Archives / December 2018

ഇന്ദിരാ ബാലൻ
ശ്യാമരാഗങ്ങൾ

കവികളും കലാകാരൻമാരും ശ്യാമം എന്ന പദത്തിന് നിരവധി അർത്ഥ കൽപ്പനകൾ നൽകിയിട്ടുണ്ട്. ശ്യാമവർണ്ണൻ, ശ്യാമമേഘം, ശ്യാമ സന്ധ്യ... എന്നിങ്ങനെ. കേൾക്കുമ്പോൾ മനോഹരമെന്ന് തോന്നുമെങ്കിലും അന്തർലീനമായ ഭാവം ശോകം തന്നെയാണ്. ദുഃഖം ഘനീഭവിക്കുന്നവയെങ്കിലും അവ വർണ്ണനക്കതീതമായി ഭവിക്കുന്നു. 

 

ഇതിഹാസ സമാനമായ പദമാണ് " അമ്മ". കഥകളിലും കവിതകളിലും ദൈവീക പരിവേഷമുള്ളവരായി ഉയിർത്തെഴുന്നേറ്റ നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലി,  കാവിലെ പാട്ടിലെ ദേവി തുടങ്ങി ധാരാളം പേരെ വായനക്കാർക്ക് സുപരിചിതമായിരിക്കും. ഏതൊരമ്മക്കുള്ളിലും മഹത്തായ ശക്തിവിശേഷം ഉണ്ട്. തന്റെ ഭർത്താവിനൊ, മക്കൾക്കൊ എന്തെങ്കിലും അഹിതം സംഭവിച്ചാൽ അവരുടെ ഉള്ളിലുറങ്ങുന്ന കാളീ ഭാവം ഉണർന്നു വരാം. പ്രതിലോമശക്തികളെ ഭസ്മീകരിക്കാനുള്ള കഴിവ് സ്ത്രീയിലുണ്ട്. മക്കൾക്ക് മുന്നിലെപ്പോഴും അമ്മമാർ കാരുണ്യമൂർത്തികൾ തന്നെയായിരിക്കാം. ഒരു പെൺകുട്ടി അമ്മയാകാൻ തയ്യാറാവുമ്പോൾ അവൾക്ക് മാനസികമായും ശാരീരികമായും രാസപരിണാമങ്ങൾ സംഭവിക്കുന്നു. അമ്മ എന്ന പ്രതിഭാസത്തിലേക്കവൾ സഞ്ചരിക്കുന്നു. ജീവിതാവസാനം വരെ ആ പുക്കിൾക്കൊടി ബന്ധം അവളുടെ മനസ്സിൽ വേരറ്റുപോവാതെ കിടക്കുന്നു. ആത്മബന്ധത്തിന്റെ അനന്തവികാസമായി പരിണമിക്കുന്നു. നരവംശത്തിന്റെ അസ്തിത്വവും സ്ത്രീത്വത്തിന്റെ സാഫല്യവും മാതൃത്വത്തിലധിഷ്ഠിതമത്രെ. മനുഷ്യനെ ഗർഭത്തിൽ ധരിക്കുന്നതിനാൽ ധരിത്രിയും ജനിപ്പിക്കുന്നതിനാൽ ജനനിയുമാണവൾ. എല്ലാവർക്കും ആശ്രയം നൽകുന്നതിനാൽ വനിതയും മഹത്തായ ശക്തിയുടെ ഉടമയും ആയതിനാൽ മഹിളയുമാണ്. ഇത്രയൊക്കെ വിശേഷണങ്ങൾക്കധിപയായിട്ടും ഏതൊക്കെ തരത്തിലാണിന്നും അവൾ തിരസ്ക്കരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്? അവളുടെ വ്യത്യസ്ത മുഖങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് സ്നേഹ സാക്ഷാൽക്കാരത്തിന്റെ വൈവിധ്യങ്ങളും വൈചിത്ര്യങ്ങളുമാണ്. അനുഭവങ്ങളുടെ രുചി ഭേദങ്ങൾ നിറഞ്ഞ പെരും ഭാണ്ഡങ്ങളവളുടെ അസ്ഥികളെ നറുക്കുന്നു. ആ വേദനയിലും ത്യാഗത്തിലും ക്ഷമയിലും പരിക്ഷീണയാകുന്ന അവൾക്ക് നേരെ സമൂഹം തൊഴിക്കാലുകൾ ഉയർത്താൻ മടിക്കുന്നില്ല. അതിനീചത്വത്തിലൂടെ...... നിത്യജീവിതത്തിന്റെ നിരന്തര പ്രശ്നങ്ങളിലൂടെ സ്ത്രീത്വത്തിന്റെ ആന്തരികവും നിഗൂഢവും സത്താപരവുമായ ഭാവങ്ങളുടെ ഉചിത വിഭാവങ്ങളായി അവൾ ജീവിച്ചു കൊണ്ടിരിക്കുന്നു. ആത്മത്യാഗോജ്ജ്വലമായ ജീവിത ചര്യയിലൂടെ അലൗകിക ശക്തികളെപ്പോലും വരുതിക്ക് നിർത്താനുള്ള കെൽപ്പുണ്ടായിട്ടുപോലും സ്ത്രീ അടിച്ചമർത്തപ്പെടുന്നതിന്റെ രാഷ്ട്രീയം പുനർ നിർവചിക്കേണ്ടിയിരിക്കുന്നു. സൂര്യ വർണ്ണങ്ങൾ ഉള്ളിൽ സ്ഫുരിക്കുമ്പോഴും പ്രത്യക്ഷത്തിൽ ശ്യാമരാഗങ്ങളായി മാറുന്നവർ. കാര്യം കഴിഞ്ഞാൽ വലിച്ചെറിയപ്പെടുന്ന സ്ത്രൈണകഥകൾ ഇന്നേറെയാണ്. വർത്തമാനകാലത്തിന്റെ പ്രത്യയശാസ്ത്രപരമായ ദുശ്യാഠ്യങ്ങളിൽ ബലിയാടാകുന്നത് സ്ത്രീകളും പെൺകുഞ്ഞുങ്ങളുമാണ്. നിയന്ത്രണത്തിന്നതീതമായ യാന്ത്രികതയുടെ വ്യാപനം സ്ത്രീ ജീവിതത്തിന്റെ സ്വച്ഛന്ദതയെ കലുഷഭരിതമാക്കിക്കൊണ്ടിരിക്കുന്നു.ആത്മസമർപ്പണത്തിന്റെ പര്യായങ്ങൾ പോലെ അസാധാരണ ജീവിത സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന എത്രയോ അമ്മമാരിന്ന് തെരുവീഥികളിലാണെന്ന സത്യം വിസ്മരിക്കാനാവില്ല. തേവിത്താണ കുളം പോലെ പെരുവഴി തേടേണ്ടി വരുന്നവർ. നല്ല കാലത്ത് സ്വന്തം ജീവിതം തീറെഴുതി ഭർത്താവിനും മക്കൾക്കും നൽകി സ്വയം നഷ്ടപ്പെടുന്നതറിയാതെ ഒരു പഴന്തുണിക്കെട്ട് പോലെ ഏകാന്ത തുരുത്തിലകപ്പെടുന്നവരുടെ വ്യഥ.. അതെത്ര മാത്രം സമൂഹത്തെ ബാധിക്കുന്നുണ്ട്? മുക്കിലും മൂലയിലും കുന്ന് കൂടിയ സങ്കടങ്ങൾ ഏത് മഹാസാഗരത്തിലൊഴുക്കും? വാ പിളർന്നു കിടക്കുന്ന അവഗണനയുടെ മുറിവുകളിൽ ഏത് മഹാ ഔഷധം പുരട്ടും? പത്തു മാസം ചുമന്ന് നൊന്തു പെറ്റ കണക്കിന്ന് പറയരുത്.. അത് കാലത്തിന്റെ അതിരിലേക്ക് തള്ളിയിരിക്കുന്നു... അത്തരം കാര്യങ്ങൾ മഹത്വവൽക്കരിക്കേണ്ടെന്നും ഇന്നത്തെ സാങ്കേതികതകൾ പറയാതെ പറയുന്നു. സ്നേഹത്തിന്റെ നിറവിൽ നിന്നും നിർഗന്ധമായ ഒരിടത്തിലേക്ക് തള്ളപ്പെടുമ്പോൾ ചുറ്റും വരിഞ്ഞുമുറുക്കുന്ന ഏകാന്തത ഉഗ്രവിഷ സർപ്പത്തേക്കാൾ ഭീകരമാകുന്നു. മൂല്യശോഷണമേറ്റ ഈ കാലത്തിന്നാര് ഉത്തരം പറയും എന്ന ചോദ്യത്തിന്റെ അഗ്നിബാണങ്ങൾ ദിശ തെറ്റി സകലതും ചുട്ടെരിച്ച് പായുകയാണ്. ധീരതയുടെ സൂര്യതേജസ്സുളളിൽ വഹിച്ചിട്ടും ശ്യാമരാഗത്തിന്റെ ആരോഹണാവരോഹണങ്ങളിൽ നിറയുന്നു വ്യഥയുടെ കനൽ പേറുന്ന ഈ അമ്മമാർ ! അപ്പോഴും അകലെ ഒരൊറ്റ മരച്ചില്ലയിൽ നിന്നും ഒറ്റച്ചിറകിന്റെ താളത്തിൽ ഒരു പക്ഷി പാടിക്കൊണ്ടിരുന്നു.

 

"ഒരു പാട്ടു വീണ്ടും
തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളൊരീ
കാട്ടുപക്ഷീ....

ആരുമില്ലെങ്കിലെന്തായിരം
കൊമ്പത്ത് താരുകളുണ്ട്
താരങ്ങളുണ്ട്......
അപ്പാട്ടിലാഹ്ളാദത്തേനുണ്ട്
കനിവെഴും സ്വപ്നങ്ങളുണ്ട്
കണ്ണീരുമുണ്ട്...... (സുഗതകുമാരി )

   

 

Share :