Archives / November 2018

  ആർ.ബി.ശ്രീകുമാർ      മുൻ ഗുജറാത്ത് ഡി.ജി.പി.
നിയമവാഴ്ചക്ക് ജനക്കൂട്ടാധിപത്യ തന്ത്രത്തോട് അനുരഞ്ജനം സാധ്യമാണോ?

   സുപ്രീം കോർട്ടിന്റെ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിയ്ക്കെതിരായുള്ള അനൈതികവും ദുരുപദുഷ്ടവും ഭരണഘടനയിലെ സമത്വദർശന വിരുദ്ധവുമായ പ്രക്ഷോഭണം ജനാധിപത്യത്തെയും നിയമവാഴ്ചയെയും ജനക്കൂട്ടാധിപത്യം (Mobocracy) കീഴ്പ്പെടുത്തുന്ന പ്രവണതയാണ്. 11-11-2018-ലെ മാതൃഭുമി ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ശശി തരൂർ എം.പി.- ''ശബരിമല: വേണ്ടത് അനുരഞ്ജനം'', മതപരമായ വിഷയങ്ങളിൽ നിയമത്തെക്കാളും വിശ്വസങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് വാദിക്കുന്നു. മുൻ പറഞ്ഞ ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്.

          വിശ്വാസവും നിയമവാഴ്ചയും മൂല്യങ്ങളും തമ്മിൽ അനുരഞ്ജനം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത് തീയും വെള്ളവും തമ്മിൽ ഒത്തുതീർപ്പാക്കണമെന്ന് പറയുന്ന പോലെയാണ് .ഭരണഘടനയുടെ മൂന്നാം ഭാഗമായ ''മൗലികവകാശങ്ങൾ'' മാറ്റം വരുത്താനാവാത്ത അടിസ്ഥാന തത്വങ്ങളാണെന്ന് (Basic Structure) സുപ്രീം കോർട്ട് കേശമാനന്ദ ഭാരതി കേസിൽ വിധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ സ്ഥിതിസമത്വ സിദ്ധാന്തങ്ങൾക്കെതിരായ നിയമം ,കീഴ് വഴക്കം ,ചടങ്ങ് ,ആചാരനുഷ്ടാനങ്ങൾ തുടങ്ങിയവയ്ക്ക് നിയമ സാധുത ഇല്ലെന്ന് ഭരണഘടനയുടെ അനുച്ഛേദം 13-ൽ പറയുന്നു. അതിനാൽ സ്ത്രീകൾ അടക്കമുള്ള മുഴുവൻ കേരളീയരും പ്രക്ഷോഭണം നടത്തിയാലും ,അത്തരം സമ്മർദ്ദങ്ങൾക്ക് ഭരണസംവിധാനം കീഴ്പ്പെടുന്നത് അപലപനീയവും ശിക്ഷാർഹവുമാണ്.

        സുപ്രീം കോടതി വിധിയ്‌ക്കെതിരായുള്ള സമരത്തിന്റെ കാരണങ്ങൾ രണ്ടാണ്.
1) വർഷങ്ങളായി പവിത്രവൽക്കരിച്ച് ബലപ്പെടുത്തിയെടുത്തിയുള്ള പുരുഷമേധാവിത്വ മേന്മതാ മനോഭവം. 2) ക്ഷേത്ര പൂജാവിധികളുടെ കത്തൃത്വം കുത്തകാവകാശമായി നടപ്പിൽ വരുത്തിയ തന്ത്രി ബ്രാഹ്മണ വിഭാഗങ്ങളുടെ വർഗതാൽപര്യം.

         മാറുമറയ്ക്കൽ നിരോധനം ,മുലക്കരം ,എന്നിവ നി റുത്തലാക്കിയപ്പോഴും ,സതി സമ്പ്രദായം 1830-കളിൽ വില്യം ബെന്റിക് പ്രഭു  അവസാനിപ്പിച്ചപ്പോഴും വിശ്വസി സമൂഹം മതം അപകടത്തിലാണെന്ന ഉമ്മാക്കി കാട്ടി അലമുറ കൂട്ടിയിട്ടുണ്ട്. രാമായണത്തിലെ ലക്ഷണന്റെ ഭാര്യ ഊർമ്മിളയും ,മഹാഭാരത്തിലെ പാണ്ഡുവിന്റെ രാജ്ഞി മാദ്രിയും ,യാദവ രുടെ ആഭ്യന്തര കലഹ സമയത്ത് യാദവ സ്ത്രീകളും സതി അനുഷ്ഠിച്ച് ''ദേവീപദം '' നേടിയിട്ടുണ്ട്. സ്വമേധയാ സ്ത്രീകൾ അനുഷ്ഠിക്കുന്നത് തടയരുതെന്ന് വാദിച്ചവർക്കൊപ്പമാണ് ഇന്നത്തെ സ്ത്രീ ക്ഷേത്രപ്രവേശനവിരുദ്ധർ.
സ്ത്രീകളുടെ മാതൃത്വ മഹിമയുമായി ബന്ധപ്പെട്ട ആർത്തവക്രമം അപവിത്രമാണെന്ന് ദുർവ്യാഖ്യാനിച്ച് അവരുടെ മനസ്സിൽ അധമ മനോഭാവം സൃഷ്ടിച്ചതിന്റെ ഫലമായാണ് ,ശബരിമല ക്ഷേത്രദർശനം ചെറുപ്പക്കാരികൾക്ക് ദോഷം ചെയ്യുമെന്ന അന്ധവിശ്വാസം ഉണ്ടാക്കിയത്. ജീവ ശാസ്ത്രപരമായ പ്രകൃതി പ്രതിഭാസ സത്യങ്ങൾ പാപമാണോ? ഈ നിലപാട് ഋക് വേദത്തിലെ ''ഭൂമി സത്യത്താൽ നിലനിൽക്കുന്നു. സൂര്യനാൽ ആകാശവും - - 
''സത്യേനത്തഭിതാഭൂമി സൂര്യേനത്തഭിദാഭൗ (ഋക് വേദം 10-85-1)"  മുഴുവൻ ലോകവും സത്യത്തിന്റെ ഇരിപ്പിടമാണ് (3 -20-2-6) '' 
''പരാചോ വിശ്വം സത്യം കൃണുഹി വിഷ്ടസ്തു '' - എന്നീ സൂക്തങ്ങൾക്ക് ഘടകവിരുദ്ധമാണ് .ദൈവം സത്യമാണെന്നുള്ള പ്രമാണത്തിൽ ആത്മീയ ജീവിതം തുടങ്ങിയ മഹാത്മാഗാന്ധി അന്തിമ നാളുകളിൽ സത്യമാണ് ദൈവം എന്നുള്ള ദൃഢനിശ്ചയത്തിൽ എത്തി.

          ഭക്തിയോഗം വഴി ഈശ്വര സാക്ഷാത്കാരം നേടുന്നതിനെപ്പറ്റിയുള്ള പ്രാമാണിക ഗ്രന്ഥമായ ''നാരദഭക്തി സൂത്ര'' ത്തിൽ മനഃശുദ്ധിയ്ക്കാണു പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങൾ അനുസരിച്ച് പ്രവൃത്തിക്കുന്ന ശാരീരികാവസ്ഥയ്ക്ക് ഭക്തിപ്രക്രിയയിൽ പ്രാധാന്യമോ പ്രസക്തിയോ ഇല്ല.

           ഭക്തിമാർഗം വഴി പക്ഷിമൃഗാദികൾക്ക് പോലും മോക്ഷപ്രാപ്തിയ്ക്കുള്ള അവകാശാവസരങ്ങൾ നൽകിയിട്ടുള്ള ഹിന്ദുമത സിദ്ധാന്തങ്ങൾ യുവതികളെ അയ്യപ്പദർശനം വഴി സായൂജ്യവും നിർവൃതിയും നേടുന്നതിൽ നിന്നും മാറ്റി നിറുത്താൻ നിർദ്ദേശിക്കുന്നില്ല. രാമായണത്തിലെ ജടായു മോക്ഷകഥ ഉദാഹരണം

     മഹാഭാരത്തിന്റെ മൗലിക സന്ദേശമെന്ന ഡോ.എസ്.രാധാകൃഷ്ണൻ  (മുൻ രാഷ്ട്രപതി ) വിശേഷിപ്പിച്ച ശ്ലോകമാണ് --ആത്മനപ്രതികൂലാനി പരേശാം ന സമാചാരേത് --( ഒരാളിന് ദോഷമുണ്ടാകുന്നത് അയാൾ അപരനോട് ചെയ്യരുത് ) ഈ മൂല്യമനുസരിച്ച് രാഷ്ട്രീയ പ്രേരിതമായ വർഗീയ വാദികളാൽ ഉത്തേജിപ്പിക്കപ്പെട്ട സമരക്കാർക്ക് ഭക്തരായ സ്ത്രീകളുടെ ആരാധനാ വകാശം തടയാനാവില്ല. ഭാഷാപിതാവായ എഴുത്തച്ഛന്റെ ''ഹരിനാമകീർത്തന ''മെന്ന ഭക്തി മാർഗ കവിതാഗ്രന്ഥത്തിൽ (20 - മത്തെശ്ലോകം) ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്.

        നൈഷ്ടിക ബ്രഹ്മചാരിയായി സങ്കൽപ്പിക്കപ്പെട്ട ശബരിമല അയ്യപ്പസ്വാമിയെ പോലെ നിത്യകന്യകാ സങ്കല്പത്തിൽ ആരാധിക്കപ്പെടുന്ന കന്യാകുമാരി ദേവി ,ജമ്മു കാശ്മീരിലെ വൈഷ്ണോദേവി മൂർത്തികളുടെ മുൻപിൽ അർദ്ധനഗ്നരായ യുവാക്കന്മാർക്ക് പോകുന്നതിൽ ആർക്കും തടസ്സമില്ല .-- ഇതിന് പുറകിൽ  പുരുഷമേധാവിത്വ മേന്മ താധികാര വാദം തന്നെ

      തന്ത്രസമുച്ചയമെന്ന പൂജാവിധിയെപ്പറ്റിയുള്ള ഗ്രന്ഥത്തിൽ യുവതികളായ ഭക്തകൾക്ക് ഒരു നിബന്ധനയും നിർദ്ദേശിച്ചിട്ടില്ല.

     നൈഷ്ഠികബ്രഹ്മചാരി ആണ് അയ്യപ്പനെന്ന സങ്കല്പം ശബരിമല ദർശനം നടത്തുന്ന ഭക്ത മനസ്സുകളിലാണ്. അവരൂടെ സങ്കല്പത്തെ അവർക്ക് തുല്യമായ പൗരാവകാശങ്ങൾ ഉള്ള സ്ത്രീകളുടെ ആരാധനാ വകാശത്തിന് പ്രതിബന്ധമായി ഉപയോഗിക്കന്നതു് അധാർമികവും പക്ഷപാതപരവുമാണ്. ഇത്തരത്തിലുള്ള നിലപാട് ഭഗവത് ഗീതയിലെ 4-ാം അദ്ധ്യായത്തിലെ 11-ാം ശ്ലോകത്തിൽ പറയുന്ന തത്വങ്ങൾക്ക് എതിരാണ്. കൃഷ്ണ ഭഗവാൻ പറയുന്നു. ''അർജുനാ ! ആരെല്ലാം ഏതു പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ ,അവരെ ഞാൻ അതേ പ്രകാരത്തിൽ അനുഗ്രഹിക്കുന്നു. മനുഷ്യർ എല്ലാവിധത്തിലും എന്റെ മാർഗ്ഗം അനുസരിക്കുന്നു ''

യേ യഥാ മാം പ്രപദ്യന്തേ താംസ് തഥൈവ ഭജ്യാമ്യഹം

മമ വർത്മാനുവർത്തന്തേ    മനുഷ്യാഃ പാർത്ഥ സർവ്വ ശഃ

       മാതൃകാ ജീവിതത്തിനുള്ള അടിസ്ഥാന വസ്തു ക്കളായ ജ്ഞാനം ,ധനം ,ശക്തി എന്നിവയുടെ അധീശ ദേവതകളായ സരസ്വതി ,ലക്ഷ്മി ,പാർവതി എന്നിവരുടെ അംശാവതാരമായി ദേവി പുരാണങ്ങളിലും  മറ്റും ചിത്രീകരിച്ചിട്ടുള്ള സ്ത്രീകൾക്ക് ആരാധനാവകാശം നിഷേധിക്കുന്നതു മൂലപ്രകൃതിയായ ആദിപരാശക്തിയോടുള്ള നിന്ദയാണ്. ആദിശങ്കരാചാര്യർ രജസ്വലയായ ത്രിപുര സുന്ദരിയെ അത്തരമൊരവസ്ഥയിൽ പൂജിക്കുന്നു.(ശങ്കരന്റെ ത്രിപുര സുന്ദരി അഷ്ടകം - കാണുക)

       ഏതായാലും ആർത്തവാവസ്ഥയിലുള്ള മൃഗങ്ങൾക്ക് ശബരിമലയിലെ ഗർഭഗൃഹത്തിനടുത്ത് പ്രവേശിക്കുന്നതിൽ തടസ്സമില്ല !!

             ഹിന്ദുമതദർശനങ്ങളുടെ രത്നച്ചുരുക്കമായി വിശേഷിക്കപ്പെടുന്ന 4 മഹാവാക്യങ്ങളുടെ സങ്കല്പ ലക്ഷ്യങ്ങൾക്കു് എതിരാണ് യാഥാസ്ഥിതികരുടെ സ്ത്രീവിരുദ്ധ നിലപാട് . പ്രജ്ഞാനംബ്രഹ്മം ,അയംആത്മബ്രഹ്മൻ ,അഹം ബ്രഹ്മാസ്മി, തത്വമസി യെന്നിവയാണീ മഹാവാക്യങ്ങൾ. നിന്നിൽ തന്നെയുള്ള പരം പൊരുളിനെ കണ്ടെത്തുകയെന്നർത്ഥമുള്ള തത്വമസി എന്ന വാക്യമാണ് പതിനെട്ടാം പടികയറി ചെല്ലുന്ന അയ്യപ്പഭക്തർക്ക് ദൃശ്യമാകുന്ന രീതിയിൽ ക്ഷേത്രനടയിൽ എഴുതി പതിപ്പിച്ചിരിക്കുന്നത്. ഈ വാക്യത്തിന്റെ ഗഹനാർത്ഥങ്ങൾ സ്ത്രീവിരുദ്ധ പ്രക്ഷോഭകർ ''തത്വമസി'' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സുകുമാർ അഴിക്കോടി റെ അപഗ്രഹന ഗ്രന്ഥം വായിച്ച് മനസ്സിലാക്കണം.

      ഋക് വേദത്തിലെ 8 - 61-11-ലെ സൂക്തത്തിൽ നിഷ്പാപ മനസ്സോടെയാണ് ഭക്തി സാധന ചെയ്യേണ്ടതെന്നു നിർദ്ദേശിക്കുന്നു. ശരീരത്തിന്റെ അവസ്ഥയ്ക്ക് പ്രാധാന്യമില്ല. യേശുദേവൻ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതും ഇത് തന്നെ ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ,അവർ ദൈവത്തെ കാണും'' .

    എന്തറിവുണ്ടായാലും അതുകൊണ്ട് മനുഷ്യൻ നാശോന്മുഖമായ ദുഷ്പ്രവണതകളിൽ നിന്നും മുക്തമാകണമെന്നാണ് ഉപനിഷദ് പ്രമാണം.   
''സവിദ്യാ യാ വിമുക്തയെ ''
പുതിയ തിരിച്ചറിവുകളുടെ പ്രചോദനം കൊണ്ടാണ് ആധുനിക ഇൻഡ്യൻ നവോത്ഥാനത്തിന്റെ നേതാക്കൾ -രാജാറാം മോഹൻറായ് മുതൽ നാരായണ ഗുരുവരെ.-- സതി ,തൊട്ടുകൂടായ്മ ,ദേവദാസി സമ്പ്രദായം , അടിമവ്യവസ്ഥ നിർത്തലാക്കൽ ,അവർണ്ണരെ മനുഷ്യരായി കണക്കാക്കാനുള്ള നിയമ വ്യവസ്ഥകൾ തുടങ്ങിയവ ഇന്ത്യയിൽ നടപ്പാക്കിയത്. കേരള സർവകലാശാലയുടെ മൂല വാക്യം ,ജ്ഞാനം അതുപയോഗിച്ചുള്ള കർമ്മത്തിനാൽ നിലനിൽക്കുന്നെന്ന് ഉദ്ഘോഷിക്കുന്നു. ''കർമ്മണി വ്യജ്ഞതെ പ്രജ്ഞാ '' . ഇന്ത്യൻ പൈതൃകത്തിന്റെ ഉദാത്താ ദർശങ്ങൾക്കെതിരായി സ്ത്രീവിരുദ്ധ സമരക്കാർ നടത്തുന്ന നാടകങ്ങൾ കേരള നവോത്ഥാനത്തിലും പ്രബുദ്ധതയിലും അഭിരമിച്ച് അഭിമാനം കൊള്ളുന്ന കേരളത്തിനു വെളിയിൽ താമസിക്കുന്ന മലയാളികൾക്ക് വേദനാജനകമാണ്. അത്തരത്തിലൊരാളാണ് ഈ ലേഖകനും.

       മാതൃഹന്താവിനെ ആരാധിക്കുന്ന രീതി പോലും ഹിന്ദുക്കൾ അംഗീകരിക്കുന്നു. ദുര്യോധനന് ക്ഷേത്രത്തിൽ ക്ഷേത്രമുണ്ട്. എറുമ്പ് (കണ്ണൂർ) ,പട്ടി (കണ്ണൂർ) ,കുറുക്കൻ (കച്ച് ജില്ല - ഗുജറാത്ത്) എലി (ബിക്കാനീർ -രാജസ്ഥാൻ) ,മുതലായ ജീവികളെ പവിത്രമായി കാണുന്ന രീതിയും ഉണ്ട്. , ഭഗവത് ഗീതയിൽ അഞ്ചാം അദ്ധ്യായത്തിലെ 18ാം ഗ്ലോക മനുസരിച്ച് .   അതിനാൽ യുവതികൾ അയ്യപ്പ ദർശനം നടത്തുന്നതിൽ എന്താണ് അപാകത . അജ്ഞാനികളായ സമരക്കാർ ബ്രഹദാരണ്യ ഉപനിഷത്തിലെ ''തമസോ മാ ജ്യോതിർഗമയ'' യെന്ന ആപ്തവാക്യത്തിന്റെ അർത്ഥം മനസ്സിൽ ഉൾക്കൊള്ളണം . 

      കാമവും ലൈഗികതയും പാപമായിക്കാണുന്ന ക്രിസ്തുമതത്തിന്റെ ( original Sin ) അശാസ്ത്രീയ നിലപാടിനെ ഹിന്ദു യാഥാസ്ഥിതികർ സ്വീകരിച്ചത് ജഗുപ്സാവഹമാണ്.

     യുവതീക്ഷേത്ര പ്രവേശന വിരുദ്ധ സമരം കേരള  ഉപദേശീയതയുടെ  വികൃതമായ ഹിന്ദു മാതൃകയാണ് , തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭണം പോലെ. ഈ സമരം നമ്മുടെ നവോത്ഥാന നായകരായ ചട്ടമ്പിസ്വാമികൾ ,വാഗ്ഭടാനന്ദ ,നാരായണ ഗുരു ,അയ്യൻകാളി ,വൈകുണ്ഠസ്വാമി എന്നിവരുടെ മഹാത്യാഗങ്ങൾക്കും  പൈതൃകത്തിനും കളങ്കമുണ്ടാക്കുന്നതാണ്. കേരളം ഇന്ത്യയിലെ പ്രബുദ്ധത നേടിയ ദേശമെന്ന പ്രതിച്ഛായയ്ക്ക് ഇതു വലിയ നഷ്ടമുണ്ടാക്കി. 1984-ലെ സിക്ക് വിരുദ്ധ ലഹള ,1992-ലെ ബാബറി മസ്ജിദ്  ധ്വംസനം ,2002-ലെ ന്യൂനപക്ഷ വിരുദ്ധ ഗുജറാ ത്ത് കൂട്ടക്കൊല എന്നിവ ഹിന്ദു സമൂഹത്തിന് അപമാനമുണ്ടായതുപോലെ.

    ഭരണഘടനയുടെ അനുച്ഛേദം 25 ന്യൂനപക്ഷ മതാനുഷ്ടാന സ്വാതന്ത്ര്യം ഒരിക്കലും മൂന്നാം ഭാഗത്തിൽ പറഞ്ഞിട്ടുള്ള വ്യക്തികളുടെ മതമൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ടായിരിക്കരുതെന്ന് സ്പഷ്ടമായി പറയുന്നു.

    ''Why I am a Hindu '' എന്ന പുസ്തം എഴുതിയ ശശി തരൂർ ഹിന്ദു വർഗ്ഗീയ വാദികൾ വേദഗ്രന്ഥമായി കാണുന്ന മനുസ്മൃതിയിൽ (മൂന്നാം അദ്ധ്യായം 56ാം ശ്ലോകം ) ഉദ്ഘോഷിച്ചിട്ടുള്ള ''സ്ത്രീകളെ പൂജിക്കുന്നിടത്ത് ദൈവകൃപയുണ്ടാകുമെന്നും, അതില്ലാതെ നടക്കുന്ന പൂജാവിധികൾ ഫലശൂന്യമാണെന്നു ''മുള്ള പ്രമാണം അംഗീകരിക്കണം.

''യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതഃ

യത്രൈ താസ്തു ന പൂജ്യന്തേ സർവ്വാസ്ത ത്രാ ഫലാഃ  ക്രിയഃ 

     ശശി തരൂർ നിർദ്ദേശിച്ച അനരജ്ഞനം നിയമവിരുദ്ധമായി സ്വാഭാവിക നീതി നിഷേധിച്ചു കൊണ്ട് സ്ത്രീ വിരോധ മനോഭാവം ജീവിത വൃതമായിക്കൊണ്ട് നടക്കുകയും ,പുരോഹിത വൃത്തി ജന്മം കൊണ്ട് ബ്രാഹ്മണരായവർക്കു മാത്രം കുത്തകാവകാശമാക്കി കാണുന്നവർക്കും  മുമ്പിലുള്ള സാഷ്ടാംഗ പ്രണാമമായിരിക്കും.

      പിണറായി സർക്കാർ പ്രായോഗിക വോട്ട് ബാങ്ക് തന്ത്ര വിദഗ്ധരുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ത്രീവിരുദ്ധരുടെ പ്രീണനത്തിന് തുനിയാതെ നവോത്ഥാന മൂല്യങ്ങൾക്കും ,നിയമവാഴ്ചക്കും വേണ്ടി ശക്തമായ നിലപാടെടുത്തു.. ഹൃദയംഗമായ അഭിനന്ദനങ്ങൾ .വിജയാശംസകൾ. നവോത്ഥാന മൂല്യവിശ്വാസികൾക്ക് ഇത് ഊർജ്ജദായകമാണ്. കൂടുതൽ സാമൂഹ്യ പരിഷ്കരണ പാതയിൽ നീങ്ങാനായി കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളായ ആറ്റുകാൽ ,ചെങ്ങന്നൂർ ,ചോറ്റാനിക്കര ,കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ അവശ്യം പാണ്ഡിത്യ കൗശലങ്ങളും പൂജാവിധി വൈദഗ്ധ്യവുമുള്ള സ്ത്രീകളെ നിയമിക്കണമെന്ന് നിർദ്ദേശിക്കുന്നു. കേരളത്തിനെ സ്വാമി വിവേകാനന്ദൻ അചലപിച്ച ഭ്രാന്താലയമാക്കാനുള്ള ഹിന്ദുയാഥാസ്ഥികരുടെ  നീക്കത്തിനിക്കൊരു തിരിച്ചടിയാകും.

(ഇത് 19-11-2018-ൽ ആണ് മെയിലിൽ കിട്ടിയത് 
_ എഡിറ്റർ)

Share :