Archives / November 2018

അജി രാജൻ
വേദന മാപിനി

പറയാനാവാത്ത വേദനകൾ
ചുളിവീണ കൺതടത്തിലും
വിറയാർന്ന ശബ്ദത്തിലും
കവിഞ്ഞൊഴുകുന്ന  മിഴിയിലും
ആരും അറിയാതെ പോകുമ്പോൾ

പകരാനാവാത്ത വേദനകൾ
കരളിൻ കടച്ചിലിലും
ആഴത്തിലുണരുന്ന മുറിപ്പാടിലും
ചുരന്നൊഴുകുന്ന ചോരയിലും
ആരും കാണാതെ പോകുമ്പോൾ

നീറിപ്പടരുന്ന വേദനകൾ
ഉപ്പു പുരട്ടുന്ന ഓർമ്മയിലും
താളം തെറ്റുന്ന ഹൃദയമിടിപ്പിലും
സമ്മർദ്ദമേറുന്ന ധമനികളിലും
ആരും കേൾക്കാതെ പോകുമ്പോൾ

ഇരുൾ മൂടിയ മനസ്സിലും
തിമിര നേത്രങ്ങളിലും
ബധിര കർണ്ണങ്ങളിലും
ഉടലിന്റെ
മനസ്സിന്റെ
വേദനപ്പെരുക്കങ്ങൾ

മിടിപ്പുകളായ്
ശബ്ദങ്ങളായ്
അക്കങ്ങളായ്
പകർന്നൊഴുക്കാൻ
ഉഷ്ണമാപിനി പോലെ
ശബ്ദമാപിനി പോലെ
സ്പന്ദമാപിനി പോലെ
വേണം
എനിക്കൊരു
വേദന മാപിനി.

Share :