Archives / November 2018

ഫൈസൽ ബാവ
വാക്കുകളിൽ വിളക്കു കത്തുന്ന കഥകൾ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ

\ജീവിതയാഥാർഥ്യങ്ങളുടെ നവീന സത്യങ്ങൾ ചേർത്തുവെച്ച കഥകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റേത്. "അവസാനിക്കാത്ത കഥപോലെ അയാൾ ഇരുട്ടിന്റെ യാതനാസഞ്ചാരത്തിൽ ചൊറിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു" എന്ന് ശിഹാബുദ്ദീൻ തന്നെ 'ജീവപര്യന്തം' എന്ന കഥയിൽ പറയുന്നുണ്ട്.  ജീവിതത്തിന്റെ സാധാരങ്ങളായ മുഹൂർത്തങ്ങൾ തന്റേതായ ഒരാസാധാരണ ശൈലിയിലൂടെ കഥകളിൽ അവതരിപ്പിക്കുന്ന രീതി പൊയ്ത്തുംകടവിന്റെ കഥകളിൽ കാണാം.  "ശിഹാബുദ്ദീന്റെ കഥകൾ വായിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്, നാം  നമ്മുടെ പരിസരത്തേക്കും അവിടെനിന്നു നമ്മുടെ അകത്തേക്കും മടങ്ങിവരുന്നു. രണ്ടാമതായി കഥയുടെ ധർമ്മം സംബന്ധിച്ച വിചാരനായിലേക്ക് നാം നിർബന്ധിതരായി എത്തിച്ചേരുന്നു. ഇതത്ര സുഖമുള്ള കാര്യമല്ല" ശിഹാബുദ്ദീന്റെ കഥകളെ കുറിച്ചു അജയ് പി മങ്ങാട്ട് കുറിച്ചിട്ട വരികൾ പ്രസക്തമാണ്. നമ്മുടെ അകത്തേക്കു തന്നെ നോക്കിപ്പിക്കുന്ന ഒരു രസവിദ്യ ശിഹാബുദ്ദീൻ കഥകളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. 

ലോക കഥകളിൽ ഉൾപ്പെടുത്താവുന്ന കഥയെന്നു ടി പത്മനാഭനും മുണ്ടൂർ കൃഷ്ണൻ കുട്ടിയും പറഞ്ഞ 'പരിണാമദശയിലെ ഒരേട്' എന്ന കഥ അത്തരത്തിൽ അസാധാരണമായ ഒരു പശ്ചാത്തലതത്തിലുള്ളതാണ്  "ഇത് എത്രാമത്തെ അന്വേഷണമാണെന്ന് എനിക്കുതന്നെ നിശ്ചയമില്ല" ഇങ്ങനെയാണ് കഥയുടെ തുടക്കം അയാളുടെ അന്വേഷണം വിചിത്രമായ ഒരു കാര്യമാണ്. അയാളിൽ കുട്ടിക്കാലം മുതൽ ഉള്ളിൽ കിടന്നലയുന്ന.ഒരു ഭീതിയുണ്ട്‌, "ഒരിക്കലെങ്കിലും ഒരു കാട്ടുമൃഗത്തെപ്പോലെ ഈ ലോകത്തോട് സംസാരിക്കമെന്നത് എന്റെ ജന്മഭിലാഷമാണ്" തൊഴിലാന്വേഷിയുടെ വിഹ്വലത പേറുന്ന ഞാൻ തന്നെയാണ് അയാൾ. സ്വയം കൂട്ടലടക്കപ്പെടുന്ന അവസ്‌ഥ നാം ഓരോരുത്തരും അഭിമുഖീകരിക്കുന്ന ഒന്നാണ്. ഭാഷ നഷ്ടപ്പെട്ട അവസ്‌ഥ, തനിക്കെന്തോ പുതുതായി ചെയ്യേണ്ടത് അയാൾക്ക് പറയാനാകുന്നില്ല, "ഭാവിയിൽ പിറക്കാനിരിക്കുന്ന വാക്കിന്റെ ജഡപ്രായമായ ഒരാൾരൂപമാണ്‌ ഞാൻ" വാക്കുകൾ നഷ്ടപെട്ട അയാൾക്ക് സർക്കസ് കൂടാരത്തിൽ പുതിയതായി ഒന്നും ചെയ്യാനില്ല. വികാരമറ്റ ഭാഷയിൽ ഒന്നും പറയാനാകാതെ അയാൾക്കങ്ങനെ നിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ. 

 ആഖ്യാനത്തിലൂടെ അമ്പരപ്പിക്കുന്ന കഥയാണ് പരിണാമദശയിലെ ഒരേട്. 

 

ഒറ്റപ്പെടൽ ഉണ്ടാക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന സ്വത്വബോധത്തെ അന്വേഷിക്കുന്നതോടൊപ്പം സൗഹൃദത്തിന്റെ  യാഥാർഥ്യങ്ങളിലേക്കുള്ള യാത്രയാണ് 'ഭൂപടത്തിൽ കാണാത്ത ദ്വീപ്'  കൂട്ടത്തിൽ തന്നെ ഏകാകിയാകുന്ന അവസ്ഥയിൽ ഉണ്ടാകുന്ന വിചാരങ്ങൾക്ക് ആള്കൂട്ടത്തേക്കാൾ ബുദ്ധിയുണ്ടാകുമെന്നു പറയുന്നത് അതിനാലാണ്. "ഒരു മാന്ത്രിക വീൽചെയറിലെന്നവണ്ണം ജീവിതം എന്നെ പുതിയൊരുഷ്ണ പ്രവാഹത്തിലാക്കപ്പെടുകയായിരുന്നു. കൂട്ടുകൂടി ജീവിക്കാൻ നല്ലൊരു മഴു വേണം. ചങ്ങാതിയുടെ കൗര്യത്തിന്റെ കൈ എപ്പോഴാണ് എഴുന്നേൽക്കുന്നതെന്നു ആർക്കു പറയാനാകും. അത് അണങ്ങുമ്പോൾ  തന്നെ  വെട്ടികളയണം" സ്വയം തന്നിലെ അരുതായ്മകൾ ഇല്ലാതാക്കുക എന്നുകൂടി വിവക്ഷിക്കുന്നു ഇത്. ഉള്ളിൽ ഒരു ദ്വീപായി ഒരുങ്ങുകയും പുറത്ത് ഒരു ഉപഭൂഖണ്ഡത്തിലെന്ന പോലെ ചിരിക്കുകയും ചെയ്യുന്ന അവസ്ഥ. കഥാകൃത്ത് തനായിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുന്ന ഒപ്പം നാമെല്ലാം പലവിധത്തിൽ അനുഭവിക്കുന്ന ഒരേ അവസ്ഥയെ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുകയാണ്   ഇവിടെ.      

"സാധാരണ ജീവിതത്തിലെ പ്രശ്നങ്ങളെയും അമൂർത്തമായ ദാർശനിക പ്രശ്നങ്ങളെയും കൂട്ടിയിണക്കുന്ന പ്രമേയങ്ങൾ ശിഹാബുദ്ദീന്റെ കഥകളുടെ സവിശേഷതകളിലൊന്നാണ്" പ്രശസ്ത സാഹിത്യ നിരൂപകൻ വിസി ശ്രീജന്റെ ഈ വിലയിരുത്തൽ ശിഹാബുദ്ദീന്റെ ഓരോ കഥകൾക്കും ബാധകമാണ്. 

അഞ്ചാംമണ്ണിലേക്കുള്ള കത്തുകളിലെ അനന്തൻകുട്ടി, മഞ്ഞുകാലത്തിലെ അസ്സനാര്ക്കാ, ബോധേശ്വരനിലെ കടുവാക്കോടൻ നായരായണൻ, വേരുശില്പത്തിലെ നാണുമൂപ്പൻ ഇങ്ങനെ ശിഹാബുദ്ദീന്റെ  പല കഥാ പത്രങ്ങളും  നമ്മോട് കൂടെ സഞ്ചരിക്കും. പണം പെയ്യുന്ന യന്ത്രത്തിലെ കുട്ടി നമ്മെ അലോസരപ്പെടുത്തും   കുട്ടി മുതിർന്നാൽ പ്രവാസിയായി മാറ്റിയാലും കഥയുടെ അർത്ഥം ശരിതന്നെ.                                                    വവ്വാലുകൾ തല കീഴായി തൂങ്ങികിടക്കുന്നത് കൊണ്ടാകാം നിരവധി അന്ധവിശ്വാസ കഥകൾക്കൊപ്പം കൂട്ടിക്കെട്ടുന്ന ജീവിയാണ്. വവ്വാലിന്റെ  മരണം എന്ന കഥയിലും വവ്വാൽ ഒരു പ്രതീകമാണ്. ഇനിയും എത്രയോ കഥകൾ ഉണ്ട്... ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന എഴുത്തുകാരൻ ഇപ്പോഴും നിലക്കാതെ ചലിക്കുന്നുമുണ്ട്. ഇനിയും നല്ല വാക്കിൽ വിളക്ക് കത്തുന്ന കഥകൾക്ക്   വേണ്ടിയുള്ള അന്വേഷണം.

   

Share :

Photo Galleries