Archives / December 2018

      ദിവ്യ.സി.ആർ.
സമരപ്പന്തലിലെ മഴ

ആദ്യമായി   സമരപ്പപന്തലിലെത്തിയ കുഞ്ഞ് അമ്മയുടെ നെഞ്ചോട് ഒന്നുകൂടി ചേർന്നിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ആ കണ്ണുനീർ മടിത്തട്ടിലെ പിഞ്ചുകുഞ്ഞിനെ തഴുകി ഭൂമിയിലേക്കു പതിച്ചു.ഇടയ്ക്കിടെ മുറിഞ്ഞു പോകുന്ന വാക്കുകൾ കൊണ്ട് ഹൃദയത്തിൽ നിന്നടർന്നുവീഴുന്ന തൻെറ വേദന പകർത്താൻ അവൾ ശ്രമിച്ചു.തുടരെ തുടരെ ക്യാമറയുടെ ഫ്ലാഷുകൾ അവർക്കു നേരെ തെളിഞ്ഞു. കുഞ്ഞുകണ്ണുകളിൽ പതിച്ച പ്രകാശത്തെ അവൻ നിഷ്കളങ്കമായി നോക്കി പുഞ്ചിരിച്ചു.

       പതിവുപോലെ അവളുടെ മുന്നിലെ വാർത്താസമ്മേളനങ്ങളും ചർച്ചാവാഗ്ദാനങ്ങളും അവസാനിച്ചു.ഭർത്താവിനെ തിരിച്ചു കിട്ടണമെന്ന ആവശ്യം മാത്രം ബാക്കിയാക്കി അവളേയും കുഞ്ഞിനേയും അവശേഷിപ്പിച്ച് ആളും ആരവങ്ങളുമൊഴിഞ്ഞു.

     പെരുമഴ നിറഞ്ഞ ആ ദിവസം !

കണ്ണുനീർ അടങ്ങാത്ത കണ്ണുകളിലെ കടുത്ത ശൂന്യതയിൽ അവൾ ഓർത്തെടുത്തു. കാർമേഘങ്ങൾ കറുപ്പിച്ച ആകാശം വെട്ടി ജ്വലിക്കുകയായിരുന്നു. ഇടിമുഴക്കം കാതടപ്പിക്കുന്ന ശബ്ദത്താൽ അലറി. മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്ന മൺച്ചുവരിൻെറ പതർച്ചയെ നോക്കി അവനിരുന്നു. പ്രണയമഴയിൽ പൂത്തിറങ്ങിയ പ്രണയജോഡി ,പ്രളയമഴയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങി. അവളുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലുകൾ മഴയുടെ ഗാനാലാപനത്തിന് താളമെന്നോണം അവിടെ തങ്ങിനിന്നു. 

       'റാം ഗോവിന്ദ് !' 

ഇടിമുഴക്കത്തോടൊപ്പം വന്ന ശബ്ദം അവൻ ചെവിയോർത്തു. വീണ്ടും കേട്ട  ആ ശബ്ദത്തിൽ അവൻ വാതിൽ തുറന്നു. കറുത്ത മേഘങ്ങളുടെ ഇരുൾ അവിടെ മുഴുവൻ തങ്ങി നിന്നു. മഴയ്ക്കൊപ്പം വന്ന കാറ്റ് ആ വാടകവീട്ടിലെ വിളക്കിലെ തിരിനാളം കെട്ടുത്തിയിരുന്നു . പക്ഷെ വേലിപ്പടർപ്പിനപ്പുറത്ത് കാത്തു നിന്നിരുന്ന ജീപ്പിലെ വെളിച്ചം ശക്തിയായി അവിടേക്കു പ്രവഹിച്ചു.ആ പ്രകാശം അവൻെറ കണ്ണുകളെ അന്ധമാക്കി.അവന് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപു തന്നെ അവർ ആ വാഹനത്തിലേക്കവനെ വലിച്ചിട്ടു. അവനിൽ നിന്നുയർന്ന അലർച്ച ആ പ്രദേശമാകെ ചിതറിവീണു.

     അസ്വാഭാവികമായതെന്തോ കേട്ടതു പോലെ തോന്നിയ അവൾ കുഞ്ഞിനേയും കൊണ്ട് പുറത്തേക്കിറങ്ങി.പകുതി പെയ്തു പിണങ്ങിപ്പോയ ചാറ്റൽമഴ വീണ്ടും ചിതറി നിന്നു. ഇരുളിൽ പാഞ്ഞുമറഞ്ഞ ജീപ്പിൻെറ വെള്ളിവെളിച്ചത്തെ ലക്ഷ്യമാക്കി അവൾ അലറിക്കരഞ്ഞുകൊണ്ട് ഓടി. പക്ഷെ ആ നിലവിളി വിദൂരതയിലെവിടെയോ തെന്നിത്തെറിച്ച് വീണ്ടും അവൾക്കരുകിലേക്ക് നിസ്സഹായതയോടെ വന്നുനിന്നു. 

   ഭരണസിരാകേന്ദ്രത്തിനു മുന്നിലെ അവളുടെ സമരത്തിന് ഇന്ന് മാസങ്ങളുടെ ആയുസ്സുണ്ട്.ഫ്ലക്സ് ബോർഡുകൾ കൊണ്ട് തീർത്ത സമരപ്പന്തലിലേക്ക് മഴത്തുള്ളികൾ ഊർന്നിറങ്ങി. പ്ലക്കാർഡുകൾ കൊണ്ടവൾ ചോർച്ചയടയ്ക്കാൻ ശ്രമപ്പെട്ടു. കുഞ്ഞിനെ നെഞ്ചോടു ചേർത്ത് , റാം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ മഴത്തുള്ളികളുടെ വിദൂരതയിൽ നിന്നുള്ള വരവിലേക്ക് കണ്ണയച്ച് അവളിരുന്നു.

 

 

 

 

   

Share :