Archives / December 2018

സുനിത ഗണേഷ്
കാടിന്റെ താരാട്ട്

ഇന്നലെ ഞാൻ

ഉറങ്ങിയതേയില്ല....

കൺ വെള്ള മരവിച്ച്

കൃഷ്ണമണി അനങ്ങാനാവാതെ

പിടയുകയായിരുന്നു.....

കൺവേലികളിൽ 

മുൾപ്പൂക്കൾ പൂത്തിരുന്നു....

കണ്ണടക്കാനാവാതെ

കാഴ്ച

കാടിന്റെ താരാട്ടിനായി

അലയുകയായിരുന്നു......

 

ഇന്നലെ

എനിക്കുറങ്ങാൻ കഴിഞ്ഞില്ല....

ഉണർവിന്റെ

കോശങ്ങളിലെല്ലാം

അരിഞ്ഞിട്ട

കരളിന്റെ 

രക്തമിറ്റുന്ന തുണ്ടുകൾ

അലറിക്കരയുകയായിരുന്നു.....

 

മണലായ

കാടിന്റെ 

കൽത്തരികൾ മൂടിയ 

പച്ചിലചാർത്തുകൾക്കിടയിൽ

എന്റെ

കണ്ണുകൾ വേദനിക്കുകയായിരുന്നു.

 

ഇന്നലെ,

ഞാൻ ഉറങ്ങിയതേയില്ല......

നനു മഴയത്ത്

ഹൃദയം കൈമാറിയ

മാനിണകളെ അമ്പൈത് 

വേടൻ കൊലവിളിക്കുകയായിരുന്നു...

 

കാതടയ്ക്കാൻ കഴിഞ്ഞില്ല......

കൈകൾ 

കുഴഞ്ഞിരിക്കയായിരുന്നു....

 

കാടിന്റെ ,

എന്റെ ജീവന്റെ

മിടിപ്പിനായി

ഇരുളിൽ 

ചലനമറ്റിരിക്കുകയായിരുന്നു.....

Share :