Archives / December 2018

സെമിനാർ റിപ്പോർട്ട്
റിപ്പോർട്ട് By ഡോ.ഗംഗാദേവി.എം. അസി.പ്രൊഫസർ മലയാളവിഭാഗം സർക്കാർ വനിതാ കോളേജ്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2018 ഡിസംബർ 3, 4, 5, 6 തീയതികളിലായി ചതുർദ്ദിന ദേശീയ സെമിനാർ നടന്നു. നാടകം: പ്രതിരോധത്തിന്റെ അവതരണ കല എന്നതായിരുന്നു സെമിനാർ വിഷയം. ജീവിതത്തിന്റെ ക്രിയാവിഷ്കാരമായ നാടകത്തക്കുറിച്ച് നടന്ന സെമിനാറിന്റെ തീം 'ജ്ജ് മനുഷ്യനാവുക' എന്നതായിരുന്നു. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച തെരുവുനാടകത്തോടെയായിരുന്നു നാന്ദി കുറിച്ചത്. ചായം പൂശിയ ശിലകൾ - അതായിരുന്നു തെരുവു നാടകം. സമകാലിക സാമൂഹ്യ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്തത് ഗവേഷകയായ സുമ.സി.സുബ്രഹ്മണ്യ മാണ്. കോളേജ് അങ്കണവും വഴിത്താരകളും വേദിയാക്കിയ നാടകം സഞ്ചരിക്കുന്ന നാടക വേദി എന്ന നിലയിലേക്കുയർന്നു.

തുടർന്ന് ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കഥാകാരി ചന്ദ്രമതി നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം കോഴിക്കോട് സർവ്വകലാശാല മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.എൽ തോമസ് കുട്ടി നിർവ്വഹിച്ചു. മലയാളംവകുപ്പദ്ധ്യക്ഷൻ ഡോ.എസ് നൗഷാദ് സ്വാഗതം ആശംസിച്ച ഈ ചടങ്ങിന്റെ അദ്ധ്യക്ഷ പ്രിൻസിപ്പാൾ ഡോ.എ.വിജയലക്ഷ്മി ആയിരുന്നു. വൈസ് പ്രിൻസിപ്പാൾ ഡോ.അനില.എസ്.പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.രാധാകൃഷ്ണൻ ,കോഡിനേറ്റർ ബിന്ദു.എ.എം എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം കാളിദാസ കലാകേന്ദ്രയുടെ 'കരുണ ' നാടകാവതരണം നടന്നു. കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയാണ് നാടകം രംഗത്തെത്തിച്ചത്.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന നാടകം വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായിരുന്നു.

 

രണ്ടാം ദിവസം മുതൽ നാലാം ദിവസം വരെ രണ്ട് വേദികളിലായി 40 ൽ പരം വിദഗ്ദ്ധരുടെ ഗവേഷണ പഠനങ്ങൾ അവതരിപ്പിക്കപ്പെട്ടു.പ്രൊഫ. അലിയാർ, ഡോ. ബിയാട്രിസ് അലക്സിസ്, ഡോ.വത്സലാ ബേബി, ഡോ. വന്ദന ശ്രീകുമാർ ,ഡോ.പ്രമോദ്കുമാർ, ഡോ. ഷിബു.എസ്.കൊട്ടാരം, ഡോ.വി.പി.മാർക്കോസ്, ഡോ.രാജാവാര്യർ, ഡോ.ആർ.ബി.രാജലക്ഷ്മി, ഡോ.ജിഷ.എസ്.കെ, ഡോ. ഡി.വി.അനിൽകുമാർ, വീണാ ഗോപാൽ, പ്രമോദ് പയ്യന്നൂർ, ശ്രീജിത് രമണൻ തുടങ്ങിയ പ്രഗൽഭർ ക്ലാസുകൾ നയിച്ചു.

സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനും നാടക സംവിധായകനുമായ ശ്രീ.ശ്രീജിത്ത് രമണൻറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നാടക ശില്പശാല നടന്നു. മൂന്നാം ദിനം കിടപ്പറ സമരം എന്ന ചെറുകഥയെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു.

നാടക ഗാലറിയിൽ നാടകത്തിന്റെ ചരിത്രം വിശദമാക്കുന്ന പ്രദർശനം സംഘടിപ്പിച്ചിരുന്നു.

നാലാം ദിനം വിദ്യാർത്ഥികളും അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും അവതരിപ്പിച്ച നാടക ഗാനമേളയും നടന്നു.

വിദ്യാർത്ഥികൾക്ക് നാടകമെന്ന കലയുടെ വിവിധ വശങ്ങൾ പഠിക്കാനും ആസ്വദിക്കാനും അന്വേഷിക്കാനും അനുഭവിക്കാനുo പങ്കാളിയാകാനും കഴിഞ്ഞു എന്നതാണ് ഈ സെമിനാറിന്റെ ഏറ്റവും വലിയ വിജയം.

സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സെമിനാർ അവലോകനവും നടത്തി.

സെമിനാർ സാർത്ഥകമായിരുന്നു എന്ന്  വകുപ്പ് അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.

Share :

Photo Galleries