Archives / November 2018

ദിവ്യ.സി.ആർ.
വീണ

വീണ്ടും അവൾ എൻറെ ഓർമ്മകളിൽ ഉണരുകയാണ്. വർഷങ്ങൾക്കു മുൻപുള്ള ഒരു പാരൻസ് ഡേ ! അന്നായിരുന്നു മാലാഖയെ പോലുള്ള ആ കുഞ്ഞിനെ ആദ്യമായി കാണുന്നത്. ഓരോ രക്ഷകർത്താക്കളും തങ്ങളുടെ മക്കളെയും കൂട്ടി ഓരോ വിഷയവും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും കാണുന്ന തിരക്കിലാണ്. ഞാനും ക്ളാസ്സിലേക്കു കയറുന്പോൾ ടീച്ചറെ കാണാനാവാത്തത്രേയും തിരക്കായിരുന്നു. മകളുടെ മാർക്ക് ഷീറ്റുമായി ഞാനും ആ വരിയിൽ സ്ഥാനം പിടിച്ചു. എൻറെ കണ്ണുകൾ മറ്റൊരു കാഴ്ച്ചയിലേക്കു വഴുതി. ക്ളാസ്സ് വരാന്തയിൽ അലസമായി നിൽക്കുന്ന, നിഷ്കളങ്കതയാർന്ന മുഖം ! 

ആ മുഖത്തെ വിരസത  എന്നെ ത്രസിപ്പിച്ചു കൊണ്ടേയിരുന്നു.

       'മായ!'

പെട്ടൊന്നൊരു വിളി ആ നോട്ടത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു.

എലിസബത്ത് !' - വർഷങ്ങൾക്കുശേഷം പ്രീയകൂട്ടുകാരിയെ എൻറെ ചുണ്ടുകൾ തിരിച്ചറിഞ്ഞു. തിരക്കു കഴിയുന്നതു വരെ അവളെ കാത്തിരിക്കാൻ ഞാൻ തയ്യാറായി. മറ്റുകുട്ടികൾക്കും മകൾക്കുമൊപ്പം ബെഞ്ചിൻറെ അരുകിലായി ആ കുട്ടിയേയും നോക്കി ഞാനിരുന്നു. ക്ളാസ്സ് മുറിയിലെ അന്തരീക്ഷം ഏതൊരു വ്യക്തിയേയും ഓർമ്മകളുടെ ഊഞ്ഞാലിൽ താലാട്ടാറുണ്ടെന്നുള്ളതിൽ സംശയമില്ല.

  എലിസബത്ത് ജോലികൾ തീർത്ത് എൻറെ അടുക്കലേക്കു വന്നു. എൻറെ കണ്ണുകൾ ആ കുഞ്ഞുമുഖത്തെ വീക്ഷിക്കുകയായിരുന്നു. അലസമായ അവളുടെ കണ്ണുകൾ നീലാകാശത്തിലെ വിജനതയിൽ എന്തോ തിരയുകയായിരുന്നു. ഇത്രയധികം ബഹളം അവൾക്കു ചുറ്റുമുണ്ടായിട്ടും അതൊന്നും അവളെ സ്പർശിച്ചതേയില്ല. അഞ്ചാം ക്ളാസ്സുകാരി, കുസൃതിക്കുരുന്നിന് ഇങ്ങനെ നിശബ്ദമായിരിക്കുവാൻ കഴിയുമോ ?എനിക്ക് അതിശയവും അത്ഭുതവും തോന്നി.

'വീണ.. ഇവിടെ വരൂ '- അനുസരണയുള്ള കുട്ടിയെ പോലെ അവൾ മിസ്സിൻറെ അരുകിലേക്കു വന്നു.

'നാളെ പാരൻസിനെ കൂട്ടാതെ ക്ളാസ്സിലേക്കു വരണ്ട ' - എലിസബത്ത് ശബ്ദം കടുപ്പിച്ചു. ഒന്നും മിണ്ടാതെ പതിവ് ശിലമെന്നോണം അവൾ ബെഞ്ചിൽ പോയിരുന്നു.

ഞാൻ പ്രിയ കൂട്ടുകാരിക്കൊപ്പം പുറത്തേക്കിറങ്ങി.നടന്നകലുന്പോൾ വെറുതെ ഞാനവളെ തിരിഞ്ഞു നോക്കി.

എന്തോ പ്രതീക്ഷിച്ചെന്ന പോലെ ആ കണ്ണുകൾഎന്നെ പിൻതുടരുന്നു !

' മാതൃത്വമെന്നോ വാത്സല്യമെന്നോ തിരിച്ചറിയാനാത്ത വികാരം ആ കണ്ണുകൾ എന്നോട് ചോദിക്കുന്നതു പോലെ .. അത് കണ്ടില്ലെന്നു നടിച്ച് തിരിഞ്ഞു നടക്കുവാൻ കഴിയാതെ ഞാനവളെ നെഞ്ചോടു ചേർത്ത് ചുംബിച്ചു. അവൾ ചേർന്നു നിൽക്കുന്പോൾ ആ കണ്ണുകളിൽ നിന്നടർന്ന് വീണ കണ്ണുനീർ എൻറെ ഹൃദയത്തെ പൊള്ളിച്ചു.

  ആധുനിക ലോകത്തിലെ കുടുംബജീവിതത്തിലെ മഹാദുരന്തത്തിന് സാക്ഷിയാണ് വീണ. കാമുകനൊപ്പം ഒളിച്ചോടുന്പോൾ അവളുടെ അമ്മ അനാഥമാക്കപ്പെട്ട കുഞ്ഞിനെ കണ്ടില്ല. വാശിയിൽ അവകാശം സ്ഥാപിച്ചെടുത്ത അച്ഛനും മുറിവേറ്റ മകളുടെ നൊന്പരം കണ്ടില്ല. തുള്ളിച്ചാടി സന്തോഷവതിയായിരുന്ന കുഞ്ഞ് ഒറ്റപ്പെട്ടതു കാണാൻ ആരുമുണ്ടായില്ല. 

അവൾ മൗനമായി..

വിങ്ങലുകൾ മറ്റാരും കാണാതെ അവൾ കുഞ്ഞുമനസ്സിൽ തളച്ചിട്ടു.

    എൻറെ മക്കൾക്കൊപ്പം അവളും 'എൻറെ ' മകളായി. ഓരോ പാരൻസ് ഡേയും ഞങ്ങൾ കാത്തിരിക്കുവാൻ തുടങ്ങി.മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചിരുന്നു. എൻറെ മടിത്തട്ടിലുറങ്ങിയ കുഞ്ഞിനെ സ്നേഹത്തിൻറെ നനുത്ത സ്പർശനത്താൽ തഴുകി. പിരിയാനാകാതെ അവളുടെ 'അമ്മേ ' എന്ന വിളിക്കായി കാതോർത്തിരുന്നു.

    ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ്  പെട്ടെന്നൊരു ദിവസം അവൾ, അച്ഛനൊപ്പം പുതിയ സ്ഥലത്തേക്കു പോകുന്പോൾ , ആ കരച്ചിൽ നിസ്സഹയായി കേട്ടിരിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ..

വർഷങ്ങൾ നീണ്ടുപോയിട്ടും വേദനിപ്പിക്കുന്ന ഓർമ്മയായി വീണ ആ സ്ക്കൂൾ വരാന്തയിൽ, വിജനമായ ആകാശത്തെ നോക്കി എന്നെയും കാത്തിരിക്കുന്നുണ്ടാവും !

 

Share :