Archives / December 2018

നൗഷാദ് റഹീം മന്നയിൽ
സ്മാരക ശിലയിലെഴുതിയ കവിത

ഇത്
ഞാനെഴുതിയ
കവിതയാണ്

നിങ്ങളെന്നെ
ആറടി മണ്ണിൽ
കുഴിച്ചുമൂടിപ്പോയ
അന്നു രാത്രിയിൽ
ഞാൻ 
കബറിൽ നിന്നെഴുന്നേറ്റുവന്നു
എഴുതിയ കവിത

പണ്ടെന്നോ
മരിച്ചു പോയ
ഒരാളുടെ കബറിൽ നാട്ടിയ
കല്ലു പറിച്ചെടുത്ത്
ഞാനെന്റെ കബറിൽ
കൊണ്ടുവച്ചിട്ടാണ്
ഇതെഴുതുന്നത്

ഈ വാക്കളിൽ
അക്ഷരത്തെറ്റുണ്ടാവണം
എന്റെ ജീവിതത്തിൽ
നിറയെ
അതുണ്ടായിരുന്നല്ലോ

അന്നു പറയാനാവാത്ത
വാക്കുകളാണ്
ഈ ശിലയിൽ
ഞാൻ കോറിയിട്ടത്

ആരെയും
വേദനിപ്പിക്കാനല്ല;
പക്ഷെ, ഇതു പറയാതെ
എനിക്കെങ്ങനെ
ഈ കബറിൽ
ഉറക്കം വരും

 

 

 

 

Share :