെപ്പോരു
കേരളമെന്നല്ലോ നാട്ടിൻ പേര്
സുന്ദരമായുള്ള സ്വപ്നബ്ഭൂവ്

Share :