Archives / October 2017

അശോകൻ
ലൈബ്രറികളെ സ്നേഹിച്ച സുധിരാജൻ

ഒരു പുതിയ ലൈബ്രറിയിൽ ഉപയോഗിക്കാൻ പറ്റുന്ന ക്ളാസ്സിഫിക്കേഷൻ സ്കീം ഏതാണ് ? ഒരു ദിവസം രാവിലെ സുധിരാജന്റെ ഫോൺ. ഡ്യൂയി ഡെസിമൽ ക്ളാസ്സിഫിക്കേഷൻ ഞാൻ മറുപടി പറഞ്ഞു. വീടിനടുത്തു തുടങ്ങാൻ പോകുന്ന ലൈബ്രറി കൂടുതൽ ശാസ്ത്രീയമാക്കാനായിരുന്നു സുധിയുടെ ഫോൺ വിളി. സ്കീം ഞാൻ കൊടുക്കാമെന്നും പറഞ്ഞു. പിന്നീട് മൂന്നുനാലു ദിവസം കഴിഞ്ഞു കാണും . എന്റെ ഡ്യൂട്ടി ഉച്ചയ്ക്കായിരുന്നു .ഏകദേശം രാവിലെ പത്തു മണിയായിക്കാണും. ലൈബ്രറിയിൽ നിന്ന് വിജയമോഹൻ വിളിച്ചു. സുധിക്ക് സുഖമില്ലെന്നു വിവരം കിട്ടി . എന്താണെന്നു അന്വേഷിക്കണം. ഞാനുടനെ സുധിയുടെ നമ്പറിൽ വിളിച്ചു. അച്ഛന് സുഖമില്ല ശ്രീചിത്രയിലാണ് എന്നായിരുന്നു കരച്ചിലൂടെയുള്ള മകളുടെ മറുപടി. ഞാനുടനെ ശ്രീചിത്രയിൽ പോയി. കാണാൻ പറ്റിയില്ല. ഐ സി യു വിൽ ആണ്. പരിചയക്കാരോടെല്ലാം ഞാൻ വിവരം പറഞ്ഞു. ലൈബ്രറിയിൽ മുൻപ് ജോലി ചെയ്തിരുന്ന വിജയരാഘവനും ലൈബ്രറി അംഗം ഷാഹുലും കാണാൻ ആശുപത്രിയിൽ പോയി. പിറ്റേന്ന് ഷാഹുലിന്റെ ഫോൺ. സുധി പോയി നല്ലൊരു ലൈബ്രറി തുടങ്ങാൻ ഉണ്ടായിരുന്ന ആഗ്രഹം നടക്കാതെ തീരെ പ്രതീക്ഷിക്കാതെ പെട്ടെന്നായിരുന്നു സുധിയുടെ വിടവാങ്ങൽ.

ലൈബ്രറി ശാസ്ത്ര പഠനത്തിന്റെ പ്രാഥമിക കോഴ്സ് മാത്രം പഠിച്ച സുധിയുടെ കരുത്തു ജനകീയതയിലെ ബന്ധങ്ങളായിരുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ പഠിച്ചു അവിടെ തന്നെ ജോലി കിട്ടി അവിടെ നിന്ന് തന്നെ വിരമിച്ച സുധിക്ക് സ്വന്തം നാട്ടിന്റെ അടുപ്പം ലൈബ്രറിയുമായി കൂട്ടിയോജിപ്പിക്കാൻ പറ്റി. കേരളത്തിൽ എന്നും മാർക്കെറ്റുള്ള ഇടതുപക്ഷക്കാരനായ സുധിക്ക് ലൈബ്രറി നല്ല സ്വീകാര്യതയാണ് നൽകിയത്. എൻ ജി ഓ യൂണിയൻ , ലൈബ്രറി സൊസൈറ്റി എന്നിവയുടെ സാരഥിയായിരുന്ന സുധി ലൈബ്രറി കൾച്ചറൽ അസോസിയേഷൻ പ്രെസിഡന്റായപ്പോൾ സെക്രട്ടറി ഞാനായിരുന്നു. ഞങ്ങളുടെ ആശയങ്ങൾ അത്ര പൊരുത്തപ്പെട്ടതല്ലായിരുന്നെങ്കിലും അന്നത്തെ തുടക്കക്കാരനായ എന്റെ ആഗ്രഹങ്ങൾക്ക് സുധി എതിര് നിന്നില്ല. വായനക്കാരനും ലൈബ്രറിയുടെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിത്വവുമായ സുധി വിരമിച്ചിട്ടും എന്നോട് നിര്നതരം ബന്ധപ്പെടുമായിരുന്നു. ലൈബ്രറി അസോസിയേഷൻ പ്രെസിഡണ്ട് ക്ളീറ്റസിന്റെ അച്ഛൻ മരിച്ചപ്പോൾ ചേർത്തലയിൽ പോയത് ഞാനും സുധിയുമായിരുന്നു. ലൈബ്രറി ജീവനക്കാരുടെ ചടങ്ങുകളിലും ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾക്ക് ഷെയർ ചെയ്യാൻ പറ്റുന്ന പല കാര്യങ്ങളും ഞങ്ങൾ കാണുമ്പോഴെല്ലാം ഷെയർ ചെയ്തു. ഞങ്ങളുടെ സഹപ്രവർത്തക ജയകുമാരി സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് നടന്ന വിരുന്നായിരുന്ന സുധി പങ്കെടുത്ത അവസാനത്തെ ലൈബ്രറി ചടങ്ങ് . പഴയ ജീവനക്കാർ കുടി പങ്കെടുത്ത അന്ന് ഞങ്ങൾ ഗ്രൂപ് ഫോട്ടോ എടുത്തപ്പോൾ അത് ഞങ്ങളുടെ അവസാന ഫോട്ടോ ആകുമെന്ന് കരുതിയതേ ഇല്ല.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ പല മേഖലയിൽ നിന്ന് വന്ന ലൈബ്രെറിയൻമാരുണ്ട്. ലൈബ്രറി സയൻസിലെ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ വരുന്നവരും ഗ്രാമീണ ലൈബ്രറിയിൽ സേവനം കഴിഞ്ഞു സർട്ടിഫിക്കറ്റു കോഴ്സ് പഠിച്ചു വരുന്നവരുമുണ്ട്. ഞാനും സുധിയും.സർട്ടിഫിക്കറ്റു കോഴ്സ് പഠിച്ചവരാണ്. ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് ഒരുകാരണം ഇതാണെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട് . സുധിരാജൻ എന്നെ പല കാര്യങ്ങൾക്കും വിളിക്കും പോലെ വിളിക്കുന്ന പഴയ ജീവനക്കാർ അധികം പേരില്ല. പലപ്പോഴും ലൈബ്രറിയിൽ വരുമ്പോൾ തമാശയെന്നോണം സുധി പറയും. നീയും കൂടി റിട്ടയർ ചെയ്താൽ പിന്നെ ഞാൻ ലൈബ്രറിയിൽ വരില്ല. എന്നെ അറിയുന്നവർ ലൈബ്രറിയിൽ പിന്നെയാരും ഉണ്ടാകില്ല. ഞാൻ റിട്ടയർ ചെയ്യുന്നതിനും വര്ഷങ്ങള്ക്കു മുൻപ് സുധി പോയി . എന്നോട് കാണിച്ച സുധിയുടെ സ്നേഹത്തിനു മുൻപിൽ ഞാൻ നമിക്കുന്നു .

Share :