Archives / December 2018

ഡോ. യു. ജയപ്രകാശ്
രാമായണത്തിലെ സീതായനം

 
രാമായണത്തിലെ സീതായനം. ഡോ. യു. ജയപ്രകാശ് രാമായണത്തെ മഹത്തായ ഒരു സാഹിത്യകൃതിയാക്കുന്നത് അവതാരപുരുഷനായ രാമൻ നായക കഥാപാത്രമാണെന്നതിനേക്കാൾ അനിതരസാധാരണമായ വ്യക്തിത്വമുള്ള സീത അതിലെ നായികാ കഥാപാത്രമാണ് എന്നതാണ്. അസാധാരണമായ ജീവിത പരീക്ഷകൾ അഭിമുഖീകരിക്കേണ്ടി വരുന്ന സീതയുടെ ശോകസാന്ദ്രമായ ജീവിതത്തിൻറെ ആഖ്യാനമാണത്. രാമായണമൊരു സീതായനവും കൂടിയാണെന്നത് തീർച്ചയാണ്. വിഷ്ണുവിൻറെ ദശാവതാരമാണ് രാമൻറെ വെെശിഷ്ട്യത്തിനു നിദാനം. പുരാണ കാവ്യമെന്ന നിലയിൽ രാമാവതാരം പാടിപ്പുകഴ്ത്തിയപ്പോളാണ് അതിലെ സീതായനത്തിന് നിറം മങ്ങിപ്പോകുന്നത്. രാമൻമാർ വേറെയുമുണ്ടാകാം, എന്നാൽ സീത - അതൊന്നുമാത്രമെന്ന സ്വാമി വിവേകാനന്ദൻറെ സീതാപ്രശസ്തി ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാവില്ല.. വാല്മീകി രാമമാഹാത്മ്യം പാടിപ്പുകഴ്ത്തിയ കവിയാണെങ്കിലും ആ കാവ്യത്തിലുടനീളം ഒളിച്ചുവെച്ചതും നായകപാത്രത്തിന് ചെെതന്യമേകുന്നവളുമായ സീതയാണ് കഥാവസ്തുവിനെ ചലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ ശക്തിസ്വരൂപിണിയെ പില്ക്കാലകവികൾ വലിയ മിഴിവോടെ പുനരാഖ്യാനത്തിനു വിധേയയാക്കുന്നുണ്ട്. കാളിദാസൻറെ സീതയും രവീന്ദ്രനാഥ ടാഗോറിൻറ സീതയും മാമാവരേക്കറുടേയും കുമാരനാശാൻറെ സീതമാരും ആദികാവ്യത്തിലെ നായികയെക്കാൾ ഉജ്ജ്ലമായ പരിവേഷമണിഞ്ഞു നില്ക്കുന്നവളാണ്. ഭാരതീയ സാഹിത്യത്തിലെമ്പാടും സ്ത്രീശക്തിയുടെയും സഹനത്തിൻറെയും പ്രതിനിധിയായത് വാല്മീകിയുടെ സീതയെക്കാളും പ്രാദേശിക രാമായണങ്ങളിലെ സീതയാണ്. രാമായണത്തിൻറെ മഹത്വത്തിന് കരുത്തുപകരുന്നത് അത് സീതയുടെ കഥകൂടിയായതു കൊണ്ടാണെന്നത് പരക്കെ അംഗീകരിക്കപ്പട്ടിട്ടുണ്ട്. രാമനെന്ന അയോദ്ധ്യാപതിയുടെ ധർമ്മരാജ്യവും മാതൃകാരാജ്യപദവിയും കൊണ്ടാടപ്പെടുന്ന തോടൊപ്പം രാമനെന്ന മനുഷ്യ വ്യക്തിയുടെ ജീവിതവിമർശനം സീതാപതി എന്ന നിലയിൽ ആ വ്യക്തിത്വത്തിന് നേരിടേണ്ടിവന്ന ഒരുപാട് പ്രതിസന്ധികളേയും പരാമർശവിഷയമാക്കുന്നു. ഉത്തരഹിന്ദുസ്ഥാനിലെ മററനേകം നാട്ടുരാജ്യങ്ങളി ലൊന്നായ അയോദ്ധ്യയിൽ ദശരഥപുത്രനായി ജനിച്ച് പിതാവിനു ശേഷം രാജ്യ പദവിവഹിച്ച് ക്ഷേമരാജ്യം പടുത്തുയർത്തിയ ഒരു സാധാരണ രാജാവിൽ നിന്നും അവതാരപുരുഷനായ ശ്രീരാമചന്ദ്രനിലേക്കുള്ള ആരോഹണത്തിൽ ധർമ്മപത്നി യായ സീതയുടെ പാതിവ്രത്യമാഹാത്മ്യവും സഹനങ്ങളും വൈയക്തിക മഹത്വ ങ്ങളും ഗൗരവമായ പങ്കുവഹിച്ചിട്ടുണ്ട്. പിതൃനിയോഗം ശിരസാവഹിച്ച് വനവാ സത്തിനിറങ്ങിയ പതിയെ ധർമ്മാചരണപൂർത്തിക്കായി പിന്തുടർന്നു നേടിയതു മാത്രമല്ല ആ മനസ്വിത. ജീവിതമുടനീളം പലമട്ടിൽ പരീക്ഷിക്കപ്പെട്ടപ്പോഴൊക്കെ ഒരു ഉത്തമ സ്ത്രീ എങ്ങനെയുള്ളവളാകണമെന്ന് സ്വയം ഉദാഹരിച്ചുകൊണ്ട് സീത കയറി നിൽക്കുന്ന ഭാരതീയ സ്ത്രീത്വത്തിൻറെ അത്യുന്നതമാതൃകയുണ്ടല്ലോ, ആ പദവി്ക്ക് തുല്യമാകുന്നതുതന്നെയാണ് ശ്രീരാമചന്ദ്രൻറെ പത്നിയെന്ന നിലയിലും സീത ഉയർത്തിപ്പിടിക്കുന്ന മഹിതമായ സ്ത്രീത്വത്തിൻറെ മാതൃക. ജനിച്ചത് കലപ്പപ്പാടിൽ. എന്തൊരു കഥയാണത്! .ആർക്കോ ജനിച്ച് ഏതോ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട അനാഥത്വത്തിലാരംഭിച്ച് ജനകൻറെ പുത്രിയും ദശരഥൻറെ സ്നുഷയും രാവണൻറെ കാമിനിയുമായി വളർന്ന ആ പെൺജീവിതം അയോദ്ധ്യാധിപതികളായ ലവകുശൻമാർക്ക് ജൻമം നൽകിയ ഭൂമിപുത്രിയെന്ന മഹിതപത്രം കയ്യടക്കിയത് മറ്റൊരു അവതാര കഥയോളം തന്നെ പ്രഖ്യാതമായതാണ്. സീതാചരിത്രത്തിൽ നമ്മുടെ കൗതുകം പതിക്കുന്ന ആദ്യ സംഭവം സ്വയംവരവേളയാണ് , കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ശൈവചാപവുമായി ബന്ധ പ്പെട്ട പരീക്ഷയുടെ. സീതാപതി ആശൈവചാപം കുലയ്ക്കുന്നവനാകണമെന്ന് ജനകൻ പരീക്ഷവെയ്ക്കുന്നത് അന്നത്തെ വ്യവസ്ഥാപിതമായ ഒരു സ്വയംവര പരീക്ഷയാണെങ്കിലും ആ ചാപം ഒരു ശൈവചാപമാണെന്ന പ്രശസ്തിയും അത് കുലയ്ക്കാൻ പോകുന്നവൻറെ വൈഭവവും സീതാസ്വയംവരത്തിന് ഇതര രാജകന്യകകളുടെ സ്വയംവരത്തിൽ നിന്നും വ്യത്യസ്തത ചേർക്കുന്നു. വിശ്വാമിത്രശിഷ്യനായ മുനികുമാരനായാണ് അയോദ്ധ്യയിലെ രാജകുമാരൻ സ്വയംപരീക്ഷയിൽ പങ്കെടുക്കുന്നത്. മഹാഭാരതത്തിൽ പാഞ്ചാലീസ്വയംവര ത്തിൽ കർണ്ണൻ അപമാനിതനായത് സൂതപുത്രനായതു കൊണ്ടാണെന്ന് ഇവിടെയോർക്കാം. ദശരഥരാജധാനി സ്വയംവരത്തിൽ മുനികുമാരനെ വില ക്കുന്നില്ല.അങ്ങനെ വിലക്കപ്പെട്ടിരുന്നെങ്കിലോ? യുദ്ധസന്നാഹത്തോടെയോ കൈക്കരുത്തോടെയോ രാമൻ ജനകകന്യകയെ സ്വന്തമാക്കാനുള്ള പ്രത്യയമുള്ള ആളാകാത്തതിനാൽ കഥയിൽ നിന്നും സീത അന്നേ ഒഴിവാകുമായിരുന്നു. തികച്ചും യാദൃച്ഛികമാണിതെന്ന് തോന്നുന്നു. രാമൻ അവതാരപുരുഷനാകയാൽ രാമനൊത്തവളാണ് സീതയെന്ന് മുൻകൂട്ടി നമ്മെ ധരിപ്പിക്കുന്നുണ്ട് ഈ രംഗ ത്തിലെ യാദൃച്ഛികതകൾ. സ്വയംവരകഥയ്ക്ക് വീരപരിവേഷം നൽകുക മാത്രമേ ചെയ്യുന്നുള്ളു ശൈവചാപകഥ. മഹാഭാരതത്തിലും ഇത്തരം സ്വയംവരപരീക്ഷ കളുണ്ടെങ്കിലും അവയൊക്കെ പിൽക്കാലത്തെ പല സംഭവങ്ങളുടെയും ബീജാദാനമായിക്കലാശിക്കുന്നതു കാണാം.സീതാസ്വയംവരത്തിലെ ചാപകഥ സീതയുടെ വ്യക്തിമാഹാത്മ്യത്തിൻറെ സൂചകം മാത്രമായിത്തീർന്നിരിക്കുന്നു. ആ സീത പിന്നീട് രാജകൊട്ടാരമുപേക്ഷിച്ച് വനവാസത്തിനിറങ്ങുമ്പോഴാണ് അവളിലെ സ്ത്രീത്വത്തിന് തിളക്കം ലഭിക്കുന്നത്. പഞ്ചവടിയിലാണ് സീതാ പരീക്ഷണത്തിൻറെ ഏറ്റവും തീക്ഷ്ണമായ സംഭവം അരങ്ങേറിയത്. സുഭഗശരീരികളായ രാജകുമാരന്മാരിൽ മോഹമുണർന്ന ശൂർപ്പണഖയുടെ കഥ മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തിൻറെ അപദാനമായി മാറുന്നു. സ്ത്രീത്വത്തിനും സൗന്ദര്യത്തിനും അംഗീകാരമായിട്ട് അതിനെ വിലയി രുത്താവുന്നതാണ്. നിരാകരിക്കപ്പെടുന്നതിന് ഉത്തരവാദി സീതയാണെന്നറിഞ്ഞ് ആക്രമിക്കാനൊരുങ്ങിയതാണ് ശൂർപ്പണഖ നേരിട്ട അംഗഛേദത്തിനു കാരണ മായത്. രാവണൻ സീതയെ മോഷ്ടിക്കാനിടയായതും ഭഗിനിയുടെ പരാതി യാലാണ്. സീതയെ രാവണനുമുമ്പിൽ ശൂർപ്പണഖ അവതരിപ്പിക്കുന്ന കഥ വൈയക്തിക ബന്ധത്തെക്കാളേറെ പ്രധാനം ലോകൈശ്വര്യങ്ങളൊക്കെ ലങ്കയ്ക്കു സ്വന്തമാകണമെന്ന രാവണൻറെ അഹന്തയുടെയും ഭാഗമാണെന്ന് വായിക്കപ്പെട്ടിട്ടുണ്ട്. സീതാപ്രവാസമാണ് രാമായണത്തിൻറെ ദുരന്തപർവ്വത്തെ വികാരഭരിതമാക്കുന്നത്. പതി്ന്നാലുസംവത്സരം വനവാസത്തെ സ്വയംവരിച്ചവളെ രക്ഷിക്കാനാകാത്തവനെന്ന് രാമന് അപഖ്യാതി ഉണ്ടായത് പുരാണകർത്താക്കൾ രാവണനിഗ്രഹത്തിൻറെ അപദാനം കൊണ്ടു മറയ്ക്കുമ്പോഴും വീരശുല്കയായ ഈ സതിയെ കാനനമദ്ധ്യത്തിൽ നഷ്ടപ്പെടുത്തിയ ശ്രദ്ധക്കുറവ് രാമകഥയിൽ എന്നെന്നും ഉറച്ചുകിടക്കുന്ന കളങ്കമാണ്. അതിൻറെ തീവ്രത മനസ്സിലാക്കിയാകണം സീതയുടെ സ്ത്രീസഹജമായ ഭ്രമമാണ് സീതാന്വേഷണ കഥക്ക് ഹേതുവായി വ്യാഖ്യാനിക്കപ്പെടുന്നത്. ആ സന്ദർഭം കുടുതൽ വിശകലനം അർഹിക്കുന്നത് സീതയുടെ ശക്തിദൗർബല്യങ്ങളുടെ ഏറ്റവും പ്രസക്തമായ ചർച്ച അർഹിക്കുന്ന സന്ദർഭമെന്ന നിലയിൽക്കൂടിയാണ്. രാമായണത്തിലെ ഏറ്റവും നാടകീയവും ഉദാത്തവുമായ ഒരു സന്ദർഭവും ഉപാഖ്യാനവുമാണ് സീതാപഹരണം. രാവണനെപ്പോലെ ഒരു ലോകൈകവീരന് സീതാപഹാരി എന്ന ദുഷ്ക്കീർത്തിയുണ്ടായത് കവിഭാവന ആ സന്ദർഭത്തെ കാവ്യനീതിക്കു ചേരുന്ന മട്ടിൽ മായാസീതാങ്കമെന്ന ഉപാഖ്യാനം സൃഷ്ടിച്ചുകൊണ്ടാണ്. അവതാരോദ്ദേശ്യം നിറവേറ്റുന്നതിന് ഉതകുംവിധത്തിൽ രാവണനെ കുടുക്കുന്ന ആ കഥ നമുക്ക് അവഗണിച്ച് ആ സന്ദർഭത്തിലടങ്ങിയ വൈകാരികവും മാനുഷികവുമായ പ്രാധാന്യത്തെ അവലോകനം ചെയ്യാം. എന്തുകൊണ്ടാണ് മായാമാനിൽ സീത പ്രലോഭിക്കപ്പെട്ടത്? മാരീചനെ മാനാക്കുന്ന രാവണയുക്തി യുദ്ധതന്ത്രമായി മനസ്സിലാക്കാം. സീതയെ രക്ഷിച്ചു നില്ക്കുന്ന യോദ്ധാവിനെ അകറ്റാൻ പ്രയോഗിച്ച ആ തന്ത്രം ഫലിച്ചെന്നുമാത്രമല്ല അത് രാക്ഷസതന്ത്രത്തിൻറെ വിജയവുമാണ്. രാവണവധത്തിന് അവതരിച്ച ദേവൻറെ പരാജയവുമാണത്. ആ പരാജയത്തിനു നൽകേണ്ടിവന്നത് സീതയെയായിരുന്നുവെന്നതാണ് ആ തന്ത്രത്തെ ശ്രദ്ധേയമാക്കുന്നതും. പുരുഷൻമാർ തമ്മിലുള്ള യുദ്ധസന്നാഹം മാറ്റിവെച്ച് ഈ സംഭവുമായി ബന്ധപ്പെട്ട് കവികൾ സീതയെ കുറ്റവിചാരണ ചെയ്യുന്നു. സീതാപഹരണത്തിന് ഇടയായത് സ്ത്രീയുടെ ദൗർബല്യമായി ചൂണ്ടിക്കാണിക്കുന്ന സൗന്ദര്യഭ്രമമാണ്. സീത തന്നെയാണ് അതിന് ഉത്തരവാദിയെന്നു സമർത്ഥിക്കുന്ന കുയുക്തിയാണിത്. സാധാരണ മനുഷ്യർക്ക് യുക്തിസഹമായി തോന്നുംവിധം നമ്മുടെ വ്യവസ്ഥ രൂപപ്പെടുത്തിയ ചില വിശ്വാസങ്ങൾ ഇവിടെ പ്രസക്തമാണ്. അവയിലൊന്ന് സീത ലക്ഷ്മണരേഖയെ അവഗണിച്ചുവെന്നതാണ്, രണ്ട് സീതക്ക് മായാമാനിൽ ഭ്രമമുണ്ടായി എന്നതും മൂന്ന് സീത സഹോദരനായ ലക്ഷമണനെ സംശയിച്ചുവെന്നതുമാണ്. ഇതിൽ ശക്തമായത് ആദ്യം ചർച്ച ചെയ്യാം, സീത തൻറെ സ്ത്രീത്വം മുൻനിർത്തി ലക്ഷ്മണനോട് ആ വേളയിൽ നടത്തുന്ന വാഗ്വാദത്തിൽ അതിരു കടന്നു പോകുന്നുവെന്നും പറയരുതാത്ത, വിചാരിക്കരുതാത്ത പല മനോഗതങ്ങളേയും വെളിവാക്കിയെന്നും കുറ്റപ്പെടുത്തുന്നവരുണ്ട്. പതിയായ രാമൻ കഴിഞ്ഞാൽ സീതയുടെ സ്ത്രീത്വത്തിൽ സഹജനായ ലക്ഷ്മണന് അവകാശമുണ്ടെന്ന വ്യവസ്ഥയെയാണല്ലോ ആ വെളിപ്പെടുത്തലിലൂടെ സീത തുറന്നടിച്ച് നിരാകരിച്ചത് വാസ്തവത്തിൽ തൻറെ സ്വാശ്രയത്തെ കുറിച്ചുപോലും വീണ്ടുവിചാരമില്ലാതെ പതീപ്രണയം വെളിവാക്കുന്ന പച്ചയായ ആ സ്ത്രീയെ, ആ സന്ദർഭത്തിൽ ലക്ഷ്മണനെ അങ്ങനെ കുറ്റപ്പെടുത്താമോ എന്നു വിചാരിക്കുന്നവരെക്കുറിച്ച് സഹതപിക്കാനേ കഴിയൂ.ഭർത്താവൊഴിച്ച് ഏതു പുരുഷനേയും അന്യനായിക്കരുതുന്ന സ്ത്രീക്ക് ആപത്തിൻറെ ആ ദുർഘടവേളയിൽ ഇത്തരം ദുശ്ശങ്കകൾ ദുർനിവാരണമാണല്ലോ. അത് സ്വാഭാവികമായൊരു സ്ത്രീമനസ്സിൻറെ പ്രതികരണമായല്ലാതെ ലക്ഷ്മണനോട് സഹോദരസ്നേഹം വ്യാജമായിരുന്നുവെന്നും തൻറെ മേനി മോഹിക്കുന്നവരിൽ ഒരാളാണയാളെന്നും സീത സംശയിച്ചത് അധർമ്മമാണെന്നുള്ള വാദം വികാരക്ഷമമല്ല, നൈതികയുക്തി മാത്രമാണ്. കൃത്രിമവും ദുരുദ്ദേശപരവുമായ കണ്ടത്തലുമാണ്. തൻറെ പുരുഷൻറെ ആർത്തനാദം കേൾക്കുന്ന ഭർത്തൃമതിയായ സ്ത്രീ ഏതുവിധേനയും അയാളെ രക്ഷിക്കാനല്ലേ ശ്രമിക്കേണ്ടതും. അല്ലാതെ രാമൻറെ അവതാരശക്തിയിൽ വിശ്വാസമർപ്പിച്ച് അനങ്ങാതെ നിന്നിരുന്നുവെങ്കിൽ മറ്റെന്തെല്ലാം ദുശ്ശങ്കകൾക്ക് പിൽക്കാലത്ത് ആ നിലപാട് കാരണമായേനേ. സീതയുടെ വാക്കുകൾ നൂറു ശതമാനവും സ്ത്രീസഹജവും മാതൃകാപരവുമാണെന്നതും ലോകാംഗീകാരം നേടിയിട്ടുണ്ട്. ലക്ഷ്മണരേഖയുടെ കാര്യം വിധിവാദികൾക്ക് സമാധാനമുണ്ടാക്കുന്ന താണ്. സീതയുടെ ദുർവിധിയാണ് രാവണരാജധാനിയിൽ കഴിയേണ്ടി വരികയെ ന്നത്. അതു തടയാൻ ആ രേഖ പ്രാപ്തമായില്ല.ലക്ഷ്മണനെ മാനിച്ച് സീത രേഖ ഉല്ലംഘിക്കാതിരുന്നെങ്കിൽ എന്ന് കഥാവ്യസനികൾക്ക് ആഗ്രഹിക്കാമെന്നുമാത്രം. ഇത് രാവണന് അലംഘ്യമായ ദിവ്യരേഖയായി വിശ്വസിക്കാമെങ്കിൽ , ഈ ആശ്വാസത്തിനും പഴുതു കിട്ടുന്നുണ്ട്. മനുഷ്യൻ വിധിക്കു മുമ്പിൽ വളരെ നിസ്സാര നാണ് രേഖ ലംഘിക്കാൻ സീതയെ മാനസികമായി പ്രേരിപ്പിച്ച വിധിസംഹിത തന്നെയാണ് ഇക്കാര്യത്തിൽ പഴി കേൾക്കേണ്ടത്, സീതയല്ല. എങ്കിലും സീതയെ പഴിക്കാൻ ഈ അതിലംഘനം പഴുതു നൽകിയിട്ടുണ്ട്.പുരുഷമേധാവിത്വത്തിൻറെ പങ്കിൽ ഈ പഴിയെ അവഗണിച്ച് അടുത്ത പ്രശ്നത്തിലേക്കു കടക്കാം മായാമാനിൽ സീത ഭ്രമിച്ചു പോയതാണ് സീതാപഹരണത്തിൻറെ മൂലകാരണമെന്ന ദൃഢവിശ്വാസമുള്ള രാമായണഭക്തരാണ് ഏറെപ്പേരും. സ്ത്രീ സഹജമായ ആ ദൗർബല്യത്തിൻറെ പേരിലാണ് രാമായണം കെട്ടിപ്പൊക്കിയിട്ടുള്ള തെന്നുപോലും വാദിക്കുന്നവരുണ്ട്. സീതയെപ്പോലെ രാജകന്യകയായ ഒരുവൾക്ക് സ്ത്രീസഹജമായ ആ ദൗർബല്യമുണ്ടാകരുതെന്ന വാദത്തെ പ്രതിരോധിക്കാൻ സീത സാധാരണക്കാരിയല്ല, ലക്ഷ്മിദേവിയുടെ അവതാരവും ശ്രീരാമചന്ദ്രൻറെ പത്നിയാവാൻ അവതരിച്ചവളുമാണെന്ന ധാരണ ഓർമ്മപ്പെടുത്തുക മാത്രമേ വേണ്ടൂ. അങ്ങനെയുള്ള സീതയിൽ നിന്നും സാധാരണ സ്ത്രീകളുടെ ഹൃദയ ദൗർബല്യം പ്രതീക്ഷിക്കാത്തതുപോലെ അതിനെച്ചൊല്ലി കുറ്റപ്പെടുത്തലും അടിസ്ഥാനരഹിതമാകുന്നു. എങ്കിലും സാധാരണക്കാരായ വായനക്കാർക്ക് ഈ ദൗർബല്യയുക്തി ഏറെ സമാധാനം നൽകുന്നുണ്ട്, കൂടെ വിധിവാദവും. മായാവാദം മാറ്റിവെച്ച് രാമകഥ അവലോകനം ചെയ്താൽ ഈ സ്ത്രീ സഹജമായ കൗതുകം സീതാപഹരണത്തിൻറെ കാതലായ വസ്തുതയാണെന്ന് കാണാം.വനമധ്യത്തിൽ അതിശോഭയോടെ കണ്ട മായാമാനിൽ സീത ഭ്രമിച്ചതിനെ മനുഷ്യസാധാരണമായൊരു കൗതുകമെന്നു വിശ്വസിക്കുകയുമാവാം.അതിനു കൊടുക്കേണ്ടി വന്ന വിലയായി സീതാപഹരണത്തെ കാണുമ്പോൾ രാമായണമെന്ന ദുരന്തകഥ പൂർത്തിയാവുകയുമായി. എല്ലാ ദുരന്തകഥകളിലും ഇത്തരം സഹതാപത്തിൻറെ, ഹൃദയനൈർമല്യത്തിൻറെ, സ്വാർത്ഥപ്രേരിത മായൊരു നിസ്സാരസംഭവത്തിൻറെ വിത്ത് കാണാവുന്നതാണ്. ഈഡിപ്പസിൻറെ കഥയിൽ, ഡെസ്റ്റിമോണയുടെ(മാക്ബത്ത്) കഥയിൽ, ഡോൾസ്ഹൗസിലെ നോറയുടെ കഥയിലൊക്കെയും മനുഷ്യ സാധാരണമായൊരു ദൗർബല്യം ഇതിവൃത്തത്തെ നിയാമകമായി സ്വാധീനിക്കുന്ന കഥാവസ്തുവായിത്തീരാറുണ്ട്. സീതയെ പ്രധാന കഥാപാത്രമായി സൃഷ്ടിച്ചെടുക്കാവുന്നൊരു ദുരന്തകഥയുടെ ന്യൂക്ലിയസ്സാവാൻ ഈ മാൻഭ്രമത്തിനു ശേഷിയുണ്ട്. എന്നാൽ രാമായണത്തിൽ മാത്രമാണ് ഈ ദൗർബല്യം നായികാദു:ഖങ്ങളുടെയൊക്കെ ഹേതുവായി രാക്ഷസീ യാകാരം പൂണ്ടുവരുന്നത് എന്ന് ഗൗരവതരമായ വസ്തുതയാണ്. ഇങ്ങനെ ലോക സാഹിത്യത്തിലെമ്പാടും മനുഷ്യമനസ്സിൻറെ ചെറുവ്യതിയാനങ്ങളാണ് മഹത്തായ ഇതിവൃത്തങ്ങൾക്ക് പ്രേരണയാകുന്നതായി കാണാവുന്നതാണ്. മനുഷ്യകുലത്തിൻറെ കഥ ആരംഭിക്കുന്ന കാലംമുതൽക്കുതന്നെ കഥാരംഗത്ത് ഈ ദൗർബല്യം സ്വീകാര്യമായൊരു കഥാതന്തു ആകുന്നത് രസാവഹമാണ്. രംഗം ഏദൻതോട്ടമാണ് , വിലക്കപ്പെട്ട അറിവിൻറെ കനി രുചിക്കാൻ സാത്താൻ ഹവ്വയെ പ്രലോഭിപ്പിച്ചു. ആ പ്രലോഭനമാണല്ലോ,മനുഷ്യ കഥാകഥന പാരമ്പര്യത്തിലെ ആദ്യ കഥാവസ്തു. എത്ര ഉദാത്തമായൊരു കഥാവസ്തുവായാണ് ആ പ്രലോഭനം കയറി നിൽക്കുന്നത്. ഇതു സംബന്ധിച്ച ഒരു ആഫ്രിക്കൻ കഥ പൗലോകൊയ്ലോ പരാമർശിക്കുന്നതോർക്കുന്നു.മൊറോക്കോവിലെ നാടൻകഥകളിലൊന്നാണത്. ഏദൻതോട്ടത്തിൽ സാത്താൻറെ ഒരു വിധത്തിലുള്ള പ്രലോഭനത്തിനും ഹവ്വ വഴങ്ങിയില്ല തന്ത്രശാലിയായ സാത്താൻ ഒടുവിൽ ഹവ്വയെ കുടുക്കാൻ കണ്ടെത്തിയ തന്ത്രം ഹീനമാണെങ്കിലും അസാധാരണമായിരുന്നില്ല. സാത്താൻ പറഞ്ഞത് ഈ കനി ഭക്ഷിച്ചാൽ ഹവ്വ ഇനിയും സുന്ദരിയായി അവളുടെ ഭർത്താവിൻറെ മുഴുവൻ ശ്രദ്ധയ്ക്കും പാത്രമാവുമെന്നായിരുന്നു. ഏതു സ്ത്രീയാണ് ഈ പ്രലോഭനത്തിൽ കുരുങ്ങാതിരിക്കുക. പക്ഷേ ഹവ്വ മറുത്തു പറഞ്ഞത് ഇവിടെ ഞാനല്ലാതെ മറ്റൊരു സ്ത്രീയില്ലല്ലോ എന്നാണ്. പക്ഷേ അതിനുള്ള സാദ്ധ്യതയുടെ ഒരു സംശയം ഊതിപ്പെരുപ്പിച്ച്, ആദം ഒരുവളെ ഒളിപ്പിച്ചുവെച്ചത് കാണിച്ചുതരാമെന്നു് സാത്താൻ ഉറപ്പുകൊടുത്ത് അവളെ മലമുകളിലെ ഒരു കിണറ്റിനരികിലേക്ക് കൊണ്ടുചെന്ന് ആ ഗുഹയിലാണ് ആദം അവളെ ഒളിപ്പിച്ചിട്ടുള്ളത്,നോക്കിക്കോളൂ എന്ന് അറിയിച്ചു. കിണറ്റിലേക്കു നോക്കിയ ഹവ്വ കണ്ടതു തൻറെ നിഴലാണെന്ന് അറിയാതെ, സാത്താനെ വിശ്വസിച്ച് ഉടനെത്തന്നെ വിലക്കപ്പെട്ട കനി ഭക്ഷിച്ച് ഇനിയും സുന്ദരിയാവാൻ നിശ്ചയിച്ചു. ഇതാണല്ലോ ചരിത്രത്തിലെ ആദി പാപം. ഈ പ്രലോഭനത്തിലാണല്ലോ പറുദീസ നഷ്ടം കെട്ടിപ്പടുത്തത്. രാവണനൊരുക്കിയ മാനിൻറെ ചതിയിൽ വീണില്ലായിരുന്നെങ്കിൽ സീതയുടെ കഥ തീർച്ചയായും മറ്റൊരു തരത്തിൽ ആകുമായിരിക്കാം. സീതയുടെ കഥ തന്നെ ഉണ്ടാകാതിരിക്കുമായിരിക്കാം. സ്ത്രീയുടെ പ്രലോഭനം മനുഷ്യകഥയുടെ അതിപ്രഭാതം മുതൽ അതിഗൗരവ സ്ഥാനത്ത് ആഘോഷിക്കപ്പെട്ടു വരുന്നതാണ് ഈ സന്ദർഭത്തിൽ ഗൗരവതരമായി പരിഗണിക്കപ്പെടേണ്ട വിഷയം. മായാമാനിനെ കണ്ട് ഭ്രമിച്ച് അത് സ്വന്തമായി എങ്കിലെന്ന് സീത ആശിച്ചത് അടിസ്ഥാന മാനുഷികവികാരമാണ്. ആ ഭ്രമത്തിനു മേലാണ് ഇതിവൃത്ത ത്തിൻറെ അടുത്ത ഘട്ടങ്ങൾ കൊരുത്തുവയ്ക്കപ്പെടുന്നത്. ലക്ഷ്മണരേഖയും ലക്ഷ്മണോപാലംഭവും സീതാപഹരണവും അന്വേഷണവും രാവണ വധവുമൊക്കെ സാദ്ധ്യമായത് ഈ പ്രലോഭനത്തിൻ്റെ മേലെയാണല്ലോ. രാമായണകഥയെ ചലിപ്പിക്കുന്നതിലും ലക്ഷ്യവേധിയാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതാണ് ഈ പ്രലോഭനമെന്നിരിക്കെ, ഇന്ത്യൻ കഥാസന്ദർഭത്തിൽ മാത്രമാണ് അതിൻറെ ആഖ്യാനപരമായ പ്രാധാന്യത്തെ തൃണവല്ക്കരിച്ചു കൊണ്ട്, അതു നിലകൊള്ളുന്ന സന്ദർഭത്തിലേക്കു മാത്രമായിച്ചുരുക്കി സീതയെ ,കഥാനായികയെ,പരിഹസിക്കാനുതകുന്ന ഹൃദയദൗർബ്ബല്യമാക്കി ചുരുക്കുന്നത്. എന്നാൽ ഈ ഭ്രമവും ദൗർബ്ബല്യവും മാത്രമല്ല സീതയെന്ന് രാമായണകഥ സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കിലും രാമാവതാര സമ്മോഹിതർക്ക് സീതോപാലംഭത്തിന് ഈ കഥാസന്ദർഭം ഏറെ ഹൃദ്യമായിത്തീർന്നിട്ടുണ്ട്. യഥാർത്ഥത്തിൽ അതിശക്തമായ മനോബലമുള്ളവളാണ് സ്ത്രീ. ഒരുറച്ച തീരുമാനമെടുത്താൽ എന്തെന്തു പ്രലോഭനങ്ങളുണ്ടായാലും അണുവിട മനസ്സു കെടാതെ സ്ഥൈര്യമനസ്കയായി നേരിടുന്നവൾ. രാവണൻറെ കൊട്ടാരവും പിണിയാളുകളും എത്ര മെനക്കെട്ടിട്ടും ആ സ്ത്രീത്വം വൻകോട്ടയായി വർത്തിച്ചതും രാമായണ വായനക്കാർ കണ്ടറിഞ്ഞിട്ടുള്ളതാണ്. രാമനുപോലും ഇത്ര മനോബലമില്ലായിരുന്നെന്ന് ശൂർപ്പണഖാങ്കം വ്യക്തമാക്കുന്നതാണ്. അതുകൊണ്ടു തന്നെയാണല്ലോ സീതയുടെ കഥകഴിച്ച് രാമനെ നേടാൻ ശൂർപ്പണഖ മുതിരുന്നതും. രാമകഥയിലൂടെ കടന്നുപോകുമ്പോൾ രാമപത്നിയായ സീതയുടെ മനസ്വിതയാണ് അതിൻറെ മിക്ക കഥാവികാസങ്ങളുടെയും ഊർജ്ജമായിക്കാണുന്നത്. ഓരോ കഥയും മനുഷ്യജീവിതത്തിൻറെ ദുരന്ത സാദ്ധ്യതകളുടെ ഉദീരണമാണല്ലോ സാധിക്കുന്നത്. രാമായണത്തെ ആ നിലയ്ക്ക് പരിശോധിച്ചാൽ അത് സീതായനമായാണ് അനന്തകാലത്തിൻറെ ഇതിഹാസ മാകുന്നതെന്നു വ്യക്തമാകും.

ReplyForward

 

Share :