Archives / November 2018

ഫൈസൽ ബാവ
കാട്ടൂർക്കടവിലെ കഥാലോകം

മലയാള ചെറുകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അശോകൻ ചരുവിൽ. ജീവിതത്തിൽ അടർത്തിയെടുക്കുന്ന കഥകളിൽ  സമകാലിക രാഷ്ട്രീയം സാമൂഹികാവസ്ഥ,  പരിസ്ഥിതി, ഇതെല്ലാം ജീവിതത്തോട് ചേർത്തുനിർത്തി പറയുന്ന കഥകളാണ് ചരുവിലിന്റേത്.  കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയക്കാരൻ എന്നനിലയിൽ തന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ പറയുമ്പോൾ കഥകളിലും അതിന്റെ അലയൊലി കാണാം. അശോകൻ ചരുവിലിന്റെ ചില കഥകളിലൂടെ ഒരു യാത്ര

*മണ്ണുവേവുന്ന മണം.*  എന്ന നീണ്ടകഥയിൽ 

*"കാലം കൊറെ കഴിഞ്ഞാൽ വറ്റിപ്പോയ പൊഴകളൊക്കെ വീണ്ടും നെറയും. വഞ്ചികൾ ഇതിലേ പോവും."* ഉറച്ച ഇടതു പക്ഷ മനസിൽ നിന്നും വന്ന പ്രത്യാശയുടെ കഥയാണിത്‌.  പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പ്രത്യാശയാണിത്‌. നർമ്മദാ വാലിയിൽ മേധാപട്കർ ജലസമാധി ചെയ്യുമെന്ന് പറഞ്ഞ ദിവസം മാര്ക്സിസ്റ്റ് വിശ്വാസികളായകുറെപേർ ഒത്തുചേർന്നതിന്റെ സ്മരണയുമായാണൂ ഈ നീണ്ട കഥ ആരംഭിക്കുന്നത്‌. രക്തസാക്ഷിത്വത്തിന്റെ ഹരിത മുഖം ഇവിടെ അനാവൃതമാകുന്നു ഒരു കാലത്ത്‌ പ്രകൃതിയുടെ ധന്യത നിന്നിരുന്ന നദീഗ്രാമമായ പുഴമ്പുള്ളത്ത്‌ കറകളഞ്ഞ മാർക്ക്സിസ്റ്റുകാരൻ പികെയുടെ ജീവിതത്തിലൂടെ യാണിത്‌ കൊണ്ടുപോകുന്നത്‌. ഹരിത-മാര്കിസ്റ്റ് ചിന്തയെ ഉണർത്തുന്ന കഥയാണിത്.

 

ഈയിടെ വന്ന കഥയാണ് *അർജന്റീന. ഫാൻസ് കാട്ടൂർക്കടവ്*

(മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലായ്)

ലോകകപ്പിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന 

അശോകൻ ചരുവിലിന്റെ കഥ മലയാളത്തിലെ ഫുട്‌ബോൾ കഥകളിൽ ഉൾപ്പെടുത്താം. 2014 ലോകകപ്പിലെ പശ്ചാത്തലത്തെ 2018 ലോകകപ്പിന് തൊട്ടു മുമ്പ് എഴുതുമ്പോൾ ഗോഡ്‌സെ എന്ന പേര് എല്ലാ ഇന്ത്യക്കാരെയും പോലെ അർജന്റീനിയൻ ഫാൻസും വെറുപ്പോടെ ഓർക്കും. അന്ന് കൈവിട്ട ഭാഗ്യം മെസ്സിയുടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന അർജന്റീന പക്ഷെ കഥ നമ്മളിൽ എത്തുമ്പോഴേക്കും ആശകൾ വറ്റിയ മനസുകളാൽ ലോകകപ്പ് കാണേണ്ടി വരുന്ന അവസ്ഥയിൽ എത്തി എന്നത് യാഥാർഥ്യം. ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം അറംപറ്റി എന്നു പറയാം. ആ പ്രവചനം പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. അർജന്റീനയുടെ കാര്യത്തിൽ  സാക്സിന്റെ പ്രവചനം ശരിയായി എങ്കിൽ ബ്രസീലിന്റെ കാര്യത്തിൽ പിഴച്ചു. അർജന്റീനയൻ ഫാന്സിന് അർജന്റീന ടീം എന്നാൽ കളി മാത്രമല്ല അവരുടെ രാഷ്ട്രീയം  മെസ്സിയുടെ കുട്ടിക്കാല ജീവിതം ഒക്കെ ഈ കളികമ്പത്തോടൊപ്പം ഉണ്ട്.  സൂചിപ്പിക്കുന്നു കഥയിലും  *"മറഡോണയുടെ മങ്ങിയ പശ്ചാത്തലത്തിൽ ലയണൽ മെസ്സിയുടെ തിളങ്ങിനില്കുന്ന ഫ്ളക്സിൽ ചേർക്കാൻ തയ്യാറാക്കിയ ഒരു കുറിപ്പിൽ അന്ന് മെഹർ ഇങ്ങനെ എഴുതി 'ബ്യുണൻസ് അയേഴ്‌സിലെ കീഴാളച്ചേരിയിൽ നിന്ന് ഒരു ഫുട്‌ബോൾ മാന്ത്രികൻ കടന്നുവന്നുവെങ്കിൽ അത് പ്രവചനങ്ങളുടെ കരുണ കൊണ്ടല്ല. റൊസാരിയോവിലെ അടിച്ചുതെളിക്കാരിയുടെ മകൻ ഒരു പ്രവാചകന്റെയും സഹായം പ്രതീക്ഷിക്കുന്നില്ല"* മെഹർ എന്ന മെഹറുന്നീസ കാദർകുട്ടി ഈ അർജന്റീന ഫാന്സിൽ പെണ് തിളക്കമാണ്. ബ്രസീലിൽ നിന്നും കൂറുമാറി വന്നവൾ എന്നൊരു പ്രത്യേകത കൂടിയുണ്ട്. അങ്ങനെ വരുന്നവരെ പെട്ടെന്നു ചേർക്കണോ എന്ന അംഗങ്ങളുടെ സംശയത്തെ തട്ടികളഞ്ഞത്‌  അവളുടെ മറുപടി ആയിരുന്നു. *"പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്ദെ കിർച്ചനറുടെ സാമ്രാജ്യത്ത വിരുദ്ധ നയങ്ങൾ എന്നെ ആകർഷിച്ചു"*  മെഹറിന്റെയും അജയന്റെയും പിണക്കവും പ്രണയവും കാട്ടൂർക്കടവത്തെ പ്രാദേശിക രാഷ്ട്രീയവും കളിയിലൂടെ കാര്യമായി പറയുന്ന അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന കഥ യുടെ ആഖ്യാനത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ. വായിക്കുമ്പോൾ സിനിമ കാണുന്ന സുഖം അനുഭവിക്കുന്നു. മലയാളത്തിൽ ശക്തമായ രാഷ്ട്രീയകളിൽ ചേർത്തു വെക്കാവുന്ന കഥയാണ് 

'കറപ്പൻ' ദളിത് രാഷ്ട്രീയത്തിന്റെ കഴിഞ്ഞുപോയ കാലത്തിന്റെ നേർ ചിത്രങ്ങളാണ് ഈ കഥ. ഒറ്റ ദിവസംകൊണ്ട് പാർട്ടി മാറിയ കറപ്പനെ പോലുള്ള രാഷ്ട്രീയ മനുഷ്യരെ എല്ലാ കാലത്തും എല്ലായിടത്തും കാണാം. റോഡിലൂടെ നടക്കുക എന്ന അന്നത്തെ വലിയ വിപ്ലവത്തെ അവതരിപ്പിക്കുന്ന ഭാഗത്തിൽ പാർട്ടി മാറിയ രംഗം പറയുമ്പോൾ.  ജാതി വിവേചനത്തിനെതിരെ  കേരളത്തിൽ ഉണ്ടായ  മുന്നേറ്റങ്ങളെയാണ്  ഓർമ്മിപ്പിക്കുന്നത്. "റോട്ട്ക്കൂടെ താണജാതിക്കാര്ക്ക് നടക്കാന്‍ പാടില്ല.....  ഞങ്ങള്‍ പ്രജാമണ്ഡലക്കാരായിട്ടാ അവിടെ ചെല്ലുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. അപ്പൊ പി. ഗംഗാധരന്‍ പറഞ്ഞു നമുക്കൊരു കാര്യം ചെയ്യാ. എല്ലാരും കൂടെ ആ റോട്ടീക്കൂടെ നടന്നു നോക്ക്വാ. എന്താണ്ടാവ്വ്വാന്ന് അറിയ്യാലോ. അപ്പോള്‍ പുതൂര്‍ അച്ചുതമേന്‍ പറഞ്ഞു:  മഹാപാപം ചെയ്യാന്‍ ഞങ്ങളില്ല. ഞങ്ങക്ക് ദൈവഭയണ്ട്. പ്രജാമണ്ഡലം പിന്മാറി. ഗംഗാധരന്‍ ഒരു ചോന്ന കൊടീം പിടിച്ച് മുന്നില് നടന്നു. എസ്എന്‍ഡിപിക്കാരും പൊലയ സഭക്കാരും പിന്നാലെ. ഞാന്‍ ആ ജാഥേല് കേറി നടന്നു." കേരളത്തോട് ആ കാലത്തേക്ക് പിന്തിരിഞ്ഞു നടക്കാൻ 

ഒട്ടും നാണമില്ലാതെ പറയുന്ന ജാതി രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സമകാലിക അവസ്‌ഥയിൽ കറപ്പൻ എന്ന കഥ കൂടുതൽ പ്രസക്തമാകുന്നു. 

മരിച്ചവരുടെ കടൽ എന്ന കഥ ജീവിതത്തോളം ആഴമുള്ള ഒരു ആഖ്യാനമാണ്. കങ്കാരു നൃത്തം, കഥയിലെ വീട്, ചിമ്മിനി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം, പരിചിതഗന്ധങ്ങൾ, നിറഭേതങ്ങൾ ഒരു പഴയ നോവൽ ഇങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്.  കഥകളിലെ ദേശം എന്ന വിഷയത്തിൽ ചർച്ച വരുമ്പോൾ കാട്ടൂർ എന്ന ഗ്രാമം മാറ്റിനിർത്താൻ ആകില്ല. അത്രകണ്ട് കാട്ടൂരും കടവും കഥളിൽ ലയിച്ചു നിൽകുന്നു. അശോകൻ ചരുവിലിന്റെ കഥകളിലേക്ക് ഇനിയും ആഴത്തിൽ പോകാൻ ഉള്ള സാധ്യതകൾ ധാരാളം നിലനിൽക്കുന്നു. പോകാന് കഴിയാത്തത് എന്റെ മാത്രം പരിമിതിയും. മലയാള കഥാ സാഹിത്യ ശാഖയിൽ മാറ്റിനിർത്താൻ ആകാത്ത കഥകളാൽ ഇന്നും നിറ സാന്നിദ്ധ്യമാണ് ഈ കാട്ടൂരിന്റെ കഥാകാരൻ

 

Share :

Photo Galleries