Archives / December 2018

.അശോക്‌...
കാറ്റ്.

ഉള്ളിലോരോ കിനാവിന്‍റെ തീരവും

മഞ്ഞു മൂടി മരവിച്ചു നില്‍ക്കവേ

എന്തിനിന്നീ ജനാലക്കരികിലെ

കുഞ്ഞു പൂക്കളെ തൊട്ടുപോകുന്നു നീ.

ആടിയെത്തുന്നവള്ളികള്‍ക്കുള്ളിലെ

രാഗമാലിക മൂളിടും രാക്കിളീ-

നീ വരുന്നതേതാകാശ വീഥിതന്‍

മേഘപാളിതെളിച്ച വഴികളില്‍......?

 

നീ ചുഴറ്റിയെറിഞ്ഞ മുന്‍ജീവിത-

പാനപാത്രം പുതഞ്ഞയീപൂഴിയില്‍

വിണ്ടുകീറുമരിശമകറ്റുവാന്‍

നിന്‍റെനെഞ്ചിന്‍ നെരിപ്പോടുകീറിയ

നീരിനായികൊതിക്കുന്നു ഭൂമിയും.

 

നിന്‍ തലോടലില്‍ ചാരമായീടുവാന്‍

വെന്തു നീറുന്നോരുള്ളിലെ ചിന്തകള്‍

കണ്ണുനീരില്‍കുതിര്‍ന്നു പോയീടവെ -

ഏറ്റുവാങ്ങുക ,ഏറ്റമില്ലാതെയും

ചക്രവാളങ്ങള്‍ക്കുമപ്പുറമെത്തി നീ

 

എത്രനാള്‍ നിന്‍റെയോരത്തുചേര്‍ന്നുതീ

കാട്ടുപൂക്കളില്‍,കാട്ടുമരങ്ങളില്‍

ഒന്നിലൊന്നായി പടര്‍ന്നു കളിക്കവേ

വെന്തു ചത്തവര്‍,വേരറ്റുപോയവര്‍

മണ്ണില്‍നിന്നു മാത്രം മുളച്ചവര്‍ .

 

നിത്യവും നിന്‍ വരവുകള്‍ പൂഴിയില്‍

പുല്‍ക്കൊടിക്കും ഉണര്‍ത്തുപാട്ടായിടും.

മണ്ണ് ചേര്‍ത്തു ശിലായുഗം തീര്‍ക്കവെ

തോറ്റുപോയതോ,കല്പ്പണിക്കാരവര്‍

ആഴി നീന്തി കടന്നെത്തി മാറിലെ-

ചൂടിനായി നിന്‍ ചുണ്ടുരുമ്മീടവേ

നിന്‍മടക്കമാസന്നമറിഞ്ഞു ഞാന്‍

വിങ്ങുകല്ലാതെന്തു ചൊല്ലുക തെന്നലേ...?

 

 

Share :