Archives / December 2018

ഫൈസൽ ബാവ 
കഥയിലൂടെ ജീവിതമെന്നു വായിക്കുമ്പോൾ 

സന്തോഷ് കുമാറിന്റെ കഥകളെ കുറിച്ച്  പറയുമ്പോൾ ഏതു കഥയെ പറ്റി പറയാതിരിക്കും എന്ന അങ്കലാപ്പോടെ അടുക്കും ചിട്ടയും ഇല്ലാതെ ഉള്ള ഒരു തെരഞ്ഞെടുപ്പാണ് ഏതെടുത്താലും  ഓരോന്നും ഒന്നിനൊന്നു മെച്ചമാകും എന്ന ആത്മ വിശ്വാസം ഉണ്ട്. കഥയെ അത്ര ആത്മാർത്ഥതയോടെ സമീപിക്കുകയും ആവശ്യമെങ്കിൽ മാത്രം എഴുതുകയും ചെയ്യുന്ന പക്വത കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ് സന്തോഷ്‌കുമാർ ആദ്യം വായിച്ചാ കഥയിൽ തുടങ്ങാം  എന്ന് തോന്നുന്നു സന്തോഷിന്റെ  കഥകളിൽ ഞാൻ ആദ്യം വായിച്ച കഥയാണ് *സങ്കടമോചനത്തിനു ഒരു കൈപുസ്തകം*.  കുന്നംകുളം പശ്ചാതലമാകുന്ന ഈ കഥ യിൽ ഇയ്യുണ്ണി അച്ചുകൂടത്തിന്റെ ചരിത്രത്തിലൂടെയാണു പറയുന്നത്‌. "നാൽപതുകളുടെ തുടക്കത്തിലെപ്പോഴോ കുന്നകുളത്തെ പുരാതന പ്രസാധകരായിരുന്ന ഇയ്യുണ്ണി അച്ചുക്കൂടം.." ഇങ്ങനെയാണു ഈ കഥ തുടങ്ങുന്നത്‌ തന്നെ. അഖ്യാനത്തിൽ കാണിച്ച അസാമാന്യ ധൈര്യം ഈ കഥയിൽ വ്യക്തമാണ്. ദൈവവചനം മാസികയുടെ താളിൽ   കണ്ട പുസ്തകപരസ്യം തേടി പോകുന്ന ഒരന്വേഷണത്തിലൂടെയാണ്  കഥപോകുന്നത് പരസ്യത്തിലെ    വാചകമത്ര ആകര്ഷണീയമൊന്നും അല്ലെങ്കിലും വാക്കുകളുടെ കൂടിച്ചേരലുകൾ ഒരു പുതിയ തലത്തെ സൃഷ്ടിക്കുന്നു എന്നതാവം കഥാകൃത്ത് ഈ സവിശേഷ സാഹചര്യത്തെ ഇങ്ങനെ വിവരിക്കുന്നു. "ആ വാക്കുകൾ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ, കാലം കഥകളിലെ പഴയ 'കുളമ്പടിയൊച്ച'യുമായി ഏറെ പിന്നിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നിച്ചു, പഴക്കമായിരുന്നു ഞാൻ തേടിയിരുന്നതും"  പുസ്തകം കിട്ടാൻ വേണ്ടി വൈകുന്നേരങ്ങളിൽ അലയുകയും ഇയ്യുണ്ണി അച്ചുകൂടത്തിന്റെ പഴയ പ്രൂഫ് റീഡർ പാപ്പുവിലെത്തുകയും ചെയ്യുന്നു സന്തോഷ്‌ കുമാറിന്റെ ഒരോ കഥകളും വളരെ വെത്യസ്തമാണു. അഖ്യാനം കൊണ്ടും വിഷയ സമീപനത്തിലും കഥ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ഗാലപ്പഗോസ് എന്ന ആദ്യ സമാഹാത്തിലെ ആദ്യ കഥയാണിത്. 

അതെ സമാഹാരത്തിൽ തന്നെ യുള്ള മറ്റൊരു കഥയാണ് ബാഘ് ബഹാദൂർ ബുദ്ധദേവ് ദാസ് ഗുപ്‌തയുടെ പ്രശസ്തമായ സിനിമയാണ് കഥയുടെ പശ്ചാത്തലം. ആഗോളവത്കരണത്തിന്റെ ഭൂതകാലത്തെ  ഈ വാക്ക് കണ്ടെത്തിയെടുക്കും മുമ്പ് തന്നെ ആ കെടുതിയുടെ നേർചിത്രം കടുവാ വീരനിലൂടെ വരച്ചിടുന്ന സിനിമയാണ് ഇത്. ആധുനിക കാലത്ത് മകൾ വായിക്കുന്ന പുസ്തകം പോലും ആകുലതയോടെ വായിച്ചെടുക്കുന്ന വർമ്മയിലൂടെയാണ് കഥ തുടങ്ങുന്നത് വിൻഡോസ്-95  എന്ന പുസ്തകത്തെ ജാലകങ്ങൾ എന്ന് വായിച്ചപ്പോൾ മകളത് തിരുത്തുന്നുണ്ട് ഇത് വിൻഡോസ് എന്ന കമ്പ്യൂട്ടർ പുസ്തകം ആണെന്ന് പറയുന്നു. അവൾ ജാലകങ്ങൾ എന്ന് കേട്ടിട്ടേയില്ല അച്ഛനും മകളും തമ്മിലുള്ള സംഭാഷണത്തിൽ ഈ കാലത്തിന്റെ ഗതിയെയാണ് സൂചിപ്പിക്കുന്നത് 

"ജാലകങ്ങളോ? ഞാനങ്ങനെ വിചാരിച്ചിട്ടില്ല വിൻഡോസ് എന്ന് വെച്ചാൽ... വിൻഡോസ്  കമ്പ്യൂട്ടർ പുസ്തകമാണ്"

"പഠിക്കുമ്പോൾ എല്ലാം നോക്കണം, പേരുകളൊക്കെ ശരിക്കും. നിനക്ക് തന്നെ പേര് കണ്ടുപിടിക്കാൻ ഞാനെത്രയാണ് ആലോചിച്ചിട്ടുള്ളത്. ആട്ടെ ഇത്രയും  നല്ലപേരും കമ്പ്യൂട്ടറും തമ്മിലെന്താണ് ബന്ധം?"

"ഓ" അവൾക്കു ചിരിവന്നു. "അതൊരു പേര് പേരിലെന്തിരിക്കുന്നു? വിൻഡോസ് 98ന്റെ എഡിഷൻ കാത്തിരിക്കുകയാണ് ഞങ്ങൾ" 

"അതെയോ" അപ്പോൾ ഇതെന്തു ചെയ്യും?അപ്പോൾ- അപ്പോൾപ്പിന്നെ ഇത് മതിയാവും"

പകരം ഒന്ന് വരുംമ്പോൾ ഇതെല്ലാം വേണ്ടാതാവുമോ? 

പ്രസക്തമായ ഈ ചോദ്യം തന്നെയാണ് കടുവാവീരന്റെ കഥ പറയുന്നതിലൂടെ കഥാകൃത്ത് പറയാൻ ശ്രമിക്കുന്നത് കുട്ടികളുടെ ചരിത്രം മരിക്കുകയാണോ എന്നയാൾ ആകുലപ്പെടുന്നു. പുലിയായി വേഷം കെട്ടി  വരുന്ന ഗുനുറാം പ്ര പഴഞ്ചൻ ആകുന്നത് അവിടെ ഒരു സർക്കസ് വരികയും അതിലൊരു യഥാർത്ഥ പുലിയും ഉണ്ട് എന്നതിനാൽ ആണ് രസകരമായ ഈ കഥ പുതിയ കാലത്തോട് ചേർത്ത് വായിക്കപ്പെടേണ്ട കഥയാണ്. 

തുരങ്കങ്ങൾ എന്ന കഥ ഒരു നിമിഷം കൊണ്ട് നമ്മെ സ്‌തംഭരാക്കും ഒരു വാക്ക് മതിയായും നമ്മുടെ വാചാലതയെ സൗഹൃദത്തെ ഒക്കെ നിശബ്ദമാക്കാൻ. തീവണ്ടി തുരങ്കത്തിലേക്ക് കയറുന്നതോടെ അതുവരെ അവരുടെ സൗഹൃദ സംഭാഷണത്തിൽ എവിടെയോ കടന്നു കൂടിയ സ്വകാര്യതയിൽ ഒരമ്പ് ആ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു, പിന്നെ  തുരങ്കങ്ങൾ നൽകിയ ഇരുട്ടിൽ നിശബ്ദത  നിറഞ്ഞു. കഥയുടെ ട്വിസ്റ്റ് കഥാകൃത്ത് അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നു. 

ഗാലപ്പഗോസ് എന്ന കഥ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാ പരിസരമാണ്. സർക്കസ് കൂടാരം തന്നെയാണ് പശ്ചാത്തലം എങ്കിലും ആഴമേറിയ ഒരു വിഷയത്തത്തിലേക്ക് കഥ കൊണ്ടുപോകുന്നു. കഥാ പഠനത്തിൽ എംകെ ശ്രീകുമാർ ഈ കഥയെ പറ്റി പറയുന്നത് "ഭൂമിലിലെ ജൈവവൈവിധ്യത്തിന്റെ വർണശബളതകളത്രയും മായ്ച്ചുകളയുന്ന വർത്തമാനനിഷ്ഠുരതക്കെതിരെയുള്ള സ്വപ്നസഞ്ചാരമാണ് 'ഗാലപ്പഗോസ്' "   സന്തോഷിന്റെ കഥയിൽ സിനിമ ഒരു പ്രധാന ഘടകമാണ് 'ചിത്രശാല', 'ചെറുപ്പക്കാരൻ എന്ന നിലയിൽ എഴുത്തുകാരന്റെ ഛായാചിത്രം' എന്നീ കഥകളിലും സിനിമയോട് ചേർന്ന് നിൽക്കുന്നു മിടുക്കനായ ഒരു ഛായാഗ്രാഹകൻ കാമറയിൽ പകർത്തുന്ന ചിത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ നല്കാൻ കഥാകൃത്തിനു ആകുന്നുണ്ട്. ഗാലപ്പഗോസ് എന്ന ആദ്യ സമാഹാരത്തിലെ നദിക്കരയിലേക്ക്, ഹിജഡകൾ, ശീതകാലത്തെ ഗീതം, ജീവിതമെന്നു വായിക്കുന്നത്, അളവുകൾ എന്നീ കഥകൾ കൂടിയുണ്ട്.  

ഈ എഴുത്തുകാരൻ  സ്വീകരിക്കുന്ന രീതി  ഗാലപ്പഗോസ്‌, മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്ന വിധം, തുരങ്കങ്ങൾ തുടങ്ങി നിരവധി മികച്ച കഥകളിൽ നിന്നും നമുക്ക് മനസിലാക്കാം ഗാലപ്പഗോസ് എന്ന ആദ്യ സമാഹാരത്തിലാണു ഈ കഥയുള്ളത്‌. ഏവരും വായിക്കേണ്ട ഒരു മികച്ച കഥയാണിത്‌.

സന്തോഷ്കുമാറിന്റെ മാറ്റുകഥകളെ കുറിച്ച് പറയാൻ കൂടി ആഗ്രഹം ഉണ്ട് 'മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്ന വിധം', 'പരുന്ത്', 'ഈദ്', 'ചാവുകളി', 'സർപ്പസത്രം', 'ജാരൻ', 'ബോൺസായ്'... ഏറ്റവും അവസാനം 'നാരകങ്ങളുടെ ഉപമ' വരെ ആഖ്യാനത്തിന്റെ മികവിലും ഭാഷയുടെ സൗന്ദര്യത്തിലും മികവ് പുലർത്തി   നല്ല കഥകൾ മാത്രം എഴുതുക എന്ന ദൗത്യത്തിൽ മുഴുകിയ എഴുത്തുകാരൻ.  

Share :

Photo Galleries