Archives / December 2018

എ.ചന്ദ്രശേഖര്‍
അതിജീവനത്തിന്റെ പ്രകൃതിസാക്ഷ്യങ്ങള്‍



ലോകസിനിമയിലെ ആദ്യത്തെ പരിസ്ഥിതിചിത്രമേതായിരിക്കും? നിശബ്ദകാലഘട്ടത്തില്‍ അമേരിക്കന്‍ ചലച്ചിത്രപ്രതിഭ റോബര്‍ട്ട് ജെ.ഫ്‌ളാഹര്‍ട്ടി സംവിധാനം ചെയ്ത നാനൂക്ക് ഓഫ് ദ് നോര്‍ത്ത് ആണു അര്‍ത്ഥവത്തായ ആദ്യത്തെ പരിസ്ഥിതികേന്ദ്രീകൃത സിനിമ. സിനിമയെ ഡോക്യൂമെന്ററി എന്നും ഫിക്ഷന്‍ എന്നും വിഭജിക്കുംമുമ്പേ, സിനിമ ജീവിതം പകര്‍ത്താനുള്ള മാധ്യമമാണെന്നു കരുതിയ കാലത്ത്, 1922 ലാണ് കനേഡിയന്‍ ആര്‍ട്ടിക് ധ്രുവപ്രദേശത്തെ മനുഷ്യജീവതത്തെ അധികരിച്ച് ഫ്‌ളാഹര്‍ട്ടി ഈ സിനിമ നിര്‍മിച്ചത്. 'ഡോക്യൂഡ്രാമ' ഗണത്തില്‍ ഫീച്ചര്‍ ലെങ്ത് ഡോക്യൂമെന്ററിയായി കണക്കാക്കപ്പെട്ട നാനൂക്ക് ഓഫ് ദ് നോര്‍ത്ത്  മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളിലെ അതിശൈത്യത്തിലും അതിജീവനത്തിനായി പോരാടുന്ന ഗോത്രജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് കാട്ടിത്തന്നത്. 
ഫ്‌ളാഹര്‍ട്ടിയുടെ നാനൂക്കിന് പുതുതലമുറ നല്‍കുന്ന ആദരാഞ്ജലിയായി വേണം മില്‍ക്ക ലാസറോവ് സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രമായ ആഗയെ കണക്കാക്കാന്‍. 2018ല്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ തരിക്കഥ സംവിധായകനും സൈമണ്‍ വെന്റ്‌സിലാവോവും ചേര്‍ന്നാണു നിര്‍വഹിച്ചിട്ടുള്ളത്. മിഖായേല്‍ അസ്‌പ്രോസിമോവ്, ഫ്യോദോസിയ ഇവാനോവ, സെര്‍ഗീ ഇഗോറോ എന്നിങ്ങനെ മൂന്നു പേരും ഒരു നായയും മാത്രമാണ് സിനിമയിലുള്ളത്. മഞ്ഞുപുതഞ്ഞ ധ്രുവപ്രദേശത്തെ മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് ആഗ. മകള്‍ പുതുജീവിതം തേടി മലയിറങ്ങിയിട്ടും മഞ്ഞുമലയില്‍ പ്രകൃതിയോടു മല്ലിട്ടു ജീവിക്കുകയാണ് നാനൂക്ക് ഗോത്രത്തില്‍ പെട്ട വൃദ്ധനായ കഥാനായകനും ഭാര്യയും. ക്യാന്‍സര്‍ വന്ന് ഭാര്യയും വേര്‍പിരിയുന്നതോടെ ആത്മപരിശോധന നടത്തുന്ന നായകന്റെ കഥയാണിത്. നവംബറില്‍ നടന്ന ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ഇപ്പോള്‍ നടക്കുന്ന കേരളത്തിന്റെ 23ാമത് ചലച്ചിത്രമേളയിലും ഭേദപ്പെട്ട ചിത്രമെന്നു ശ്രദ്ധിക്കപ്പെടുന്ന ആഗയുടെ പശ്ചാത്തലത്തില്‍ നാനൂക്ക് ഓഫ് ദ നോര്‍ത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം പ്രസക്തമാണ്.
അതിശൈത്യത്തില്‍ ജീവിക്കുന്ന ഇനൂക്ക് ഗോത്രത്തില്‍പ്പെട്ട നാനൂക്കിന്റെയും ഭാര്യ നൈലയുടെയും കുടുംബത്തിന്റെയും ഭക്ഷണം തേടിയുള്ള യാത്രയും ക്യൂബെക്കന്‍ പ്രദേശങ്ങളില്‍ അവര്‍ നേരിടുന്ന യാതനകളുമാണ് ഇതിവൃത്തം. പ്രകൃതിവൈരുദ്ധ്യങ്ങളെ ശുഭാപ്തിവിശ്വാസവും, ജീവിക്കാനുള്ള ത്വരയും, തളരാത്ത സ്സാന്നിദ്ധ്യവും കൊണ്ടു സധൈര്യം നേരിടുന്നതിന്റെ സത്യസന്ധമായ ദൃശ്യാലേഖനം. പ്രേക്ഷകരെ ഉദ്വേഗത്തില്‍ നിര്‍ത്തുന്ന തെല്ലാം യതാര്‍ത്ഥ ജീവതത്തില്‍ നിന്നുടലെടുത്ത നാടകീയമുഹൂര്‍ത്തങ്ങളാണെന്നതാണ് പ്രത്യേകത.
ഉള്‍ക്കടല്‍ ഖനനവിദഗ്ധനായ പിതാവിനോടൊപ്പം കരയിലും കടലിലും ധാരാളം സഞ്ചരിച്ച ഫ്‌ളാഹര്‍ട്ടിക്ക് സാഹസികയാത്രാനുഭവങ്ങള്‍ പഥ്യമായതില്‍ അദ്ഭുതപ്പെടാനില്ല. 1910-15 കാലത്താണ് ഉത്തരധ്രുവസഞ്ചാരത്തിനിടെ പ്രകൃതിയുമായി മല്ലിട്ട് ഇനൂക്ക് വര്‍ഗത്തിന്റെ സാഹസികജീവിതം അദ്ദേഹം നേരില്‍ കണ്ട് അതിലാകൃഷ്ടനാവുന്നത്. ചലച്ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഫ്‌ളാഹര്‍ട്ടി, ക്യാമറപരിശീലനം നേടി സ്വന്തമായൊരു ക്യാമറ സ്വന്തമാക്കിയ ശേഷമാണ് ഇനൂക്കുകളുടെ ജീവിതം ആലേഖനംചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. മുന്‍കൂട്ടിയുള്ള സ്‌ക്രിപ്റ്റും തയാറെടുപ്പുകളുമായായിരുന്നില്ല ആ യാത്ര. അതുകൊണ്ടാണ്,  ചില രംഗങ്ങള്‍ നാടകീയതയ്ക്കുവേണ്ടി കൃത്രിമമായി നിര്‍മിച്ചതാണെന്ന ആരോപണങ്ങളുണ്ടായെങ്കിലും, നാനൂക്ക് ഓഫ് ദ് നോര്‍ത്തിനെ ലോകത്തെ ആദ്യ ഡോക്യുമെന്ററിയായി പരിഗണിക്കുന്നത്. ലൂമിയര്‍ സഹോദരന്‍മാര്‍ ആദ്യമായി മൂവി ക്യാമറയില്‍ പകര്‍ത്തിയ അഞ്ചുമിനിറ്റ് ചിത്രങ്ങളെല്ലാം യാത്ഥാര്‍ഥ്യങ്ങളായതുകൊണ്ട് അവയെ ഡോക്യുമെന്ററികളെന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നിരിക്കെ, ലക്ഷണമൊത്ത ആദ്യ ഡോക്യുമെന്റി എന്ന നിലയ്ക്കാണ്  നാനൂക്ക് ഓഫ് ദ് നോര്‍ത്തിന്റെ സ്ഥാനം.
ഇനുക്വാജില്‍ വസിക്കുന്ന നാനൂക്ക് (ഇയാളുടെ യഥാര്‍ത്ഥ പേര് അല്ലക്കാരിയാക്ക് എന്നായിരുന്നുവെന്നും ഭാര്യയായി പ്രത്യക്ഷപ്പെട്ടത് യഥാര്‍ത്ഥ ഭാര്യയല്ലായിരുന്നെന്നും ചില വിവാദങ്ങള്‍ പില്‍ക്കാലത്തുണ്ടായി) ഭാര്യ നൈല, മക്കളായ അലിഗു, ക്വനയോണ്‍, നാനൂക്കിന്റെ മൂന്ന് ഇളയ സഹോദരങ്ങള്‍ അവരുടെ പങ്കാളികളും കുട്ടികളും അവര്‍ വളര്‍ത്തുന്ന ധ്രുവനായ്കളും അടങ്ങുന്ന സമൂഹത്തിന്റെ ഒരു വര്‍ഷത്തെ അതിജീവനത്തിന്റെ കഥയാണ് നാനൂക്ക് ഓഫ് ദ് നോര്‍ത്ത്. അപ്രധാന സംഭവങ്ങള്‍ മുതല്‍, ഇരതേടല്‍ തുടങ്ങി ഇഗ്‌ളൂ എന്ന മഞ്ഞുവീടിന്റെ വാസ്തുഘടനയും നിര്‍മാണരീതി/ പ്രക്രിയ എന്നിവ വരെ സൂക്ഷ്മമായി പകര്‍ത്തിയ സിനിമ. പ്രതികൂലാവസ്ഥയിലും ജീവിതം നിലനിര്‍ത്താനുള്ള മനുഷ്യന്റെ ആത്മവീര്യത്തിന്റെ ദൃശ്യവാഴ്ത്താണ് നാനൂക്ക് ഓഫ് ദ് നോര്‍ത്ത്. ചിത്രീകരിച്ചു കൊണ്ടുവന്ന ഫിലിം ചുരുളുകള്‍ സാങ്കേതികപ്പിഴ വുമൂലം പാഴായതടക്കം ഒട്ടെറെ വെല്ലുവിളികള്‍ താണ്ടിയാണ് ഉത്തരധ്രൂവത്തില്‍ ഇനൂക്കുകള്‍ക്കൊപ്പം താമസിച്ചുകൊണ്ട് ഫ്‌ളാഹര്‍ട്ടി സിനിമ പൂര്‍ത്തിയാക്കിയത്. 1916 മുതല്‍ 1920 വരെ നാലു വര്‍ഷം കൊണ്ടു ചിത്രീകരിച്ച നാനൂക്ക് 1922 ലാണ് റിലീസാവുന്നത്. ആദ്യത്തെ നരവംശശാസ്ത്രച്ചിത്രമാണിത്.
എന്നാല്‍ ചിത്രത്തില്‍ കാണുംവിധം പ്രാകൃതമായി വേഷം ധരിക്കുന്നതും ഇരപിടിക്കുന്നതും വേട്ടയാടുന്നതും വീടുണ്ടാക്കുന്നതുമൊക്കെ ഇനോക്ക് വംശജര്‍ എന്നേ അവസാനിപ്പിച്ചിരുന്നുവെന്നും, ചിത്രനിര്‍മാണകാലത്ത് ബാഹ്യബന്ധം സ്ഥാപിച്ചുകഴിഞ്ഞ അവര്‍ വേട്ടയ്ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ശീലിച്ചിരുന്നെന്നും ചില വിമര്‍ശനങ്ങള്‍ ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ഉയര്‍ന്നുവന്നിരുന്നു. ഇഗ്‌ളൂ എന്ന മഞ്ഞുവീടുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ വച്ച് ചിത്രീകരിച്ചതാണെന്നും ക്യാമറ ഉള്ളില്‍ക്കയറ്റാന്‍ പാകത്തിനാണ് അതുണ്ടാക്കിയതെന്നും ആക്ഷേപമുണ്ടായി. അതെന്തായാലും, പ്രകൃതിയുടെ വെല്ലുവിളികളെ ജന്തസഹജമായ വാസനകൊണ്ടും ഇച്ഛാശക്തികൊണ്ടും മനുഷ്യന്‍ അതിജീവിക്കുന്നതെങ്ങനെ എന്നതിന്റെ ത്രസിപ്പിക്കുന്ന ദൃശ്യാഖ്യാനമാണ് 79 മിനിറ്റുള്ള നാനൂക്ക് ഓഫ് ദ് നോര്‍ത്ത്. ധ്രുവം, കാട്, മല, കടല്‍, ദ്വീപ്, ആകാശം, മരുഭൂമി തുടങ്ങി ആള്‍പ്പാര്‍പ്പിനനുയോജ്യമല്ലാത്ത ഇടങ്ങളിലും കാലാവസ്ഥകളിലും മനുഷ്യന്റെ അതിജീവനപ്പോരാട്ടങ്ങള്‍ സിനിമയുടെ ഇഷ്ടവിഷയമാവുന്നതിന് നാനൂക്ക് പ്രേരണയായിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല.അതിന്റെ പ്രത്യക്ഷീകരണമായിത്തന്നെ ആഗയെ പരിഗണിക്കുകയും വേണം.

Share :

Photo Galleries