Archives / December 2018

ഉമപ്രദീപ്
വാഹിദാ നിനക്കായ്‌ 

കാലങ്ങളേറെ കഴിഞ്ഞിട്ടുമെൻ സഖീ 
നീയെന്റെ ഓർമ്മയിൽ പൂത്തു നിൽപ്പൂ 
ഒരുപാട് നോവുകൾ ചിരിയാൽ മറച്ചു നീ 
അരികത്തിരുന്നു കളി പറഞ്ഞു..

അന്നാ കലാലയക്കോണിലെ പൂമരമൊന്നിനു കീഴെ നീ വന്നിരുന്നു 
താഴത്തുതിർന്നു കിടന്നൊരാ പൂക്കളിൽ 
നിൻമിഴിനീരും പൊതിഞ്ഞിരുന്നു..

അമ്മയുണ്ട് നിനക്കച്ഛനുണ്ട് പക്ഷേ 
അമ്മയുമച്ഛനുമില്ല പോലും അമ്മയെക്കാണുവാൻ അന്യവീട്ടിൽ ചെന്ന് അതിഥിയായ് വാതിൽക്കൽ നീ നിന്നുപോൽ !!!!


അമ്മയുണ്ട് നിനക്കച്ഛനുണ്ട് പക്ഷേ അമ്മയുമച്ഛനുമില്ല പോലും 
അച്ഛനെ കാണുവാൻ രണ്ടാനമ്മതൻ 
വാക്കിൻ ശരങ്ങളും നീയേറ്റുപോൽ !!!!

കാർമേഘത്തുണ്ടുകൾ മാനത്തു നിറയവേ 
ഇടിവെട്ടി മഴയങ്ങു പെയ്തീടവേ 
ഒരു പനിച്ചൂടിൽ നീ ഉരുകീടവേ നിന്റെ മനമെന്നുമമ്മയെ തേടി നിന്നു ...

മുത്തശ്ശി തന്നുടെ ചൂട് നൽകി നിന്നെ 
അരുമയായ് പോറ്റി വളർത്തുമ്പോഴും 
നിന്മിഴിക്കോണിലുരുണ്ടുകൂടിയശ്രു 
കിരണങ്ങളിങ്ങനെ ചൊല്ലിയെന്നോ? 
അമ്മയുണ്ട് എനിക്കച്ഛനുണ്ട് പക്ഷേ 
അമ്മയുമച്ഛനുമില്ല പോലും 
അമ്മയുണ്ട് എനിക്കച്ഛനുണ്ട് പക്ഷേ 
അമ്മയുമച്ഛനുമില്ല പോലും..

ആഴ്ച്ചകൾ മെല്ലെക്കടന്നു പോയി നിന്നെ 
കാണാതെ ഞാനുമുഴറി നിന്നു
വീടറിയില്ല നിൻ നാടറിയില്ല നീ 
ഒന്നുമേ ആരോടും ചൊന്നതില്ല... 

പിന്നൊരു നാളിലാ വാർത്തയറിഞ്ഞു നീ 
ഒരു ചിത്രം മാത്രമായ് തീർന്നുവെന്ന് 
ഒരു തുള്ളി വാത്സല്യം ഭിക്ഷ ചോദിച്ചിന്നും 
രണ്ടു മുറ്റത്തു നീ നിൽപ്പുണ്ടാകാം...... 

ആദ്യത്തെ ഒപ്പിൽ തുടങ്ങുന്ന ജീവിതം 
മറ്റൊരു കൈയൊപ്പാൽ തീർത്തിടുമ്പോൾ 
ഓർക്കുക നിങ്ങൾ കുരുന്നു മനസ്സതിൽ 
മറ്റൊരു വാഹിദ പിറന്നിരിക്കാം... 

അമ്മയുണ്ട് എനിക്കച്ഛനുണ്ട് പക്ഷേ 
അമ്മയുമച്ഛനുമില്ലെന്നവർ 
ചൊല്ലുന്ന നൊമ്പരത്തീയതണക്കുവാൻ
കഴിയില്ല ജീവനതുള്ള കാലം... 

 

 

Share :