Archives / November 2018

കവിത മനോഹർ കാര്യവട്ടം കാമ്പസ്
കാലടിസര്‍വകലാശാലയില്‍ - ഓര്‍മയില്‍ കെ.എസ്.എസ്

 

കേരള സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ  നാല്‍പ്പഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി കാലടി സംസ്കൃത സര്‍വകലാശാലയിലായിരുന്നു നവംബര്‍ 9 മുതല്‍ 11 വരെ മൂന്ന് ദിവസം. 

പ്രിയപ്പെട്ട ചിലരുടെ താവളങ്ങളിലേക്ക്ചെന്നെത്തുകയെന്നത് തന്നെ സന്തോഷകരമാണ്. എങ്കിൽ അത് അനുഭുതി പകരുന്നതായാലോ .....

ചോദ്യങ്ങള്‍ രാഷ്ട്രീയാഥിഷ്ടിതമായിരിക്കും പക്ഷേ പഠനവും  ഗവേഷണവും വാല്യൂ ന്യൂട്രലായേ പറ്റൂ , എത്ര ഭംഗിയായി വര്‍ണിച്ചാലും വിദ്യാഭ്യാസത്തിനു അടിസ്ഥാനമായിരിക്കുന്ന ഘടകം സോഷ്യല്‍ ക്യാപ്പിറ്റലാണ് ... സമൂഹത്തിന്റെ പ്രായോഗിക വശമറിയാതെ അതിനെ പഠിക്കുന്നതിലർ ത്ഥമില്ല......  തുടങ്ങി അതിഗംഭീരമായ ചില ചിന്തകള്‍- ജെ.എന്‍ യൂ വിലെ പ്രൊഫസര്‍ സുരീന്ദര്‍ ജോഥ്കയുടെ ഉദ്ഘാടന സമ്മേളനത്തിലെ  വാക്കുകള്‍ ഓർമ്മയിലുണ്ട് .......


ഏറ്റവും സന്തോഷം ഓഫ് ലൈന്‍ വീഡിയോകളായി സ്റ്റോര്‍ ചെയ്ത് വെച്ച പല പ്രസംഗങ്ങളുടെയും അച്ഛനെ ---ഇളയിടത്തെ (അക്ഷരാര്‍ത്ഥത്തില്‍) തൊട്ടറിയുഞ്ഞുവെന്നതാണ്. ഒപ്പം ഒരു ഫോട്ടോയൊക്കെയെടുക്ക
ണമെന്നുണ്ടായിരുന്നെങ്കിലും ആരാധനയുടെയും സ്നേഹത്തിന്റെയും വര്‍ത്തമാനത്തിന്റെ ഇടയില്‍വെച്ച് അത് മറന്നുപോയി.ഒരു കൈകൊടുക്കലില്‍ ആഹ്ലാദം കൊണ്ട് തളര്‍ന്നു. സത്യത്തില്‍ ചില മനുഷ്യരോട് നമുക്ക് ആരാധനകൂടി ഭ്രാന്താവും ഉറപ്പാണ്... മലയാളത്തിലുംകൂടി അവതരിപ്പിക്കപേടേണ്ട സോഷ്യോളജി ഗവേഷണങ്ങളെപ്പറ്റി, പരീക്ഷാചോദ്യങ്ങളുടെ അപരികൃഷ്കൃത സ്വഭാവത്തെപ്പറ്റി, സമൂഹ യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍  നാമുണ്ടാക്കിയ ഘടനയുടെ പ്രശ്നങ്ങളെപ്പറ്റി അഥവാ സമൂഹത്തെ തിരിച്ചറിയാന്‍ ചട്ടക്കൂട് സമൂഹ്യശാസ്ത്രപഠിതാക്കളെ എപ്രാകരം നിര്‍ബന്ധിക്കുന്നുവെന്നതിനെപ്പറ്റി,വിവരം വിവേകമാകാത്ത ഭാവാത്മകമാകാത്ത സാഹചര്യങ്ങളെപ്പറ്റി, മറക്കാനാവാത്ത സിമ്പോസിയം.


പലവേദികളിലായി സമാന്തരമായി നടക്കുന്ന അക്കാദമിക് സെഷനുകള്‍ കണ്ടിപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും കേട്ടതില്‍ ചിലതൊക്കെ വളരെ  നന്നായിരുന്നു.  കഴിഞ്ഞതവണ വന്നപ്പോള്‍ കണ്ട ഡിണ്ടിഗല്‍ യൂണിവേഴിസ്റ്റിയിലെ രണ്ട് ചേച്ചിമാരുടെ  അധികം കാണാത്ത കേള്‍ക്കാത്ത വിഷയത്തിലെ ഗവേഷണ അവതരണം ഇഷ്ടമായി. മെയിൽസെക്സ് വര്‍ക്കേഴ്സിനെപ്പറ്റി, ക്രിസ്ത്യൻ നാടാര്‍വിഭാഗത്തിന്റെ ജാതി ലിംഗ സ്ഥാനത്തെപ്പറ്റി... അങ്ങനെ പേരില്‍ത്തന്നെ എന്തൊക്കെയോ   കൗതുകം ഒളിപ്പിക്കുന്ന ചില വിഷയങ്ങള്‍ ഉണ്ടായിരുന്നു.


എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായി ലാട്ടെക്ക് എന്ന ടൈപ്പ്സെറ്റ് സോഫ്റ്റ്വെയറില്‍ പ്രോഗ്രാം ചെയ്ത് നിര്‍മ്മിച്ച പോസ്റ്ററവതരിപ്പിക്കാനവസരമുണ്ടായ കെ.എസ് എസ് കൂടെയാണിത്. അതിന്റെ കണ്ടന്റ് കോണ്ട്രിബൂഷന് ധൈര്യപൂര്‍വം സഹകരിച്ചവരെയെല്ലാം ' ഹൃദയത്തോട് ചേര്‍ക്കുന്നു.


മഹാപ്രളത്തിന്റെ പ്രതിനിധാനങ്ങളായി അടച്ചിട്ട മുറികളും, മുകളിലേക്ക് കയറ്റിവെച്ച കസേരകളും,ചെളിമണം പേറുന്ന തറകളും, ഉണ്ടായിരുന്നുവെങ്കിലും, എവിടെക്ക് നോക്കിയാലും ക്യാമ്പസ് ചിത്രങ്ങളാല്‍ സമ്പുഷ്ടമായിരുന്നു. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉദ്ഘോഷിച്ച് ജീവിച്ച ഗൌരിലങ്കേഷ്, ഭഗത്സിങ്ങ്..., ഹൃദയത്തിലേക്ക് കടന്നിരിക്കുന്ന ജാക്ക് സ്പാരോ... തുടങ്ങി പലരും. ഉറപ്പിച്ച മുദ്രാവാക്യങ്ങള്‍ കനത്ത മഴയിലും തിളങ്ങിത്തന്നെ നിന്നു. വീണ്ടുമെരിക്കൽ കൂടി ആർത്തിരമ്പാൻ വെമ്പൽ കൊണ്ട് .....


അക്കാദമിക് സെഷന്റെ ഇടവേളകളില്‍ ക്യാമ്പസ് കാടുകളില്‍ കറങ്ങുമ്പോള്‍ അപരിചിതരായ സൈക്കിള്‍സവാരിക്കാര്‍ വെച്ചുനീട്ടിയ കല്‍ക്കണ്ടത്തില്‍,  പുറ്റുകളുടെ നിര്‍മ്മിതിയില്‍ നിലനിന്നുപോരുന്ന കാവിന്റെ സൗന്ദര്യത്തില്‍, അഭിപ്രായങ്ങളിലും നിലപാടുകളിലും വ്യത്യസ്തരാകുമ്പോള്‍ മാറിത്തന്നെനടക്കണമെന്ന് പഠിപ്പിക്കുന്ന ഒറ്റക്കും തെറ്റക്കും വിടര്‍ന്നുപടര്‍ന്തലിച്ച കാട്ടുമരങ്ങളില്‍, പ്ലാസ്റ്റിക് പരവതാനിയിലും ഇരുട്ടുനിലനിര്‍ത്തുന്ന കുളത്തില്‍, കുട്ടിച്ചാത്തന്മാരുടെ പടങ്ങളാലേഖനം ചെയ്ത തൂണുകളില്‍, പാതി നിര്‍മ്മിച്ചതോ പൊളിഞ്ഞുവീണതോ ആയ മുളവീട്ടില്‍, ക്യാമ്പസ്സിന്റെ സെക്കന്റ് ഗേറ്റില്‍ നിന്നും ഇടത്തേക്ക് പോകുമ്പോള്‍  നേര്‍ത്തതായി കേള്‍ക്കുന്ന മരമര്‍മരങ്ങളില്‍, തികച്ചും ആളൊഴിഞ്ഞിടങ്ങളില്‍  കാറ്റിലൊഴുകി വരുന്ന പാലപ്പൂമണത്തില്‍, സ്ട്രീറ്റ് ലൈറ്റിന്റെ കീഴില്‍ ഒരുമിച്ചിരിക്കുന്ന തലമുടിക്കൂട്ടങ്ങളില്‍, അനുഭവങ്ങളാണ് അതിശയോക്തികളല്ല കാലടി സര്‍വകലാശാല തന്ന കെ.എസ്.എസ് ഓര്‍മകള്‍.


അനുഭവങ്ങളുടെ ഓര്‍മകള്‍ തന്ന് കൂടെ നിന്നവര്‍ക്കും കൂടെക്കൂട്ടിയവര്‍ക്കും നന്ദി

Share :

Photo Galleries