Archives / November 2018

സുനിൽ കുണ്ടോട്ടിൽ
കോട്ടക്കുന്നിലെ പുല്ലാനിപ്പൂക്കൾ

    പടിഞ്ഞാറൻ ചക്രവാളത്തിൽ സന്ധ്യ തുടുത്തുതുടങ്ങിയപ്പോൾ, കൂടേറാനുള്ള വ്യഗ്രതയിൽ കാക്കക്കൂട്ടങ്ങൾ ബഹളംവെച്ചുകൊണ്ട് 'കോട്ടക്കുന്നിന് 'മുകളിലൂടെ കിഴക്കോട്ട് നീങ്ങി...

അപ്പോളും ചൂടാറാത്ത 'തീവണ്ടിപ്പാറയ്ക്ക്' മുകളിലിരുന്ന് 'ചിന്നൻ ' പാടിക്കൊണ്ടിരുന്നു...

കോട്ടക്കുന്നാകെ പൂത്തുനിന്ന പുല്ലാനിപ്പൂക്കൾ മെല്ലെ തലയാട്ടി..

മാളത്തിന് പുറത്തേക്ക് തലനീട്ടിയ കുറുക്കന്മാർ ഒരുവേള ചെവി വട്ടംപിടിച്ചു...

'ചിന്നാ... പൂയ്......!താഴെ 'കുടി'യുടെ ഭാഗത്തു നിന്നാരോ നീട്ടി വിളിച്ചു..

'ഓ..... പൂയ്....ചിന്നൻ മറുകൂക്ക് കൂക്കി..

'യ്യൊന്ന് വേഗം വാ... കൃഷ്ണേട്ടായിയുടെ കുട്ടീടെ കാലിലെന്തോ തട്ടീന്ന്....

'ഓ... ദാ എത്തി;ചേപ്പൻ നടന്നോ .....

              *       *       *ചിന്നൻ മകൾ ശാന്തയെയും കൂട്ടി കൃഷ്ണേട്ടായിയുടെ വീട്ടിലെത്തിയപ്പോൾ അവിടെ ചെറിയൊരാൾക്കൂട്ടം ഉണ്ടായിരുന്നു...

വീട്ടുകാരുടെ കരച്ചിൽ ഉയർന്നുകേട്ടു..

ഉമ്മറക്കോലായിൽ വാടിയ താളുപോലെ തളർന്നു കിടക്കുന്ന രാധക്കുട്ടി..

ചിന്നനെക്കണ്ടതും കൃഷ്ണേട്ടായി പരിഭ്രാന്തിയോടെ ഓടിയെത്തി..

'ചിന്നാ.. ന്റെ കുട്ടി... സന്ധ്യക്ക് വെളക്ക് വെക്കാൻ തൊടിയിലേക്കിറങ്ങിയതാ..യ്യൊന്ന് വേഗം നോക്ക്... 

ചിന്നൻ കോലായിലേക്ക് കയറി രാധക്കുട്ടിയെ പരിശോധിച്ചു.. 

ചെറുതായി നീരുവന്നുവീർത്ത കാൽപ്പാദത്തിൽ നീലിച്ചുകിടക്കുന്ന പാടുകൾ..

'ഇദ് തേവി.... ചേപ്പൻ പേടിക്കണ്ട... അപ്പനുണ്ട് തൊണയ്ക്ക്..

ചിന്നൻ പിന്നിൽ നിൽക്കുന്ന കൃഷ്ണേട്ടായിയോടായിയെ സമാധാനിപ്പിച്ചു...

ധൃതിയിൽ പുറത്തേക്കുപോയ ചിന്നൻതൊടിയിൽനിന്നും തോണ്ടിയെടുത്ത കൂവക്കിഴങ്ങും മഞ്ഞളുമായി കയറിവന്നു...

മഞ്ഞൾമുറിച്ച് മുറിവായിൽ ഉരച്ചുകൊണ്ട് 'ഊത്ത്' തുടങ്ങി.. 

ഉദ്വേഗത്തിന്റെനിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി..ആരുടെയൊക്കയോ അടക്കിയ തേങ്ങലുകൾമാത്രം ഇടയ്ക്ക് ഉയരുന്നുണ്ടായിരുന്നു..ശാന്ത രാധക്കുട്ടിയുടെ കവിളത്തും മുടിയിഴകളിലും തഴുകിക്കൊണ്ട് അപ്പനോട് ചേർന്നിരുന്നു...

ചിന്നന്റെ അപ്പനുണ്ടായിരുന്നെങ്കിൽ പേടിയേവേണ്ടായിരുന്നു..

ആസ്പത്രികളിൽനിന്നും ശവമായി മടക്കിയ എത്രപേരാണ് ചിന്നന്റെ കുടിയിൽനിന്നും ചിരിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുള്ളത്!..

കൃഷ്ണേട്ടായി ഓർത്തു..'ചേപ്പോ...

ചിന്നൻ വെറ്റിലക്കറപുരണ്ട പല്ലുകാട്ടി ചിരിക്കുന്നു...

ആലസ്യത്തോടെ എഴുന്നേറ്റിരിക്കുന്ന രാധക്കുട്ടിയുടെ മുഖത്തു തെളിഞ്ഞുകണ്ട ചിരി,കൃഷ്ണേട്ടായിയുടെ മുഖത്തേക്കും പടർന്നു...

ശാന്ത പാളപ്പാത്രത്തിൽ കരുതിയ തേൻകട്ടകളിൽ ഒന്നെടുത്തു പിഴിഞ്ഞ് രാധക്കുട്ടിയുടെ ചുണ്ടിൽ ഇറ്റിച്ചുകൊടുത്തു.....

കൃഷ്ണേട്ടായി ഇറയത്ത് തൂക്കിയ കള്ളുകുടമിറക്കി , ചിന്നന് മുന്നിൽവെച്ച് സ്നേഹത്തോടെ ചിരട്ടയിലേക്ക് പകർന്നുനൽകി..

ചിന്നനും മകളും കുടിയിലേക്ക് മടങ്ങാൻ നേരം കൃഷ്ണേട്ടായിയുടെ കെട്ടിയോൾ രാധക്കുട്ടിയുടെ ഒരുടുപ്പ് ഒരു പുഞ്ചിരിയോടെ ശാന്തയ്ക്ക് സമ്മാനിച്ചു...

 

                തോട്ടരഷാപ്പിലെ അന്തിക്കള്ളും, പിന്നെ റാക്കും തലയ്ക്ക് നന്നായിപ്പിടിച്ച നേരമായതുകൊണ്ടും;

കോട്ടക്കുന്നിൽനിന്നും മഴവെള്ളം കുത്തിയൊലിച്ച് കുണ്ടും കുഴിയുമായിക്കിടക്കുന്ന ഇരുളുവീണ ഇടവഴിയിലൂടെ കുടിയിലേക്ക് നടന്നുകയറുക പ്രയാസമായിരുന്നു..

ചിന്നൻ കുടിയ്ക്ക് മുന്നിലെത്തിയപ്പോളേക്കും അന്ന് മുന്നിൽപ്പെട്ട ഏതാണ്ടെല്ലാവരേയും തെറിയഭിഷേകം നടത്തിക്കഴിഞ്ഞിരുന്നു...

ഇരുൾവിഴുങ്ങിയ കുടിയിൽ തിരിവെട്ടം കാണാഞ്ഞ് ' ചിന്നൻ കലിപൂണ്ടു..

കെട്ടിയോൾ കോട്ടക്കുളത്തിലേക്ക് വെള്ളത്തിനായോ മറ്റോ പോയതാകണം..

തപ്പിത്തടഞ്ഞ് കുടിയുടെവാതിൽ തുള്ളിത്തുറന്ന് അകത്തേക്ക് കടന്നപ്പോൾ, കാലിൽ തടഞ്ഞ പഴന്തുണി ചിന്നൻ കുടഞ്ഞെറിഞ്ഞു..മടിക്കുത്തിൽനിന്നും തീപ്പെട്ടിയെടുത്ത് ഉരതി..

തീപ്പെട്ടിക്കൊള്ളിയുടെ വിളറിയ മഞ്ഞവെട്ടത്തിൽ കണ്ടകാഴ്ച്ച ചിന്നന്റെലഹരിയെല്ലാം ഒരുനിമിഷംകൊണ്ട് എരിഞ്ഞടങ്ങാൻ പോന്നതായിരുന്നു..

 ' കശക്കിയെറിഞ്ഞ പൂമൊട്ടു പോലെ...

മാറിക്കിടന്ന കീറിപ്പറിഞ്ഞ കുഞ്ഞുടുപ്പു കൊണ്ട് ആ പൂവുടൽ മൂടുമ്പോൾ;പ്രാണൻപിയ്ക്കുന്ന കാഴ്ച്ച ആ അച്ഛനു മുന്നിൽ മറയ്ക്കാനെന്നോണം തീപ്പെട്ടിക്കമ്പ് താനെയണഞ്ഞു..

ഒരു നിമിഷം...!!

അരയിൽ തിരുകിയ മടവാളിൽ ചിന്നന്റെ വിരലുകളുറച്ചു..

തീപ്പെട്ടിക്കമ്പ് ഒരിക്കൽ കൂടി എരിഞ്ഞു..

അപ്പോൾ;

അതുവരെ മൂലക്കൊളിച്ചിരുന്ന 'വേട്ടപ്പട്ടി' പുറത്തേക്ക് കുതിക്കാനൊരുങ്ങുകയായിരുന്നു...

അത് ചിന്നന് നേരെ പല്ലിളിച്ചു.. 

അതിന്റെ കൂർത്ത കോമ്പല്ലുകളിൽ  ഇരയുടെ ചുടുനിണംകണ്ട ചിന്നന് നിയന്ത്രണംവിട്ടു..

കയ്യിലെ' മടവാൾ' പലതവണ ലക്ഷ്യംകണ്ടു..

മുഖത്തേക്ക് കട്ടച്ചോര തെറിച്ചുവീണപ്പോൾ ചിന്നൻ നെഞ്ചു പൊട്ടിക്കരഞ്ഞു..

' അപ്പന്റെ ..പൊന്നേ...

ന്നാലും ന്റെ ചേപ്പോ...

ചിന്നന്റെ ഹൃദയഭേദകമായ നിലവിളി കോട്ടക്കുന്നിലെ കുറുക്കന്മാരുടെ ഓരിയിടലിൽ അമർന്നുപോയോ...

    *     *മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ പാഠപുസ്തകം വായിക്കുകയായിരുന്നു രാധക്കുട്ടി..

അമ്മ അടുക്കളയിലാണ്..

ഉമ്മറത്ത് ഒച്ചയനക്കം കേട്ട രാധക്കുട്ടി കരുതിയത് അച്ഛൻ കൃഷ്ണേട്ടായി അന്തിച്ചെത്ത് കഴിഞ്ഞ് മടങ്ങിയെത്തിയതാവുമെന്നാണ്..

കയ്യിൽ മണ്ണെണ്ണ വിളക്കുമേന്തി രാധക്കുട്ടി ഉമ്മറത്തേക്ക് ചെന്നു..

മുറ്റത്ത് ചിന്നനെക്കണ്ട രാധക്കുട്ടി ആശ്ഛര്യപ്പെട്ടു..

രാധക്കുട്ടിയെക്കണ്ട ചിന്നൻ കൈകൾ പുറകിലേക്ക് മറച്ചുപിടിച്ചു..

'ന്റെ ഉടുപ്പ് ശാന്തക്ക് ഇഷ്ട്ടായോ..?

രാധക്കുട്ടിയുടെ ചോദ്യം കേട്ടിട്ടും സ്വയം മറന്നവനെപ്പോലെ ചിന്നൻ രാധക്കുട്ടിയെത്തന്നെ നോക്കിനിന്നു..

അപ്പോളേക്കും അടുക്കളയിൽനിന്ന് രാധക്കുട്ടിയുടെ അമ്മയുമെത്തി..

"ആരാദ്..ചിന്നനോ..ന്തേ ഈ നേരത്ത് അവര് ചെത്തു കഴിഞ്ഞെത്തീലാട്ടോ..''ചിന്നന്റെ മുഖം അറിയാതെ താണുപോയി..

പുറകിലേക്കുമറച്ചുപിടിച്ച എന്തോ തിണ്ണയിൽവെച്ച്, വേച്ചു വേച്ച് ഇരുളിൽ അലിഞ്ഞുചേർന്നു..

കാലമല്ലാക്കാലത്ത് ഉരുണ്ടുകൂടിയ ആകാശത്തുനിന്നുമുതിർന്ന വെളളിടിയിൽ ചിന്നൻ തിണ്ണയിൽ ഉപേക്ഷിച്ചവ തെളിഞ്ഞുകണ്ടു..

'അത് ചോരക്കറ പുരണ്ടൊരു മടവാളും അതിനെ പൊതിഞ്ഞ് കീറിപ്പറിഞ്ഞൊരു കുഞ്ഞുടുപ്പുമായിരുന്നു..

               *   *കോട്ടക്കുന്നിൽ വിരിഞ്ഞതും കരിഞ്ഞതുമായ പുല്ലാനിപ്പൂക്കളെ ആരറിയാൻ....

 

Attachments area

Share :