Archives / December 2018

ദീജ.S
ഒറ്റയാൾ പോരാട്ടം

: ജീവിതത്തിന്റെ പടവുകൾ ആർത്തിയോടെ ഓടിക്കയറുന്ന പ്രായത്തിൽ വീണുപോകേണ്ടിവരുന്നവരിൽ ഒരാൾ ..
ഒന്നുമറിയാത്ത ,ആ പ്രായത്തിൽ  'വികലാംഗ '
ആകേണ്ടിവന്ന ഒരുവൾ 
ഇതാണ് ഞാൻ 
പേര് ദീജ ,
സ്ഥലം തിരുവനന്തപുരം ജില്ലയിൽ വർക്കല ,മുത്താന .

പോളിയോ എന്നൊരു വില്ലനായിരുന്നു ഇന്നീക്കാണുന്നവിധം  ഞാനായിരിക്കാൻ കാരണം .
ചെരിഞ്ഞമതിലുപോലെ  നോട്ടത്തിൽ അഭംഗിയായി തോന്നുന്ന കുറേജന്മങ്ങൾ ...
അപകർഷതയും,, അവഗണനയും മാത്രമായിരിക്കും  ഞങ്ങളെപോലുള്ളവർക്കു കൂട്ട് .
ആത്മവിശ്വാസം  എല്ലാംതികഞ്ഞവർക്കുള്ളതാണെന്നും 
നാലുചുവരുകൾക്കുള്ളിലെ ഇരുണ്ടമച്ചിൽ  നോക്കിക്കിടന്നു ഉരുകിത്തീരേണ്ടതാണ് ജീവിതം എന്നും പോകെപ്പോകെ പഠിച്ചുവച്ചിരിക്കുന്നുണ്ടാവും  ഞങ്ങളെപോലുള്ളവർ 
സ്റ്റീഫൻ ഹോക്കിങ് ന്നത് 
ഏതോ കഥാപാത്രം മാത്രമാണെന്ന് വിശ്വസിക്കാനാണ് താല്പര്യം 
എന്തെന്നാൽ പ്രതീക്ഷയേ ഇല്ലാത്ത ഒരു ജീവിതം .
മരണമാണ് സുന്ദരമെന്നു മാത്രമറിയാം  അങ്ങനെ ജീവിച്ച ഒരാളായിരുന്നു ഞാനും .
അച്ഛനമ്മമാരുടെ ഇളയമകൾ .
ഒരു ചേച്ചി 
വിദ്യാഭ്യാസം ചേച്ചിയുടെ  പുസ്തകങ്ങൾ ആയിരുന്ന ബാല്യകാലം .
എല്ലാവരും പഠിക്കാൻപോകുന്ന സമയം എണ്ണയുടെയും ,കിഴിയുടെയും  കഷായത്തിന്റെയും മനംമടുപ്പിക്കുന്ന ഗന്ധം ...
എന്റെ 12 വയസ്സിൽ അലോപ്പതി ,ആയുർവേദ ഡോക്ടർമാർ  
ഇനി  ദീജ നടക്കില്ല എന്നു  ഉറപ്പിച്ചുപറയുംവരെയും 
ലോഡിങ് തൊഴിലാളിയായ അച്ഛനും അമ്മയും ബന്ധുക്കളും  തങ്ങളുടെ ഇല്ലായ്മ്മയിൽ നിന്നും പെറുക്കിയെടുത്തു ചികിത്സിപ്പിച്ചുകൊണ്ടിരുന്നു .
പിന്നേ ഞാൻ അവരോടു പറഞ്ഞു  ഇനി ഞാൻ നടക്കില്ല ..
എനിക്കുവേണ്ടി ആരും കഷ്ടപ്പെടണ്ട എന്നു .

പിന്നൊരു ഒറ്റയാൾപോരാട്ടമായിരുന്നു ഞാനിനി ഇല്ലാ എന്നുതോന്നിയിടത്തുന്നു ഒരു ധൈര്യം വന്നുചേർന്നു 
സൗഹൃദത്തിന്റെ വിലയെന്നെയറിയിച്ച  പ്രിയകൂട്ടുകാരിയുടെ ആശ്വാസവാക്കുകൾ  തന്നെയായിരുന്നു മുതൽക്കൂട്ട് .
വായിക്കുക എന്നതായിരുന്നുമുന്നിലുള്ള   ലക്ഷ്യം 
എന്തും വായിക്കുക .
നോവൽ ,വാരികകൾ ,മാസികകൾ ,കഥബുക്കുകൾ എന്നുവേണ്ട എല്ലാമെല്ലാം 
സ്വയം ആർജ്ജിച്ച  വിദ്യാഭ്യാസം ...
ആത്മാഭിമാനത്തോടെ പറഞ്ഞോട്ടേ  ഞാൻ തനിച്ചാണ് പഠിച്ചത് 
വിദ്യാഭാസമല്ല വിവരമുണ്ടാക്കുന്നതെന്നു ഞാൻ തന്നെ ഒരു മുദ്രാവാക്യം ഉണ്ടാക്കുകയും  
അതൊരു   പ്രതീക്ഷയിൽ എന്നെയെത്തിക്കുകയും ചെയ്തു .
അക്ഷരങ്ങൾ എന്റെ ഉത്തമകൂട്ടുകാരായിമാറി ..
ജീവിക്കാൻ ആഗ്രഹം ഉണ്ടായിത്തുടങ്ങി 
അടുത്തവീട്ടിലെ കുഞ്ഞുങ്ങളോട് അക്ഷരങ്ങൾ വച്ചു കഥകൾ പറഞ്ഞു പറഞ്ഞു  ഞാനൊരു ടീച്ചറായി ...
തോറ്റുപോകരുതെന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടിരുന്നു .
പ്രതിസന്ധികൾ അനവധി ...
അപ്പോഴും  തോൽക്കാൻ തോന്നിയിട്ടേയില്ല ..
അങ്ങനെയിരിക്കെയാണ് 
ഫാൻസി ജൂവലറി ഡിസൈൻ പഠിപ്പിച്ചു തരാൻ ഒരു  ചേച്ചി വന്നത് 
നാട്ടിലെ  ഹെൽത്ത് സെന്ററിലെ 
ആരോഗ്യ ഉദ്യോഗസ്ഥന്റെ ഇടപെടൽ ആയിരുന്നു കാരണം 
അങ്ങനെ അതും പഠിച്ചു .
പിന്നേയും ഒട്ടേറെ തൊഴിൽമാർഗ്ഗങ്ങൾ  ഇട്ടാവട്ടത്തു ഒരു ചക്രകസേരയിൽ ആയിരുന്നു ഞാൻ  എനിക്കുമുന്നിൽ ജനാലയിൽ കൂടെമാത്രം കടന്നുവരുന്ന വെളിച്ചമേയുണ്ടായിരുന്നുള്ളൂ .
ആയിടയ്ക്കാണ്  മൊബൈൽ ഫോൺ കിട്ടുന്നത് 
ഫേസ്ബുക് ,ലൈക്ക് ഷെയർ  എന്നൊക്കെകേൾക്കുമ്പോൾ വല്ല്യ ആൾക്കാരുടേതാണെന്നു ധരിച്ചിരുന്ന ഞാൻ  
സോഷ്യൽമീഡിയ വഴി അങ്ങു കാസറഗോഡ് മുതൽ ഇങ്ങു തിരുവനന്തപുരം വരേ  ഒത്തിരി കൂട്ടുകാരേ സമ്പാദിച്ചിരുന്നു 
കൂട്ടുകാരാണ് അന്നുമിന്നും ധൈര്യം ,പ്രചോദനം ,പ്രതീക്ഷ ....
ഇനിയില്ല എന്നുകരുതിയിരുന്നിടത്തുന്നു യുദ്ധം തന്നേ നടത്തി  ഞാൻ  പുറലോകം എന്തെന്നറിഞ്ഞു ,അരുതായ്മകളിൽ അരുതെന്നു തന്നെ പറയാൻ തന്റേടം ഉണ്ടായത് കല്ലുപോലുള്ള ജീവിതത്തിൽ നിന്നുതന്നെയാണ് 
വീണുപോയവരാണ് ,പ്രതീക്ഷിക്കുന്നു എന്നൊരു വാക്ക് ഞങ്ങൾക്ക്‌  വികലാംഗർഇപ്പോൾ  (ഭിന്നശേഷിക്കാർ ) 
ബാലികേറാമലയായിരുന്നെങ്കിൽ  ഇന്നു ഞങ്ങൾ ഓരോരുത്തരായി പുറത്തിറങ്ങി തുടങ്ങി .അവകാശങ്ങൾ നേടാനായി സമരങ്ങൾ ആരംഭിച്ചു 
വിജയം തന്നെയാണ്  ഇരുളടഞ്ഞുപോയവരുടെ ....
ഹെലൻകെല്ലർ തന്നയായിരുന്നു റോൾ മോഡൽ  എന്റെ 
പരിമിതികൾ തടസ്സമാകാതെ ശക്തമാർന്ന കൈകൾ എന്നേ ചേർത്തുപിടിച്ചിരുന്നു 
ഇന്നിപ്പോൾ  ഒരു സ്വപ്നസാഫല്യത്തിനായി ഓട്ടപ്പാച്ചിലിലാണ് 
രുചികരമായ ഭക്ഷണം എന്നുമെനിക്ക് ബലഹീനതയാണ് 
അച്ഛൻ പാചകക്കാരനാണ് എന്നതു പാരമ്പര്യം .
അങ്ങനെ  ഞാനും  ഇപ്പോൾ രുചികൾ കൊണ്ടൊരു വ്യത്യസ്ത ചിത്രം  വരക്കുകയാണ് 
നൈമിത്ര ദി ഹാർട്ട്‌ ഓഫ് ടേസ്റ്റ് 
കലർപ്പില്ലാത്ത രുചിക്കൂട്ട് ...
ഒറ്റക്കല്ലെന്നു ഓർമ്മിപ്പിക്കട്ടേ 
നന്മയായൊരു മനസുണ്ട് പിന്നിൽ ,കൂട്ടിനു  അമ്മയും ചേച്ചിയും ഉണ്ട് വീണ്ടും ഒത്തിരിയൊത്തിരി നന്മമരങ്ങൾ ....
അച്ചാറുകളും  ചമ്മന്തിപൊടികളും വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് .
വീണുപോകരുതേ വീണവർക്കു താങ്ങാകാൻ സാധിക്കണേ എന്നതാണ് പ്രാർത്ഥന 
ഒരു ഭിന്നശേഷിക്കാരനും |കാരിയും മാറിനിൽക്കേണ്ടവരല്ല സമൂഹത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല 
നിങ്ങളിൽ ഒരാളാണ് ഞാനും ,ഞങ്ങളും 
നമ്മളെന്ന് നിങ്ങൾപറയുന്നിടത്തു  ഞങ്ങൾ ഉയിത്തെണീക്കും  ഫീനിക്സ് പക്ഷിയായി ഒന്നിൽനിന്നൊന്നിലേക്ക് ....
 

Share :