ലോകഭിന്നശേഷി ദിനം .ഡിസംബർ 3
ഇക്കാലത്ത് ഓരോ ദിനങ്ങളും ഓരോ പേരിലാണു അറിയപ്പെടുന്നത്. ഹൃദയദിനം , കരൾദിനം, പരിസ്ഥിതി ദിനം ,ലഹരി വിരുദ്ധദിനം. എന്താണു ഈ ദിനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്? ബോധവൽക്കരണമാണു അതിന്റെ പരമമായ ലക്ഷ്യം!
ഡിസംബർ 3 ലോകഭിന്നശേഷി ദിനം ആയി ആചരിക്കുന്നു . നമ്മുടെയിടയിൽ പല പരിമിതികളും നേരിടുന്നവരുണ്ട് . അതിൽ കുട്ടികൾ , നമുക്കവരെ ഏറ്റവും സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരുമായ് നല്ല ഭാവിയെ സ്വപ്നം കണ്ടു വളരുവാനും ശക്തിപ്പെടുത്തേണ്ടതുണ്ട് . അവരും നാളത്തെ പൗരന്മാരാണു . വേറിട്ട കഴിവുകൾ ഉള്ളവരാണു ഈ കുട്ടികളൊക്കെയും ! അവരെ വികലാംഗരെന്നും മറ്റും വിളിച്ച് തരം താഴ്ത്തുന്ന വിളികൾ നിറുത്തേണ്ട കാലംകഴിഞ്ഞു . ഒന്നും വികലമല്ല ! മറ്റാരേക്കാളും സമൂഹത്തിൽ ആർക്കുമൊപ്പമെത്താൻ ഇവർക്കും കഴിയും
" If wealth is gone ,nothing is gone!
If health is gone ,something is gone!
If Charactor is gone ,everything is gone !"
അതായത് ആരോഗ്യമുള്ള ശരീരത്തിലല്ല , ആരോഗ്യമുള്ള മനസ്സിലാണു നല്ല വ്യക്തി രൂപംകൊള്ളുന്നത് . ഇവിടെ മനസ്സ് തളരാത്തിടത്തോളം ശാരീരിക പരിമിതിയോ വൈകല്യമോ ഒരാളെ ബാധിക്കില്ല എന്നാണ് . മറ്റു കുട്ടികളിൽ നിന്നും ഭിന്നമായി കഠിന ശ്രമത്തിലൂടെയും ക്ഷമയോടെയും ഏതുകാര്യവും , പഠനവും കളിയുമുൾപ്പടെ കൈപ്പിടിയിലൊതുക്കാൻ ഊതിക്കാച്ചിയ തളരാത്ത മനസ്സുള്ളവരാക്കി നമുക്കിവരെ വളർത്തിയെടുക്കണം . അതിനു പ്രത്യേക പരിഗണനയും സ്നേഹവും കരുതലും നൽകി സമൂഹത്തിന്റെ ഭാഗമാക്കി ചേർത്തുനിറുത്തണം.
ജീവിതത്തിന്റെ കയ്പ്പും ചവർപ്പും നുണഞ്ഞവരാണു ഇവരെ സംരക്ഷിക്കുന്നവരും . തങ്ങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി ഓരോ കുടുംബാംഗവും ഒന്നിച്ചാണു ഈ ഘട്ടത്തെ തരണം ചെയ്യുന്നത് . അവിടെ സമൂഹം വെറും നോക്കുകുത്തികൾ ആവരുത് . പ്രത്യേകിച്ച് അവരോട് അടുത്ത് ഇടപഴകുന്ന അദ്ധ്യാപകർ, സഹപാഠികൾ ; അവരുടെ മാതാപിതാക്കൾ കൂടാതെ ബന്ധുക്കൾ , അയൽ വീടുകൾ , ഇവരൊക്കെ നൽകുന്ന സ്നേഹത്തോടെയുള്ള ഒരു ചിരി , നല്ല വാക്ക് , അതെല്ലാം അവരിൽ മുളപൊട്ടുന്ന ആത്മവിശ്വാസത്തിന്റെ തളിരുകളാണു .
ബന്ധുക്കളുടേയും വീട്ടുകാരുടേയും വിവാഹം , ഗൃഹസന്ദർശനം എന്നിങ്ങനെ എല്ലായ്പ്പോഴും പൊതുയിടങ്ങളിൽ കൂടെകൂട്ടുക . ആ കുട്ടികളിലെ ഏതൊരു കുഞ്ഞു കഴിവുകളേയും പരിശ്രമങ്ങളേയും ഏറ്റവും മൂല്യത്തോടെ കാണുക , പ്രോത്സാഹന വാക്കുകളും സന്തോഷവും നൽകി അവരെ കൂടുതൽ നമ്മോട് ചേർത്തുനിറുത്തുക .
അവന്റെ / അവളുടെ ചിറകുകൾക്ക് കൂടുതൽ ശക്തി പകരുന്നത് , ഉയരത്തിൽ പറക്കാൻ പ്രാപ്തയാക്കുന്നത് സമൂഹത്തിന്റെ ഉയർന്ന സാംസ്കാരിക മൂല്യം ആണു .
സാധാരണ കുട്ടികളെ പൂമ്പാറ്റകളോട് ഉപമിക്കാറുണ്ട്. , കളിച്ചും പൊട്ടിച്ചിരിച്ചും , പാറിനടക്കുന്നവരാണു അവർ ! എന്നാൽ നമ്മുടെ ഈ കുട്ടികൾക്ക് വർണ്ണച്ചിറകുകൾ അല്ലാ, തീച്ചിറകുകളാണു വേണ്ടത് . അവരുടെ സ്വപ്നങ്ങളെ കനലൂതി പെരുപ്പിച്ചെടുക്കാൻ പോന്ന തീച്ചിറകുകൾ തന്നെ ആവണം . അതിനു കരുത്തവരാവണം . നന്നായി പരിശ്രമിക്കണം. എപ്പോഴും ആഗ്രഹങ്ങളെ നിറവേറ്റാൻ, പ്രതീക്ഷയോടെ കഠിനശ്രമവും ക്ഷമയും ശാന്തതയും കൈവരിക്കണം . തളരാത്തവരാവണം.
അങ്ങനെയുള്ള നമ്മുടെ കുട്ടികൾ ചിത്രം വരയ്ക്കും, പാടും ,നൃത്തം ചെയ്യും ,പഠിക്കും എഴുതും. ചിലപ്പോൾ അതിൽ കുറവുകളുണ്ടാവും. പക്ഷെ അതിനു പിന്നിൽ നല്ലൊരു മനസ്സുണ്ടാവും ! പരിശ്രമിക്കാൻ , ലക്ഷ്യത്തിലെത്താൻ കഴിയുന്ന തളരാത്ത മനസ്സ് . അങ്ങനെ തളരാത്ത മനസ്സുള്ള ആ കുട്ടികൾ വെറും സാധാരണക്കാരല്ല ! അവരെ അംഗീകരിക്കാൻ സമൂഹം തയ്യാറാവണം .
നമുക്ക് എല്ലാവർക്കും ഒപ്പം എത്താൻ കഴിയും . ഒരു കുറവും നമ്മെ ബാധിക്കില്ല . എന്ന് അവരെ ബോധ്യപ്പെടുത്തണം .
മുൻ കാലങ്ങളിൽ ഹെലൻ കെല്ലറെയും വില്ല്യം ഹോക്കിംഗ്സ് നെയുമൊക്കെ നമ്മൾ കുട്ടികൾക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാറുണ്ട് . പക്ഷെ ഇന്ന് നമുക്ക് ചുറ്റും പലരുമുണ്ട് . ചിത്രകാരിയായ കൊച്ചുസുന്ദരി സ്വപ്ന അഗസ്റ്റിൻ, കമ്പ്യൂട്ടർ ഗ്രാഫിക്സ് വർക്ക് ചെയ്യുന്ന ജിലു കുര്യൻ ഇവരെയൊക്കെ അറിയണം . ഇവരൊക്കെ ചുണ്ടിലും കാൽ വിരലുകളിലും ബ്രഷ് ഒതുക്കി ചിത്രം വരയ്ക്കും . കാലുകൊണ്ട് കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ച് ജോലി ചെയ്യും.നാലുചക്ര വാഹനം ഡ്രൈവ് ചെയ്യാനുള്ള ലൈസൻസ് പോലും സ്വന്തമാക്കിയിരിക്കുന്നു ജിലുമോൾ . ജനിക്കുമ്പോൾ ഈശ്വരൻ ഇവർക്ക് രണ്ടുകൈകളും നൽകിയിരുന്നില്ല . എന്നിട്ടും തന്റെ ഇല്ലായ്മകളിൽ ഒതുങ്ങിക്കൂടാതെ ഈ വിശാലമായ ലോകത്ത് തന്റേതായ ഇടം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു . അതാണു ജീവിതവിജയം . യുറ്റൂബിലും മറ്റും എടുത്തുനോക്കിയാൽ ആ വീഡിയോകൾ കാണാം!
ഈ പറയുന്ന ഞാനും 16 വയസ്സുവരെ ഒരു കുറവുകളും ഉണ്ടായിരുന്നതല്ല. പക്ഷേ , അസുഖം വന്ന് വേദനയും നീരും വന്ന് ഒന്നു ചലിക്കാനാവാതെ കുറേ വർഷങ്ങൾ ഒന്നും ചെയ്യാൻ കഴിയാതിരുന്നു! പിന്നെപ്പിന്നെ ആ അവസ്ഥയിൽ മലർന്നു കിടന്നുകൊണ്ട് , പുസ്തകങ്ങൾ കയ്യിലെടുക്കാനും പെൻസിലും പേനയും പിടിക്കാനും വരയ്ക്കാനും എഴുതാനും കഴിവു നേടി ! ടാബ് നെഞ്ചിൽ കേറ്റിവച്ച് ടൈപ്പ് ചെയ്യും . നെറ്റ് ഉപയോഗിക്കാൻ പഠിച്ചു ! ഒത്തിരി സുഹൃത്തുക്കളെ സമ്പാദിച്ചു ! എഴുതിയവ പുസ്തകമാക്കി ,രണ്ടുപുസ്തകം ചെയ്തു ! പ്രൗഢമായ പല വേദിയും പങ്കിട്ടു .
ഇതിനൊക്കെ പിന്നിൽ പ്രോത്സാഹനം ചെയ്യാനും പറഞ്ഞുതരാനും നല്ല മനസ്സുള്ളവർ ചുറ്റുപാടും വേണം. അടുത്തു പെരുമാറുന്ന കുടുംബാംഗങ്ങൾ, സഹോദരങ്ങൾ മാതാപിതാക്കൾ ,അദ്ധ്യാപകർ സുഹൃത്തുക്കൾ , ഇവരൊക്കെ മനസ്സു വയ്ക്കണം! എങ്കിൽ നമുക്കൊക്കെ വളരാം ! സമൂഹത്തിന്റെ ഭാഗത്തു നിന്നും ഒരുകൈ പിടിച്ചുയർത്തൽ അനിവാര്യമാണു . നിങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ തക്ക ഔദദ്ധ്യം . അതാണു മനുഷ്യത്വം , സാഹോദര്യം ! അതില്ലാത്തവൻ മനുഷ്യനാവുന്നില്ലാ .
കേൾവിക്കുറവോ കാഴ്ച്ച തകരാറോ നടക്കാൻ ബുദ്ധിമുട്ടോ അങ്ങനെ എന്തെങ്കിലും കുറവുള്ളവരെ അപരനാമങ്ങൾ ചേർത്തുവിളിക്കുന്നത് ഒരുതരം അധിക്ഷേപിക്കലാ ണു . പക്ഷേ ഇന്നതിനു വലിയ മാറ്റം വന്നിട്ടുണ്ട്. എന്നിരിക്കിലും ആരെങ്കിലുമൊക്കെ നമ്മുടെ സ്വന്തം കുഞ്ഞുങ്ങളെ അങ്ങനെ വിളിക്കുകയോ പറയുകയോ ചെയ്താൽ വളരെ വിഷമം തോന്നാം, വേദനിക്കാം! അവിടെ നമ്മൾ തിരിച്ചു ചിന്തിക്കണം. അതവരുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണു . അവരുടെ സംസ്കാര ശൂന്യതയാണു ! വിലകൂടിയ വസ്ത്രം ധരിച്ചാലോ , വില കൂടിയ വാഹനങ്ങളിൽ സഞ്ചരിച്ചാലോ ,വലിയ ഡിഗ്രീ എടുത്തതുകൊണ്ടോ അവൻ വലിയവനാകുന്നില്ല. അറിവുള്ളവർ അവനെ പുച്ഛിക്കുകയേയുള്ളൂ . എന്തുണ്ടായാലെന്താ ? മനുഷ്യത്വം, സഹജഭാവം അതാണു വേണ്ടത്. അതില്ലെങ്കിൽ , മോശം പെരുമാറ്റം, സംസ്കാര ശൂന്യൻ , എന്ന് അറിവുള്ളവർ അവനെ കരുതണം !
പൂർണ്ണതയോടെ വലിയൊരു വിഭാഗം മനുഷ്യരുള്ളപ്പോൾ ചെറിയൊരു ഭാഗം മാത്രമാണു കുറവുകളോടെയുള്ളത് . അല്ലെങ്കിൽ ആ രീതിയിൽ ആയിത്തീരുന്നുള്ളൂ . പൂർണ്ണതയുള്ളവർ മറ്റുള്ളവർക്ക് താങ്ങാവണം. മനുഷ്യർ പരസ്പരാശ്രിതരാവണം ! എന്ന വലിയൊരു തത്ത്വം ആണു സൃഷ്ടാവും കാണിച്ചുതരുന്നത് !
ഞാനും നീയും നിങ്ങളുമടങ്ങുന്നതാണു സമൂഹം ! എന്നെക്കൊണ്ട് നിനക്കും നിന്നെക്കൊണ്ട് എനിക്കും ഉപകാരപ്പെടണം! പരസ്പരം ഒരു കൈത്താങ്ങ് ,തണൽ ആവാൻ കഴിയണം . സമൂഹത്തോടുള്ള പ്രതിബദ്ധതയാണത്.
ഭരണതലത്തിൽ ,ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥ വൃന്ദങ്ങൾ ഇവരെല്ലാം കാണിച്ചുകൊടുക്കുന്നതാണു എപ്പൊഴും പൊതുജനങ്ങളും മാതൃകയാക്കുന്നത്. അതായത് വയ്യാത്ത ഒരംഗം ഉള്ള വീട്ടിലെ ഗവൺ: ഓഫീസ് ആവശ്യങ്ങൾ ,അവരുടെ അവകാശങ്ങൾ എന്നിവ കാലതാമസം കൂടാതെ ചെയ്തുകൊടുക്കുക , ക്യൂ നിൽക്കേണ്ടുന്ന സന്ദർഭങ്ങളിലും മറ്റും സാധാരണക്കാരും കുറച്ച് ഔദാര്യമൊക്കെ കാണിക്കുക . വീൽ ച്ചെയറിൽ ഇരിക്കുന്നവർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന സൗകര്യങ്ങൾ കെട്ടിടങ്ങൾ പണിയുമ്പോഴും പൊതുനിരത്തിലും ബസ് , ട്രെയിൻ മുതലായ പൊതുവാഹനങ്ങളിലും വരുന്ന കാലമേ ഒരു നാട് വികസിതമാവൂ .
നമ്മുടെ കുട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങളൊക്കെ നല്ല കുട്ടികളായി വളരും, നമ്മളായിരിക്കുന്ന അവസ്ഥയിലും ആവുന്നപോലെ പരിശ്രമിക്കും ,പഠിക്കും, ജോലി ചെയ്യും, മറ്റുകുട്ടികളെപ്പോലെ വളർന്ന് അച്ഛനും അമ്മയ്ക്കും തുണയാവും.തണലാവും. എല്ലാകുട്ടികളെയും പോലെ നിങ്ങൾക്കതിനു കഴിയും. എന്നിങ്ങനെ ഒരു കൊച്ചു സ്വപ്നം മനസ്സിൽ കരുതി വയ്ക്കണം .
ചെറിയൊരു ഭാഗം കുട്ടികൾക്ക് ഇതിനൊന്നും കഴിയാത്തവരുണ്ടാവും. ബുദ്ധി സംബന്ധമായ വൈഷമ്യങ്ങൾ ഉള്ള കുട്ടികളെങ്കിൽ അവരുടെ പേരന്റ്സ് കരുതാൻ ഒന്നേയുള്ളൂ . ഈശ്വരൻ ഏറ്റവും സുരക്ഷിതമായ കൈകളിലാണു , ആ കുട്ടികളെ നിങ്ങളെ ഏല്പിച്ചിരിക്കുന്നത് ! അതുമാത്രം ഓർത്താൽ മതി.
തീർച്ചയായും ജീവിതത്തിൽ ഒരു കരുതലും പൊരുതലും കാത്തുസൂക്ഷിക്കുന്നവരാണു ഈ കുട്ടികളും കുടുംബവും ! അവരുടെ സ്വപ്നങ്ങൾക്ക് ചിറകു വിടർത്താൻ ആകാശവും നിലയുറപ്പിക്കാൻ വളക്കൂറുള്ള മണ്ണും ഒരുക്കുന്നതിനു ഈ നാടിനും കഴിയട്ടെ !