Archives / November 2018

ജിനൂബ് ജോസഫ്
ആസ്വാദനം

മനുഷ്യജീവിതം തന്നെ ഇണകളുടെ ഇഴചേർക്കലാകവേ, ക്രമരാഹിത്യത്തിന്റെ ഭാവുകത്വത്തെ (എൻട്രോപി) തലവാചകമായി കൂടെക്കൂട്ടിയതെന്തേ എന്ന ചിന്തയിൽ നിന്നാണ് വായന ആരംഭിച്ചത്.

എണ്ണിയാലൊടുങ്ങാത്ത മുറികളും, അവയ്ക്കൊത്ത ഇടനാഴികളും, തുരുത്തുകളുമുളള ആ വലിയ ബംഗ്ലാവിന് ജീവിതത്തിന്റെ രൂപവും നിറവുമുണ്ട്.

മില്ലൻ, സഹസ്രാബ്ദിണി എന്നീ നാമധാരികളായ കഥാപാത്രങ്ങൾ വലിയ സൂചകങ്ങളാണ്. സഹസ്രാബ്ദങ്ങൾ, നിർലജ്ജം കൈമാറുന്ന മൂല്യത്തിന്റെ അഥവാ മൂല്യച്യുതിയുടെ; ധാർമ്മികതയുടെ അഥവാ അധാർമ്മികതയുടെ; സദാചാരത്തിന്റെ അഥവാ കപടസദാചാരത്തിന്റെ... ഇന്നിന്റെ കാലയളവുകൾ ദ്യോതിപ്പിയ്ക്കാൻ ഈ പാത്രനാമങ്ങൾ ഒട്ടു സഹായിച്ചിട്ടുമുണ്ട്.


ജീവിതത്തിന്റെ ജാലവിദ്യകൾക്കായി ജാള്യതയേതുമില്ലാതെ മുതുകുവളച്ചു കൊടുക്കുന്ന നാലുപേർ... അവർക്കു പൊതുവായി പറയാവുന്നത് അവനവന്റെ മുഖത്തിനു ചേർന്നണിഞ്ഞ മൂടികൾ മാത്രം. 

നാലുപേരിൽ ഏറ്റവും ആകർഷിച്ചത്, പടിഞ്ഞാറേക്ക് തുറന്നിട്ട ജാലകത്തിനപ്പുറം, പ്രണയത്തിന്റെ കടലാഴങ്ങൾ കണ്ട രാധയാണ്... 
ജീവനു പകരം പ്രണയം മാത്രം അവശേഷിച്ചിരുന്ന ഒരു ബോധപ്രപഞ്ചമായിരുന്നു രാധ. 
നിശ്ചലവും, ശൂന്യവുമായ പ്രേമയിടങ്ങളിൽ നിസ്വാർത്ഥമായി വർത്തിച്ചവൾ വായന തീരുമ്പോളും ഒരു നെരിപ്പോടായി നെഞ്ചിൽ എരിഞ്ഞു കത്തുന്നു... 

പിന്നെ, തന്നിൽ തഴച്ചു നിൽക്കുന്ന പ്രണയത്തിന്റെ കാട്ടുപൊന്ത തിരിച്ചറിഞ്ഞ് കട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ സഹസ്രാബ്ദിണി...


വിർച്വൽ റിയാലിറ്റിയുടെ മേച്ചിൽപുറങ്ങൾ വായനയെ worthwhile ആക്കുന്നു...
ഇണജീവിതത്തിന്റെ ക്യാൻവാസിന് ഉടലുകളുടെ ഉത്സവങ്ങളേക്കാളുപരി, വീതിയും നീളവുമുണ്ടെന്ന ബോധ്യം വായനക്കാരനിൽ സൃഷ്ടിക്കുന്നതിൽ നോവൽ പൂർണ്ണമായും വിജയിക്കുന്നു.
ഇണയ്ക്കും ജീവിതത്തിനുമിടയിലെ ചരിഞ്ഞവര അലിഞ്ഞലിഞ്ഞില്ലാതാവുന്നതും വായനക്കാരന്റെ അനുഭവമായി മാറുന്നു...

Share :

Photo Galleries